Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാട്ടുതീരുമ്പോഴേക്കും ആദ്യം താളത്തിൽ കൈയടിച്ചത് സാക്ഷാൽ ഇളയരാജ; പിന്നാലെ പതിനായിരത്തോളം പേർ എണീറ്റ് നിന്ന് കാതടപ്പിക്കുന്ന കൈയടികൾ; ഇസൈജ്ഞാനി 76 ാം പിറന്നാളിന് ചെന്നൈയിലെ സ്റ്റേജ് ഷോയിൽ നേരിട്ട് പരിചയപ്പെടുത്തി പാടിപ്പിച്ചത് ഈ കൊച്ചുമിടുക്കിയെ; സൺ ടിവി റിയാലിറ്റി ഷോ സൺ സിംഗറിൽ നേടിയ കിരീടമടക്കം പ്രതിഭയിൽ മിന്നുന്ന ഏഴാം ക്ലാസുകാരി ആൻ ബെൻസൺ മറുനാടനോട് മനസ് തുറക്കുന്നു

പാട്ടുതീരുമ്പോഴേക്കും ആദ്യം താളത്തിൽ കൈയടിച്ചത് സാക്ഷാൽ ഇളയരാജ; പിന്നാലെ പതിനായിരത്തോളം പേർ എണീറ്റ് നിന്ന് കാതടപ്പിക്കുന്ന കൈയടികൾ; ഇസൈജ്ഞാനി 76 ാം പിറന്നാളിന് ചെന്നൈയിലെ സ്റ്റേജ് ഷോയിൽ നേരിട്ട് പരിചയപ്പെടുത്തി പാടിപ്പിച്ചത് ഈ കൊച്ചുമിടുക്കിയെ; സൺ ടിവി റിയാലിറ്റി ഷോ സൺ സിംഗറിൽ നേടിയ കിരീടമടക്കം പ്രതിഭയിൽ മിന്നുന്ന ഏഴാം ക്ലാസുകാരി ആൻ ബെൻസൺ മറുനാടനോട് മനസ് തുറക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാസംഗീത രംഗത്ത് ഉദിച്ചുയരുന്ന ഗായികയായി മാറുകയാണ് തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ എഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻ ബെൻസൺ. അമൃത ടിവിയിലെ ജൂനിയർ സുപ്പർസ്റ്റാറിലും സീ തമിഴിലെ സംഗീത റിയാലിറ്റി ഷോയിലും ഫൈനലിസ്റ്റ് ആയി മാറിയ ആൻ ബെൻസൺ.

സൺ സിംഗർ റിയാലിറ്റിഷോയിൽ ഒന്നാമത് എത്തുക തന്നെ ചെയ്തു. ആനിന്റെ പ്രതിഭയുടെ അളവറിയിക്കുന്ന പ്രഖ്യാപനം ഉണ്ടായത് ഇസൈ ജ്ഞാനി എന്നറിയപ്പെടുന്ന സംഗീത രംഗത്തെ മുടിചൂടാമന്നൻ ഇളയരാജയിൽ നിന്നാണ് എന്നത് ഈ പ്രതിഭയുടെ തിളക്കം കൂട്ടുകയും ചെയ്യുന്നു. തന്റെ എഴുപത്തിയാറാം പിറന്നാളുമായി ബന്ധപ്പെട്ടു ചെന്നൈയിൽ നടത്തിയ സ്റ്റേജ് ഷോയിൽ ഇളയരാജ ആനിനെ നേരിട്ട് പരിചയപ്പെടുത്തുകയാണ് ചെയ്തത്. ജനബാഹുല്യമുള്ള ഈ സ്റ്റേജ് ഷോയിൽ ആനിന്റെ പാട്ട് തീരുമ്പോൾ ആദ്യം ഉയർന്ന കയ്യടി ഇളയരാജയുടേതായിരുന്നു. ഇതിനൊപ്പം പരിപാടി വീക്ഷിച്ച പതിനായിരക്കണക്കിന് പേർ ഒരുമിച്ച് കയ്യടിച്ചപ്പോൾ പുതുപ്രതിഭയുടെ ഉദയത്തിനു തന്നെ ഇളയരാജ നൈറ്റ് സാക്ഷ്യം വഹിക്കുകയായിരുന്നു. അതിനു ശേഷം കോയമ്പത്തൂരിൽ ഇളയരാജ നടത്തിയ സ്റ്റേജ് ഷോയിലും ആനിനു പാടാൻ കഴിഞ്ഞു.

ചെറുപ്രായത്തിൽ ആൻ പാടിയ ഒട്ടനവധി ആൽബങ്ങളാണ് പുറത്തിറങ്ങിയത്. മലയാള-തമിഴ്-കന്നഡ സിനിമയിൽ പിന്നണി പാടാനും കഴിഞ്ഞു. ഇതൊക്കെ ആനിന്റെ പ്രതിഭയ്ക്ക് നിദർശനങ്ങളാകുന്നു. സംഗീതം ശ്വാസോച്ഛ്വാസംപോലെയായ കുടുംബത്തിലാണ് ആനിന്റെ ജനനം. അച്ഛൻ ബെൻസൺ സംഗീത സംവിധായകനും സൗണ്ട് എഞ്ചിനീയറും അമ്മ ലക്ഷ്മി രംഗൻ പിന്നണി ഗായികയും. കുടുംബത്തിലെ മിക്കവരും സംഗീതജ്ഞർ. ഇതേ സംഗീത പാരമ്പര്യം തന്നെയാണ് ആനും പിൻപറ്റുന്നത്. സംഗീത വഴിയിലെ തന്റെ യാത്രകളെക്കുറിച്ച്, സൺ സിംഗർ റിയാലിറ്റി ഷോയിൽ ഒന്നാമത് എത്തിയതിനെക്കുറിച്ച്, സീ തമിൾ, അമൃത ടിവി റിയാലിറ്റി ഷോകളിൽ ഫൈനലിസ്റ്റ് ആയി മാറിയതിനെക്കുറിച്ച്, ഇളയരാജയുമായുണ്ടായ അവിസ്മരണീയമായ കൂടിക്കാഴ്‌ച്ചയെക്കുറിച്ച് എല്ലാം സിനി ലൈഫിനോട് ആൻ മനസ് തുറക്കുന്നു. അഭിമുഖത്തിലേക്ക്

സംഗീത പാരമ്പര്യമുള്ള കുടുംബം. എങ്ങിനെയായിരുന്നു സംഗീത രംഗത്തേക്കുള്ള പിച്ചവയ്ക്കൽ?

സത്യം പറഞ്ഞാൽ പപ്പയും മമ്മിയും ഞാൻ പാടുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല. അവർ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാൻ പാടുമെന്നു അവർ മനസിലാക്കിയത്. അന്ന് സ്റ്റുഡിയോയിൽ ക്ഷേത്രത്തിന്റെ സോങ്ങിന്റെ വർക്ക് നടക്കുകയായിരുന്നു. അമ്മ പാടുന്ന പാട്ട് അമ്മ റെക്കോഡ് ചെയ്യുന്നത് കണ്ടിട്ട്, എനിക്കാണെങ്കിൽ സ്യൂട്ടിന്റെ അകത്ത് കയറി ഒരു വരിയെങ്കിലും പാടണം. എനിക്ക് ഭയങ്കര നിർബന്ധമായിരുന്നു. ഞാൻ ഭയങ്കര കരച്ചിൽ ഒക്കെ ആയിരുന്നു. അന്ന് അമ്മയും പപ്പയും കൂടെ എന്തെങ്കിലും ആകട്ടെ എന്ന് പറഞ്ഞിട്ട് സ്യൂട്ടിന്റെ അകത്ത് കയറ്റിയിട്ട് ഒരു മൈക്കും വെച്ച് തന്നു. അപ്പം ഞാൻ അമ്മ പാടിയ പാട്ട് തന്നെ എന്തോ ഒരു ട്യൂണിട്ട് പാടി. അപ്പോഴാണ് ശരിക്കും, അത് കറക്റ്റായിട്ട് പാടി. അമ്മേ അമ്മേ ശ്രീഭദ്രകാളി.... ഈ പാട്ടായിരുന്നു അന്ന് പാടിയത്. അപ്പോഴാണ് ഞാൻ പാടും എന്ന് എല്ലാവരും കണ്ടുപിടിച്ചത്.

അതിനു ശേഷം വേറെ ഏത് പാട്ട് പാടാൻ അവസരം വന്നു?

എനിക്ക് അഞ്ചു വയസായപ്പോൾ പപ്പ ഇറക്കിയ ഒരു സിഡി ഒരു കൃഷ്ണന്റെ കാസറ്റ് കൃഷ്ണാഞ്ജനം എന്ന് പറഞ്ഞുള്ളത്. ആ കാസറ്റിൽ ഞാൻ പാടും എന്ന് പറഞ്ഞുകൊണ്ട്, ആ സമയത്ത് കുട്ടി എന്ന നിലയിൽ ഞാൻ നന്നായി പാടുമായിരുന്നു. ആ കാസറ്റിൽ എനിക്ക് ഒരു പാട്ടുപാടാൻ പപ്പ അവസരം തന്നു. ഉണ്ണിക്കണ്ണാ ഓടിവാ....ഓടക്കുഴലുമായി ഓടിവാ...കണ്ണാ നീ എൻ അരികിൽ വന്നാൽ നിറയെ വെണ്ണ തരാം... എന്ന പാട്ടായിരുന്നു അത്.

കുറെ ആൽബങ്ങളിൽ പാടാൻ അവസരം കിട്ടി?

അൻപതോളം ആൽബങ്ങളിൽ ഇതുവരെ പാടാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യ ആൽബം കന്നഡയിൽ ആയിരുന്നു. കൂടുതൽ ആൽബങ്ങളും മലയാളത്തിലാണ് പാടിയത്.

അമൃതാ ടിവിയിലെ ജൂനിയർ സുപ്പർസ്റ്റാറിൽ എത്തുന്നത് എങ്ങിനെ?

സത്യത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു എൻട്രി ആയിരുന്നു അത്. എന്റെ അമ്മയുടെ കസിൻ സജിൻ ജയരാജ് സിംഗർ ആണ്. ഒരു ആഡ് മൊബൈലിൽ കണ്ടിട്ട് അമ്മയ്ക്ക് അയച്ചു കൊടുത്തു. അമ്മ എനിക്ക് പോകാൻ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് ഭയങ്കര താത്പര്യം ആണെന്ന്. എനിക്ക് ആ സമയത്ത് അധികം പാട്ടുകൾ അറിയാമായിരുന്നില്ല. അവിടെ കുറെ റൗണ്ട് പാടാനുണ്ട്. അതുകൊണ്ട് അത്രയും സ്റ്റഫ് ഒന്നും ഇല്ലല്ലോ? അതുകൊണ്ട് അടുത്ത റൗണ്ട് കുറച്ചു കൂടി കഴിഞ്ഞു പോകാം എന്ന് അമ്മ പറഞ്ഞു.

ഞാൻ സമ്മതിച്ചില്ല. എനിക്ക് പോകണം എന്ന് തന്നെ വാശി പിടിച്ചു ഞാൻ തന്നെ സജിൻ ചേട്ടനെ വിളിച്ചു പറഞ്ഞു. എനിക്ക് പോകണം ആഗ്രഹമുണ്ട്. എനിക്ക് ഒരു ആപ്ലിക്കേഷൻ കൊടുക്കാം എന്നൊക്കെ പറഞ്ഞു അപേക്ഷ നൽകി. ആദ്യത്തെ ഓഡിഷൻ കുറെ സ്ഥലങ്ങളിൽ ആയിട്ടുണ്ടായിരുന്നു. എറണാകുളം, തൃശൂർ അങ്ങിനെ.... തിരുവനന്തപുരത്ത് ഓഡിഷൻ വന്നപ്പോൾ അമ്മയും അമ്മൂമ്മയും ഞാനും ഒരുമിച്ചാണ് പോകുന്നത്. ഞാൻ പാടാൻ പോകുന്നതിനു തൊട്ടു മുൻപാണ് പപ്പ വന്നത്. ടോക്കൺ നമ്പർ ഒക്കെ എടുത്ത് പാടാറായപ്പോഴാണ് പപ്പ വന്നത്. ഞാൻ എല്ലാവരുടെയും അനുഗ്രഹം വാങ്ങിച്ചിട്ട് അകത്തേക്ക് കയറി.

ജഡ്ജസ് പേര് ചോദിച്ചു. സുജാത ആന്റിയും സ്‌റീഫൻ ദേവസിയും വിജയ് യേശുദാസ് സാറുമായിരുന്നു. എന്നോടു പേര് ചോദിച്ചു. പേരൊക്കെ പറഞ്ഞു. എങ്ങിനെയുള്ള പാട്ട് പാടാനാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചു. എനിക്ക് എല്ലാം ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞു. എന്നാൽ ശരി ഒരു പാട്ട് പാടാൻ പറഞ്ഞു. മേരാ ദോൽനാ എന്ന് പറഞ്ഞ ശ്രേയാ ഘോഷാൽ പാട്ട് ആണ് പാടിയത്. പാട്ട് വളരെ നന്നായി എന്ന് അവർ പറഞ്ഞു. അത് കഴിഞ്ഞു മലയാളം സോങ്ങ് പാടാൻ പറഞ്ഞു. ഞാൻ മൈനാകം എന്ന പാട്ട് പാടി. അതും നന്നായി എന്ന് പറഞ്ഞു. അത് കഴിഞ്ഞിട്ട് എന്നെ അടുത്ത് വിളിച്ച് ഒരു സർട്ടിഫിക്കറ്റ് തന്നു. എന്നിട്ട് ഞാൻ സെലക്റ്റ് ആയി എന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷമായി. അങ്ങിനെയുള്ള ഒരു സെലക്ഷൻ ആയിരുന്നു. അത് കഴിഞ്ഞു വീണ്ടും സെലക്ഷൻ ഉണ്ടായിരുന്നു. സെലക്ഷൻ റൗണ്ടിൽ ഞാൻ സെലക്റ്റ് ആയി.

പതിനെട്ടു പേരെയാണ് അവർ തിരഞ്ഞെടുത്തത്. പപ്പായുടെ ഫോണിൽ സുജാതയാന്റിയാണ് ഞാൻ സെലക്റ്റ് ആയ വിവരം പറയുന്നത്. അത് കഴിഞ്ഞു വൺ മന്ത് ആയപ്പോഴേക്കും ഷോ സ്റ്റാർട്ട് ചെയ്തു. അങ്ങിനെയായിരുന്നു സുപ്പർ സ്റ്റാർ ജൂനിയറിന്റെ എൻട്രി.

ഫൈനൽ റൗണ്ട് വരെ എത്തും എന്ന് കരുതിയിരുന്നോ?

ഒരിക്കലുമില്ല. അതേ ഫൈനലിസ്റ്റ് ആയിരുന്നു അതിൽ. ശരിക്കും ഫസ്റ്റ് റൗണ്ടിൽ രണ്ടു പാട്ട് പാടാൻ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ. ഞാൻ അത്രയേ വിചാരിച്ചുള്ളൂ. ഫൈനൽ വരെ എത്തും എന്ന് വിചാരിച്ചില്ല.

എങ്ങനെ ഈ ഷോയിൽ പിന്തള്ളപ്പെട്ടു പോയി?

ഞാൻ ഫസ്റ്റ് ടൈം ആണ് റിയാലിറ്റി ഷോയിൽ. അതുകൊണ്ട് എനിക്ക് ഫൈനൽ വരെ എത്താൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമാണ്. ടൈറ്റിൽ അത് ഞാൻ പ്രതീക്ഷിച്ചില്ല. ഫൈനൽ വരെ എത്തുന്നത് വരെ വലിയ കാര്യമാണ്. ഞാൻ പാടിയത്, എന്നെക്കാൾ വലിയ കുട്ടികൾ ആയിരുന്നു. ആ ചേച്ചികളും ചേട്ടന്മാരും ഒരുപാട് എന്നെ സപ്പോർട്ട് ചെയ്തു. അതുപോലെ തന്നെ ഞാൻ പാടി. ഫൈനൽ റൗണ്ട് വരെ എത്തുകയും ചെയ്തു.

എങ്ങനെയാണ് സീ തമിൾ റിയാലിറ്റി ഷോയിൽ എത്തിപ്പെട്ടത്?

സൂപ്പർ സ്റ്റാർ ജൂനിയറിൽ എന്റെ പാട്ട് കേട്ടിട്ട് വിളിച്ചതാണ്. അതൊരു വൈൽഡ് കാർഡ് എൻട്രി ആയിരുന്നു. ക്വാർട്ടർ ഫൈനൽസിന്റെ തൊട്ടു മുൻപുള്ള റൗണ്ടിലാണ് വിളിച്ചത്. ക്വാർട്ടർ ഫൈനൽസിലും സെലക്ടായി സെമി ഫൈനൽസിലും സെലക്ടായി. അത് കഴിഞ്ഞു ഫിനാലെയിൽ കയറി. അതിലും ഫൈനൽ സെലക്ഷൻ ആയി. അത് ഒട്ടും പ്രതീക്ഷിക്കാത്ത വേറൊരു വേദിയായിരുന്നു. 25000 ആളുകൾ പങ്കെടുത്ത ഒരു വേദിയിലായിരുന്നു അന്നത്തെ ഫൈനൽ.മറക്കാൻ പറ്റാത്ത ഒരു മോമെന്റ്‌റ് ആണ് അത്. എനിക്ക് ഒരു പാട് എക്‌സ്പീരിയൻസുണ്ടായിരുന്നു അന്ന്. ജഡ്ജസ് ഒക്കെ ഒരു പാട് കമന്റ്‌സ് പറഞ്ഞു.

അതിനു ശേഷമാണ് സൺ സിംഗർ റിയാലിറ്റി ഷോയിലേക്ക് വരുന്നത്?

സൺ സിംഗറിൽ ജേതാവായി. രണ്ടു റിയാലിറ്റി ഷോ പോയി കുറച്ചൊക്കെ ഒരു ഇതായിട്ടു വരുകയായിരുന്നു. അപ്പോഴാണ് സൺ സിംഗറിന്റെ ഇതൊക്കെ വരുന്നത്. അത് ജസ്റ്റ് ഒരു മെസ്സേജിൽ ആണ് വന്നത്. സൺ സിംഗറിന്റെ പ്രൊഡ്യൂസർ ഇട്ട ഒരു മെസ്സേജ് ആണ്, സൺ സിംഗർ സെവൻ തുടങ്ങുന്നു. മോൾക്ക് വരാൻ താത്പര്യമുണ്ടോ? ജസ്റ്റ് ഒരു മെസ്സേജ് ആണ്. അത് കണ്ടിട്ട് താത്പര്യമുണ്ട്. എവിടെയാണ് ഓഡിഷൻ എന്നൊക്കെ ചോദിച്ചിട്ട് നമ്മൾ അതിനു പ്രിപ്പയർ ആയി പോയതാണ്. ഓഡിഷൻ ഒക്കെ സെലക്റ്റ് ആയി. അവർക്ക് വലിയ സന്തോഷമായി.

എനിക്ക് പറയാനുള്ളത് ജഡ്ജസ് വളരെ സപ്പോർട്ട് ആയിരുന്നു. മനോജ് സർ, കൃഷ് സാർ, മഹതി മേം. ഇവർ മൂന്നു പേരായിരുന്നു. സീ സരിഗമയിൽ പോയതുകൊണ്ട് കുറച്ച് തമിഴ് അറിയാമായിരുന്നു.സത്യത്തിൽ അവിടെ പോകുന്ന സമയത്ത് ഒന്നും അറിയില്ലായിരുന്നു. നമ്മൾ എങ്ങിനെ പറയും, എങ്ങിനെ പഠിക്കും അതൊക്കെ ഡൗട്ട് ആയിരുന്നു. അവിടെ ചെന്നിട്ടു കുറച്ച് ട്രെയിൻഡ് ആയതുകൊണ്ട് സൺ സിംഗറിൽ ചെറുതായി തമിഴ് സംസാരിക്കാൻ കഴിഞ്ഞു. ഫസ്റ്റ് റൗണ്ടിൽ തന്നെ സെലക്ഷൻ കിട്ടി. നല്ല മാർക്ക് കിട്ടി.

സൺ സിംഗറിൽ വിജയി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

സൺ സിംഗർ ഫിനാലെ ടൈറ്റ് കോംപറ്റീഷൻ ആയിരുന്നു. ആറുപേർ ആയിരുന്നു ഫിനാലെയിൽ ഉണ്ടായിരുന്നത്. അവര് എല്ലാവരും വളരെ ടഫ് ആയിരുന്ന റൗണ്ട്‌സ് ഒക്കെയായിരുന്നു സെലക്റ്റ് ചെയ്ത് പാടിയത്. രണ്ടു റിയാലിറ്റി ഷോയിൽ പോയിട്ട് ഞാനൊരു ഫൈനലിസ്റ്റ് ആണ്. എനിക്ക് അതിനു പറ്റും എന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷെ ഫസ്റ്റ് കിട്ടും ടൈറ്റിൽ വിൻ ചെയ്യാൻ പറ്റും എന്നൊക്കെ പ്രതീക്ഷിക്കാൻ കഴിയാത്ത കാര്യമായിരുന്നു. പിന്നെ എനിക്ക് രണ്ടു തവണ ഏക്‌സ്പീരിയൻസ് ഉള്ളതുകൊണ്ട് വലുതായിട്ട് ഒന്നും പ്രതീക്ഷിച്ചില്ല.

ഫിനാലെയിൽ സിംഗാര വെലനെ എന്ന പാട്ടാണ് പാടിയത്. ഇതാണ് ക്ലാസിക്കൽ റൗണ്ടിൽ ഫൈനലിൽ പാടിയത്. ഫിനാലെയിൽ മറക്കാൻ പറ്റാത്ത മോമെന്റ്‌റ് എന്ന് പറയുന്നത് എല്ലാവരും മറക്കാൻ പറ്റാത്ത കമന്റ്‌സ് ഒക്കെ നൽകി എന്നതാണ്. അതൊക്കെ വലിയ ബ്ലെസ്സിങ്‌സ് ആയിരുന്നു. അത് ഒരു എയിറ്റ് മന്ത്‌സ് ആയിരുന്നു ഷോ. നീണ്ടുനിന്ന ഹാർഡ് വർക്കിന്റെ ഭാഗമായാണു വിൻ ചെയ്യാൻ പറ്റിയത്. എന്ന് ഞാൻ വിചാരിക്കുന്നു.

ഇളയരാജാ ഷോയിലേക്ക് സൺ സിംഗർ ആണോ എത്തിക്കുന്നത്?

അതെ. സൺ സിംഗറിൽ ഓർക്കസ്ട്ര കണ്ടക്റ്റ് ചെയ്തത് ഫ്‌ളൂട്ടിസ്റ്റ് ശശികുമാർ സർ ആയിരുന്നു. സർ പറഞ്ഞിട്ടാണ്. ഫിനാലെ ഒക്കെ കഴിഞ്ഞിട്ട് ഒരു സെലിബ്രേഷൻ റൗണ്ട് ഉണ്ടായിരുന്നു. ആ സെലിബ്രേഷൻ റൗണ്ടിൽ പാടി കഴിഞ്ഞിട്ട് പോകുന്ന സമയത്ത് സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു രാജാ സാറിന്റെ ഒരു പ്രോഗ്രാം വരുന്നുണ്ട്. അതിൽ ഉറപ്പായിട്ടും ഞാൻ റെക്കമൻഡ് ചെയ്യും എന്ന് പറഞ്ഞു. ഞാൻ ഒരുപാട് സന്തോഷത്തോടെ തിരിച്ചു പോയി.

അത് കഴിഞ്ഞിട്ട് വൺ മന്ത് അടുപ്പിച്ച് ആയപ്പോൾ സാർ വീണ്ടും വിളിച്ചു. രാജാ സാറിനു മോളുടെ പാട്ട് കേൾക്കണമെന്നു ആഗ്രഹമുണ്ട്. പെട്ടെന്ന് തന്നെ വരാൻ കഴിയുമോ എന്നൊക്കെ ചോദിച്ചു. ഞങ്ങൾ ആ സമയത്ത് തിരുവനന്തപുരത്ത് നിൽക്കുകയായിരുന്നു. സർ വിചാരിച്ചു ഞങ്ങൾ ചെന്നെയിൽ ഉണ്ടായിരിക്കുമെന്ന്..ഞങ്ങൾ വിശദാംശങ്ങൾ ചോദിച്ചു. ഒരു ദിവസം വൈകീട്ട് വിളിച്ച് നാളെ രാവിലെ സാറിനെ കാണണം എന്ന് പറഞ്ഞു. അതല്ലെങ്കിൽ ഒരു മാസം കഴിഞ്ഞു മാത്രമേ കാണാൻ കഴിയൂ എന്ന് പറഞ്ഞു. അതിനാൽ ഒമ്പത് മണിക്ക് മുൻപ് വരാൻ കഴിയുമെങ്കിൽ വരണമെന്ന് പറഞ്ഞു.

കുറച്ച് ടെൻഷൻ ആയിരുന്നു. വൈകീട്ട് ഞങ്ങൾ തിരുവനന്തപുരത്ത് ആണുള്ളത്. പെട്ടെന്ന് എങ്ങിനെ ചെന്നൈ എത്താൻ കഴിയും എന്ന് ആലോചിച്ചു. രാജാ സാറിനു ഓഡിയോ അയച്ചു കൊടുത്താൽ മതി എന്ന് പറഞ്ഞു. രാജാ സർ പറഞ്ഞിട്ട് ഓഡിയോ അയച്ചു കൊടുക്കുന്നത് എന്തോ ഒരു.. അങ്ങിനെ അയക്കണ്ടാ നേരിൽ കാണാം എന്ന് തന്നെ കരുതി. അങ്ങിനെ ഫ്‌ളൈറ്റ് പിടിച്ചിട്ടാണ് രാജാ സാറിനെ കാണാൻ പോകുന്നത്.

പറഞ്ഞ സമയത്ത് തന്നെ സ്റ്റുഡിയോയിൽ എത്തി.വലിയ ബ്ലെസിങ്‌സ് ആയിരുന്നു. അര മണിക്കൂർ ഞങ്ങൾ കാത്തിരുന്നു. സർ വിളിപ്പിച്ചു. ഇളയരാജ സാറിന്റെ പെഴ്‌സണൽ റൂമിൽ പോയി. ഒരു വലിയ കസേരയിൽ സാർ ഇരിക്കുന്നു. സാറിന്റെ മാനേജരും ഉണ്ടായിരുന്നു. ഒരു സൈലന്റ് ആയിരുന്ന പ്ലെയിസ് ആയിരുന്നു. ഞാനും അമ്മയും ആണ് കയറിയത്.

സുപ്പർ സ്റ്റാറിൽ പോകുന്ന സമയത്തെ രാജാ സാറിന്റെ പാട്ടുകൾ പാടാറുണ്ടായിരുന്നു. അത്രയും എനിക്ക് പാട്ടുകൾ ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ ആകെ ഷോക്ക്ഡ് ആയ മാതിരി തോന്നി. ഞാൻ റൂമിന്റെ അകത്തേക്ക് കയറി. സാറിന്റെ ബ്ലസ്സിങ്‌സ് ഒക്കെ വാങ്ങിച്ചു. സാർ ഒരു പാട്ട് പാടാൻ പറഞ്ഞു. ഞാൻ സാറിന്റെ ചിത്രാ ആന്റി പാടിയ കാറ്റോഡ് കുഴലിൻ എന്ന പാട്ടാണ് പാടിയത്. സാർ നല്ലാരുക്ക് എന്ന് പറഞ്ഞു ചിരിച്ചു.ഒരു പാട് സന്തോഷം തോന്നി.ഞാൻ സാറിന്റെ ബ്ലസിങ്‌സ് വാങ്ങിച്ചിട്ട് ഞാൻ പുറത്തോട്ടു വന്നു. എന്നിട്ട് മാനേജർ സാർ വിളിക്കാം എന്ന് പറഞ്ഞു.

ചെന്നെയിൽ വലിയമ്മയുടെ വീടുണ്ട്. വലിയമ്മയും സിംഗർ ആണ്. വലിയമ്മയുടെ വീട്ടിൽ എത്തി ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ രാജാ സാറിന്റെ സ്റ്റുഡിയോയിൽ നിന്ന് കോൾ വന്നു. സാറിന്റെ മാനേജർ ആയിരുന്നു. ജൂൺ രണ്ടാം തീയതി പ്രോഗ്രാമുണ്ട്. രാജാ സാറിന്റെ പിറന്നാൾ ആണ്. 76 ആം പിറന്നാൾ സെലിബ്രേഷൻ ആണ്. ചെന്നെയിൽ രാജാ സാറിന്റെ പ്രോഗ്രാമുണ്ട്. അതിനു മോൾക്ക് വരാൻ കഴിയുമോ എന്നാണ് ചോദിച്ചത്. ഞാൻ ഷോക്ക്ഡ് ആയി. പ്രോഗ്രാമിന് വിളിക്കും എന്നൊന്നും കരുതിയിരുന്നില്ല. സന്തോഷത്തോടെയാണ് തിരിച്ചു തിരുവനന്തപുരത്ത് വന്നത്. എല്ലാവരോടും ഈ കാര്യം എല്ലാം പറഞ്ഞു.

ജൂൺ ഫസ്റ്റ് ആയപ്പോൾ ചെന്നെയിൽ എത്തി. പ്രാക്ടീസ് ഒക്കെ നന്നായിട്ട് പോയി. സ്റ്റേജ് എന്നൊക്കെ പറഞ്ഞാൽ നൂറിലധികം ഓർക്കസ്ട്രയുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ മുന്നിലാണ് ഞാൻ പാടിയത്. പിന്നെ കുറെ സിംഗേഴ്‌സ് ഉണ്ടായിരുന്നു. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഉഷാ ഉതുപ്പ് മാം, യേശുദാസ് സാർ, എസ്‌പിബി സാർ തുടങ്ങി വലിയ ലജൻസിന്റെ കൂടെ എനിക്ക് ഒരു പാട്ട് പാടാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ്. ഞാൻ പാടി ഒരുപാട് സന്തോഷമുണ്ട്. രാജാ സാറിന്റെ അഴകുമലരാടാം എന്ന പാട്ടാണ് പാടിയത്. വലിയ കയ്യടികൾ കിട്ടി. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നു അത്.

വേറൊരു സംഭവം കൂടി നടന്നു. സ്റ്റേജിൽ കയറിയപ്പോൾ നൊട്ടേഷൻ ബുക്ക് വയ്ക്കുന്ന ബുക്ക് സ്റ്റാൻഡ് കണ്ടില്ല. രാജാ സാർ സാറിന്റെ സ്റ്റാന്റ് എടുത്ത് വച്ചു തന്നു. എനിക്ക് അത് വലിയ മോമെന്റ്‌റ് ആയി മാറി. സാറിന്റെ നൊട്ടേഷൻ സ്റ്റാന്റ് എടുത്ത് എനിക്ക് തരുക എന്നൊക്കെ പറഞ്ഞപ്പോൾ അത് വലിയ കാര്യമാണ്. ആളുകൾ കയ്യടിച്ചു. സാറും കയ്യടിച്ചു. അതും വലിയ അംഗീകാരമായി. സർ എല്ലാവരുടെ അടുത്തും കയ്യടിക്കാൻ പറയുകകൂടി ചെയ്തു. അത്രയും വലിയ മോമെന്റ്‌റ് ആയിരുന്നു രാജാ സാറിന്റെ ബെർത്ത്ഡേ സെലിബ്രെഷനിൽ പാടിയ അനുഭവം.

അതിനു ശേഷം വീണ്ടും രാജാ സാറിന്റെ പ്രോഗ്രാമിൽ പാടി?

കോയമ്പത്തൂർ ആയിരുന്നു രാജാ സാറിന്റെ അടുത്ത സ്റ്റേജ് പ്രോഗ്രാം. അതിലും പാടി. വീണ്ടും സ്റ്റേജ് ഷോയിലേക്ക് വിളിച്ചപ്പോൾ അതും വലിയ സന്തോഷമായി. അന്നും എനിക്ക് പാടാൻ കഴിഞ്ഞു.

പിന്നണി പാടിയ ആദ്യ ഗാനം ഇതായിരുന്നു?

കന്നഡ സിനിമാ ഗാനം ആണത്. എം.എ.മുഹമ്മദ് സാർ സംവിധാനം ചെയ്ത വിജയ് പ്രകാശ് സാറുമായുള്ള ഒരു ഡ്യുയറ്റ് ആയിരുന്നു. ധൈര്യം എന്ന് പറഞ്ഞ സിനിമയിലാണ് പാടിയത്. ഒരിക്കലും പ്രതീക്ഷിച്ചതല്ല അങ്ങിനെ ഒരു അവസരം ലഭിക്കുമെന്ന്. അത് വളരെ നന്നായി പാടാൻ കഴിഞ്ഞു. അത് റിലീസായി.

മലയാളം സിനിമയിൽ പിന്നണി പാടി?

കന്നഡ സിനിമയ്ക്ക് ശേഷമാണ് ശ്രേയാ ജയദീപിന്റെ കൂടെ പിന്നണി പാടി. അത് ഡ്യുയറ്റ് ആയിരുന്നു. അത് കഴിഞ്ഞിട്ട് മരണം ദുർബലം എന്ന സിനിമയിൽ പാടി. അത് റിലീസ് ആകാൻ പോകുന്നതെയുള്ളൂ. അത് എന്റെ പപ്പ ബെൻസൺ തന്നെയാണ് സംഗീത സംവിധാനം. അതും വലിയ സന്തോഷമാണ്. പരമാത്മാ പൊരുളെ എന്ന് തുടങ്ങുന്ന ഗാനമാണത്. അതിനു ശേഷം വിശാൽ ചന്ദ്രശേഖർ സാറുടെ തമിഴ് മൂവിയിൽ ആയിരുന്നു പാടിയത്. അതും റിലീസ് ആകാൻ പോകുന്നതെയുള്ളൂ. ഞാനും സൺ സിംഗറിൽ എന്റെ കൂടെയുണ്ടായിരുന്ന രണ്ടു കണ്ടസ്റ്റന്റ്‌സ് കൂടി ചേർന്നാണ് പാടിയത്. ഒരു വലിയ ഗ്രൂപ്പ് ആയിട്ടാണ് പാടിയത്. അതിലും സോളോ ആയി പാടാൻ അവസരം കിട്ടി. ഇനിയും തമിഴിൽ അവസരം വന്നിട്ടുണ്ട്.

സ്‌കൂളിൽ നിന്നുള്ള പിന്തുണയൊക്കെ എങ്ങിനെ?

ഞാൻ കവടിയാർ ക്രൈസ്റ്റ് നഗർ എഴാം ക്ലാസിലാണ് പഠിക്കുന്നത്. സ്‌കൂൾ അധികൃതരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രിൻസിപ്പലും ടീച്ചേഴ്‌സും ഒക്കെ വലിയ പിന്തുണ നൽകുന്നു. സുഹൃത്തുക്കളിൽ നിന്നുള്ള പിന്തുണ വേറെയും ലഭിക്കുന്നു.

ഭാവിയിൽ എന്താകാനാണ് ആഗ്രഹം?

പിന്നണി ഗായിക ആകാനാണ് ആഗ്രഹം. ഒരു ഡോക്ടർ ആകണം എന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പ്ലേ ബാക്ക് സിംഗർ തന്നെ ആകണമെന്നാണ് എന്റെ ആഗ്രഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP