Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ സഹായം നൽകിയാൽ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തൽ; മരടിൽ പരിഹാര ഫോർമുലയായി പാർട്ടി മുന്നോട്ടു വെക്കുന്നത് നിർമ്മാതാക്കൾ മറ്റ് പ്രൊജക്ടുകളിൽ പുതിയ ഫ്ളാറ്റ് നൽകണം എന്ന്; അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാൽ എങ്ങനെയും തടിയൂരാൻ സിപിഎം ശ്രമം; തുടക്കത്തിൽ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാൻ

കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ സഹായം നൽകിയാൽ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തൽ; മരടിൽ പരിഹാര ഫോർമുലയായി പാർട്ടി മുന്നോട്ടു വെക്കുന്നത് നിർമ്മാതാക്കൾ മറ്റ് പ്രൊജക്ടുകളിൽ പുതിയ ഫ്ളാറ്റ് നൽകണം എന്ന്; അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാൽ എങ്ങനെയും തടിയൂരാൻ സിപിഎം ശ്രമം; തുടക്കത്തിൽ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രീംകോടതി വിധികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പിണറായി സർക്കാറിനോളം പുലിലാവ് പിടിച്ച മറ്റൊരു സർക്കാർ ഉണ്ടോ എന്ന കാര്യം സംശയമാണ്. ശബരിമല യുവതിപ്രവേശന വിധി നടപ്പിലാക്കാൻ തീരുമാനിച്ച ഇതേ സർക്കാറിത് സഭാ തർക്കത്തിലെ കോടതി വിധി നടപ്പിലാക്കാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്. കൂടാതെ ഇപ്പോൾ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവു വന്നതോടെ ഒരേ സമയം രണ്ട് വള്ളത്തിൽ കാലുവെച്ചിരിക്കയാണ് പിണറായി സർക്കാർ. ഒരു വശത്ത് ഫ്‌ളാറ്റ് ഉടമകൾക്ക് വേണ്ടി നിലപാട് കൈക്കൊള്ളുമ്പോൾ തന്നെ മറുവശത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് കോടതി വിധി നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുക എന്നതാണ്.

കോടതി വിധി പ്രകാരം ഫ്‌ളാറ്റുകൾ പൊളിക്കണ്ടി വന്നാൽ, സർക്കാറിൽ നിന്നും സഹായം ഒരുക്കാമെന്ന നിലപാടിലേക്കെന്ന വിധത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. എന്നാൽ കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് വേണ്ടി നിലകൊണ്ടാൽ അത് കനത്ത തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് ധാരണയുണ്ടായിട്ടുണ്ട്. അതു കൊണ്ട് ഖജനാവിനെ തൊട്ടു തൽക്കാലം കളിക്കേണട എന്ന നിലപാടിലാണ് പാർട്ടി. അതേസമയം കുടിയിറക്കേണ്ട അവസ്ഥ വരുന്നവർക്ക് എന്തുമാർഗ്ഗം ഉണ്ടാക്കാം എന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുന്നു.

സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന പുതിയ സത്യവാങ്മൂലത്തിൽ വിധി അനുകൂലമായില്ലെങ്കിൽ മരട് ഫ്ളാറ്റിലെ താമസക്കാർക്കു ഫ്ളാറ്റ് നിർമ്മാതാക്കൾ പുതിയ കിടപ്പാടമൊരുക്കിക്കൊടുക്കുന്ന വിധത്തിലാണ് സിപിഎമ്മിന്റെ അനുരഞ്ജന ഫോർമുല തയ്യാറാവുന്നത്. ഫ്ളാറ്റ് നിർമ്മാതാക്കളുമായും ഉടമകളുമായും പാർട്ടിയും സർക്കാരും ചർച്ച നടത്തി തീരുമാനമെടുത്തു പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. കുടിയിറക്കപ്പെടേണ്ട അവസ്ഥ വന്നാൽ നിർമ്മാതാക്കളെ സമ്മർദ്ദത്തിലാക്കി പുതിയ ഫ്‌ളാറ്റ് ഇരകൾക്ക് കൊടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഈ വിഷയത്തിൽ നിയമങ്ങളെല്ലാം ലംഘിച്ച് ഫ്‌ളാറ്റ് നിർമ്മാണത്തിന് അനുമതി കൊടുത്തത് മരട് പഞ്ചായത്ത് സിപിഎം ഭരിക്കുന്ന കാലത്തായിരുന്നു. കൂടാതെ ഇപ്പോഴത്തെ വിവാദങ്ങളിലേക്ക് വഴിവെച്ച ടെക്‌നിക്കൽ റിപ്പോർട്ട് സുപ്രീംകോടതിയിൽ കൊടുത്ത ഉദ്യോഗസ്ഥരെ നിയോഗിച്ചതും ഈ സർക്കാറിന്റെ കാലത്തായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നം ഒതുക്കാൻ സിപിഎം നേരിട്ടു കളത്തിലിറങ്ങുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കാെത വഴിയില്ലെന്നിരിക്കെ പ്രതിസന്ധി എങ്ങനെ മറികടക്കാനാകുമെന്ന ആലോചനയിലാണ് ചർച്ചകൾ നടക്കുന്നത്. ശബരിമല വിഷയത്തിൽ സംഭവിച്ചതുപോലെ 'മരടി'ൽ സംസ്ഥാന സർക്കാർ ബലിയാടാകരുതെന്നും സിപിഎമ്മിനു നിർബന്ധമുണ്ട്. അതുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ തുടക്കത്തിൽ തന്നെ മരട് ഫ്‌ളാറ്റുകൾ സന്ദർശിച്ചതും. ഒത്തുതീർപ്പിനു ഫ്ളാറ്റ് നിർമ്മാതാക്കൾ വഴങ്ങിയില്ലെങ്കിൽ കർശന നിയമനടപടികളിലേക്കു സർക്കാർ കടക്കും. ഇത് അവരെ ബോധ്യപ്പെടുത്തും. സിപിഎം. കടുപ്പിച്ചതോടെ ഫ്ളാറ്റ് നിർമ്മാതാക്കളിൽ ചിലർ നിലപാടിൽ അയവുവരുത്തിയതായി സൂചനയുണ്ട്. വരുംദിവസങ്ങളിലേ ഇതു സംബന്ധിച്ചു വ്യക്തത വരൂ. ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിൽ ബദൽ സംവിധാനം പാർട്ടി തീരുമാനിക്കും.

തീരദേശ സംരക്ഷണമേഖലയിൽ ഫ്ളാറ്റിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടികളുണ്ടാകുമെന്നു സൂചനയുണ്ട്. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തെറ്റിദ്ധരിക്കപ്പെടുകയും തെരഞ്ഞെടുപ്പിൽ അതു കനത്ത തിരിച്ചടിക്കു കാരണമാകുകയും ചെയ്തതായാണ് സിപിഎമ്മിന്റെ അഭിപ്രായം. മരടിൽ പ്രതികൂല വിധിയുണ്ടാകാൻ ഇടയാക്കിയത് സിപിഎം നിലപാടാണെന്ന ആക്ഷേപം ഇപ്പോൾ തന്നെ ശക്തമാണ്. ഇത് സർക്കാറിനെ പഴിചാരാനുള്ള മറ്റൊരു അവസരമായി കാണുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പുതുവഴികൾ തേടാൻ സിപിഎം തീരുമാനിച്ചത്.

കണ്ണൂർ, കരുണ ഓർഡിനൻസ്, ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം തുടങ്ങി ഏറ്റവുമൊടുവിൽ മരട് ഫ്ളാറ്റ് കേസിൽവരെ വിധിപറഞ്ഞ ബെഞ്ചുകളിൽ അംഗമായിരുന്ന ജസ്റ്റിസ് അരുൺ മിശ്ര സമീപകാലത്ത് കേരളസർക്കാരിന്റെ രൂക്ഷവിമർശകനാണ്. സംസ്ഥാനസർക്കാരിനെ നിർത്തിപ്പൊരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. എന്തൊക്കെയോ കാരണങ്ങളാൽ ഈകേസുകളിലൊന്നും ജസ്റ്റിസ് മിശ്രയുടെ ഉത്തരവുകൾ പാലിക്കപ്പെടാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 'കേരളം ഇന്ത്യയിലല്ലേ?, നിയമങ്ങൾ കേരളത്തിനുബാധകമല്ലേ' തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹം ആവർത്തിക്കുന്നതിനുപിന്നിൽ ഈ കേസിലെ വിധികളോടുള്ള സർക്കാർ സമീപനത്തോടുള്ള അതൃപ്തി പ്രകടമാണ്. എന്നാൽ മരടിലും സുപ്രീംകോടതി വിധി കണ്ടില്ലെന്ന് നടിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം. ഇത് സുപ്രീംകോടതി എത്തരത്തിൽ എടുക്കുമെന്നതാണ് ഇനി നിർണ്ണായകം.

പാവങ്ങളുടെ ഭൂമി ഏറ്റെടുക്കാനും ഒഴുപ്പിക്കാനും വീറുകാണിക്കുന്ന സർക്കാർ മരടിൽ കള്ളക്കളിയാണ് തുടരുന്നത്. സർവ്വ കക്ഷിയോഗം വിളിച്ച് കേരളത്തിന്റെ പൊതു പ്രശ്നമായി മരടിലെ ഫ്ളാറ്റ് പൊളിക്കൽ മാറ്റാനാണ് നീക്കം. 350 കുടുംബങ്ങളുടെ മാത്രം പ്രശ്നമാണ് ഇത്. എല്ലാവരും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളവർ. തിരദേശ പരിപാലന ചട്ടത്തിൽ വീഴ്ച വരുത്തിയെങ്കിൽ അത് ഗുരുതര തെറ്റുമാണ്. എന്നാൽ ഫ്ളാറ്റ് ഉടമകളുടെ സമരമുയർത്തി സുപ്രീംകോടതിയുടെ വിധി നടപ്പാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് വേണ്ടിയാണ് മുഖ്യമന്ത്രി സർവ്വ കക്ഷിയോഗം വിളിക്കുന്നത്. സിപിഎമ്മും കോൺഗ്രസും ബിജെപിയും ഫ്ളാറ്റുകാർക്കൊപ്പമാണ് അതുകൊണ്ട് തന്നെ കുടിയൊഴുപ്പിക്കലിനെതിരായ ചർച്ചയാകും മരട് വിഷയത്തിൽ ഉണ്ടാവുക.

വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിർമ്മാതാക്കൾ ഇപ്പാൾ നൽകിയിരിക്കുന്നത്. പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിർമ്മാതാക്കൾ നഗരസഭാ സെക്രട്ടറിക്കു നൽകിയ കത്തിൽ വ്യക്തമാക്കുന്നു. നഗരസഭ എന്തിനാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് മനസ്സിലാകുന്നില്ലെന്നും മറുപടിക്കത്തിൽ അവർ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥരാണ് ഫ്‌ളാറ്റുകൾക്ക് കരമടയ്ക്കുന്നത്. അതിനാൽതന്നെ അവയുടെ ഉടമസ്ഥാവകാശം അവർക്കാണുള്ളതെന്നും ഫ്‌ളാറ്റ് നിർമ്മാതാക്കൾ പറയുന്നു. ഇതോടെ സർക്കാരും ഫ്ളാറ്റ് ഉടമകളും തമ്മിലുള്ള വിഷയമായി ഇത് മാറുകയാണ്.

375 കുടുംബങ്ങളാണു ഫ്ളാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്ളാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്‌കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫിസർമാർ കണയന്നൂർ തഹസിൽദാർക്കു സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം.ആരിഫ് ഖാൻ പറഞ്ഞു. ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ നൽകിയ പരസ്യത്തിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. 18ന് സംസ്ഥാന സർക്കാരിന് നൽകേണ്ട റിപ്പോർട്ട് എന്താകുമെന്നതിലും അനിശ്ചിതത്വമുണ്ട്. 20ന് ആണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണം.

അതിനിടെ മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നിന പ്രശ്‌നപരിഹാര നിർദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു കഴിഞ്ഞു. മൂന്നംഗ സമിതി സോൺ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്‌ളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരു എങ്കിൽ പുനഃരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിർദ്ദേശങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ടുവക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രിക്കും ചെന്നിത്തല കത്തയച്ചു. പുനരധിവാസത്തിന് 350 കോടി വരുമെന്ന യാഥാർത്ഥ്യം പോലും ഉൾക്കൊള്ളാതെയാണ് രമേശ് ചെന്നിത്തലയുടെ കത്തെഴുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP