Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടീശ്വരന്മാരുടെ സമരം കണ്ട് മുട്ടുവിറച്ച് പിണറായി സർക്കാർ; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ഫ്‌ളാറ്റുകാരുടെ പ്രശ്‌നത്തിൽ ജസ്റ്റീസ് അരുൺ മിശ്രയുടെ ഉത്തരവിന് നൽകുന്നത് പുല്ലുവില; എല്ലാം ഉടമകളുടെ തലയിൽ കെട്ടിവച്ച് നിർമ്മാതാക്കൾ കൈകഴുകുന്നതും തിരക്കഥയുടെ ഭാഗം; ശ്രമിക്കുന്നത് കോടതി നിലപാട് കടുപ്പിച്ചാൽ ഖജനാവിൽ നിന്ന് 350 കോടി അടിച്ചെടുക്കാനുള്ള നീക്കം; സർവ്വകക്ഷിയോഗത്തിൽ എല്ലാവരും മരടിൽ ഒരുമിക്കും

കോടീശ്വരന്മാരുടെ സമരം കണ്ട് മുട്ടുവിറച്ച് പിണറായി സർക്കാർ; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ഫ്‌ളാറ്റുകാരുടെ പ്രശ്‌നത്തിൽ ജസ്റ്റീസ് അരുൺ മിശ്രയുടെ ഉത്തരവിന് നൽകുന്നത് പുല്ലുവില; എല്ലാം ഉടമകളുടെ തലയിൽ കെട്ടിവച്ച് നിർമ്മാതാക്കൾ കൈകഴുകുന്നതും തിരക്കഥയുടെ ഭാഗം; ശ്രമിക്കുന്നത് കോടതി നിലപാട് കടുപ്പിച്ചാൽ ഖജനാവിൽ നിന്ന് 350 കോടി അടിച്ചെടുക്കാനുള്ള നീക്കം; സർവ്വകക്ഷിയോഗത്തിൽ എല്ലാവരും മരടിൽ ഒരുമിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒഴിഞ്ഞുപോയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ നൽകിയ നോട്ടീസ് ഇനി വെറും പഴങ്കഥ. മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ താമസക്കാരെ മാറ്റുന്ന വിഷയത്തിൽ പരസ്പരം പഴിചാരി ജില്ലാ ഭരണകൂടവും നഗരസഭയും രംഗത്ത് എത്തുന്നത് ഇതിന്റെ സൂചനയാണ്. പൊളിക്കലിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതിലാണ് ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ഒഴിഞ്ഞുപോയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭയാണ് ഇപ്പോൾ പുതിയ തന്ത്രങ്ങളുമായി എത്തുന്നത്. ഇതിന് പിന്നിൽ സർക്കാരിന്റേയും രാഷ്ട്രീയക്കാരുടേയും സമ്മർദ്ദമാണ്.

കണ്ണൂർ, കരുണ ഓർഡിനൻസ്, ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം തുടങ്ങി ഏറ്റവുമൊടുവിൽ മരട് ഫ്‌ളാറ്റ് കേസിൽവരെ വിധിപറഞ്ഞ ബെഞ്ചുകളിൽ അംഗമായിരുന്ന ജസ്റ്റിസ് അരുൺ മിശ്ര സമീപകാലത്ത് കേരളസർക്കാരിന്റെ രൂക്ഷവിമർശകനാണ്. സംസ്ഥാനസർക്കാരിനെ നിർത്തിപ്പൊരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. എന്തൊക്കെയോ കാരണങ്ങളാൽ ഈകേസുകളിലൊന്നും ജസ്റ്റിസ് മിശ്രയുടെ ഉത്തരവുകൾ പാലിക്കപ്പെടാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 'കേരളം ഇന്ത്യയിലല്ലേ?, നിയമങ്ങൾ കേരളത്തിനുബാധകമല്ലേ' തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹം ആവർത്തിക്കുന്നതിനുപിന്നിൽ ഈ കേസിലെ വിധികളോടുള്ള സർക്കാർ സമീപനത്തോടുള്ള അതൃപ്തി പ്രകടമാണ്. എന്നാൽ മരടിലും സുപ്രീംകോടതി വിധി കണ്ടില്ലെന്ന് നടിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം. ഇത് സുപ്രീംകോടതി എത്തരത്തിൽ എടുക്കുമെന്നതാണ് ഇനി നിർണ്ണായകം.

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് മരടിൽ കാര്യങ്ങളുടെ പോക്ക്. മരട് ഫ്ളാറ്റ് വിഷയത്തിൽ കൈമലർത്തി ഫ്ളാറ്റ് നിർമ്മാതാക്കൾ രംഗത്ത് വന്നു കഴിഞ്ഞു. ഫ്ളാറ്റ് വിഷയത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്ളാറ്റുകൾ നിയമാനുസൃതമായി നിലവിലെ ഉടമകൾക്ക് വിറ്റതാണെന്നും ഫ്ളാറ്റ് നിർമ്മാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. ഇതും തന്ത്രങ്ങളുടെ ഭാഗമാണ്. നിർമ്മാതാക്കളുടെ വാക്കും രേഖകളും വിശ്വസിച്ചാണ് ഫ്‌ളാറ്റുകൾ വാങ്ങിയത്. ഇനി പ്രശ്‌നമെല്ലാം 350 കുടുംബങ്ങളുടെ തലയിൽ മാത്രമിടാനാണ് നീക്കം. ഇതിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കി നഷ്ടപരിഹാരം നൽകിപ്പിക്കാനാണ് നീക്കം. അതായത് 350 കോടിയുടെ നഷ്ടപരിഹാരം സർക്കാരിൽ നിന്ന് നേടാനാണ് നീക്കം. നിലവിലെ സാഹചര്യത്തിൽ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന നിലപാട് സുപ്രീംകോടതി മയപ്പെടുത്താൻ ഇടയില്ല. അതുകൊണ്ടാണ് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം നേടാനുള്ള നീക്കം.

പാവങ്ങളുടെ ഭൂമി ഏറ്റെടുക്കാനും ഒഴുപ്പിക്കാനും വീറുകാണിക്കുന്ന സർക്കാർ മരടിൽ കള്ളക്കളിയാണ് തുടരുന്നത്. സർവ്വ കക്ഷിയോഗം വിളിച്ച് കേരളത്തിന്റെ പൊതു പ്രശ്‌നമായി മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ മാറ്റാനാണ് നീക്കം. 350 കുടുംബങ്ങളുടെ മാത്രം പ്രശ്‌നമാണ് ഇത്. എല്ലാവരും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളവർ. തിരദേശ പരിപാലന ചട്ടത്തിൽ വീഴ്ച വരുത്തിയെങ്കിൽ അത് ഗുരുതര തെറ്റുമാണ്. എന്നാൽ ഫ്‌ളാറ്റ് ഉടമകളുടെ സമരമുയർത്തി സുപ്രീംകോടതിയുടെ വിധി നടപ്പാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് വേണ്ടിയാണ് മുഖ്യമന്ത്രി സർവ്വ കക്ഷിയോഗം വിളിക്കുന്നത്. സിപിഎമ്മും കോൺഗ്രസും ബിജെപിയും ഫ്‌ളാറ്റുകാർക്കൊപ്പമാണ് അതുകൊണ്ട് തന്നെ കുടിയൊഴുപ്പിക്കലിനെതിരായ ചർച്ചയാകും മരട് വിഷയത്തിൽ ഉണ്ടാവുക.

വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിർമ്മാതാക്കൾ ഇപ്പാൾ നൽകിയിരിക്കുന്നത്. പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിർമ്മാതാക്കൾ നഗരസഭാ സെക്രട്ടറിക്കു നൽകിയ കത്തിൽ വ്യക്തമാക്കുന്നു. നഗരസഭ എന്തിനാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് മനസ്സിലാകുന്നില്ലെന്നും മറുപടിക്കത്തിൽ അവർ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥരാണ് ഫ്ളാറ്റുകൾക്ക് കരമടയ്ക്കുന്നത്. അതിനാൽതന്നെ അവയുടെ ഉടമസ്ഥാവകാശം അവർക്കാണുള്ളതെന്നും ഫ്ളാറ്റ് നിർമ്മാതാക്കൾ പറയുന്നു. ഇതോടെ സർക്കാരും ഫ്‌ളാറ്റ് ഉടമകളും തമ്മിലുള്ള വിഷയമായി ഇത് മാറുകയാണ്.

തീരദേശനിയമം ലംഘിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മരടിലെ അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള അവസാന നിയതി ഇന്നാണ്(സെപ്റ്റംബർ 15, ഞായറാഴ്ച) അവസാനിക്കുന്നത്. ഒഴിഞ്ഞുപോയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നാണ് നഗരസഭ പെട്ടെന്ന് മലക്കം മറിയുന്നത്.

അതിനിടെ പ്രതിഷേധം ശക്തമാക്കി ഫ്‌ളാറ്റ് ഉടമകൾ നഗരസഭയ്ക്കു മുന്നിൽ റിലേ സത്യഗ്രഹം തുടങ്ങി. പ്രവൃത്തി സമയത്തു നഗരസഭയ്ക്കു മുന്നിലും ബാക്കി സമയങ്ങളിൽ കുണ്ടന്നൂർ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് പരിസരത്തുമാണു സമരം. നഗരസഭയുടെ നോട്ടിസ് പ്രകാരം മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാനുള്ള താമസക്കാരുടെ സമയം ഞായറാഴ്ച അർധരാത്രിയോടെ അവസാനിക്കും. ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ സമരവുമായി മുന്നോട്ട് പോവുകയാണ് ഫ്‌ളാറ്റ് ഉടമകൾ. നഗരസഭയുടെ നോട്ടിസ് കൈപ്പറ്റിയ ചിലർ ഒഴിയില്ലെന്ന് രേഖമൂലം അറിയിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന താമസക്കാർക്കു പിന്തുണയുമായി രാഷ്ട്രീയ, സംഘടനാ നേതാക്കൾ മരടിലേക്ക് ഒഴുകുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ സമരക്കാരെ സന്ദർശിച്ചിരുന്നു.

375 കുടുംബങ്ങളാണു ഫ്‌ളാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്‌ളാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്‌കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫിസർമാർ കണയന്നൂർ തഹസിൽദാർക്കു സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം.ആരിഫ് ഖാൻ പറഞ്ഞു. ഫ്‌ളാറ്റുകൾ പൊളിക്കാൻ നഗരസഭ നൽകിയ പരസ്യത്തിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. 18ന് സംസ്ഥാന സർക്കാരിന് നൽകേണ്ട റിപ്പോർട്ട് എന്താകുമെന്നതിലും അനിശ്ചിതത്വമുണ്ട്. 20ന് ആണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണം.

അതിനിടെ മരടിലെ ഫ്ളാറ്റ് സമുച്ഛയം പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നിന പ്രശ്നപരിഹാര നിർദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു കഴിഞ്ഞു. മൂന്നംഗ സമിതി സോൺ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരു എങ്കിൽ പുനഃരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിർദ്ദേശങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ടുവക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രിക്കും ചെന്നിത്തല കത്തയച്ചു. പുനരധിവാസത്തിന് 350 കോടി വരുമെന്ന യാഥാർത്ഥ്യം പോലും ഉൾക്കൊള്ളാതെയാണ് രമേശ് ചെന്നിത്തലയുടെ കത്തെഴുത്തൽ.

ഒരു ആയുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യവും സ്വരൂപിച്ച് ഫ്ളാറ്റുകൾ വാങ്ങിയവർക്ക് എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ് അവിടെ കാണേണ്ടി വന്നതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു. ഇവരിൽ ഭൂരിഭാഗം പേരും ഇടത്തരക്കാരാണ്. കിടപ്പാടം നഷ്ടപ്പെട്ടാൽ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരുമെന്നും രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കുന്നു. തീരപരിപാലനചട്ടം ലംഘിച്ചെന്നുകാട്ടി മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണംകാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം ഹൈക്കോടതിക്കുവിടാമെന്നാണ് ജസ്റ്റിസ് മിശ്ര തുടക്കത്തിൽ പറഞ്ഞതെങ്കിലും സുപ്രീംകോടതിതന്നെ പരിഗണിച്ചാൽമതിയെന്ന് അഭിപ്രായമുയർന്നതോടെ അദ്ദേഹം സമ്മതിച്ചു.

ഒരുമാസത്തിനകം ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ടുനൽകണമെന്ന് മെയ്‌ എട്ടിന് ഉത്തരവുവന്നതോടെ ഹർജിക്കാർ പോലും ഞെട്ടി. പൊതുവേ സംഭവിക്കാറുള്ളതുപോലെ നിർമ്മാതാക്കൾക്ക് വൻതുക പിഴചുമത്തുമെന്നേ അഭിഭാഷകർ പ്രതീക്ഷിച്ചിരുന്നുള്ളൂ. പൊളിക്കാനുള്ള ഉത്തരവുവരുന്നതുവരെ ഫ്‌ളാറ്റുടമകൾ സുപ്രീംകോടതിയിലെത്തിയിരുന്നില്ല. ഉത്തരവ് സ്റ്റേചെയ്യാൻ ജസ്റ്റിസ് മിശ്ര വിസമ്മതിച്ചതിനുപിന്നാലെ അവധിക്കാലത്ത് മറ്റൊരു ബെഞ്ചിൽനിന്ന് റിട്ട് ഹർജിക്കാർ സ്റ്റേ വാങ്ങിയത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല രോഷാകുലനാക്കിയത്. സ്റ്റേ നൽകിയ ബെഞ്ചിനെതിരേ വാക്കാൽ പരാമർശം നടത്താൻപോലും ജസ്റ്റിസ് മിശ്ര മടിച്ചില്ല. പുനഃപരിശോധനാഹർജിയും കോടതി തള്ളിയതോടെ ഉത്തരവുനടപ്പാക്കിയത് സംബന്ധിച്ച് റിപ്പോർട്ടുകളെന്തെങ്കിലും എത്തിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് മിശ്ര രജിസ്ട്രിയിൽ പരിശോധിച്ചുവെന്നാണറിയുന്നത്. റിപ്പോർട്ട് നൽകിയില്ലെന്നുമാത്രമല്ല, ആരും കോടതിയലക്ഷ്യഹർജി നൽകിയിട്ടുമില്ലെന്ന് വ്യക്തമായതോടെ കേസ് വീണ്ടും സ്വമേധയാ ലിസ്റ്റ് ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഈമാസം 23-നു ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി മറുപടി നൽകേണ്ടിവരും. ചുരുങ്ങിയ ദിവസത്തിനകം പൊളിക്കാനാകില്ലെന്നോ ഫ്‌ളാറ്റുടമകളുടെ എതിർപ്പോ ഉയർത്തി റിപ്പോർട്ട് നൽകിയാൽപ്പോലും കോടതി അതെങ്ങനെ കാണുമെന്ന് പറയാനാകില്ല. ചീഫ് സെക്രട്ടറിയെ പ്രതിരോധിക്കാൻ ആര് ഹാജരാകുമെന്നതാണ് അടുത്ത ചോദ്യം. സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ഹാജരാക്കാൻ സംസ്ഥാനസർക്കാരിന്റെ അഭിഭാഷകർ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ഉറപ്പുപറഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP