Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് എതിരെ ഉടമകൾ പ്രതിഷേധം ഉയർത്തുന്നതിനിടെ സർക്കാർ കളിക്കുന്നത് പൊറാട്ട് നാടകം; നഗരസഭയുടെ തലയിൽ ചുമതല കെട്ടിവച്ച് പരിശുദ്ധരാവാൻ നീക്കം; ഫ്‌ളാറ്റ് പൊളിക്കൽ നീണ്ടാൽ കോടതിയിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരും; 20 കോടിയുടെ ചെലവിനെ ചൊല്ലി സർക്കാരും നഗരസഭയും തമ്മിൽ തർക്കം; ചീഫ് സെക്രട്ടറി ചുമതല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകാത്തത് എന്തുകൊണ്ട്?

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് എതിരെ ഉടമകൾ പ്രതിഷേധം ഉയർത്തുന്നതിനിടെ സർക്കാർ കളിക്കുന്നത് പൊറാട്ട് നാടകം; നഗരസഭയുടെ തലയിൽ ചുമതല കെട്ടിവച്ച് പരിശുദ്ധരാവാൻ നീക്കം; ഫ്‌ളാറ്റ് പൊളിക്കൽ നീണ്ടാൽ കോടതിയിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരും;  20 കോടിയുടെ ചെലവിനെ ചൊല്ലി സർക്കാരും നഗരസഭയും തമ്മിൽ തർക്കം; ചീഫ് സെക്രട്ടറി ചുമതല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകാത്തത് എന്തുകൊണ്ട്?

പി.വിനയചന്ദ്രൻ

കൊച്ചി : മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്‌ളാറ്റ് അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാർ നടത്തുന്ന തന്ത്രപരമായ നീക്കം. കേരള ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത ഫ്‌ളാറ്റ് പൊളിക്കൽ എന്ന ദുഷ്‌കരമായ ദൗത്യം മുൻസിപ്പാലിറ്റിയുടെ തലയിൽ കെട്ടിവച്ച് തടിയൂരുകയാണ് ലക്ഷ്യം. വാർഷിക വരുമാനം ഏഴ് കോടി മാത്രം വരുന്ന നഗരസഭയ്ക്ക് ഇതിൽ ഒന്നും ചെയ്യാനാകില്ലെന്ന് സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും നന്നായി അറിയാം. അതിനാൽ തന്നെ നടപടി അനന്തമായി നീട്ടുന്നതിന് കണ്ടുപിടിച്ച ഉപായമാണിത്. ഫ്്‌ളാറ്റ് പൊളിച്ചേ തീരുവെന്ന് കോടതി നിലപാട് കടുപ്പിച്ചതോടെ ചീഫ് സെക്രട്ടറി പരുങ്ങലിലായി.

തുടർന്നുള്ള തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് മുൻസിപ്പാലിറ്റിയെ ബലിയാടാക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഫ്‌ളാറ്റ് പൊളിക്കാൻ മുൻസിപ്പാലിറ്റിക്ക് നിർദ്ദേശവും നൽകി. ഇതോടെ കോടതിയുടെ മുന്നിൽ സർക്കാരിന്റെ കൈകൾ പരിശുദ്ധം. എന്നാൽ മുൻസിപ്പാലിറ്റി അധികൃതർ വെട്ടിലായി. ഫ്‌ളാറ്റ് പൊളിക്കൽ അത്ര എളുപ്പമല്ല. അതിൽ പ്രാഗത്ഭ്യമുള്ള കമ്പനിയെ കണ്ടെത്തി വേണം ചുമതല നൽകാൻ. അത്തരം കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നുമില്ല. കുറഞ്ഞത് 20 കോടിയിലേറെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലോബൽ ടെണ്ടർ ഉൾപ്പെടെ ക്ഷണിച്ച് വേണം നടപടി സ്വീകരിക്കാൻ. ഇതൊന്നും മരട് മുൻസിപ്പാലിയെ കൊണ്ട് സാധ്യമല്ല. കേരളത്തിലെ വലിയ നഗരസഭകളായ തിരുവനന്തപുരത്തിനും കൊച്ചിക്കും കോഴിക്കോാടിനും പോലും അതീവ ശ്രമകരമാണ്. ഫ്‌ളാറ്റ് പൊളിക്കാൻ ആത്മാർത്ഥയുണ്ടെങ്കിൽ ചീഫ് സെക്രട്ടറി ചുമതല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കായിരുന്നു നൽകേണ്ടിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണം. ഇതൊന്നും ചെയ്യാതെയാണ് സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇത്തരത്തിൽ പരമാവധി കാലതാമസം ഉണ്ടാക്കി ഫ്‌ളാറ്റ് ഉടമകളെ രക്ഷിക്കുകയാണ് ലക്ഷ്യം. വീണ്ടും കോടതി നിലപാട് കടുപ്പിച്ചാൽ മരട് മുൻസിപ്പാലിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സർക്കാർ സസ്പെൻഡ് ചെയ്യും. അവിടെയും സർക്കാർ നില ഭദ്രമാക്കും.

സംസ്ഥാനത്ത് ഫ്‌ളാറ്റ് ഉടമകളും ഐ.എ.എസ് ലോബിയും തമ്മിലുണ്ടാക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനും തടസ്സമായിരിക്കുന്നത്. ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും ഐ.എ.എസ് ലോബി തീരുമാനിക്കുന്നതിനനുസരിച്ചാണ് പല ഫയലുകളും നീങ്ങുന്നതെന്ന കാര്യം പകൽ പോലെ വ്യക്തമാണ്. സംസ്ഥാനത്തുടനീളം കെട്ടിപ്പൊക്കിയിരിക്കുന്ന ഫ്‌ളാറ്റുകളുടെ പശ്ചാത്തലം പരിശോധിച്ചാൽ വിരലിലെണ്ണാവുന്നവ മാത്രമാണ് കൃത്യമായി നിയമം പാലിച്ച് നിർമ്മാണം പൂർത്തിയാക്കി ഒക്യുപെൻസി കൈപ്പറ്റിയിട്ടുള്ളത്. ബഹുഭൂരിഭാഗം വരുന്ന ഫ്‌ളാറ്റുകളും നിയമം കാറ്റിൽ പറത്തിയാണ് ഉയർന്നു പൊങ്ങിയത്. ഇതിനെല്ലാം ഐ.എ.എസ് ലോബിയുടെ ശക്തമായ പിന്തുണയുമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർഫോഴ്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ ഫ്‌ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഒക്യുപെൻസി നൽകാവൂ എന്നാണ് ചട്ടം.

പണി പൂർത്തിയായി കഴിഞ്ഞാൽ ഫ്‌ളാറ്റുടമകൾ നഗരസഭ ഉദ്യോഗസ്ഥരെ സമീപിക്കും. സ്വാഭാവികമായും രേഖകൾ ഇല്ലാത്തിനാൽ ഉദ്യോഗസ്ഥർ നിരസിക്കും. ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് ഫ്‌ളാറ്റ് മുതലാളിമാർ നേരെ പോകുന്നത് ബന്ധപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഓഫീസിലേക്ക്. മണിക്കൂറുകൾക്ക് ഉള്ളിൽ എതിർപ്പ് ഉന്നയിച്ച ഉദ്യോഗസ്ഥനെ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വിളിയെത്തും. എതിർത്ത് ഒന്നും പറയാൻ പറ്റാത്തവിധം എത്രയും വേഗം അനുമതി കൊടുക്കണമെന്ന നിർദ്ദേശവും നൽകും. ചങ്കുറപ്പുള്ള അപൂർവം ചില നഗരസഭാ ഉദ്യോഗസ്ഥർ ഇക്കാര്യം രേഖാമൂലം വേണമെന്ന് ആവശ്യപ്പെട്ടാൻ പിന്നെ ശകാരമായി. അനുസരിച്ചില്ലെങ്കിൽ പരസ്യമായി ഉദ്യോഗസ്ഥ യോഗങ്ങളിൽ വിളിച്ചിരുത്തി അപമാനിക്കും. ഇത്തരം സംഭവങ്ങൾ കൃത്യമായി അരങ്ങേറുന്ന നാട്ടിലാണ് ഫ്‌ളാറ്റ് പൊളിക്കാൻ മുൻസിപ്പാലിറ്റിയെ ചുമതപ്പെടുത്തിയ സർക്കാർ നടപടിയും പൊതു സമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP