Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവതിയുടെ ഫോൺ വിളി കേട്ട് വിമാനം കയറി കുടുങ്ങി; കുടുങ്ങിയെന്ന് ഏവരും വിധിയെഴുതിയപ്പോൾ അപ്രതീക്ഷിത ട്വിസ്റ്റും; തുഷാർ വെള്ളാപ്പള്ളിക്ക് തുണയായത് ചെക്ക് ബൗൺസായതിന് തെളിവായുള്ള ബാങ്ക് രേഖകൾ പരാതിക്കാരൻ നൽകാത്തത്; ബൗൺസ് രേഖ കൊടുക്കാത്തതിന് പിന്നിൽ ചില സുഹൃത്തുക്കളുടെ ഇടപെടലെന്ന് സൂചന; തുഷാർ കേസ് ഒഴിവാക്കിയത് കോടതിക്ക് പുറത്തെ സെറ്റിൽമെന്റിൽ എന്ന സംശയം ശക്തമാക്കുന്നത് നാസിൽ അബ്ദുല്ലയുടെ മൗനം; മൂന്നാം ഓണത്തിന് ബിഡിജെഎസ് നേതാവ് വീട്ടിലെത്തും

യുവതിയുടെ ഫോൺ വിളി കേട്ട് വിമാനം കയറി കുടുങ്ങി; കുടുങ്ങിയെന്ന് ഏവരും വിധിയെഴുതിയപ്പോൾ അപ്രതീക്ഷിത ട്വിസ്റ്റും; തുഷാർ വെള്ളാപ്പള്ളിക്ക് തുണയായത് ചെക്ക് ബൗൺസായതിന് തെളിവായുള്ള ബാങ്ക് രേഖകൾ പരാതിക്കാരൻ നൽകാത്തത്; ബൗൺസ് രേഖ കൊടുക്കാത്തതിന് പിന്നിൽ ചില സുഹൃത്തുക്കളുടെ ഇടപെടലെന്ന് സൂചന; തുഷാർ കേസ് ഒഴിവാക്കിയത് കോടതിക്ക് പുറത്തെ സെറ്റിൽമെന്റിൽ എന്ന സംശയം ശക്തമാക്കുന്നത് നാസിൽ അബ്ദുല്ലയുടെ മൗനം; മൂന്നാം ഓണത്തിന് ബിഡിജെഎസ് നേതാവ് വീട്ടിലെത്തും

എം മനോജ് കുമാർ

തിരുവനന്തപുരം:  ദുബായിലെ കേസുകളെല്ലാം ഒതുക്കിയ ശേഷം മാത്രമേ തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങൂ. മറ്റെന്നാൾ അലപ്പുഴയിൽ എത്തും വിധം എല്ലാ നടപടികളും വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് തുഷാർ. നാലാം ഓണം അച്ഛനും അമ്മയ്ക്കും കുടുംബത്തിനുമൊപ്പം കൂടാനാണ് തുഷാറിന്റെ പദ്ധതി. ശ്രീനാരായണ ഗുരു ജയന്തി ദിനമാണ് നാലാം ഓണം. തുഷാറിനെതിരെ കേസ് കൊടുത്ത നാസിൽ അബ്ദുല്ലയുമായി തുഷാർ ദുബായിൽ ഉടൻ കൂടിക്കാഴ്ച നടത്തും. ചെക്ക് കേസിലെ സിവിൽ നടപടികൾ കൂടി പൂർണ്ണമായും പിൻവലിപ്പിക്കാനാണ് തുഷാറിന്റെ ശ്രമം. അതിനിടെ ക്രിമിനൽ കേസ് തള്ളിയതിന് കാരണം ചില ഇടപെടലുകളാണെന്ന സൂചനയും പുറത്തു വരുന്നു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് നടന്നുവെന്നാണ് സൂചന.

ചെക്ക് നൽകിയാണ് ക്രിമിനൽ കേസ് കൊടുത്തത്. ഈ ചെക്ക് ബൗൺസായതിന്റെ ബാങ്ക് രേഖകൾ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അജ്മാനിലെ കോടതിക്ക് മുമ്പിൽ വാദിഭാഗം ഹാജരാക്കിയില്ല. ഈ സാഹചര്യത്തിലാണ് ചെക്ക് കേസ് തള്ളിയത്. അതിനിടെ രേഖകൾ നാസിൽ മനപ്പൂർവ്വം ഹാജരാക്കാത്തതാണെന്ന സൂചനയും പുറത്തു വരുന്നുണ്ട്. ഇതാണ് ചില ചർച്ചകളുടെ വിജയമാണ് കേസ് അവസാനിക്കാൻ കാരണമെന്ന സൂചനകൾക്ക് കാരണം. നേരത്തെ കേസിൽ എല്ലാ തെളിവും തന്റെ കൈയിലുണ്ടായിരുന്നുവെന്ന് നാസിൽ പറഞ്ഞിരുന്നു. അങ്ങനെ ആത്മവിശ്വാസത്തോടെ നിന്ന വ്യക്തിയാണ് കോടതിയിൽ രേഖ ഹാജരാക്കാത്തത്. കേസ് തള്ളിയ ശേഷം നാസിൽ അവകാശ വാദങ്ങൾ നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. മൂന്നാം ഓണത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുഷാർ എത്തും. വലിയ സ്വീകരണവും ബിഡിജെഎസ് ഒരുക്കുന്നുണ്ട്.

അഞ്ച് കോടി രൂപ നൽകിയാൽ കേസ് പിൻവലിക്കാമെന്ന് നേരത്തെ നാസിൽ പറഞ്ഞിരുന്നു. എന്നാൽ കാശ് കൊടുത്ത് ഒത്തു തീർപ്പിനില്ലെന്നായിരുന്നു തുഷാറിന്റെ നിലപാട്. ഇതോടെ കോടതിയിൽ നടന്ന ഒത്തു തീർപ്പ് ഫലം കണ്ടില്ല. തുടർന്ന് കേസ് വന്നപ്പോഴാണ് കോടതി രേഖയില്ലെന്ന് പറഞ്ഞ് കേസ് തള്ളിയത്. ഇതോടെയാണ് തന്നെ ചതിച്ചതാണെന്ന വിശദീകരണവുമായി തുഷാർ എത്തിയത്. എന്നാൽ നാസിൽ അബദുള്ളയോട് തനിക്ക് യാതൊരു ദേഷ്യവും ഇല്ലെന്ന് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് നാസിലുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ഓഫിസിൽ നിന്നു ചെക്ക് എടുത്തു നൽകിയത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മുൻനിലപാടുകളിൽ ഉറച്ചുനിൽക്കുന്നു. നാസിലിനു പണമൊന്നും കൊടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കേസ് തള്ളാനുള്ള യാഥാർത്ഥ കാരണം ബാങ്ക് രേഖകൾ കോടതിയിൽ എത്താത്തതു കൊണ്ടാണെന്ന് വ്യക്തമായത്. ഇക്കാര്യത്തിൽ എന്ത് സംഭവിച്ചുവെന്ന് നാസിൽ പ്രതികരിച്ചതുമില്ല. ഇതിന് പിന്നാലെയാണ് നാസിലുമായി തുഷാർ കൂടിക്കാഴ്ച നടത്തുമെന്ന സൂചനയും ലഭിക്കുന്നത്. സിവിൽ കേസ് കൊടുത്തിട്ടുള്ളത് ദുബായിലാണ്. ഈ കേസിൽ തുഷാറിന് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള നാസിലിന്റെ നീക്കം ഫലിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ക്രിമിനൽ കേസും തള്ളി പോയത്. ഇത് തൂഷാറിന് രാഷ്ട്രീയമായി നേട്ടമാണ്. തന്നെ യുവതി ദുബായിലേക്ക് വിളിച്ചു വരുത്തി ചതിച്ചുവെന്ന വാദം കേരളത്തിൽ ചർച്ചയാക്കാൻ ഇനി തുഷാറിന് കഴിയും. ഇതിന് അവസരമൊരുക്കാൻ വേണ്ടിയാണ് നാസിൽ നിശബ്ദനായി തുടരുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ഒരു ലക്ഷം ദിർഹം തരാമെന്ന് ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞിരുന്നു. എന്നാൽ 30 ലക്ഷം ദിർഹം വേണമെന്നായിരുന്നു നാസിലിന്റെ ആവശ്യം. തുടർന്നാണു നിയമത്തിന്റെ വഴിയിൽ പോകാൻ തീരുമാനിച്ചതെന്ന് തുഷാർ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിൽ കിടക്കേണ്ടിവന്നത് വിധിയായി കാണുന്നു. വലിയൊരു ഗൂഢാലോചനയിൽ നിന്നു ദൈവാധീനം കൊണ്ടാണു രക്ഷപ്പെട്ടതെന്നും തുഷാർ പറയുന്നു. കോടതിയിൽ എല്ലാ രേഖകളും ഹാജരാക്കി സത്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഒരുകാര്യവും മുൻവിധിയോടെ കാണുന്നയാളല്ല താനെന്നും, കേന്ദ്രപദവി അടക്കമുള്ള ഒരു സ്ഥാനവും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാർ വ്യക്തമാക്കി. എസ്എൻഡിപിയോഗം വൈസ് പ്രസിഡന്റ്, എൻഡിഎ കൺവീനർ എന്നീ നിലകളിൽ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. അതൊന്നും ഇട്ടെറിഞ്ഞ് അത്ര പെട്ടെന്ന് പോകാനാകില്ലെന്നും തുഷാർ വെളിപ്പെടുത്തിയിരുന്നു.

വാദിയായ നാസിൽ അബ്ദുല്ല സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ദിവസം കോടതി കേസ് തള്ളിയത്. ഇതിന് കാരണം ചെക്ക് ബൗൺസായ ബാങ്ക് രേഖ ഇല്ലാത്തതായിരുന്നു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന്റെ പാസ്‌പോർട്ട് തിരിച്ചുനൽകുകയായിരുന്നു. കേസ് തള്ളിയതറിഞ്ഞ തുഷാർ, ഇത് നീതിയുടെ വിജയമെന്നാണ് പ്രതികരിച്ചത്. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എംഎ യൂസഫലിക്കും നന്ദിപറയാനും തുഷാർ വെള്ളാപ്പള്ളി മറന്നില്ല. കേസ് തള്ളിയതോടെ തുഷാറിന്റെ യാത്രാവിലക്ക് നീങ്ങി. ഉമ്മുൽഖുവൈനിലെ തുഷാറിന്റെ സ്ഥലം സ്വദേശിയായ വ്യക്തിക്കു വിലയ്ക്കു വാങ്ങാൻ താൽപര്യമുണ്ടെന്നു പറഞ്ഞ് ഒരു വനിത നിരന്തരം ഫോൺ വിളിച്ച് ശല്ല്യം ചെയ്യുമായിരുന്നു. അങ്ങിനെ ആഗസറ്റ് 20ന് തുഷാറിനെ അജ്മാനിൽ എത്തിച്ചു. അവിടുന്ന് ഹോട്ടലിൽ വച്ചാണ് തുഷാർ വെള്ളാപ്പള്ളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.

തുഷാർ വെള്ളാപ്പള്ളിക്കെതിരായ പ്രാഥമിക തെളിവുകൾ നാസിൽ അബ്ദുള്ള അജ്മാൻ കോടതിക്ക് കൈമാറി. ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാർ കോടതിയിൽ ആവർത്തിച്ചു . എന്നാൽ ഈ ചെക്ക് നാസിൽ മോഷ്ടിച്ചതാണെന്ന് തുഷാർ കോടതിയെ അറിയിച്ചു. അപ്പോൾ മോഷണം പോയെങ്കിൽ എന്തുകൊണ്ടാണ് അന്ന് പരാതി കൊടുക്കാത്തതെന്ന് കോടതി തുഷാറിനോട് തിരികെ ചോദിച്ചു. ഈ ചോദ്യത്തിന് തുഷാറിന് മറുപടി ഇല്ലായിരുന്നു. ഒത്തുതീർപ്പിന് തയ്യാറാണോ എന്ന ചോദ്യത്തിന് അത് എന്നായിരുന്നു രണ്ട് കക്ഷികളുടേയും മറുപടി. അന്ന് തുഷാറിനെതിരെ തെളിവ് കൈമാറണമെന്ന് നാസിൽ അബ്ദുല്ലയോട് അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. തരാനുള്ള പണത്തിന്റ വിവരങ്ങൾ, തുഷാറിന്റെ കമ്പനിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള രേഖകൾ നാസിൽ കൈമാറി. ഇതോടെയാണ് ചെക്ക് മോഷ്ടിച്ചത് എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മോഷണ സമയത്ത് എന്തുകൊണ്ട് പരാതിപ്പെട്ടില്ല എന്ന് പ്രോസിക്യൂഷൻ ചോദിച്ചു. ഇത് കോടതിയും ആവർത്തിച്ചു. വാദത്തിനിടെ തുഷാർ നൽകാമെന്നേറ്റ തുക അപര്യാപ്തമാണെന്ന് കേസിലെ വാദി നാസിൽ അബ്ദുള്ള കോടതിയിൽ അറിയിച്ചു. അതേസമയം ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുകയാണെന്നും ഇരുവിഭാഗവും കോടതിയിൽ ബേധിപ്പിച്ചിരുന്നു.

ചെക്ക് കേസ് നടപടികൾ കൂടുതൽ കർശനമായതിനാലാണ് നാസിൽ അജ്മാനിൽ കേസ് നൽകിയതെന്നാണു സൂചന. ദുബായിൽ ചെക്ക് കേസ് നടപടികൾ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് യുഎഇയിലെ രീതി. എന്നാൽ, ഇന്ത്യയിൽ കോടതിയാണ് അറസ്റ്റിന് നിർദ്ദേശം നൽകേണ്ടത്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP