Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടുകാക്കാൻ നടത്തിയ യുദ്ധങ്ങളിലെല്ലാം വിജയിച്ചെത്തിയിട്ടും നാടിന്റെ ചുവപ്പുനാട സംസ്‌കരത്തിന് മുന്നിൽ തോറ്റുപോയി; ഹവിൽദാർ കൃഷ്ണൻ നായർ വിടപറഞ്ഞത് അനുവദിച്ച ഭൂമി നേടാനായി അരനൂറ്റാണ്ടു കാലം നടത്തിയ നിയമ യുദ്ധത്തിൽ വിജയിക്കാനാകാതെ; ഹൈക്കോടതി ഉത്തരവിട്ടിട്ടും 'വാർ വിക്ടറാ'യി സേനയിൽ നിന്നും വിരമിച്ച ജവാന് നീതി നൽകാതെ അധികാരികൾ

നാടുകാക്കാൻ നടത്തിയ യുദ്ധങ്ങളിലെല്ലാം വിജയിച്ചെത്തിയിട്ടും നാടിന്റെ ചുവപ്പുനാട സംസ്‌കരത്തിന് മുന്നിൽ തോറ്റുപോയി; ഹവിൽദാർ കൃഷ്ണൻ നായർ വിടപറഞ്ഞത് അനുവദിച്ച ഭൂമി നേടാനായി അരനൂറ്റാണ്ടു കാലം നടത്തിയ നിയമ യുദ്ധത്തിൽ വിജയിക്കാനാകാതെ; ഹൈക്കോടതി ഉത്തരവിട്ടിട്ടും 'വാർ വിക്ടറാ'യി സേനയിൽ നിന്നും വിരമിച്ച ജവാന് നീതി നൽകാതെ അധികാരികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നാടിനെ കാക്കാൻ പങ്കെടുത്ത മൂന്ന് യുദ്ധങ്ങളിലും വിജയിച്ച് തിരിച്ചെത്തിയ ഹവിൽദാർ സി വി കൃഷ്ണൻ നായർ വിടപറഞ്ഞത് സംസ്ഥാനത്തെ ചുവപ്പുനാട സംസ്‌കാരത്തിനോട് പൊരുതി ജയിക്കാനാകാതെ. തനിക്ക് ആർമി ക്വാട്ടയിൽ അനുവദിച്ച് കിട്ടിയ രണ്ടേക്കറിൽ അധികം ഭൂമി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് അരനൂറ്റാണ്ട് കാലമാണ് കൃഷ്ണൻ നായർ നിയമയുദ്ധം നടത്തിയത്. എന്നാൽ, അന്തിമ വിജയം കാണാനാകാതെ കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് ഏഴാംമൈലിലെ തൃച്ചംബരം പ്ലാത്തോട്ടത്തെ ചെറിയൂര് വീട്ടിൽ കൃഷ്ണൻ നായർ മരിച്ചത്. 85 വയസ്സായിരുന്നു.

മദ്രാസ് റെജിമെന്റിലെ ഒൻപതാം ബറ്റാലിയൻ കാലാൾപ്പടയിൽ അംഗമായിരുന്നു കൃഷ്ണൻ നായർ. ഇച്ചോഗിൽ കനാൽ പിടിച്ചെടുത്ത സംഘാംത്തിൽ കൃഷ്ണൻ നായരും ഉണ്ടായിരുന്നു. യുദ്ധത്തിനിടെ പാക്കിസ്ഥാന്റെ കയ്യിൽ അകപ്പെട്ടെങ്കിലും പിന്നീട് യുദ്ധത്തടവുകാരെ മോചിപ്പിച്ചതോടെ തിരികെ എത്തി. 1965-ലും 71-ലും യുദ്ധങ്ങളിൽ പങ്കെടുത്തു. വാർ വിക്ടറായി 1976-ലാണ് വിരമിച്ചത്.

പട്ടാളസേവനം കണക്കിലെടുത്ത് 1970-ൽ ആർമി ക്വാട്ടയിൽ സർക്കാർ കാസർകോട് അഡൂർ വില്ലേജിൽ 2.60 ഏക്കർ ഭൂമിയനുവദിച്ചുവെങ്കിലും മുഴുവൻ ഭൂമിയും നൽകുന്നതിന് അധികാരികൾ നടപടി എടുത്തില്ല. അനുവദിക്കപ്പെട്ട 2.60 ഏക്കറിൽ 50 സെന്റ് മാത്രമാണ് മരിക്കുംമുൻപ് ലഭിച്ചത്. സെനികസേവനത്തിനും ചികിത്സയ്ക്കുമിടയിൽ സ്ഥലം ഉപയോഗപ്പെടുത്താനായില്ല. ഇതിനിടെ പലതവണ ചിലർ ഭൂമിയുടെ അതിർത്തി കൈയേറി. അപ്പോഴൊക്കെ റവന്യു അധികൃതർ ഇടപെട്ടു. വസ്തു കൃഷ്ണൻ നായരുടേതെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, പിന്നീടെല്ലാം കീഴ്മേൽ മറിഞ്ഞു. കൃഷ്ണൻ നായർക്കുമുൻപേ 1959-ൽ മറ്റൊരാൾക്കനുവദിച്ച ഭൂമിയാണതെന്ന് താലൂക്ക് സർവേയിൽ കണ്ടെത്തി. അവിടെനിന്നാണ് കൃഷ്ണൻ നായർ നിയമയുദ്ധം തുടങ്ങിയത്.

ബാക്കിയുള്ള 2.10 ഏക്കർ സ്ഥലം ജൂലായ് 25-നുമുൻപ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അത് ലഭിക്കാതെയാണ് ഈ വിമുക്തഭടന്റെ മരണം. ഭൂമി നൽകണമെന്നാവശ്യപ്പെട്ട് ഏപ്രിൽ നാലിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കളക്ടർക്ക് നിർദ്ദേശംനൽകിയിട്ടും ഭൂമി ലഭിച്ചില്ലെന്ന് കൃഷ്ണൻ നായരുടെ മരുമകൻ എ നാരായണൻ പറഞ്ഞു. 50 വർഷമായി നീതിക്കുവേണ്ടി നിയമയുദ്ധം നടത്തുകയായിരുന്നു ഇദ്ദേഹം.

പരാതികൾക്കൊടുവിൽ 2012-ൽ ഹൈക്കോടതിയെ സമീപിച്ചു. ആറുമാസത്തിനകം പകരംഭൂമി അനുവദിക്കാൻ 2014 ജൂൺ 30-ന് ഹൈക്കോടതി വിധിച്ചു. കോടതി ഉത്തരവ് നടപ്പായില്ല. 2015 ഫെബ്രുവരിയിൽ അന്നത്തെ റവന്യുമന്ത്രി അടൂർ പ്രകാശ് നടത്തിയ അദാലത്തിൽ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തി. ഡിസംബറിൽ ബേഡകത്ത് 50 സെന്റ് നൽകി. കൃഷിഭൂമി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞ സ്ഥലം മൊട്ടപ്പാറയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 2019 ജൂലായ് 25-നുമുൻപ് മുഴുവൻസ്ഥലവും നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാവുന്നത് കാണാതെയാണ് കൃഷ്ണൻ നായർ വിടവാങ്ങിയത്.

ഭാര്യ: ലക്ഷ്മി. മക്കൾ: ഭാനുമതി(തൃച്ചംബരം), രമേഷ്‌കുമാർ(റിട്ട. ആർമി), പ്രസന്ന(പിലിക്കോട്), സുരേഷ്‌കുമാർ(റിട്ട. ആർമി). മരുമക്കൾ: സി.കെ.നാരായണൻ(റിട്ട. ഓണററി ക്യാപ്റ്റൻ), എ.നാരായണൻ(ബി.എ.ആർ.സി. മൈസൂരു), ബിന്ദു(വേളം), ബീന(അദ്ധ്യാപിക, കോയിപ്ര). സഹോദരങ്ങൾ: നാരായണി(താഴെ ചൊവ്വ), പരേതരായ ലക്ഷ്മി, ഗോപാലൻ നായർ, ചന്തു നായർ, ജാനകി. ശവസംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കോട്ടക്കുന്ന് സമുദായശ്മശാനത്തിൽ. ജ്യേഷ്ഠൻ റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ ഗോപാലൻ നായർ വെള്ളിയാഴ്ചയാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP