Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിദംബരത്തിനും ശിവകുമാറിനും പിന്നാലെ കമൽനാഥിനായി കരുക്കൾ നീക്കി കേന്ദ്രം; സിഖ് വിരുദ്ധ കലാപത്തിൽ പുനരന്വേഷണം; കമൽനാഥിനെതിരായ ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും; തീരുമാനം അന്വേഷണം അവസാനിപ്പിച്ച 220ഓളം കേസുകൾ പുനരന്വേഷിക്കാൻ; പ്രതിസന്ധിയിലായി കോൺഗ്രസ് നേതൃത്വം

ചിദംബരത്തിനും ശിവകുമാറിനും പിന്നാലെ കമൽനാഥിനായി കരുക്കൾ നീക്കി കേന്ദ്രം; സിഖ് വിരുദ്ധ കലാപത്തിൽ പുനരന്വേഷണം; കമൽനാഥിനെതിരായ ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും; തീരുമാനം അന്വേഷണം അവസാനിപ്പിച്ച 220ഓളം കേസുകൾ പുനരന്വേഷിക്കാൻ; പ്രതിസന്ധിയിലായി കോൺഗ്രസ് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ചിദംബരത്തിനും ശിവകുമാറിനും പിന്നാലെ കമൽനാഥിനെ നോട്ടമിട്ട് കേന്ദ്രസർക്കാർ. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെട്ട കേസിൽ തുടരന്വേഷണത്തിനു ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേസിലെ ഒരു ദൃക്സാക്ഷിയാണ് കലാപത്തിൽ കമൽനാഥിന്റെ പങ്കിനെക്കുറിച്ചു ആരോപണം ഉന്നയിച്ചത്. എന്നാൽ കമൽനാഥ് ഇതു നിഷേധിക്കുകയും അന്വേഷണ ഏജൻസി അദ്ദേഹത്തിനു സംശയത്തിന്റെ ആനുകൂല്യം നൽകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് കമൽനാഥിനെതിരെ വീണ്ടും ആരോപണങ്ങൾ ഉയർന്നു വന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിഖ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

കമൽനാഥിനെതിരായ ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. അഗസ്റ്റ വെസ്റ്റ്‌ലൻഡ് കേസിൽ കമൽനാഥിന്റെ ബന്ധു രതുൽപുരിയുടെ അറസ്റ്റിന് ശേഷമാണ് കമൽനാഥിനെതിരെയും കരുക്കൾ നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കമൽനാഥ്, ജഗദീഷ് ടെയ്റ്റ്‌ലർ, സജ്ജൻ കുമാർ എന്നിവരായിരുന്നു പ്രധാന ആരോപണ വിധേയർ. രകബ്ഗഞ്ച് ഗുരുദ്വാരക്ക് മുന്നിൽ കലാപകാരികളെ നയിച്ചിരുന്നത് കമൽനാഥായിരുന്നുവെന്ന് സാക്ഷിമൊഴിയുണ്ടായിരുന്നു. കലാപം അന്വേഷിച്ച നാനാവതി കമ്മീഷനു മുന്നിൽ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ടറടക്കം രണ്ട് പേർ കമൽനാഥിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. എന്നാൽ, കലാപം നിയന്ത്രിക്കാനാണ് താൻ അവിടെ പോയതെന്നായിരുന്നു കമൽനാഥിന്റെ വിശദീകരണം.

കലാപത്തിൽ കമൽനാഥിന്റെ പങ്കിന് തെളിവില്ലെന്ന് കമ്മീഷൻ കണ്ടെത്തി. കലാപവുമായി ബന്ധപ്പെട്ട് 88 പേരുടെ ശിക്ഷ ഡൽഹി ഹൈക്കോടതി കഴിഞ്ഞ വർഷം ശരിവെച്ചിരുന്നു. അന്വേഷണം അവസാനിപ്പിച്ച 220ഓളം കേസുകളാണ് പുനരന്വേഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പഞ്ചാബിലെ ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദളിന്റെ ആവശ്യത്തെ തുടർന്നാണ് കേസുകൾ പുനരന്വേഷിക്കുന്നത്. ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ ധനമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റൊരു ഉന്നത കോൺഗ്രസ് നേതാവിനെതിരെയും നടപടിക്കൊരുങ്ങുന്നത്.

1984 സിഖ് വിരുദ്ധ കലാപത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരായ വീണ്ടും അന്വേഷണം ആരംഭിക്കുന്നത് സിഖുകാരുടെ വിജയമാണെന്നു കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ ട്വീറ്റ് ചെയ്തു. നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് കേസ് വീണ്ടും തുറക്കുന്നതെന്നും കമൽനാഥ് ചെയ്ത തെറ്റിന്റെ ഫലം ലഭിക്കുമെന്നും ഹർസിമ്രത് പറഞ്ഞു.പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. ഡൽഹി, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടർന്നു പിടിച്ച സിക്ക് വിരുദ്ധ കലാപത്തിൽ 3325 പേരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ മാത്രം 2733 പേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP