Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദി ഭാഷാവാദത്തിൽ അമിത് ഷായെ പിന്തുണച്ച് ഒ രാജഗോപാൽ; വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് ഇതര രാഷ്ട്രീയ പാർട്ടികൾ; മുതിർന്ന ബിജെപി നേതാവിന്റെ പ്രതികരണം കേരളത്തിലും പ്രതിഷേധം ശക്തമാകുന്നതിനിടെ

ഹിന്ദി ഭാഷാവാദത്തിൽ അമിത് ഷായെ പിന്തുണച്ച് ഒ രാജഗോപാൽ; വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് ഇതര രാഷ്ട്രീയ പാർട്ടികൾ; മുതിർന്ന ബിജെപി നേതാവിന്റെ പ്രതികരണം കേരളത്തിലും പ്രതിഷേധം ശക്തമാകുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹിന്ദി ഭാഷാവാദത്തിൽ അമിത് ഷായുടെ പരാമർശം വിവാദമാക്കാനാണ് മറ്റ് രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ എംഎൽഎ. ഒരുമിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദിയാണ് അതെന്നുമുള്ള അമിത് ഷായുടെ പ്രസ്താവനക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് അമിത് ഷായെ പിന്തുണച്ച് രംഗത്തെത്തിയത്. ഹിന്ദി ദിനത്തിലെ അമിത് ഷായുടെ പാരാമർശം വിവാദമാക്കാൻ ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുവെന്നാണ് രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്.

അമിത് ഷായുടെ ഹിന്ദി വാദത്തെ പിന്തുണച്ചുകൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുമെന്ന് ട്വീറ്റ് ചെയ്ത ആരിഫ് ഖാൻ രാജ്യത്തിന്റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുത്തുമെന്ന് കുറിച്ചിരുന്നു.

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജഗോപാൽ രംഗത്തെത്തിയിരിക്കുന്നത്. ഷായുടേത് സംഘപരിവാർ അജണ്ടയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തിൽ പ്രതികരിച്ചത്. ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നുമാണ് പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചെന്നിത്തലയും പറഞ്ഞു. രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്.

അമിത് ഷായുടെ പ്രഖ്യാപനം തമിഴ്‌നാട്, കർണാടക, പശ്ചിമബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ രൂക്ഷപ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദ്രാവിഡ ഭാഷയുടെ അഭിമാനം സംരക്ഷിക്കാൻ വീണ്ടും പോരാട്ടത്തിനിറങ്ങാൻ മടിയില്ലെന്ന് തമിഴ്സംഘടനകൾ പറയുന്നു.
എല്ലാ ഭാഷകളെയും ഒരുപോലെ ബഹുമാനിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അമിത് ഷായെ ഓർമ്മിപ്പിച്ചു. എല്ലാ ഭാഷകളും വളരണം, എന്നാൽ മാതൃഭാഷയെ മറക്കാനാവില്ലെന്നും അവർ കൂട്ടിചേർത്തു.

ഹിന്ദി ഒരു ദേശീയ ഭാഷയാണെന്ന നുണ അവസാനിപ്പിക്കണമെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 'ഹിന്ദി ദിവാസ്' ആഘോഷിക്കുന്ന കേന്ദ്രസർക്കാർ എന്നാണ് കന്നഡ ദിവാസ് ആഘോഷിക്കുന്നതെന്ന് മുന്മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ചോദിച്ചു. കർണാടകയും ഫെഡറൽ സംവിധാനത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിൽ ഭരണ, പ്രതിപക്ഷ വിത്യാസമില്ലാതെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. 'ഇന്ത്യയാണ് ഹിന്ദ്യ'യല്ലെന്നായിരുന്നു ഡി എം കെ അധ്യക്ഷൻ സ്റ്റാലിന്റെ പ്രതികരണം. വീണ്ടും ഒരു ഭാഷാ സമരത്തിന് ഇറങ്ങാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്തെ പരസ്പര ശത്രുതയോടുകൂടിയ ചെറുരാജ്യങ്ങളായി വിഭജിക്കുകയാണ് ഹിന്ദി അടിച്ചേൽപ്പിക്കുകയെന്നതിലൂടെ നടപ്പിലാകുകയെന്ന് എം ഡി എം കെ ജനറൽ സെക്രട്ടറി വൈകോ പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ യൂണിയനിൽ അവശേഷിക്കുക ഹിന്ദി സംസാരിക്കുന്ന രാജ്യങ്ങൾ മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദ്വിഭാഷാ ഫോർമുലയാണ് തമിഴ്‌നാട് അംഗീകരിച്ചിട്ടുള്ളതെന്ന് മുതർന്ന എ ഡി എം കെ നേതാവും വിദ്യാഭ്യാസമന്ത്രിയുമായ കെ എം സെങ്കോട്ടൻ പ്രതികരിച്ചു. സി എൻ അണ്ണാദുരൈയുടെ കാലും മുതൽ ഇതാണ് നയമെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദർഭത്തിൽ കേന്ദ്രസർക്കാറിന് ഹിന്ദി അടിച്ചേൽപ്പിക്കാനാവില്ലെന്ന് സാംസ്‌കാരിക മന്ത്രി മഫോയ് കെ പാണ്ഡ്യരാജൻ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനക്കെതിരായ തമിഴ്‌നാടിന്റെ പ്രതിഷേധം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ ജയകുമാർ പറഞ്ഞു.വിഭജനത്തിന്റെ വിത്ത്പാകാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നായിരുന്നു എൻ ഡി എ ഘടകക്ഷിയായ പി എം കെ യുടെ പ്രസിഡന്റ് എസ് രാമദാസിന്റെ പ്രതികരണം.

ജനങ്ങളെ ഭിന്നിപ്പിക്കാൻ ആർ എസ് എസ് അജൻഡയുമായി അമിത് ഷാ എത്തിയിരിക്കുകയാണെന്ന് കർണാടക കോൺഗ്രസ് പാർട്ടി കുറ്റപ്പെടുത്തി. അതിനിടെ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾക്ക് പുറമെ കർണാടകയിൽ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. കന്നഡ സംഘടനയായ രണധീര പാഡെ പ്രവർത്തകരാണ് ബെഗളൂരുവിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP