Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരിച്ച ജീവനക്കാരിയുടെ മകനും സഹോദരനും ഒരേ സമയം ആശ്രിത നിയമനം; അനധികൃത നിയമനം അന്വേഷിക്കാനുള്ള സമിതിയിൽ തട്ടിപ്പിലൂടെ ജോലിക്ക് കയറിയ ജീവനക്കാരൻ; ഒരാളുടെ മരണത്തിന്റെ പേരിൽ നിയമനം ലഭിച്ച രണ്ട് പേരിൽ ഒരാളുടെ വിവരം നൽകാൻ കെഎസ്ആർടിസിക്ക് മടി; ആശ്രിത നിയമനത്തിലൂടെ ജോലിക്ക് കയറി എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ആളുടെ നിയന്ത്രണത്തിൽ ഫയലുകൾ എല്ലാം അപ്രത്യക്ഷം; ആനവണ്ടി മുടിഞ്ഞ് പണ്ടാരമടങ്ങുന്നത് ഇങ്ങനെ

മരിച്ച ജീവനക്കാരിയുടെ മകനും സഹോദരനും ഒരേ സമയം ആശ്രിത നിയമനം; അനധികൃത നിയമനം അന്വേഷിക്കാനുള്ള സമിതിയിൽ തട്ടിപ്പിലൂടെ ജോലിക്ക് കയറിയ ജീവനക്കാരൻ; ഒരാളുടെ മരണത്തിന്റെ പേരിൽ നിയമനം ലഭിച്ച രണ്ട് പേരിൽ ഒരാളുടെ വിവരം നൽകാൻ കെഎസ്ആർടിസിക്ക് മടി; ആശ്രിത നിയമനത്തിലൂടെ ജോലിക്ക് കയറി എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ആളുടെ നിയന്ത്രണത്തിൽ ഫയലുകൾ എല്ലാം അപ്രത്യക്ഷം; ആനവണ്ടി മുടിഞ്ഞ് പണ്ടാരമടങ്ങുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അങ്ങേയറ്റമാണ് കെഎസ്ആർടിസി എന്നത് പുതിയ ഒരു അറിവല്ല. നടുവൊടിഞ്ഞ് കിടന്ന കോർപ്പറേഷനെ ഒന്ന് എണീറ്റ നിൽക്കാവുന്ന കോലത്തിൽ എത്തിച്ചപ്പോൾ എംഡി ടോമിൻ ജെ തച്ചങ്കരിയെ പുറത്താക്കിയാണ് സർക്കാർ മാതൃക കാണിച്ചത്. ഇപ്പോൾ ഇതാ കെഎസ്ആർടസിയിൽ നിന്ന് പുറത്ത് വരുന്നതാകട്ടെ വൻ നിയമന തട്ടിപ്പിന്റഎ ഞെട്ടിക്കുന്ന വിവരങ്ങളും. ഒരു ജീവനക്കാരി മരിച്ചപ്പോൾ അവരുടെ മകനും സഹോദരനും ആശ്രിത നിയമനം നൽകിയാണ് പകൽകൊള്ളക്കാരെ പോലും നാണിപ്പിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും കോർപ്പറേഷനിൽ നടക്കുന്നത്.

ആലുവ സ്വദേശിനിയായിരുന്ന കെ. രാധാമണിയെന്ന ജീവനക്കാരി മരിച്ചതിനേത്തുടർന്ന് അവരുടെ മകനും സഹോദരനും ആശ്രിതനിയമനം നേടി. കെഎസ്ആർടിസി പെരുമ്പാവൂർ യൂണിറ്റിലെ ജീവനക്കാരിയായിരുന്നു ഇവർ.ആശ്രിത നിയമനത്തിലെ തട്ടിപ്പ് അധികൃതർ സമ്മതിച്ചെങ്കിലും രാധാമണിയുടെ സഹോദരന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല. നിയമപ്രകാരം രാധാമണിയുടെ ഭർത്താവിനോ മക്കൾക്കോ ആണ് ആശ്രിതനിയമനം ലഭിക്കേണ്ടത്. എന്നാൽ, രാധാമണിയുടെ സഹോദരനു നിയമനം നൽകണമെന്നാവശ്യപ്പെട്ടു ഭർത്താവ് കോർപറേഷനു കത്ത് നൽകി. ഇക്കാര്യം മറച്ചുവച്ച് വീണ്ടും ആശ്രിതനിയമനത്തിനായി ഭർത്താവ് കത്ത് നൽകിയതനുസരിച്ച് മകൻ രാജീവിനും ജോലി നൽകി. എ.ഐ.ടി.യു.സി. യൂണിയന്റെ സംസ്ഥാനനേതൃനിരയിലെത്തിയ രാജീവ് കണ്ടക്ടറായാണു ജോലിയിൽ കയറിയത്. ഇപ്പോൾ ഇയാൾ കൺട്രോളിങ് ഇൻസ്പെക്ടറാണ്.

ആശ്രിത നിയമനം വഴി കണ്ടക്ടറായി ജോലിക്ക് കയറി ഇപ്പോൾ കൺട്രോളിങ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന ഇയാൾ അരലക്ഷം രൂപയോളം രൂപ ശമ്പളവും വാങ്ങുന്നുണ്ട്. ഈ വിവരത്തിൽ പരാതി നൽകിയപ്പോൾ ഇത് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആണ് സർക്കാർ ഉത്തരവ് എങ്കിലും ആ അന്വേഷണ റിപ്പോർട്ടിന്റെ ഫയൽ തന്നെ പൂഴ്‌ത്തിയ അവസ്ഥയിലാണ്. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനും അതേ വിജിലൻസ് വിഭാഗത്തിൽ ജോലി നോക്കുന്നതുകൊണ്ട് തന്നെ ഈ ഫയൽ പൂഴ്‌ത്താൻ വളരെ എളുപ്പത്തിൽ സാധിക്കുകയും ചെയ്തു.ഇത്തരത്തിൽ വർദ്ധിച്ച് വരുന്ന നിയമന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് കെഎ്ആർടിസി ജീവനക്കാരനായ ജൂഡ് ജോസഫാണ് പരാതിയുമായി രംഗത്ത് വന്നത്

കെ.എസ്.ആർ.ടി.സിയിൽ ആശ്രിതനിയമനങ്ങളുടെ മറവിൽ വൻതട്ടിപ്പ് പുറത്തായതോടെ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ട് കഴിഞ്ഞു. നിയമന ഉത്തരവുകളടക്കം സുപ്രധാനരേഖകൾ കോർപറേഷനിൽനിന്ന് അപ്രത്യക്ഷമായി എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആശ്രിതനിയമനം നേടി, എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ എത്തിയവരുടേതുൾപ്പെടെ പല രേഖകളും സംശയാസ്പദവുമാണ്.

വിവരാവകാശനിയമപ്രകാരം രേഖകളുടെ പകർപ്പ് നൽകാൻ കോർപറേഷൻ മടിക്കുന്നു. ഇതേത്തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടതായി സൂചന. ആശ്രിതനിയമനത്തിന്റെ യാതൊരു രേഖയുമില്ലാതെ, പതിനായിരങ്ങൾ ശമ്പളം വാങ്ങുന്ന നൂറുകണക്കിനു ജീവനക്കാർ നിലവിൽ കോർപറേഷനിലുണ്ട്. ഇക്കാര്യത്തിൽ ഹൈക്കോടതിയെവരെ കോർപറേഷൻ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. നിയമനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കോർപറേഷൻ വിജിലൻസ് സംഘത്തിന്റെ തലപ്പത്തും രാജീവായിരുന്നു! ഇതു വിവാദമായതോടെ അടുത്തിടെ ഇദ്ദേഹത്തെ സ്ഥലംമാറ്റി. രാജീവിനു കിട്ടേണ്ട ജോലി തട്ടിയെടുത്തെന്നാരോപിച്ച് അമ്മാവനെ പിരിച്ചുവിടുകയും ചെയ്തു. അദ്ദേഹം കോടതിയെ സമീപിച്ചതോടെ വർഷങ്ങളോളം ജോലി ചെയ്തെന്ന മാനുഷികപരിഗണനയിൽ തിരിച്ചെടുക്കാൻ വിധിയുമായി.

ഇക്കാര്യത്തിൽ കോർപറേഷൻ കോടതിയിൽ സ്വീകരിച്ച നിലപാടും വിവാദമായി. അനധികൃത നിയമനങ്ങൾക്കെതിരേ നടപടിയെടുക്കേണ്ട ഉന്നതോദ്യോഗസ്ഥരിൽ പലരും പിൻവാതിൽ നിയമനം നേടിയവരാണ് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. ഇത്തരത്തില് നിരവധി തട്ടിപ്പുകളാണ് കോർപ്പറേഷനിൽ നടക്കുന്നത്. ഇത് പോലെയുള്ള നൂറ് കണക്കിന് നിയമന തട്ടിപ്പുകളാണ് ആനവണ്ടിയെ നശിപ്പിച്ച് പണ്ടാരമടക്കിയത്. ഈ വിഷയത്തിൽ കർശനമായി ഇടപെടുകയും തട്ടിപ്പുകൾ അവസാനിപ്പിക്കാൻ നിലപാട് എടുക്കുകയും ചെയ്തതും മുൻ സിഎംഡി ടോമിൻ ജെ തച്ചങ്കരിക്ക് പുറത്തേക്കുള്ള വഴി കാണിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP