Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുമതത്തിൽ വള്ളിപുള്ളി വിടാതെ വിശ്വസിക്കുന്ന ഒരാൾ എങ്ങനെയാണ് മറ്റൊരു മതത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കുക? സത്യം തുറന്നു പറഞ്ഞുവെന്ന കുറ്റമല്ലേ സിംസാറുൽ ഹുദവി ചെയ്തത്; എം എം അക്‌ബറും സമദാനിമാരും രണ്ടാത്താണിമാരും വ്യാഖാനിച്ച് വെളുപ്പിച്ചെടുക്കുന്ന സഹിഷ്ണുതയുടെ മതമല്ല ഇസ്ലാം; മതത്തേയും ദൈവത്തേയും നിരുപാധികം വിട്ടയച്ച് പൗരോഹിത്യത്തിനെതിരെ മാത്രം ഒച്ച വെയ്ക്കുക എന്നുള്ളത് വെറും 'ഡിപ്ലോമാറ്റിക്' മറുപടി മാത്രമാണ്; ഓർക്കുക, മാടമ്പള്ളിയിലെ യഥാർഥ മനോരോഗി ഇവിടെയുണ്ട്

ഒരുമതത്തിൽ വള്ളിപുള്ളി വിടാതെ വിശ്വസിക്കുന്ന ഒരാൾ എങ്ങനെയാണ് മറ്റൊരു മതത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കുക? സത്യം തുറന്നു പറഞ്ഞുവെന്ന കുറ്റമല്ലേ സിംസാറുൽ ഹുദവി ചെയ്തത്; എം എം അക്‌ബറും സമദാനിമാരും രണ്ടാത്താണിമാരും വ്യാഖാനിച്ച് വെളുപ്പിച്ചെടുക്കുന്ന സഹിഷ്ണുതയുടെ മതമല്ല ഇസ്ലാം; മതത്തേയും ദൈവത്തേയും നിരുപാധികം വിട്ടയച്ച് പൗരോഹിത്യത്തിനെതിരെ മാത്രം ഒച്ച വെയ്ക്കുക എന്നുള്ളത് വെറും 'ഡിപ്ലോമാറ്റിക്' മറുപടി മാത്രമാണ്; ഓർക്കുക, മാടമ്പള്ളിയിലെ യഥാർഥ മനോരോഗി ഇവിടെയുണ്ട്

എം റിജു

രു ജീവിയുടെ ഉള്ളിൽ നുഴഞ്ഞു കയറി, അതിന്റെ മസ്തിഷ്‌ക്കത്തെ പൂർണ്ണമായും കീഴ്പ്പെടുത്തി കൊലചെയ്യിച്ച് സ്വന്തം ജീവിത ചക്രം നിലനിർത്തുന്ന പരാദങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ?പൂച്ചയുടെ മുന്നിൽ എന്നെ പിടിച്ചോ എന്ന രീതിയിൽ നൃത്തം ചെയ്യുന്ന എലികൾ ഈ ലോകത്തുണ്ട്! പൂച്ചയാൽ ആഹരിക്കപ്പെടുന്നതു വരെ അവ നൃത്തം തുടരും. എന്തിനാണ് എലികൾ ഇങ്ങനെ മരണത്തിലേക്ക് എടുത്തുചാടുന്നത് എന്നതിന് ഇന്ന് ശാസ്ത്രലോകത്ത് കൃത്യമായ വിശദീകരണം ഉണ്ട്. പ്രഭാതത്തിൽ ചില ഉറമ്പുകളെ നിരീക്ഷിച്ചാലും ഇതേ രീതി കാണാം. ശബരിമലക്ക് പോകുന്നപോലെ ചില ഉറുമ്പുകൾ പുൽക്കൊടിത്തുമ്പിലേക്ക് കയറിക്കയറിപ്പോവുന്നത് കാണാം. തുമ്പത്ത് എത്തുമ്പോൾ താഴെ വീഴും. പിന്നെയും കയറിപ്പോവും. കയറ്റം അതിന് നിയന്ത്രിക്കാൻ കഴിയുന്നില്ല. യാതൊരു ലാഭവും ഉറുമ്പുകൾക്ക് ഇതുമൂലം കിട്ടാനില്ല. ഇണയെ ആകർഷിക്കാനോ ഭക്ഷണം കിട്ടാനോ ഒന്നുമല്ല. മരണത്തെ പുൽകാനാണെന്നതാണ് ഏറ്റവും വിചിത്രം!

ലാൻസറ്റ് ഫ്ളൂക്ക് ( lancet fluke) എന്ന പരാദ ജീവി, ഉറുമ്പിന്റെ തലച്ചോറിനെ ബാധിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉറുമ്പിന്റെ മസ്തിഷ്‌ക്കം ഇപ്പോൾ പൂർണ്ണമായും ഈ പരാദത്തിന്റെ നിയന്ത്രണത്തിലാണ്. അതിന്റെ നേട്ടത്തിന് വേണ്ടിയാണ് ഉറമ്പുകൾ നാറാണത്തുഭ്രാന്തനെപ്പോലെ മലകയറുന്നത്. ലാൻസെറ്റ് ഫ്ളൂക്കിന് അതിന്റെ ജീവിതചക്രം പൂർത്തീകരിക്കണമെങ്കിൽ ഏതെങ്കിലും ഒരു പശുവിന്റെയോ ആടിന്റെയോ ശരീരത്തിൽ കയറിക്കൂടണം. അതിന് ഉറുമ്പുകൾ പശുവിനാൽ തിന്നപ്പെടണം. ഉറമ്പുകൾ പുല്ലിൽ നിൽക്കുന്ന സമയത്ത് തിന്നപ്പെടാനുള്ള സാധ്യത കൂടും.

പശുവിൽനിന്ന് ഒച്ചിലേക്കും ഒച്ചിൽനിന്ന് ഉറുമ്പിലേക്കും ഉറുമ്പിൽനിന്ന് വീണ്ടും പശുവിലേക്ക് എത്തുമ്പോഴാണ് അതിന്റെ ജീവിതചക്രം പൂർത്തിയാവുന്നത്. ഇവിടെയുള്ള പ്രസക്തമായ ചോദ്യം ഇതാണ്. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നതിന്റെ ഉത്തരവാദി ഉറുമ്പാണാ അതോ അതിനെ ബാധിച്ച പരാദമാണോ? മൽസ്യങ്ങളെയും എലികളെയും ഇതുപോലെ ആക്രമിച്ച് മസ്തിഷ്‌ക്കത്തെ കീഴടക്കുന്ന പരാദങ്ങൾ വേറെയുണ്ട്. എലി പൂച്ചയുടെ മുന്നിൽ എന്നെ പിടിച്ചോ പിടിച്ചോ എന്നുപറഞ്ഞ് നൃത്തം ചെയ്യുന്ന അവസ്ഥക്ക് കാരണവും എലിക്കുള്ളിലെ പരാദം അതിന്റെ മസ്തിഷ്‌ക്കത്തെ പൂർണ്ണമായും കീഴ്പ്പെടുത്തുന്നതുകൊണ്ടാണ്.

ലോകപ്രശസ്ത എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ ഡാനിയൽ ഡെന്നറ്റ്, 'ബ്രേക്കിങ്ങ് ദ സ്പെൽ, റിലീജിയൻ ആസ് എ നാച്വറൽ ഫിനോമിനൻ' എന്ന പുസ്തകത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി, മനുഷ്യനെ സ്വയം കൊല്ലിക്കുന്ന മസ്തിഷ്‌ക്കത്തെ ബാധിക്കുന്ന ഗുരതരമായ ഒരു വൈറസിനെ കുറിച്ചാണ് തുടർന്ന് പറയുന്നത്. അതാണ് മതം. അത് തലയിൽ കയറിക്കഴിഞ്ഞാൽ നിങ്ങൾ ചാവേർ ബോംബുകൾ ആവും. ലോകത്ത് പലതവണ നാം അത് കണ്ടുകഴിഞ്ഞു. അപ്പോൾ പ്രശ്നക്കാരൻ പൊട്ടിത്തെറിക്കുന്നവനോ, കൈവെട്ടുന്നവനോ, പശുവിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുന്നവനോ ഒന്നുമല്ല. അവന്റെ ഉള്ളിലെ അവന്റെ മസ്തിഷ്‌ക്കത്തെ കീഴ്പ്പെടുത്തിയ ആ പരാദ ജീവിയാണ്. അതിനെ അഭിസംബോധന ചെയ്യാതെ, ചില വ്യക്തികളെയും സംഘടനകളെയും മാത്രം കുറ്റം പറഞ്ഞുകൊണ്ട് നിങ്ങൾക്ക് ഭീകരതയെന്ന് മസ്തിഷ്‌ക്ക രോഗത്തെ തടയാൻ കഴിയില്ല. നമ്മുടെ കൊച്ചുകേരളത്തിലും അതാണ് സംഭവിക്കുന്നത്. നാം യഥാർഥ പ്രശ്നത്തെ അഡ്രസ് ചെയ്യുന്നില്ല.

ഹുദവി പങ്കുവെച്ചത് തന്റെ മതം അനുശാസിക്കുന്ന സാമൂഹിക ബോധം

ഇത് ഓർത്തുപോയത് ഈ ഓണക്കാലത്ത് ഏറ്റവും പൊങ്കാല ഏറ്റുവാങ്ങിയ കേരളത്തിലെ ഒരു ഇസ്ലാമിക പ്രഭാഷകനെ ഓർത്താണ്. ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുതെന്നും അത്തരത്തിൽ പങ്കെടുക്കാൻ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നും മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗം, കേരളം പോലൊരു ഭൂമികയിൽ വ്യാപകമായി വിമർശിക്കപ്പെടുമെന്ന് ഉറപ്പാണ്. ഇതോടെ മതേതര മനസ്സുള്ള മുസ്ലീങ്ങളിൽ പലരും ഓണാഘോഷത്തിന്റെയും ഓണപ്പൂക്കളത്തിന്റെയും പടങ്ങൾ സോഷ്യൽ മീഡിയിൽ ഇട്ട് 'ഞങ്ങൾ അങ്ങനെയല്ല', 'ഞങ്ങളുടെ മതം അങ്ങനെയല്ല' എന്ന് സ്ഥാപിക്കേണ്ട ഗതികേടിൽ എത്തിയിരിക്കയാണ്. പക്ഷേ ഈ ലേഖകൻ സിംസാറുൽ ഹുദവിയെ സത്യസന്ധതയുടെ കാര്യത്തിൽ അഭിനന്ദിക്കയാണ്. കാരണം അയാൾ പറഞ്ഞത് സത്യമാണ്. ഒരു മതവും മറ്റൊരു മതത്തെ അംഗീകരിക്കുന്നില്ല. അത് ഇസ്ലാമിന്റെ മാത്രം കുഴപ്പമല്ല. എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും അങ്ങനെയാണ്. ( ശുദ്ധ അഹിംസ പറയുന്ന ബുദ്ധമതത്തിൽപോലും അന്യമതവിദ്വേഷം നിരവധി സ്ഥലത്ത് കടന്നുവരുന്നുണ്ട്. സംശയമുള്ളവർ ഡോ മനോജ് ബ്രൈറ്റ് എഴുതിയ 'ബോധിവൃക്ഷത്തിലെ മുള്ളുകൾ' എന്ന പുസ്തകം വായിക്കുക.)

ആധുനിക സമൂഹത്തിന്റെ സമ്മർദമാണ് അവരെ പലപ്പോഴും ജനാധിപത്യവാദികളും സഹിഷ്ണുതാവാദികളും ആക്കുന്നത്. പരിഷ്‌ക്കരണങ്ങൾക്ക് വിധേയമായി എല്ലാ മതങ്ങളും എതാണ്ട് ഒതുങ്ങിയെങ്കിലും ആധുനികതയോടെ മുഖം തിരിഞ്ഞ് നിൽക്കാനുള്ള പ്രവണത ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്നത് ഇസ്ലാം തന്നെയാണ്. നിങ്ങൾ ഇതുവരെ കേട്ട എം എം അക്‌ബറും സമദാനിമാരും രണ്ടാത്താണിമാരും വ്യാഖാനിച്ച് വെളുപ്പിച്ചെടുക്കുന്ന സഹിഷ്ണുതയുടെ മതമല്ല ഇസ്ലാം. അത് അങ്ങേയറ്റം ദൃഡമായ ഒരു ഏകശിലാരൂപമാണ്്. പ്രാർത്ഥിക്കുന്നതിൽ തൊട്ട് ശൗചം ചെയ്യുന്നതിൽ വരെ അതിന് അതിന്റെതായ കൃത്യമായ ലിഖിത രൂപം ഉണ്ട്. ആ ഘടനയിൽ നോക്കുമ്പോൾ മറ്റ് മതസ്ഥരുടെ ആഘോഷത്തിൽ പങ്കെടുക്കരുതെന്ന് ഹുദവി പറഞ്ഞത് ഖുർആനികമായി ശരിയാണ്. അദ്ദേഹം താൻ പ്രതിധാനം ചെയ്യുന്ന വിശ്വാസ ക്രമത്തെ സത്യസനന്ധമായി പറയുന്നു, അക്‌ബറാദി വ്യാഖ്യാന ഫാക്ടറികൾ അതിനെ വ്യാഖ്യാനിച്ച് പരുവപ്പെടുത്തി ആധുനികതുടെ പ്രതിരൂപമാക്കുന്നു! ( ഭ്രൂണ ശാസ്ത്രം തൊട്ട് ക്വാണ്ടം ഫിസിക്സും നാനോ ടെക്ക്നോളജയും വരെയുള്ള പുസ്തകമായാണ് എം എം അക്‌ബർ ഖുർആനെ വാഴ്‌ത്തുന്നത്. സംശയമുള്ളവർ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുക. ഇങ്ങനെയാക്കെയാണെങ്കിലും അറേബ്യയിൽ മണ്ണിനടിയിൽ പെട്രാൾ ഉണ്ട് എന്ന് ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ലെന്ന് ട്രോളന്മാരും).

തന്റെ മതം അനുശാസിക്കുന്ന സാമൂഹ്യ ബോധം എന്താണൊ അത് പങ്ക് വെയ്ക്കുക മാത്രമാണ് ഹുദവി ചെയ്തത്. സംശയമുള്ളവർ മതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളെടുത്ത് വായിച്ച് നോക്കുക.'എന്റെ മതം ഇങ്ങനല്ലാ'...'യഥാർത്ഥ മതം ഇങ്ങനല്ലാ'...'യഥാർത്ഥ മതം ശാന്തിയാണ്, സ്നേഹമാണ്, സമാധാനമാണ്'-എന്നൊക്കെ തള്ളി മറിക്കുന്ന 'നിരപരാധി'കളായ മതേതര ജീവികളേക്കാൾ ഹുദവി സത്യസന്ധനാണ്.

ബഹുദൈവ ആരാധന കർശനമായി വിലക്കുന്ന മതമാണ് ഇസ്ലാം. കൊള്ളയോ കൊലയോ ബലാൽസംഗമോ ഒന്നുമല്ല ശിർക്കാണ് ഇസ്ലാമിലെ ഏറ്റവും വലിയ കുറ്റം. ബഹുദൈവ ആരാധനക്ക് വധശിക്ഷയാണ് വിധി. ഇത്തരം ദൃഡമായ ഒരു മതത്തിന്റെ വിശ്വാസ പ്രമാണങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരാൾ എങ്ങനെയാണ് മറ്റൊരു മതത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കുന്നത്. ഈ സത്യം വെട്ടിത്തുറഞ്ഞ് പറഞ്ഞതിന് നിങ്ങൾ എന്തിനാണ് ഹുദവിയെ കല്ലെറിയുന്നത്. കുറ്റം അദ്ദേഹത്തിന്റെതല്ല.ആ മസ്ത്ഷക്കത്തെ കീഴടക്കിയ മതം എന്ന വൈറസിന്റെ കുഴപ്പമാണ്. മതേതര ജീവിതമല്ല മതരഹിത ജീവിതമാണ് യഥാർഥ നവോത്ഥാനമെന്ന് നമ്മുടെ സൈബർ സഖാക്കൾക്കു പോലും ഇനിയും തിരിഞ്ഞിട്ടില്ല. ഒരു മൊല്ലാക്കയും പൂജാരിയും പള്ളീലച്ചനും കെട്ടിപ്പിടിച്ചാൽ അത് മത സൗഹാർദമായി എന്ന് വിശ്വസിക്കുന്ന, നാലാംക്ലാസ് നിലവാരത്തിൽ നിന്ന് നമുക്കിനിയും മുന്നേറാൻ കഴിഞ്ഞിട്ടില്ല. മതത്തേയും ദൈവത്തേയും നിരുപാധികം വിട്ടയച്ച് പൗരോഹിത്യത്തിനെതിരെ മാത്രം ഒച്ച വെയ്ക്കുക എന്നുള്ള താരതമ്യേന ഈസിയായ, 'ഡിപ്ലോമാറ്റിക് ' ആയ പ്രതികരണമാണ് ഹുദവിക്കെതിരെ സംസാരിക്കുന്ന ഭൂരിഭാഗത്തേയും നയിക്കുന്നത്. യഥാർത്ഥ മതം മറ്റെന്തോ ചക്കരയാണെന്ന് അവരിപ്പോഴും പറഞ്ഞുറപ്പിക്കുന്നു. അപ്പോഴും ഓർക്കുക, മാടമ്പള്ളിയിലെ യഥാർഥ മനോരോഗി നമുക്കിടയിൽ ഉണ്ട്.

കിഡ്നി സ്വീകരിക്കാം പക്ഷേ കൊടുക്കാൻ കഴിയില്ല!

നേരത്തെതും ഹുദവി പലതവണ വിവാദത്തിൽ പെട്ടിട്ടുണ്ട്. മുസ്ലീങ്ങൾക്ക് കിഡ്്നി അടക്കമുള്ള അവയവങ്ങൾ സ്വീകരിക്കാം പക്ഷേ കൊടുക്കാൻ കഴിയില്ല എന്ന അദ്ദേഹത്തിന്റെ വിവാദ പ്രസംഗം പലർക്കും ഓർമ്മയുണ്ടാവും. ഇത് അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ ആശയമാണോ? എവിടെ നിന്നാണ് അദ്ദേഹത്തിന് ഈ വിവരം കിട്ടിയത്. സ്വന്തം പുസ്തകത്തിൽ നിന്ന് തന്നെ. അത് അദ്ദേഹം കൃത്യമായി വിശദീകരിക്കുന്നുണ്ട്്. അതു പറയുന്ന വ്യക്തിയാണോ അത്തരം ആശയങ്ങൾ ഉള്ള പുസ്തമാണോ പ്രശ്നം എന്ന് ചോദിക്കാൻ കേരളത്തിലെ സാംസ്കാരിക നായകർക്ക് നാവുപൊങ്ങില്ല. നേരത്തെ ഇസ്ലാമിൽ പല്ലിയെ കൊല്ലണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഹുദവിയുടെ ഒരു 'ഗംഭീര' പ്രസംഗമുണ്ട്. 'പല്ലിയെ കൊല്ലണമെന്ന് നബി പറഞ്ഞിട്ടുണ്ട്. ഇബ്രാഹിം നബിയെ തീയിലേക്ക് എറിയപ്പെടുന്ന സംഭവമുണ്ടായതിൽ എല്ലാ ജീവജാലങ്ങളും അതിനെ ഊതിക്കെടുത്താൻ ശ്രമിച്ചു. പക്ഷേ പല്ലി അതിനെ ഊതിവീർപ്പിച്ച്, തീ ഉണ്ടാകാനുള്ള ശ്രമം നടത്തിയെന്ന് പറയുന്നു. ഒന്നിനേയും അപായപ്പെടുത്തുന്നതോ കൊല്ലുന്നതോ നബിക്ക് ഇഷ്ടമല്ല.

പക്ഷേ അള്ളാഹു ഒരു കാര്യം അറിയിച്ചാൽ അത് ജനങ്ങളോട് പറയേണ്ടത് നബിയുടെ ബാധ്യതയാണ്. അതുകൊണ്ട് അറിയിച്ചുവെന്നേയുള്ളൂ. നബിയുടെ വീട്ടിൽ ഒരു കുന്തം ചാരി വെച്ചിരുന്നുവെന്നാണ്. എന്തിനാണ് ഈ കുന്തം വീട്ടിൽ വെച്ചിരിക്കുന്നത് എന്ന് ഒരു സ്ത്രീ ചോദിച്ചിരുന്നു. അപ്പോൾ ഞങ്ങൾ ഇതുകൊണ്ട് പല്ലികളെ കൊല്ലാറുണ്ട് എന്നായിരുന്നു മറുപടി.'-സിംസാറുൽ ഹഖ് ഖുദവി പ്രസംഗിച്ചതാണ് ഇതും. നോക്കുക അദ്ദേഹം മതത്തിലെ എല്ലാ വിഡ്ഡിത്തവും അതുപോലെ എടുക്കുകയാണ്. ഇന്ന് പല്ലിയെ കൊല്ലുന്നത് ഇസ്ലാമികമണോ എന്ന ചർച്ച ലോകത്ത് എവിടെയങ്കിലും ഉണ്ടോ. മതം പല്ലിയെ കൊല്ലാൻ പറഞ്ഞാൽ അദ്ദേഹം കൊല്ലും. പന്നിയെ തിന്നരുതെന്ന് പറഞ്ഞാൽ അദ്ദേഹം തിന്നില്ല. അദ്ദേഹം മതത്തിൽ ഉള്ളത് സത്യസന്ധമായി പ്രചരിപ്പിക്കും. ഒരു ടിപ്പിക്കൽ മത ജീവി.

നേരത്തെ മുസ്ലിം സ്ത്രീകൾ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മത വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് സിംസാറുൽ ഹുദവി രംഗത്തുവന്നത് വൻ വിവാദമായിരുന്നു. തെരഞ്ഞെടുപ്പിൽ സ്ത്രീകൾ മത്സരിക്കുന്നത് മതവിരുദ്ധമാണെന്നും ഭർത്താവിനെ പരിചരിച്ച് വീട്ടിൽ ഇരിക്കേണ്ടവരാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടനയായ ജി ഐ ഒപോലും രംഗത്ത് എത്തിയിരുന്നു. ഇത് കൃത്യമായ മൗദൂദിയൻ ആശയമാണെന്നതുപോലും അവർ മറന്നപോയി. ഇവിടെയൊക്കെയുള്ള പ്രശ്്നം, ഏത് മതശാസനകൾവച്ചാണ്്, എത് ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ഹുദവി ഇത് പറയുന്നത് എന്നതാണ്. എഴുത്തുകാരനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസ് ചൂണ്ടിക്കാട്ടുന്നപോലെ 'എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഗ്രന്ഥങ്ങൾ തന്നെയാണ് മാനവരാശിയെ പിറകോട്ട് അടുപ്പിക്കുന്ന പ്രധാനഘടകങ്ങളിൽ ഒന്ന്'.

ശുദ്ധമായ മതം ശുദ്ധമായ ഭീകരത

ലോകം ഞെട്ടുന്ന ഭീകര സംഘടനയായ ഐസിസിന്റെ മുൻ തലവൻ അൽ സവാഹരിയും ഈജിപ്തിലെ ഗ്രാൻഡ് മുഫ്ത്തിയും തമ്മിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു തർക്കം ഉണ്ടായിരുന്നു. ഇസ്ലാം ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും, ഐസിസ് തങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുകയുമാണെന്ന, മുഫ്ത്തിയുടെ വാദം ശ്രദ്ധയിൽപെട്ടപ്പോഴാണ് സവാഹരി അദ്ദേഹത്തിന് ഒരു വീഡിയോ അയച്ചുകൊടുത്ത് സംവാദത്തിന് വെല്ലുവിളിച്ചത്. ഖുർആൻ അല്ലാതെ ഒന്നും തങ്ങൾ പിന്തുടരുന്നില്ലെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ആയുധമെടുക്കുന്നതെന്നും, ജിഹാദ് തങ്ങളുടെ അനിവാര്യതയാണെന്നും സവാഹരി ഗ്രന്ഥം ഉദ്ധരിച്ച് പറഞ്ഞതോടെ മുഫ്ത്തിയുടെ കിളിപോയി. പിന്നെ മിണ്ടിയിട്ടില്ല. അതാണ് സംഭവം. ഭീകരതയുടെ അടിവേരുകൾ മതത്തിലാണ്. നിങ്ങൾ ആധുനിക കാലത്തിന്റെ ധാർമ്മികത അനുസരിച്ച് അത് നേർപ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ടാണ് അതിന്റെ ഭീകരത അറിയാത്തത്. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഗ്രന്ഥങ്ങളുടെ ഒരു ഭാഗത്ത് ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടാവും. മറുഭാഗത്തുകൊടിയ വിഷവും. വ്യഖ്യാന ഫാക്ടറികൾ അത് സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തതാണ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കുകയും നേർപ്പിക്കുകയും ചെയ്യുമ്പോൾ ഹുദവി അത് പച്ചക്ക് പറയുന്നു. അദ്ദേഹം ഈ നേർപ്പിക്കലിന് എതിരാണ്.

പിന്നെ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സലഫികളും മറ്റും ഈ കാര്യം പണ്ടേ പറയുന്നവരാണ്. ഇപ്പോൾ സമസ്തയുടെ പണ്ഡിതരും പറയുന്നുവെന്ന് മാത്രം. നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്കെന്റെ മതം എന്ന ഖുർആൻ വചനത്തെ മൗദൂദി തഫ്ഹീമുൽ ഖുർ്ആനിൽ വ്യാഖ്യാനിക്കുന്നതു പരിശോധിക്കാം. അതു വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വചനമാക്കി അദ്ദേഹം മാറ്റുന്നു എന്നതാണ് അതിന്റെ പ്രത്യേകത. പരസ്പര ബഹുമാനത്തോടെ ജീവിക്കാമെന്നല്ല, വിശ്വാസികളും കാഫിറുകളും തമ്മിൽ ഏതെങ്കിലും തരത്തിൽ സന്ധിയുണ്ടാക്കാമെന്ന് കാഫിറുകൾ ആശിക്കേണ്ടതില്ലെന്നും മൗദൂദി വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ വിശദീകരണം: 'എന്റെ ദീൻ വേറെ, നിങ്ങളുടെ ദീൻ വെറെ എന്നർഥം. ഞാൻ നിങ്ങളുടെ ദൈവങ്ങളുടെ ആരാധകനല്ല. നിങ്ങൾ എന്റെ ദൈവത്തിന്റെ ആരാധകരുമല്ല. എനിക്കു നിങ്ങളുടെ ദൈവങ്ങളുടെ അടിമയാവാൻ കഴിയില്ല. എന്റെ ദൈവത്തിന്റെ അടിമകളായിരിക്കാൻ നിങ്ങളും തയ്യാറല്ല. അതുകൊണ്ട് എന്റെയും നിങ്ങളുടെയും വഴി ഒരിക്കലും ഒന്നാവുക വയ്യ. ഇതു കാഫിറുകൾ കാഫിറുകളായിരിക്കുന്നിടത്തോളം കാലം അവരുടെ വിശ്വാസങ്ങളിൽനിന്നും ആരാധനകളിൽനിന്നും വിശ്വാസികൾ വിമുക്തരായിരിക്കുമെന്നും വേറിട്ടുനിൽക്കുമെന്നുമുള്ള പ്രഖ്യാപനമാണ്. വിശ്വാസത്തിന്റെയും ആരാധനയുടേയും കാര്യത്തിൽ അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തിൽ വിശ്വസിച്ചവരും, കാഫിറുകളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സന്ധിയുണ്ടാക്കാമെന്നു മോഹിക്കുന്ന കാഫിറുകളെ അന്തിമമായും ഖണ്ഡിതമായും നിരാശരാക്കുകയാണിതിന്റെ ലക്ഷ്യം.''

ഇത് കാഫിറുകളുമായുള്ള ബന്ധവിഛേദനത്തിനുള്ള വചനമാണെന്നാണ് മൗദൂദിയുടെ വ്യാഖ്യാനം. കാഫിറുകളെ വെറുക്കുകയും അവരോട് വിദ്വേഷം വെച്ചു പുലർത്തുകയും ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം സമർഥിക്കുന്നു. ഈ മൗദൂദിയൻ ആശയക്കാരുടെ സംഘടനയാ ജമാഅത്തെ ഇസ്ലലാമി ഇപ്പോൾ ഹുദവിക്കെതിരെ ഉറഞ്ഞുതുള്ളുമ്പോൾ ആരുടെയോ ചാരിത്ര പ്രസംഗം എന്ന തേഞ്ഞ സ്ത്രീവിരുദ്ധമായ വാക്കുൾ ഓർമ്മവരുന്നവരെ കുറ്റപ്പെടുത്താൻ കഴിയുമോ?ഐഎസ് പറയുന്നത് നോക്കുക, ജിഹാദ് എന്ന ആശയമാണ് ഞങ്ങൾ നടപ്പിൽ വരുത്തുന്നത് എന്നാണ്.

നേരത്തേ സമാനമായ വാദം ഉയർത്തി സലഫി പണ്ഡിതന്മാരായ മുജാഹിദ് ബാലുശേരിയും ഷംസുദീൻ പാലത്തും രംഗത്തെത്തിയിരുന്നു. അന്നും വലിയ വിമർശനമായിരുന്നു ഇവർക്കെതിരെ ഉയർന്നത്. മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്, അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ കാര്യങ്ങളായിരുന്നു ഷംസുദ്ദീൻ പാലത്ത് ഇയാളുടെ പ്രസംഗത്തിൽ പരമാർശിച്ചത്. മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും ഷംസുദ്ദീൻ പാലത്ത് പറഞ്ഞിരുന്നു. ഗാനങ്ങളും സിനിമയും അനിസ്ലാമികമാണെന്നാണ് മുജാഹിദ് ബാലുശ്ശേരി പറയുന്നത്.

അന്നും ഉണ്ടായ നിലവിൽൾ സമാനമായിരുന്നു. 'എന്റെ ദീൻ ഇങ്ങനെയല്ല.'- അല്ലാതെ മതം തന്നെ മാനവിക വിരുദ്ധമാണെന്നുള്ള രീതിയിൽ ഒരു ചർച്ചയും ഇവിടെ ്ഉണ്ടായില്ല.

മതത്തെ തൂക്കിനോക്കുമ്പോൾ കൈവിറക്കുന്നവർ ഈ നാടിന്റെ ശാപം

മാനവികതക്കും ആധുനികതക്കും എതിരായ ഒരുപാട് പരാമർശങ്ങൾ മതഗ്രന്ഥങ്ങളിൽ ഉണ്ടായിട്ടും കേരളം അതെല്ലാം ചർച്ച ചെയ്യുന്നുണ്ടോ? ്പൗരോഹിത്യത്തിനും തീവ്രവാദത്തിനും എതിരെ മാത്രമായി നമ്മുടെ ശബ്ദം ഒതുങ്ങിപ്പോകുമ്പോൾ, യഥാർഥ പ്രതി രക്ഷപ്പെടുകയാണ്. യൂറോപ്യൻ രാജ്യങ്ങളുടെ പുരോഗതിക്കും സമാധാനത്തിനും അടിസ്ഥാനമായി വരുന്നത് ആ രാജ്യങ്ങളിൽ രൂപപ്പെടുന്ന മതരഹിത സമൂഹം തന്നെയാണ്.( ബ്രിസ്റ്റോൾ സർവകലാശാലയുടെ പുതിയ പഠനം എടുത്തുകാട്ടുന്നത് മതേതരത്വവും വികസനവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്.) ്പക്ഷേ നമ്മൾ ആകട്ടെ മതേതരത്വം എന്നാൽ എല്ലാ മതങ്ങളെയും തുല്യമായി പ്രീണിപ്പിക്കുക എന്ന നയത്തിലും എത്തി നിൽക്കുന്നു. മാംസേതര ഭക്ഷണശാല എന്ന വാക്കിന്റെ അർഥം ബീഫിനും പോർക്കിനും ചിക്കനും തുല്യ പരിഗണ കൊടുക്കുക എന്നതാണോ അതേ ഒരു മാംസത്തിനും പരിഗണന കൊടുക്കാതിരിക്കു എന്നതാണോ? അതുപോലെയാണ് നമ്മുടെ മതേതരത്വവും.

കേരളത്തിലേക്കൊക്കെ വരുമ്പോൾ മതേരത്വത്തിൽ ഇരവാദവും കലർത്തി കൃത്യമായ ഒരു പാക്കേജും ഉണ്ടാക്കിയിരിക്കുന്നു. ഹിന്ദുത്വത്തെ വാതോരാതെ വിമർശിക്കുന്ന ഇവരിൽ പലരും ഇസ്ലാമിന്റെ അടുത്ത് എത്തുമ്പോൾ മുട്ടുവിറക്കും. ചാതുർണവർണ്യം ഹിന്ദുത്വത്തിന്റെ സൃഷ്ടിയാണെന്ന് ശക്തമായി വിമർശിക്കുന്ന കെഇഎൻ തൊട്ട് സുനിൽ പി ഇളയിടം വരെയുള്ളവർ, പൊളിറ്റിക്കൽ ഇസ്ലാമിൽ പല ശരികളും കാണുന്നു. ഭീകരത പുസ്തകത്തിൽ ഉള്ളതാണെന്ന് പറയാൻ അവർക്ക് നാവു വഴങ്ങില്ല. എന്നാൽ വിദേശരാജ്യങ്ങളിൽ സാംസ്കാരിക ലോകത്ത് സംഭവിച്ച മാറ്റം നോക്കുക.

യൂറോപ്പിലെ നവ നാസ്തികർ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ക്രിസ്റ്റഫർ ഹിച്ചൻസ്, കാൾപോപ്പർ, ഡാനിയൽ ഡെന്നെറ്റ്, എ.സി ഗ്രെലിങ് എന്നവർ അടങ്ങുന്ന യൂറോപ്യൻ ബുദ്ധിജീവികൾ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥമായ ഖുർആനെ തന്നെയാണ് അവർ വിമർശിക്കുന്നത്. അല്ലാതെ പൗരോഹിത്യത്തെ മാത്രമല്ല. ഒരുഭാഗത്ത് യുദ്ധത്തിനുള്ള ആഹ്വാനവും മറുഭാഗത്ത് സമാധാനത്തിനുള്ള ആഹ്വാനവുമുള്ള, ഒന്നിനും വ്യക്തതയില്ലാത്ത ഒരു പുസ്തകമായാണ്ഹിച്ചൻസ് ഖുർആനെ വിലയിരുത്തിയത്. സാം ഹാരിസ് തീർത്തും കച്ചവടയുക്തിയുടെ മതം ആയാണ് ഇസ്ലാമിനെ വിലയിരുത്തുന്നത്. ഇന്നതുചെയ്താൽ ഇന്ന കൂലി കിട്ടുമെന്ന സിമ്പിൾ കച്ചവട ലോജിക്ക്. നോമ്പുനോറ്റാൽ എന്തുകിട്ടും, നിസ്‌ക്കരിച്ചാൽ എന്തു കിട്ടുമെന്ന കൊതിയും, അവയൊന്നും ചെയ്തില്ലെങ്കിൽ നരകം കിട്ടുമെന്ന പേടിയും.

ഈ രീതിയിലുള്ള വെട്ടിത്തുറന്നുള്ള വിമർശനത്തിന് കേരളത്തിലെ എത്ര ബുദ്ധിജീവികൾക്ക് ധൈര്യമുണ്ട്. സിംസാറുൽ ഹുദവിയുടെ വിവാദ പ്രസംഗത്തോടുള്ള കേരളത്തിന്റെ പ്രതികരണത്തിൽനിന്ന് അത് വ്യക്തമാണ്. പൂച്ചക്കുമുന്നിൽ നൃത്തം ചെയ്യുന്ന എലിയപ്പോലെ, ആഹരിക്കപ്പെടാൻ പുല്ല് കയറുന്ന ഉറമ്പിനെപ്പോലെ മാത്രമാണ് ഹുദവിയെപ്പോലുള്ളവർ. അവരല്ല പ്രശ്നം അവരെ ബാധിച്ച വൈറസായ മതം ആണ്.മതത്തേയും ദൈവത്തേയും നിരുപാധികം വിട്ടയച്ച് പൗരോഹിത്യത്തിനെതിരെ മാത്രം ഒച്ച വെയ്ക്കുക എന്നുള്ള താരതമ്യേന ഈസിയായ, 'ഡിപ്ലോമാറ്റിക് ' ആയ പ്രതികരണമാണ് ഹുദവിക്കെതിരെ സംസാരിക്കുന്ന ഭൂരിഭാഗത്തേയും നയിക്കുന്നത്്. അപ്പോൾ നിങ്ങൾ മൂർഖനെന്ന് പറഞ്ഞ് തല്ലാൻ നോക്കുന്നത് ചേരയെ മാത്രമാണ്. ഓർക്കുക, മാടമ്പള്ളിയിലെ യഥാർഥ മനോരോഗി അവിടെയുണ്ട്...

വിവരങ്ങൾക്ക് കടപ്പാട്:

ബ്രേക്കിങ്ങ് ദ സ്പെൽ, റിലീജിയൻ ആസ് എ നാച്വറൽ ഫിനോമിനൻ: ഡാനിയൽ ഡെന്നറ്റ്

ഗോഡ് ഡെലൂഷൻ- റിച്ചാർഡ് ഡോക്കിൻസ്

പി ടി മുഹമ്മദ് സാദിഖ്- ഫേസ്‌ബുക്ക് പോസ്റ്റ്

സി രവിചന്ദ്രൻ, പി എം അയൂബ് എന്നിവരുടെ വിവിധ പ്രഭാഷണങ്ങൾ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP