Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണാഘോഷത്തിന് സദ്യ ഓർഡർ ചെയ്തിട്ട് ഭക്ഷണം കിട്ടിയപ്പോൾ മട്ടുമാറി; കാശ് മുഴുവൻ കൊടുക്കാതിരിക്കാൻ ഭക്ഷണം തികഞ്ഞില്ലെന്ന് പരാതി; രാത്രിയിൽ കൂട്ടമദ്യപാനത്തിന് ശേഷം ഉച്ചയോടെ സംഘമായെത്തി സ്ത്രീകൾ നടത്തുന്ന ഹോട്ടൽ അടിച്ചുതകർത്തു; ആക്രമണം മഹാരാജാസിലെ എസ്എഫ്‌ഐക്കാരെന്ന് ആക്രോശിച്ച് കൊണ്ട്; അഡ്വാൻസ് തുകയും തട്ടിയെടുത്ത് മുങ്ങിയത് ആഘോഷത്തിന് സദ്യാ പാത്രങ്ങൾ പകുതിയും തുറക്കാതെ; ഏഴ് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഓണാഘോഷത്തിന് സദ്യ ഓർഡർ ചെയ്തിട്ട് ഭക്ഷണം കിട്ടിയപ്പോൾ മട്ടുമാറി; കാശ് മുഴുവൻ കൊടുക്കാതിരിക്കാൻ ഭക്ഷണം തികഞ്ഞില്ലെന്ന് പരാതി; രാത്രിയിൽ കൂട്ടമദ്യപാനത്തിന് ശേഷം ഉച്ചയോടെ സംഘമായെത്തി സ്ത്രീകൾ നടത്തുന്ന ഹോട്ടൽ അടിച്ചുതകർത്തു; ആക്രമണം മഹാരാജാസിലെ എസ്എഫ്‌ഐക്കാരെന്ന് ആക്രോശിച്ച് കൊണ്ട്; അഡ്വാൻസ് തുകയും തട്ടിയെടുത്ത് മുങ്ങിയത് ആഘോഷത്തിന് സദ്യാ പാത്രങ്ങൾ പകുതിയും തുറക്കാതെ; ഏഴ് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭക്ഷണം തികഞ്ഞില്ലെന്ന് പറഞ്ഞ് സ്ത്രീകൾ നടത്തുന്ന ഹോട്ടൽ അതിക്രമിച്ച് കയറി അടിച്ചു തകർത്ത് ഒരുസഘം വിദ്യാർത്ഥികൾ. ഇവർ എസ്എഫ്‌ഐ വിദ്യാർത്ഥികളാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാർത്ഥികൾ കസ്റ്റഡിയിലാണ്. എറണാകുളം നോർത്ത് എസ്.ആർ.എം റോഡിലാണ് സ്ത്രീകൾ ചേർന്ന് നടത്തുന്ന ഹോട്ടലിന് നേരേ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. മഹാരാജാസ് കോളജിലെ ബിഎസ്‌സി ഫിലോസഫി വിദ്യാർത്ഥി നിഖിൽ (20), ബിഎസ്‌സി ബോട്ടണി വിദ്യാർത്ഥികളായ നന്ദു (19), ശ്രീകേഷ് (20), ബിഎ ഹിസ്റ്ററി വിദ്യാർത്ഥി അർജുൻ (24), ബിഎ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാർത്ഥി ജെൻസൺ (18) ബിഎ മലയാളം വിദ്യാർത്ഥി മനു (19), ബിഎസ്സി മാത്സ് വിദ്യാർത്ഥി നിവിൻദാസ് (20) എന്നിവരാണു കസ്റ്റഡിയിലുള്ളത്. എസ്ആർഎം റോഡിൽ പ്രവർത്തിക്കുന്ന 'കൊതിയൻസ്' വനിതാ ഹോട്ടലിനു നേരെ ആയിരുന്നു ആക്രമണം.

മഹാരാജാസിൽ ഈ മാസം 6ന് ഓണാഘോഷത്തിനായി 455 പേർക്കുള്ള സദ്യയുടെ ഓർഡർ ഈ ഹോട്ടലിനായിരുന്നു. 500 പേർക്കെങ്കിലും കഴിക്കാനുള്ള സദ്യ എത്തിച്ചിരുന്നതായി ഹോട്ടൽ ഉടമ ജി. ശ്രീകല പറയുന്നു. 45,000 രൂപയോളം ഇതിനു ചെലവു വന്നു. ഈ തുക മുഴുവൻ വിദ്യാർത്ഥികൾ നൽകിയിരുന്നുമില്ല. ഭക്ഷണം ഓർഡർ ചെയ്യാൻ ജെൻസനാണ് ആദ്യം ഹോട്ടലിൽ എത്തിയത്. 90 രൂപ നിരക്കിൽ ഭക്ഷണം നൽകാൻ തീരുമാനിച്ച് 28,000 രൂപ അഡ്വാൻസ് കൊടുത്തു. ആറിന് രാവിലെ ജെൻസൺ ഉൾപ്പെടെ ഹോട്ടലിൽനിന്ന് 68 പാത്രങ്ങളിലായി ഭക്ഷണം ഓട്ടോയിൽ ഹോസ്റ്റലിൽ എത്തിച്ചു.

എന്നാൽ, ഉച്ചക്ക് രണ്ടരയോടെ പ്രതികളായ ഏഴുപേരും ഹോട്ടലിൽ എത്തി ഭക്ഷണം 150 പേർക്ക് പോലും തികഞ്ഞില്ലെന്ന് പറഞ്ഞ് ഉടമ ശ്രീകലയെയും മറ്റു വനിത ജീവനക്കാരെയും ഭീഷണിപ്പെടുത്തി പാത്രങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. അഡ്വാൻസ് തുക മടക്കി നൽകണമെന്ന ആവശ്യം നിരസിച്ച ഹോട്ടലുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 20,000 രൂപ കൈക്കലാക്കി സംഘം സ്ഥലം വിട്ടതായി പൊലീസ് പറയുന്നു. മഹാരാജാസിലെ എസ്എഫ്‌ഐക്കാരാണ് എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഇവരിൽ ചിലർ മദ്യപിച്ചാണ് എത്തിയതെന്നും പരാതിയുണ്ട്.

കൂടുതൽ ഭക്ഷണം എത്തിച്ചു നൽകാമെന്ന് അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ല. പുറത്തുനിന്നു വാടകയ്‌ക്കെടുത്ത പാത്രങ്ങളും തവികളുമുൾപ്പെടെ അക്രമികൾ നശിപ്പിച്ചു. കടയിൽ നിന്നു 20,000 തട്ടിയെടുത്തു. ഭക്ഷണം കൊടുത്തുവിട്ട പാത്രങ്ങളുൾപ്പെടെ മടക്കി നൽകാനും തയാറായില്ല. രാത്രിയോടെ ഹോസ്റ്റലിൽ പാത്രങ്ങൾ എടുക്കാൻ ചെന്നപ്പോഴാണ് പകുതിയും തുറന്നിട്ട് പോലുമില്ലെന്ന് മനസ്സിലായത്. തുടർന്ന് ഹോട്ടലുടമ പൊലീസിൽ എത്തി പരാതി നൽകി. എറണാകുളം അസിസ്റ്റന്റ് കമീഷണർ ലാൽജിയുടെ നിർദ്ദേശപ്രകാരം നോർത്ത് എസ്.എച്ച്.ഒ സിബി ടോം, എസ്‌ഐമാരായ അനസ്, ജബ്ബാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം തന്നെ നോർത്ത് സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും മൊഴിയെടുക്കുന്നതിനിടെ പാർട്ടി പ്രവർത്തകരും നേതാക്കളും വ്യാപാരി സംഘടനാ ഭാരവാഹികളും ഇടപെട്ട് പ്രശ്‌നം ഒത്തു തീർപ്പാക്കാമെന്നറിയിച്ചു. നഷ്ടം വിദ്യാർത്ഥികൾ തന്നെ നികത്തുമെന്നും പാത്രങ്ങളും കവർന്നെടുത്ത പണവും മടക്കി നൽകാമെന്നും സമ്മതിച്ചതിനെത്തുടർന്നു പരാതി പിൻവലിച്ചു. രാത്രി പാത്രങ്ങൾ തിരികെ വാങ്ങാൻ കോളജിലെത്തിയ വ്യാപാരി സംഘടനാ ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറഞ്ഞും ആക്രമിക്കാൻ ശ്രമിച്ചും വിദ്യാർത്ഥികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ഇവരിൽനിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്ന് ശ്രീകല പറയുന്നു. ഹോട്ടലിലെ ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് ഒരു ദിവസം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ പാഴാക്കിയതാണ് ഉണ്ടായ നഷ്ടത്തെക്കാൾ വേദനിപ്പിച്ചത്. വിദ്യാർത്ഥികൾ നശിപ്പിച്ച, വാടകയ്‌ക്കെടുത്ത പാത്രങ്ങൾ തിരിച്ചു കൊടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും ശ്രീകല പറഞ്ഞു. ഓണത്തിന് ഏറ്റവും അധികം കച്ചവടം നടക്കേണ്ട ദിവസങ്ങളിൽ കട അടച്ചിടേണ്ടി വന്നു. കുഞ്ഞുങ്ങൾക്കു തുണിപോലും എടുത്തിട്ടില്ല. ജോലിക്കാരായി ഒപ്പമുണ്ടായിരുന്ന അഞ്ചു കുടുംബങ്ങളുടെയും അവസ്ഥ ഇതാണ്. കടയിൽ ഒരു ലക്ഷം രൂപയുടെയെങ്കിലും നഷ്ടമുണ്ട്. ഇതിനു പുറമേയാണു കട അടച്ചിട്ടതുകൊണ്ടുള്ള നഷ്ടം. കേസ് ഒത്തുതീർപ്പാക്കി മുന്നോട്ടു പോകാൻ തീരുമാനിച്ചിരുന്നതാണ്. വിദ്യാർത്ഥികളുടെ ഗുണ്ടായിസം കൊണ്ടാണു പിന്നെയും കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്ന് ശ്രീകല പറഞ്ഞു.

രാത്രിയിൽ ഇരുന്നൂറോളം വിദ്യാർത്ഥികൾ കോളജ് ക്യാംപസിൽ കൂട്ട മദ്യപാനം നടത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. പിറ്റേന്ന് ഉച്ചവരെ കാത്തിട്ടും തട്ടിയെടുത്ത പണംപോലും തിരിച്ചെത്തിക്കാതിരുന്നതോടെ ശ്രീകല വീണ്ടും പൊലീസിൽ പരാതി നൽകി.പ്രതികളിൽ നിഖിൽ, നന്ദു എന്നിവരെ 8നു രാത്രിയിൽ തന്നെ പിടികൂടിയ നോർത്ത് പൊലീസ് മറ്റുള്ള പ്രതികളെ ഇന്നലെ പകൽ പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുള്ളതായാണ് സൂചന. 

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP