Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെക്‌സിറ്റിന്റെ ആദ്യം നേട്ടം ഇന്ത്യാക്കാർക്ക് തന്നെ; നേരത്തെ നിർത്തിയ പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിച്ച് ബോറിസ് സർക്കാർ; ബ്രിട്ടണിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് രണ്ടു വർഷം വർക്ക് പെർമിറ്റ് ലഭിക്കും; ഷോർട്ടേജ് ഒക്യുപേഷൻ ആണെങ്കിൽ ജോലി തുടരാം

ബ്രെക്‌സിറ്റിന്റെ ആദ്യം നേട്ടം ഇന്ത്യാക്കാർക്ക് തന്നെ; നേരത്തെ നിർത്തിയ പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിച്ച് ബോറിസ് സർക്കാർ; ബ്രിട്ടണിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് രണ്ടു വർഷം വർക്ക് പെർമിറ്റ് ലഭിക്കും; ഷോർട്ടേജ് ഒക്യുപേഷൻ ആണെങ്കിൽ ജോലി തുടരാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഡേവിഡ് കാമറോൺ സർക്കാർ തുടങ്ങി വയ്ക്കുകയും തെരേസ മെയ്‌ ഇല്ലാതാക്കുകയും ചെയ്ത പോസ്റ്റ് സ്റ്റഡി വിസ തിരിച്ചു കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചു പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രെക്‌സിറ്റ് നടന്നാൽ ഇന്ത്യാക്കാർക്ക് ഗുണകരമാവുമെന്ന് ബ്രിട്ടീഷ് മലയാളി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയ കാരണങ്ങളിൽ ഒന്നിതാണ്. ടോണി ബ്ലയർ സർക്കാരിന്റെ കാലത്ത് തുടങ്ങിയ പോസ്റ്റ് സ്റ്റഡി വിസ അതേ പടി തിരിച്ചു കൊണ്ടു വരികയാണ്. ഇതനുസരിച്ച് ഒരു വിദേശ വിദ്യാർത്ഥി യുകെയിൽ പഠനം പൂർത്തിയാക്കിയാൽ രണ്ടു വർഷം കൊണ്ട് വർക്ക് പെർമിറ്റ് ലഭിക്കും. ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലോ ഹൈലി സ്‌കിൽഡ് ലിസ്റ്റിലോ ഉണ്ടെങ്കിൽ അവർക്ക് വർക്ക് പെർമിറ്റ് എക്‌സ്‌ന്റെന്റ് ചെയ്യുകയുമാവാം.

അടുത്ത വർഷം മുതൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് പുതിയ മാറ്റം ബാധകമാകുമെന്നാണ് ബോറിസ് പ്രഖ്യാപിച്ചിരിക്കുന്നത്.ഹോം ഓഫീസിന്റെ നിർണായകമായ പുതിയ ചുവട് വയ്പ് പ്രകാരം യുകെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ ഗ്രാജ്വേഷന് ശേഷം രണ്ട് വർഷം വരെ യുകെയിൽ തുടരാനും അത് വഴി ജോലി കണ്ടെത്താൻ ഇഷ്ടം പോലെ സമയം ലഭിക്കുകയും ചെയ്യും. യുകെയിൽ നിന്നും ഗ്രാജ്വഷൻ നേടിയ ശേഷം വിദേശ വിദ്യാർത്ഥികൾ നാല് മാസങ്ങൾക്ക് ശേഷം രാജ്യം വിട്ട് പോകണമെന്ന നിയമമായിരുന്നു 2012ൽ മുൻ പ്രധാനമന്ത്രി തെരേസ മെയ്‌ ഹോം സെക്രട്ടറിയായിരുന്ന കാലത്ത് പ്രാബല്യത്തിൽ വരുത്തിയിരുന്നത്. ആ നിയമം റദ്ദാക്കി ഈ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടാനാണ് ബോറിസ് സർക്കാർ ഒരുങ്ങുന്നത്.
തന്റെ ഗവൺമെന്റിന്റെ പുതിയ ചുവട് വയ്പിലൂടെ ബിരുദത്തിന് ശേഷം ഫോറിൻ സ്റ്റുഡന്റ്സിന് ജോലി തേടി യുകെയിൽ താമസിക്കാൻ ധാരാളം സമയം ലഭിക്കുമെന്നും അവരുടെ കഴിവുകൾ രാജ്യത്തിന് ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് ബോറിസ് അവകാശപ്പെടുന്നത്. ഗവൺമെന്റ് നീക്കത്തെ തികച്ചും പിന്തിരിപ്പൻ നീക്കമെന്നാണ് കാംപയിൻ ഗ്രൂപ്പായ മൈഗ്രേഷൻ വാച്ച് വിമർശിച്ചിരിക്കുന്നത്. അണ്ടർ ഗ്രാജ്വേറ്റ് ലെവലിൽ കോഴ്‌സുകൾ തുടങ്ങുന്നവർക്ക് അല്ലെങ്കിൽ തൊട്ടടുത്ത വർഷം മുതൽ ആരംഭിക്കുന്നവർക്ക് പുതിയ തീരുമാനം പ്രയോജനപ്പെടുമെന്നാണ് സർക്കാർ പറയുന്നത്.

പക്ഷേ ഈ ഗണത്തിൽ പെടുന്ന വിദ്യാർത്ഥികൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവരും കൃത്യമായി ഇമിഗ്രേഷൻ പരിശോധനകൾക്ക് വിധേയമാകുന്നവരുമായിരിക്കണമെന്ന് നിർബന്ധമുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും കഴിവുറ്റ വിദ്യാർത്ഥികളെയും കുടിയേറ്റക്കാരെയും ആകർഷിക്കുന്നതിൽ കേന്ദ്ര സ്ഥാനം വഹിക്കുന്ന പ്രൗഢമായ ചരിത്രമാണ് യുകെയ്ക്കുള്ളതെന്നും അതിനോട് പൊരുത്തപ്പെടുന്ന പരിഷ്‌കാരമാണ് തന്റെ ഗവൺമെന്റ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

2020-21ൽ അണ്ടർഗ്രാജ്വേറ്റ് ലെവൽ അല്ലെങ്കിൽ അതിന് മുകളിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പുതിയ നീക്കത്തിന്റെ ഗുണമുണ്ടാകും. ടയർ 4 വിസകളിൽ (ജനറൽ സ്റ്റുഡന്റ് വിസ) എത്തി യുകെയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവർക്കും പുതിയ നിയമമാറ്റത്തിന്റെ ഗുണമുണ്ടാകും.എന്നാൽ നിലവിൽ യുകെയിൽ പഠിച്ച് കൊണ്ടിരിക്കുന്നവരും അടുത്ത വർഷം ഗ്രാജ്വേഷൻ ലഭിക്കുന്നവരുമായവർക്കെല്ലാം പുതിയ സ്‌കീമിനായി അപേക്ഷിക്കാനാവുമെന്ന് പ്രതീക്ഷയില്ല.ബോറിസ് ഗവൺമെന്റിന്റെ ആഗോളവീക്ഷണത്തെ എടുത്ത് കാട്ടുന്നതാണ് പുതിയ പരിഷ്‌കാരമെന്നാണ് ഇന്ത്യൻ വംശജയായി ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറയുന്നത്.

പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ഗ്രാജ്വേഷന് ശേഷം വിദേശ വിദ്യാർത്ഥികൾക്ക് തേടാവുന്ന ജോലികൾക്ക് നിയന്ത്രണങ്ങളോ പരിധിയോ ഉണ്ടാവുകയില്ലെന്ന ഗുണവുമുണ്ട്. ഇത് വഴി ബിരുദത്തിന് ശേഷം എല്ലാ വിദേശ വിദ്യാർത്ഥികൾക്കും രണ്ട് വർഷത്തോളം യുകെയിൽ താമസിക്കാൻ സാധിക്കുമെന്നാണ് ബിബിസി ഹോം എഡിറ്ററായ മാർക്ക് ഈസ്റ്റൺ വെളിപ്പെടുത്തുന്നത്. നെറ്റ് മൈഗ്രഷനിൽ വെട്ടിക്കുറയ്ക്കൽ വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വിദ്യാർത്ഥികൾ ഗ്രാജ്വേഷൻ കഴിഞ്ഞ് നാല് മാസങ്ങൾക്കുള്ളിൽ യുകെ വിട്ട് പകോണമെന്ന കടുത്ത നിയമം തെരേസ 2012ൽ പ്രാബല്യത്തിൽ വരുത്തിയിരുന്നത്. ഇതിനെ തുടർന്ന് യുകെയിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കമുള്ള വിദേശവിദ്യാർത്ഥികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞിരുന്നു. ബോറിസ് സർക്കാരിന്റെ വിപ്ലവകരമായ തീരുമാനത്തിലൂടെ ആ പ്രതിസന്ധിക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP