Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രജനീകാന്ത് ബിജെപിയിൽ ചേരുന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതം; ഉടൻ തന്നെ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ടുകൾ; പുറത്ത് ഓളമില്ലെങ്കിലും അണിയറയിൽ നടക്കുന്നത് വൻ തയ്യാറെടുപ്പുകൾ; സ്റ്റൈൽ മന്നന്റെ പാർട്ടി രൂപീകരണം കാത്ത് ആരാധക ലക്ഷങ്ങൾ; അടുത്ത വർഷമാദ്യമെന്ന് അടുത്ത വൃത്തങ്ങൾ

രജനീകാന്ത് ബിജെപിയിൽ ചേരുന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതം; ഉടൻ തന്നെ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ടുകൾ; പുറത്ത് ഓളമില്ലെങ്കിലും അണിയറയിൽ നടക്കുന്നത് വൻ തയ്യാറെടുപ്പുകൾ; സ്റ്റൈൽ മന്നന്റെ പാർട്ടി രൂപീകരണം കാത്ത് ആരാധക ലക്ഷങ്ങൾ; അടുത്ത വർഷമാദ്യമെന്ന് അടുത്ത വൃത്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സൂപ്പർ താരം രജനീകാന്ത് ബിജെപിയിൽ ചേരുന്നു എന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താരത്തിനോട് അടുത്ത് വൃത്തങ്ങൾ വെളിപ്പെടുത്തി. പക്ഷേ രജനീകാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടു ഉടൻ രസികർ മൻട്രം പ്രതിനിധികളുമായി ചർച്ച നടത്തും. പുറമെയ്‌ക്കു ഓളമില്ലെങ്കിലും പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അണിയറയിൽ സജീവമാണ്. എല്ലാ ജില്ലകളിലും രസികർ മൻട്രത്തിനു ഭാരവാഹികളായി. ഇതിനകം തന്നെ 60 ലക്ഷം പേർ അംഗങ്ങളായി എത്തി. അടുത്ത വർഷമാദ്യം രജനീകാന്ത് പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണു സൂചന.

ബിജെപി ആശയങ്ങളെ പലപ്പോഴും താരം പിന്തുണയ്ക്കാറുണ്ട്. എന്നാൽ പാർട്ടിയിൽ ചേരാനില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതായാണ് സൂചന. പാർട്ടിയിലെ സാധാരണ അംഗം പോലുമല്ലാത്തയാൾ എങ്ങിനെ സംസ്ഥാന പ്രസിഡന്റാകും എന്നാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് അടുപ്പക്കാരുടെ പ്രതികരണം. എന്നാൽ, പാർട്ടി രൂപീകരണ ശേഷം ബിജെപിയുമായി സഖ്യത്തിലാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാൽ നേരത്തേ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ പിന്തുണച്ച താരം പിന്നീട് അത് മാറ്റിപ്പറയുകയുണ്ടായി. നോട്ട് നിരോധനം ആദ്യം നല്ല പദ്ധതിയാണെന്ന് പറഞ്ഞ താരം പിന്നീട് പറഞ്ഞത് അത് നടപ്പിലാക്കിയ രീതി ശരിയല്ലെന്നാണ്. ബിജെപി തന്റെ പിന്നിലുണ്ടെന്ന് പറയുന്നത് ശരിയല്ല. ദൈവവും ജനങ്ങളും മാത്രമാണ് തന്റെ പിന്നിലുള്ളത്. തന്റേത് ജാതി, മത ചിന്തകൾക്കപ്പുറത്തേയ്ക്കുള്ള 'ആത്മീയ രാഷ്ട്രീയ'മാണ് എന്നാണ് രജനീകാന്ത് പറയുന്നത്. എന്നാൽ ഈ 'ആത്മീയ രാഷ്ട്രീയം' ബിജെപിയോടും ആർഎസ്എസിനോടുമുള്ള അനുഭാവമല്ലാതെ മറ്റൊന്നുമല്ലെന്നാണ് ഡിഎംകെയുടെ വിമർശനം. രജനിയെ പിന്തുണക്കുന്നത് വർഗീയവാദികളാണെന്നും ഡിഎംകെ ആരോപിക്കുന്നു. അതേസമയം മതേതരനെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് രജനി നടത്തുന്നത് എന്നാണ് എഐഎഡിഎംകെ വിലയിരുത്തുന്നത്.

എന്തായാലും വർഷങ്ങളായി തുടരുന്ന രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശന ചർച്ചകൾ്ക്ക് എപ്പോൾ അന്ത്യമാകുമെന്ന് കാത്തിരിക്കുകയാണ് എല്ലാവരും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ പ്രകടനം ആകാംക്ഷയോടെയാണു രജനി സംഘം വിലയിരുത്തിയത്. ആരംഭഘട്ടമാണെങ്കിലും നഗര പ്രദേശങ്ങളിൽ കമലിന്റെ പാർട്ടി കാഴ്ചവച്ച പ്രകടനം സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ മാറ്റി മറിക്കുമെന്നാണ് വിലയിരുത്തൽ. ഗ്രാമപ്രദേശങ്ങളിൽ രജനിയുടെ താരമൂല്യം വോട്ടായി മാറുമെന്നാണു കണക്കുകൂട്ടൽ. ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയ്ക്കുണ്ടായ ശക്തിക്ഷയം അനുകൂല ഘടകമാകാം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരിയെങ്കിലും കരുണാനിധിയുടെ കാലത്തെ പോലെ ഡിഎംകെ സംഘടനാപരമായി ശക്തരല്ലെന്നാണു രജനി സംഘത്തിന്റെ നിഗമനം. നിയമസഭാ ഉപതിരഞ്ഞെടുപ്പു ഫലമാണു അതിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ആരാധക സംഘങ്ങളുടെ ഏകോപനത്തിലൂടെ പാർട്ടി കെട്ടിപ്പടുക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്ത അരലക്ഷം ഫാൻസ് അസോസിയേഷനുകളുണ്ട്. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഫാൻസ് അസോസിയേഷൻ ഉറപ്പാക്കുകയാണ് ആദ്യലക്ഷ്യം. തമിഴ്‌നാട്ടിൽ 2021 ലാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. അപ്പോഴേക്കും രാഷ്ട്രീയാടിത്തറ രൂപപ്പെടുത്തുകയെന്ന വെല്ലുവിളിയാണ് രജനീകാന്തിന് മുന്നിലുള്ളത്. പൊതുകാര്യങ്ങളിൽ പാലിച്ചിരുന്ന മൗനം താരം വെടിയേണ്ടതും അത്യാവശ്യമാണ്. താരത്തിന് തമിഴ്‌നാട്ടിലുള്ള പ്രാധാന്യം കണക്കിലെടുത്താൽ തന്നെ പാർട്ടി രൂപീകരിക്കുമ്പോൾ നിരവധി ആൾക്കാർ പാർട്ടിയിൽ ചേരുമെന്ന കാര്യത്തിൽ സംശയമില്ല.

പാർട്ടി രൂപീകരിക്കുന്നതോടെ മറ്റു പാർട്ടികളിലെ അതൃപ്തർ അദ്ദേഹത്തിനൊപ്പം ചേരുമെന്ന അഭ്യൂഹം രാഷ്ട്രീയവൃത്തങ്ങളിലുണ്ട്. കോൺഗ്രസിൽ നിന്ന് അടുത്ത് അച്ചടക്കലംഘനത്തിനു സസ്‌പെൻഡ് ചെയ്യപ്പെട്ട കരാട്ടെ ത്യാഗരാജൻ ഉൾപ്പെടെ ഒട്ടേറെ നേതാക്കളുടെ പേരുകൾ ഇപ്പോൾ ചർച്ചയിലുണ്ട്. സ്റ്റാലിന്റെ മകൻ ഉദയനിധിയെ യുവജന വിഭാഗം സെക്രട്ടറിയായി നിയമിച്ചതോടെ, പാർട്ടിയിൽ മുതിർന്ന നേതാക്കളും യുവാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയുണ്ട്.മുതിർന്ന നേതാക്കൾക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നാണ് അവരുടെ പരാതി. ഇവരിൽ ചിലരെ രജനി സംഘം പ്രതീക്ഷിക്കുന്നു.അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് അണ്ണാഡിഎംകെയിൽ നിന്നു നേതാക്കളുടെ ഒഴുക്കുണ്ടാകുമെന്നും അവർ കണക്കുകൂട്ടുന്നു.തിരഞ്ഞെടുപ്പിൽ മൽസരിച്ചു സാന്നിധ്യമറിയിക്കുകയല്ല, ഭരണം പിടിക്കുക തന്നെയാണു ലക്ഷ്യം. അതിനുള്ള മുന്നൊരുക്കമാണു അണിയറയിൽ നടക്കുന്നതെന്ന് രജനാകാന്തുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP