Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിപക്ഷ നേതാവാകാൻ വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കണമെന്ന് ആരാണ് ചെന്നിത്തലയെ പഠിപ്പിച്ചത്? മരടിലെ ഫ്ളാറ്റ് മുതലാളിമാർക്ക് ഖജനാവിൽ നിന്നും കാശെടുത്ത് നഷ്ടപരിഹാരം കൊടുക്കണമെന്ന് പറയാൻ ഖജനാവ് ചെന്നിത്തലയുടെ പിതാവിന്റെ വകയാണോ? ഫ്ളാറ്റ് കമ്പനികൾക്കെതിരെ ഒരക്ഷരം മിണ്ടാതെ നാടകം കളിക്കുന്ന ഫ്ളാറ്റുടമകൾ സ്വയം പണി വാങ്ങുമ്പോൾ..

പ്രതിപക്ഷ നേതാവാകാൻ വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കണമെന്ന് ആരാണ് ചെന്നിത്തലയെ പഠിപ്പിച്ചത്? മരടിലെ ഫ്ളാറ്റ് മുതലാളിമാർക്ക് ഖജനാവിൽ നിന്നും കാശെടുത്ത് നഷ്ടപരിഹാരം കൊടുക്കണമെന്ന് പറയാൻ ഖജനാവ് ചെന്നിത്തലയുടെ പിതാവിന്റെ വകയാണോ? ഫ്ളാറ്റ് കമ്പനികൾക്കെതിരെ ഒരക്ഷരം മിണ്ടാതെ നാടകം കളിക്കുന്ന ഫ്ളാറ്റുടമകൾ സ്വയം പണി വാങ്ങുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അതിന്റെ നേതാക്കന്മാരും സമുദായ നേതാക്കന്മാരും മരടിലെ മുന്നൂറ്റി അമ്പതിലധികം വരുന്ന ഫ്‌ളാറ്റുടമകൾക്ക് വേണ്ടി രാഷട്രീയവും മതവും മറന്ന് ഒരുമിച്ച് നിൽക്കുകയാണ്. ആ മുന്നൂറ്റി അമ്പത് പേരും അവിടെ താമസിക്കുന്ന ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം പേരും അവരുടെ സമ്പാദ്യം മുഴുവൻ മുടക്കി വാങ്ങിയ ഫ്‌ളാറ്റ് ഒരു സുപ്രഭാതത്തിൽ പൊളിച്ചുകളയാൻ പറയുന്നത് അന്യായമാണെന്നും ആ പാവങ്ങളുടെ കണ്ണുനീരിനോട് തലതിരിഞ്ഞ് നിൽക്കാൻ പാടില്ല എന്നും എല്ലാവരും ഒരുപോലെ പറയുന്നു. നാട് ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായ പി എസ് ശ്രീധരൻ പിള്ളയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള സർവ്വ നേതാക്കൾക്കും ഇക്കാര്യത്തിൽ ഒരേ മനസ്സാണ്.

 ഇതിലെ ഏറ്റവും വലിയ ആവേശക്കമ്മിറ്റിക്കാരൻ പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണ്. ചെന്നിത്തല കഴിഞ്ഞ ഒരാഴ്‌ച്ചയായി എല്ലാ ദിവസവും മുടങ്ങാതെ ഫ്‌ളാറ്റ് ഉടമകൾക്ക് വേണ്ടി പ്രസ്താവന ഇറക്കിക്കൊണ്ടിരിക്കുന്നു. അവരുടെ കണ്ണുനീരിന്റെ മുമ്പിൽ നെഞ്ച് പൊട്ടിപ്പോകുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത് മൂന്ന് പരിഹാര ക്രിയകളുമായാണ്. ഒന്ന്- ഫ്‌ളാറ്റ് സംബന്ധിച്ച മൂന്നംഗ കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ പാളിച്ച സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടുക. രണ്ട്- ഫ്‌ളാറ്റുടമകളുടെ വാദം കൂടി കേട്ട ശേഷം അന്തിമ വിധി പ്രഖ്യാപിക്കുക. മൂന്ന്- ഫ്‌ളാറ്റ് പൊളിച്ച് കളഞ്ഞേ തീരൂ എന്നുണ്ടെങ്കിൽ തത്തുല്യമായ നഷ്ടപരിഹാരം സർക്കാർ നൽകുക.

പ്രതിപക്ഷ നേതാവിനോട് എനിക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ. കേരളത്തിന്റെ ഖജനാവ് രമേശ് ചെന്നിത്തലയുടെ പിതാവിന്റെ വകയാണോ എന്ന് മാത്രം. പ്രതിപക്ഷ നേതാവായിരിക്കണം എങ്കിൽ വിവരക്കേട് തുടർച്ചയായി വിളമ്പണം എന്ന് ചെന്നിത്തലയെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടെങ്കിൽ അവരെ രാഷ്ട്രീയം പഠിപ്പിക്കാൻ പറഞ്ഞുവിടുക. ഈ പറഞ്ഞിരിക്കുന്ന മൂന്ന് നിർദ്ദേശങ്ങളും നിയമവിരുദ്ധവും, അപ്രായോഗികവും, അനുവദനീയവുമല്ല. മൂന്നംഗ കമ്മിറ്റി തെറ്റായ റിപ്പോർട്ട് കൊടുത്തു എന്നത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണം എന്നതാണ് ആദ്യത്തെ നിലപാട്. രണ്ടാമത് പറയുന്നത് ഫ്‌ളാറ്റുടമകളുടെ വാദം കേൾക്കണം എന്നാണ്. ഇത് രണ്ടും മുമ്പേ കഴിയേണ്ടതായിരുന്നു. മുമ്പേ ചെയ്യേണ്ടതായിരുന്നു. അത് ചെയ്യുന്നതിനിള്ള സാഹചര്യവും അവസരവും ഫ്‌ളാറ്റിൽ താമസിക്കുന്നവർക്ക് ഉണ്ടായിരുന്നു.

അപ്പോൾ ആ ഉത്തരവാദിത്തം മുഴുവൻ ഫ്‌ളാറ്റ് നിർമ്മിച്ച കമ്പനിയുടെ പുറത്ത് വെച്ച് അവർ കയ്യൊഴിഞ്ഞു. സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കുകയും തുടർന്ന് റിവ്യൂ ഹർജി നൽകുകയും ചെയ്ത ശേഷം ഇത്തരത്തിലുള്ള ഒരു നീക്കവും പ്രസക്തമല്ല. മൂന്നാമത്തെ ഏറ്റവും നീചമായ നിർദ്ദേശമാണ്. ഏതാണ്ട് ഒരു കോടിയോളം രൂപ വരും ഒരു ഫ്‌ളാറ്റിന്റെ വില. അതായത് 350 കോടിയോളം രൂപ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നെടുത്ത് പുനരധിവാസത്തിന് മുടക്കണം എന്ന് പറയുന്നത് ഏത് നിയമത്തിന്റെയും ഏത് കീഴ്‌വഴക്കത്തിന്റെയും അടിസ്ഥാനത്തിലാണ്. വെള്ളപ്പൊക്കവും പ്രളയവും മൂലം വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾ ഈ നാട്ടിലുണ്ട്. അതാരുടെയും കയ്യിലിരുപ്പ് കൊണ്ട് ഉണ്ടായതല്ല. പ്രകൃതിയുടെ തിരിച്ചടിയായിരുന്നു. എന്നിട്ട് ഈ സർക്കാർ കൊടുക്കാൻ അനുവദിച്ചിരിക്കുന്നത് പരമാവധി അഞ്ച് ലക്ഷം രൂപയാണ്.

ആ അഞ്ചുലക്ഷം രൂപയുടെ പകുതി പോലും കിട്ടാതെ ഇന്നും പുനരധിവാസ ക്യാമ്പുകളിൽ നരകിക്കുകയാണ് പാവങ്ങൾ. ആ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കോടിക്കണക്കിന് രൂപ വിലയുള്ള വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ട് ആ നഷ്ടപരിഹാരം മുഴുവൻ സർക്കാർ കൊടുത്തോ. ഇല്ല. അഞ്ച് ലക്ഷം രൂപയാണ് സർക്കാരിന് കൊടുക്കാൻ നിയമപരമായി സാധിക്കുന്നത്. അത് മാത്രമാണ് സർക്കാർ കൊടുത്തത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP