Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം മകനെ കാമുകൻ നിരന്തരമായി ക്രൂരമായി പീഡിപ്പിക്കുകയും മർദ്ദിച്ച് കൊല്ലുകയും ചെയ്തിട്ടും തൊടുപുഴയിലെ അമ്മയെ തൊടാൻ പൊലീസിന് മടി; മക്കളെ ഭർത്താവിന് ഒപ്പമാക്കി കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പേരിൽ ബാലുശേരിയിലെ യുവതിക്കും കാമുകനും ജയിൽ വാസം; യുവ ഗായകൻ ഷമ്മാസ് കിനാലൂരിന്റേയും കാമുകി ഷിബിനയുടേയും അറസ്റ്റിന് പിന്നിലും പിണറായി പൊലീസിന്റെ നിയമ വിരുദ്ധ ക്രൂര വിനോദം തന്നെ

സ്വന്തം മകനെ കാമുകൻ നിരന്തരമായി ക്രൂരമായി പീഡിപ്പിക്കുകയും മർദ്ദിച്ച് കൊല്ലുകയും ചെയ്തിട്ടും തൊടുപുഴയിലെ അമ്മയെ തൊടാൻ പൊലീസിന് മടി; മക്കളെ ഭർത്താവിന് ഒപ്പമാക്കി കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പേരിൽ ബാലുശേരിയിലെ യുവതിക്കും കാമുകനും ജയിൽ വാസം; യുവ ഗായകൻ ഷമ്മാസ് കിനാലൂരിന്റേയും കാമുകി ഷിബിനയുടേയും അറസ്റ്റിന് പിന്നിലും പിണറായി പൊലീസിന്റെ നിയമ വിരുദ്ധ ക്രൂര വിനോദം തന്നെ

എം മനോജ് കുമാർ

കോഴിക്കോട്: തൊടുപുഴയിൽ ഏഴ് വയസുകാരൻ അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തിന് ഇളയ മകനായ നാല് വയസുകാരനായ കുട്ടിയും ഇരയായിരുന്നു. കടുത്ത ശാരീരിക മാനസിക പീഡനങ്ങളായിരുന്നു കുഞ്ഞ് ഏറ്റുവാങ്ങിയത്. ഇതെല്ലാം പൊലീസും സമ്മതിച്ചു. എന്നാൽ അമ്മയെ കേസിൽ പ്രതിചേർക്കാൻ തുടക്കത്തിൽ പൊലീസ് മടിച്ചു. അമ്മയെ സാക്ഷിയാക്കാനായിരുന്നു നീക്കം. നിരന്തര പ്രതിഷേധങ്ങൾക്കൊടുവിൽ അമ്മയെ കേസിൽ പ്രതിയാക്കി. ജുവനൈൽ ജസ്റ്റീസ് നിയമ പ്രകാരം അറസ്റ്റും ചെയ്തു. പക്ഷേ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇതിന് പിന്നിൽ ഇടത് സർക്കാരിൽ സ്വാധീനമുള്ള എംഎൽഎ ആണെന്ന വാദമെത്തി. ഇവിടെ ക്രൂരത കാട്ടിയ കാമുകനൊപ്പം നിന്ന അമ്മയുടെ അച്ഛൻ സിനിമാക്കാരനായിരുന്നു. ഉന്നത ബന്ധമുള്ള സിനിമാക്കാരൻ. അതിനാൽ അമ്മയയ്ക്ക് ജയിലിൽ കിടക്കേണ്ടി വന്നില്ല. എന്നാൽ കോഴിക്കോടെ അമ്മയുടെ ഒളിച്ചോടലിൽ ഇതൊന്നുമായിരുന്നില്ല സംഭവിച്ചത്. കാമുകനേയും കാമുകിയേയും ജുവനൈൽ ജസ്റ്റീസ് ആക്ട് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ് ചെയ്തത്.

അങ്ങനെ ഒളിച്ചോടിയ ഇതര മതസ്ഥരായ കമിതാക്കൾ ഒടുവിൽ എത്തിപ്പെട്ടത് ജയിൽ വാസത്തിൽ. കോഴിക്കോട് സ്വദേശിയും ഗായകനുമായ ഷമ്മാസിനും പ്രണയിനിയായ ഷിബിനയുമാണ് ഒളിച്ചോട്ടത്തിന്റെ പേരിൽ അറസ്റ്റിലായി ജയിലിൽ എത്തിപ്പെട്ടത്. മകളെ ഉപേക്ഷിച്ച് കാമുകനായ ഷമ്മാസി(35)നൊപ്പം ഒളിച്ചോടിയതിനാണ് ജുവൈനൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഷിബിന (31) ജയിലിൽ എത്തിപ്പെട്ടത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിനാണ് ഷമ്മാസിനെതിരെയും കേസും ഒപ്പം ജയിൽ വാസവും വന്നത്. ഇവിടെ ഇവരാരും മക്കളെ പീഡിപ്പിച്ചിട്ടില്ല. റോഡിൽ ഉപേക്ഷിച്ചും പോയിട്ടില്ല. ഷമ്മാസിന്റെ കുട്ടികൾ അവരുടെ അമ്മയുടെ സുരക്ഷിതത്വത്തിലായിരുന്നു. ഷിബിനയുടെ കുട്ടികൾ അവരുടെ അച്ഛനൊപ്പവും. അതുകൊണ്ട് തന്നെ ഇത് വെറുമൊരു ഒളിച്ചോട്ട കേസാണ്. യുവതിയെ കാണാതായ പരാതിയിൽ അന്വേഷണം നടത്തുക. ഇരുവരേയും കണ്ടെത്തുക. പ്രായപൂർത്തിയാവർക്ക് സ്വന്തം ഇഷ്ടപ്രകാരം പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് തന്നെ ഒളിച്ചോട്ട കേസ് ആയതു കൊണ്ട് ഇരുവരേയും മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി അവരുടെ ഇഷ്ടത്തിന് പോകാൻ അനുവദിക്കുക. ഇതാണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ ഇവിടെ എല്ലാ സീമകളും കടന്ന് പൊലീസ് കേസെടുത്തു.

ഷമ്മാസിനും ഷിബിനയ്ക്കുമെതിരെ ഐപിസി 109, 317, ജുവൈനൽ ജസ്റ്റിസ് ആക്റ്റ് 75, 87 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ചു പോയ കുറ്റത്തിന് ചുമത്തുന്നതാണ് ഐപിസി 317-ാം വകുപ്പ്. കുട്ടിയെ ഉപേക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ അച്ഛനോ അമ്മയോ സ്ഥലം വിടുന്നതിനെതിരെയാണ് ഈ വകുപ്പ് ചുമത്താറുള്ളത്. ഇതിന് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കുട്ടികളെ തെരുവിൽ ഉപേക്ഷിച്ച് പോകുന്നവരെ കുടുക്കാനാണ് ഈ വകുപ്പ് സാധാരണ ഉപയോഗിക്കാറുള്ളത്. ഇതിലേക്ക് ഗൂഢാലോചന കുറ്റം കൊണ്ടു വരാനാണ് ഐപിസിയിലെ 109-ാം വകുപ്പ് ചുമത്തിയിരിക്കുന്നത്. അങ്ങനെ കാമുകീ കാമുന്മാരുടെ ഒളിച്ചോട്ടത്തിന് അതീവ സങ്കീർണ്ണമായ കേസാണ് ചുമത്തിയത്. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായ ഇവർക്ക് മജിസ്‌ട്രേട്ട് ജാമ്യം അനുവദിക്കാത്തതും. ഇതിന് വേണ്ടി മാത്രമാണ് ഈ കേസുകൾ ചുമത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐപിസി 317-ാം വകുപ്പിന് സമാനമാണ് ജുവൈനൽ ജസ്റ്റിസ് ആക്റ്റിലെ വകുപ്പ് 75ഉം. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ് ജുവൈനൽ ജസ്റ്റിസ് ആക്റ്റ്. കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ പോകുന്നത് മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വകുപ്പ്. മൂന്ന് വർഷം വരെ ഈ വകുപ്പ് അനുസരിച്ച് തടവ് ശിക്ഷ കിട്ടും. ഗൂഢാലോചന ഇതിലേക്ക് കൊണ്ടു വരാൻ തന്നെയാണ് ജുവൈനൽ ജസ്റ്റിസ് ആക്റ്റിലെ വകുപ്പ് 87-ാം വകുപ്പും ഉപയോഗിക്കുന്നത്. ഇതെല്ലാം ഷമ്മാസിനും ഷിബിനയ്ക്കുമെതിരെ നിലനിർത്തുന്നതിനെ സാങ്കേതിക അർത്ഥത്തിൽ പൊലീസ് ന്യായീകരിക്കുന്നു. എന്നാൽ തൊടുപുഴയിലെ കേസിൽ അമ്മയെ രക്ഷിച്ച അതേ പൊലീസാണ് കുട്ടികളെ വീട്ടിൽ സുരക്ഷിത കരങ്ങളിലേൽപ്പിച്ച് സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടിയവർക്കെതിരെ ചുമത്തിയതെന്നതാണ് വസ്തുത.

തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ അറസ്റ്റിലായത് മർദ്ദന വിവരം മറച്ചുവെച്ചതിനായിരുന്നു്. കുട്ടിയെ ക്രൂരമായി മർദ്ദിച്ച അരുൺ ആനന്ദിനെ സംരക്ഷിക്കുകയും കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയും ചെയ്തതായി വ്യക്തമായതിനെത്തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇവർക്കെതിരെ പൊലീസ് ഒരിക്കലും നടപടി എടുത്തിരുന്നില്ല. ഒടുവിൽ ശിശുക്ഷേമ സമിതിയുടെ ഇടപെടലെത്തി. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതിയാണ് പൊലീസിന് നിർദ്ദേശം നൽകിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ. 10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. രാത്രികാലങ്ങളിൽ കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് പോകുന്നതും ഈ അമ്മയുടെ ശീലമായിരുന്നു. ഇതെല്ലാം തെളിഞ്ഞിട്ടും ഇവർക്കെതിരെ ഗുരുതര വകുപ്പുകളൊന്നും ചുമത്തിയില്ല.

ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്ന ശേഷം ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങിയത്. അരുൺ ആനന്ദ് നിലവിൽ റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റവും പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അരുൺ ആനന്ദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.മാർച്ച് 28 നായിരുന്നു ഏഴ് വയസുകാരന് ക്രൂര മർദ്ദനമേൽക്കുന്നത്. മർദ്ദനത്തിൽ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. അരുൺ ആന്ദിൽ നിന്നും ക്രൂര പീഡനമാണ് ഏഴുവയസുകാരൻ ഏറ്റുവാങ്ങിയത്. കുട്ടിയുടെ മൂന്നു വയസുകാരനായ സഹോദരനേയും ഇയാൾ മർദ്ദിച്ചിരുന്നു. കുട്ടികളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചതിന് മർദ്ദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ഭയംകൊണ്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ അവർ വ്യക്തമാക്കിയത്. കുട്ടികളുടെ പിതാവ് മരിച്ച ശേഷമാണ് അമ്മ അരുൺ ആനന്ദിനൊപ്പം ജീവിതം ആരംഭിച്ചത്. ക്രിമിനൽ കേസിലെ പ്രതികൂടിയായ അരുൺ ആനന്ദിനൊപ്പമുള്ള ഇവരുടെ ജീവിതം ഏറെ ദുരിതം നിറഞ്ഞതായിരുന്നു. കുട്ടികളുടെ അച്ഛന്റെ പെട്ടെന്നുള്ള മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതും പൊലീസ് അന്വേഷിച്ചില്ല.

ഇങ്ങനെയുള്ള കേരളാ പൊലീസാണ് കഴിഞ്ഞ ദിവസം ഒളിച്ചോടിയ ഇതര മതസ്ഥരായ കമിതാക്കളെ അഴിക്കുള്ളിലാക്കാൻ നിമയ പുസ്തകത്തിലെ എല്ലാ സാധ്യതകളും ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഇനി ഒളിച്ചോടുന്ന മക്കളുള്ള കമിതാക്കളെല്ലാം കരുതേണ്ടതുണ്ട്. ഇല്ലെങ്കിൽ ജയിൽ വാസം ഉറപ്പാണ്. സ്വന്തം മകനെ കാമുകൻ നിരന്തരമായി ക്രൂരമായി പീഡിപ്പിക്കുകയും മർദ്ദിച്ച് കൊല്ലുകയും ചെയ്തിട്ടും തൊടുപുഴയിലെ അമ്മയെ തൊടാൻ പൊലീസിന് മടിച്ച പൊലീസാണ് ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പേരിൽ ബാലുശേരിയിലെ യുവതിക്കും കാമുകനും ജയിൽ വാസം വിധിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഷമാസ് കിനാലൂരിന്റേയും കാമുകി ഷബീനയുടേയും അറസ്റ്റിന് പിന്നിലും പിണറായി പൊലീസിന്റെ നിയമ വിരുദ്ധ ക്രൂര വിനോദം തന്നെയെന്ന വാദം സജീവമാക്കുന്നത്.

കമിതാക്കളുടെ കേസിൽ ബാലുശ്ശേരി പൊലീസ് നല്കുന്ന വിശദീകരണം ഇങ്ങനെ:

ഓഗസ്റ്റ് മുപ്പതിനാണ് ബാലുശ്ശേരി പൊലീസിൽ പരാതി വരുന്നത്. തന്റെ ഭാര്യയായ ഷിബിനയെ കാണുന്നില്ല എന്നാണ് ഭർത്താവ് നൽകിയ പരാതിയിൽ പറഞ്ഞത്. പരാതിയിലെ സൂചന പ്രകാരം ഗായകനായ ഷമ്മാസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ഗാനമേളകളിൽ സ്ഥിരമായി പാടുന്ന ആളാണ് ഷമ്മാസ്. ഇങ്ങിനെ ഒരു വിവാഹ ചടങ്ങിലെ ഗാനമേളയിലാണ് ഷമ്മാസും ഷിബിനയും തമ്മിൽ പരിചയപ്പെടുന്നത്. ഈ പരിചയമാണ് ഒളിച്ചോട്ടത്തിൽ കലാശിച്ചത്. പരിചയപ്പെട്ടശേഷം ഇവർ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. തുടർന്നാണ് ഒളിച്ചോട്ടത്തിനു തീരുമാനമെടുത്തത്. ഷമ്മാസ് കിനാലൂർ സ്വദേശിയാണ്. ഷിബിന നടുവണ്ണൂർ സ്വദേശിയും. ഷിബിനയും ഭർത്താവും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒളിച്ചോട്ടത്തെ തുടർന്ന് ഇവർക്ക് എതിരെ ജുവനൈൽ ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കുട്ടികളെ അനാഥരാക്കുന്ന നടപടികൾക്കെതിരെയുള്ള വകുപ്പുകൾ ആണ് ഇവർക്ക് എതിരെ ചുമത്തിയത്. ഇത് പ്രകാരമാണ് ഇവർ റിമാൻഡ് ചെയ്യപ്പെട്ടത്.

കോഴിക്കോട് നിന്നും ഇവർ നേരെ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് നിന്നും കൊല്ലത്തെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇവർ കൊട്ടാരക്കര എത്തി. വാടകയ്ക്ക് വീട് എടുത്തു. ബാലുശ്ശേരി പൊലീസ് കൊട്ടാരക്കര പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തപ്പോൾ പൊലീസ് ബന്ധപ്പെട്ടു ഇവരോട് ബാലുശ്ശേരി എത്താൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലത്ത് ഇവരെ സഹായിച്ച സുഹൃത്തിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇയാളും ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇവർ ബാലുശ്ശേരിക്ക് എത്തിയത്. സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ പൊലീസ് ഇവരെ ചോദ്യം ചെയ്ത ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. രണ്ടുപേരും ജയിലിൽ തുടരുകയാണ്. ഇനി ഓണം കഴിഞ്ഞേ ജാമ്യം ലഭിക്കൂ- പൊലീസ് പറയുന്നു.

ബാലുശ്ശേരിയിലെയും കോഴിക്കോട് ജില്ലയിലെയും തന്നെ ഗാനമേളകളിലെ ഹരമാണ് ഷമ്മാസ് കിനാലൂർ എന്ന ഗായകൻ കിനാലൂർ കല്ലിടുക്കിൽ ഷമ്മാസ്. അടിപൊളി ഹിന്ദി ഗാനങ്ങളും തമിഴ് ഗാനങ്ങളും പാടി യുവാക്കളെ കൈയിലെടുക്കുന്ന ഗായകൻ മുസ്ലിം ഭക്തി ഗാനങ്ങൾ പാടി മതവിശ്വാസികളുടെയും ഹരമായി മാറി. നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയുമൊക്കെ പാടി ആളുകളെ ത്രസിപ്പിക്കുകയും അള്ളാവിൻ കാരുണ്യം ഇല്ലെങ്കിൽ ഭൂമിയിൽ ഒക്കെ പാടി വിശ്വാസികളുടെ കൈയടി നേടുകയുമൊക്കെ ചെയ്തിരുന്ന ഈ യുവ ഗായകൻ.

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നടുവണ്ണൂർ കുറ്റിക്കാട്ടിൽ ഷിബിന കുറച്ചുകാലം മുമ്പാണ് ഒരു വിവാഹ വീട്ടിൽ വെച്ച് ഗായകനെ പരിചയപ്പെടുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ പാടാനെത്തിയതായിരുന്നു ഷമ്മാസ്. പതിവുപോലെ ഫാസ്റ്റ് നമ്പറുകളുമായി അരങ്ങ് വാണ യുവാവിനോട് വിവാഹിതയായ യുവതിക്ക് ആരാധനയായി. ഈ ആരാധന മൂത്തപ്പോൾ ഗായകന്റെ മൊബൈൽ നമ്പറും വാങ്ങിയാണ് യുവതി പോയത്. തുടർന്ന് ഇരുവരും തമ്മിൽ ഫോണിലൂടെ ബന്ധം തുടർന്നു. ഇത് പ്രണയമായി. ഒടുവിൽ ഇരുവരും ഒളിച്ചോടുകയും ചെയ്തു. കഴിഞ്ഞ മാസം മുപ്പതിനായിരുന്നു ഒളിച്ചോടിയത്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP