Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെള്ളംകുടി മുട്ടിച്ചും വൈദ്യുതി വിച്ഛേദിച്ചും വിവാദ ഫ്ളാറ്റുകളിൽ നിന്നിറങ്ങാൻ മടിക്കുന്ന താമസക്കാരെ പുകച്ച് പുറത്ത് ചാടിക്കും; പഞ്ചായത്ത് ആയിരുന്നപ്പോൾ നൽകിയ അനുമതി നഗരസഭയായപ്പോൾ റദ്ദായെങ്കിലും നിർമ്മാതാക്കൾ പണി തുടർന്നത് ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങി; ഒടുവിൽ സുപ്രീം കോടതി പൊളിച്ച് കളയാൻ പറയുമ്പോൾ വഴിയാധാരമാകുന്നത് രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസം അർപ്പിച്ച ഇടത്തരം ഫ്ളാറ്റുടമകൾ

വെള്ളംകുടി മുട്ടിച്ചും വൈദ്യുതി വിച്ഛേദിച്ചും വിവാദ ഫ്ളാറ്റുകളിൽ നിന്നിറങ്ങാൻ മടിക്കുന്ന താമസക്കാരെ പുകച്ച് പുറത്ത് ചാടിക്കും; പഞ്ചായത്ത് ആയിരുന്നപ്പോൾ നൽകിയ അനുമതി നഗരസഭയായപ്പോൾ റദ്ദായെങ്കിലും നിർമ്മാതാക്കൾ പണി തുടർന്നത് ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങി; ഒടുവിൽ സുപ്രീം കോടതി പൊളിച്ച് കളയാൻ പറയുമ്പോൾ വഴിയാധാരമാകുന്നത് രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസം അർപ്പിച്ച ഇടത്തരം ഫ്ളാറ്റുടമകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊളിച്ച് കളയാൻ സുപ്രീം കോടതി നിർദ്ദേശിച്ച മരടിലെ ഫ്ളാറ്റുകൾ അഞ്ചു ദിവസത്തിനകം ഒഴിയാൻ ഉടമകൾക്കു നഗരസഭ നോട്ടീസ് നൽകിയിട്ടും അതിന് തയ്യാറാകില്ല എന്ന നിലപാടിലാണ് ഫ്‌ളാറ്റ് ഉടമകൾ. തങ്ങൾ ജീവിതകാലം മുഴുവൻ അധ്വാനിച്ചും പട്ടിണി കിടന്നും ഉണ്ടാക്കിയ സമ്പാദ്യം മുഴുവൻ ഇടിച്ച് കളയുന്നതിനെതിരെ പ്രതിഷേധവുമായി ഇന്ന് തിരുവോണ നാളിൽ മരട് ഗരസഭയ്ക്ക് മുന്നിൽ തൂശനിലയിട്ട് നിരാഹാരമിരിക്കുകയാണ് ഉടമകൾ. എന്നാല് ഏത് വിധേനയും കോടതി വിധി നടപ്പിലാക്കുമെന്നും അഞ്ച് ദിവസത്തിനുള്ളിൽഇതിൽ തീരുമാനമെടുക്കുമെന്നുമാണ് നിലപാട്. ഫ്‌ളാറ്റിൽ നിന്ന് ഒരു കാരണവശാലും ഇറങ്ങില്ല എന്ന നിലപാടാണ് ഉടമകൾക്ക്. നിങ്ങൾ ഇത് പൊളിക്കുകയാണെങ്കിൽ ഞങ്ങളും അതിന്റെ ഒപ്പം മണ്ണിനടിയിൽ ആയിക്കോളാം എന്ന് പറയുന്നവർ ാണ് ഭൂരിഭാഗം സമരക്കാരും.

ഫ്‌ളാറ്റ് വിട്ട് പുറത്തിറങ്ങാൻ തയ്യാറായില്ല എങ്കിൽ മറ്റ് മാർഗ്ഗങ്ങളിലേക്ക് പോകാനാണ് അധികൃതരുടെ തീരുമാനം. കെട്ടിട പെർമിറ്റ് റദ്ദാക്കുന്നതോടെ വൈദ്യുതി കണക്ഷൻ വിഛേദിക്കും. പിന്നെ കുടിവെള്ളം മുട്ടിക്കും. വാട്ടർ അതോരിറ്റിയുടെ കണക്ഷനും വിഛേദിക്കുന്നതോടെ വാശി പിടിക്കുന്ന സമരക്കാരെ പുകച്ച് പുറത്ത് ചാടിക്കാനാണ് പദ്ധതി.വീട്ടുപകരണങ്ങളുമായി ഒഴിഞ്ഞുപോയില്ലെങ്കിൽ വിചാരണ നേരിടേണ്ടിവരും എന്നതാണ് അവസ്ഥ.

കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കാൻ നഗരസഭ ടെൻഡർ ക്ഷണിച്ചു. 30 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. റിട്ട് ഹർജി സ്വീകരിക്കില്ലെന്നു സുപ്രീം കോടതി അറിയിച്ച നിലയ്ക്ക്, നിയമപരമായ അവസാന നടപടിയായി തിരുത്തൽ ഹർജി നൽകാൻ താമസക്കാർ ശ്രമം തുടങ്ങി. 350 ഫ്ളാറ്റുകളിലായി താമസിക്കുന്ന ഏകദേശം 1,200 പേരാണ് കിടപ്പാടമൊഴിയേണ്ടത്.തീരദേശച്ചട്ടം ലംഘിച്ചു നിർമ്മിച്ച ഗോൾഡൻ കായലോരം ഇരട്ട സമുച്ചയം, അൽഫ വെഞ്ച്വേഴ്സ്, ജെയിൻ കോറൽ കോവ്, ഹോളി ഫെയ്ത്ത് എച്ച്ടുഒ കെട്ടിടങ്ങൾ 20-നകം പൊളിക്കണമെന്നാണു സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവു പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന താക്കീതുമുണ്ട്. അത്‌കൊണ്ട് തന്നെ സർക്കാരിനും നഗരസഭയ്ക്കും മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ല.

തീരദേശ പരിപാലന നിയമം പാലിക്കാതെ നിർമ്മിച്ചതെന്നു കാട്ടി മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ കഴിഞ്ഞ മെയ്‌ എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെ സെപ്റ്റംബർ 20-നകം ഫ്‌ളാറ്റുകൾ പൊളിക്കണമെന്നു കാണിച്ച് സുപ്രീം കോടതിയുടെ അന്ത്യശാസനം കഴിഞ്ഞ ആറാം തീയതിയും ഉണ്ടായി. ഇതിനു പിന്നാലെയാണ് സർക്കാർ നടപടികൾ ഊർജിതമാക്കിയത്. ചീഫ് സെക്രട്ടറി തിങ്കളാഴ്ച ഫ്‌ളാറ്റുകൾ സന്ദർശിച്ചതിനു പിന്നാലെ അവധി ദിവസമെന്നതുപോലും കണക്കാക്കാതെ ചൊവ്വാഴ്ച താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസും നല്കുകയായിരുന്നു.

നെട്ടൂരിലുള്ള ജെയിൻ ഹൗസിങ്ങിലാണ് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ആദ്യം എത്തിയത്. നോട്ടീസ് നല്കാനായി ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ് കാവൽക്കാരൻ ഗെയിറ്റ് അടച്ചുപൂട്ടി. സെക്രട്ടറിയെത്തി കാര്യം പറഞ്ഞപ്പോൾ ഏതാനും താമസക്കാർ പുറത്തേക്ക് എത്തി. സെക്രട്ടറിയേയും മറ്റ് ഉദ്യോഗസ്ഥരേയും ഫ്‌ളാറ്റിനുള്ളിലേക്ക് കൊണ്ടുപോയി. താമസക്കാരോട് വിഷയം ചർച്ച ചെയ്ത ശേഷം പുറത്തെത്തി നോട്ടീസ് പതിക്കുകയായിരുന്നു. നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, റവന്യു ഇൻസ്‌പെക്ടർ ശാലിനി സാം, ഹെൽത്ത് ഇൻസ്‌പെക്ടർ സി.ജെ. വിൽസൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിബി പ്രവീൺ എന്നിവരാണ് നോട്ടിസ് നൽകിയത്.

2006ൽ മരട് പഞ്ചായത്താണു തീരദേശ നിയമം ലംഘിച്ച് ഫ്ളാറ്റ് നിർമ്മാണത്തിനു സ്വകാര്യ നിർമ്മാണ കമ്പനികൾക്ക് അനുമതി നൽകിയത്. 2010-ൽ മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി. ആദ്യ മുനിസിപ്പൽ ചെയർമാനായ ടി.കെ. ദേവരാജൻ പഞ്ചായത്ത് നൽകിയ നിർമ്മാണ അനുമതി റദ്ദാക്കി. ഇതിനെതിരേ നിർമ്മാണക്കമ്പനി അധികൃതർ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു.വിധിക്കെതിരേ നഗരസഭാ കൗൺസിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. ഇതിനുപിന്നാലെ 2015-ൽ തീരദേശ പരിപാലന അഥോറിറ്റി സുപ്രീം കോടതിയെ സമീപിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇതാണ് ഇപ്പോഴത്തെ പൊളിക്കൽ ഉത്തരവിലെത്തിച്ചത്.

അതേസമയം മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ ഇന്നലെ കൊമ്പുകോർത്തു. ഫ്ളാറ്റിന് അനുമതി നൽകിയത് ഇടതുപക്ഷം പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്താണെന്നതടക്കമുള്ളവ ഭരണപക്ഷം ഉയർത്തി. ഇത് ബഹളത്തിനു കാരണമായി.ഫ്ളാറ്റ് പൊളിക്കുന്നത് തടയാൻ സർക്കാർ പുനഃപരിശോധന ഹർജി നൽകണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ കൗൺസിലിൽ ഭരണ-പ്രതിപക്ഷങ്ങൾ വെവ്വേറെ പ്രമേയം അവതരിപ്പിച്ചു. പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതിയുടെ വിധി നഗരസഭ പരിധിയിലെ ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് മാനസികമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഇവരുടെ ഒരായുസിന്റെ അധ്വാനം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ആവശ്യമായ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഭരണ -പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP