Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ

എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം വിളിപ്പാടകലെയെന്ന് മുന്നറിയിപ്പേകുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സൗദിയിലെ എണ്ണപ്പാടത്തിന് മേൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തി ക്രൂഡ് ഓയിൽ ഉൽപാദനത്തിന് തടസമുണ്ടാക്കിയത് ഇറാൻ തന്നെയാണെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചതിനെ തുടർന്നാണ് യുദ്ധസാധ്യത പെരുകിയിരിക്കുന്നത്. ഇറാൻ തന്നെയാണ് ഈ ആക്രമണത്തിന് പുറകിലെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ സൗദി പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ പ്രസ്തുത ആക്രമണത്തിന് പുറകിൽ തങ്ങളല്ലെന്നും മറിച്ച് ഇത് അമേരിക്കൻ ഭീകരതയാണെന്നുമാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്.

ഇതിനെ തുടർന്ന് പരസ്പരം യുദ്ധഭീഷണി ഉയർത്തി യുഎസ് പ്രസിഡന്റ് ട്രംപും ഇറാൻ പരമാധികാരി ആയത്തൊള്ള ഖൊമയ്നിയും മത്സരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കാര്യങ്ങൾ കൈ വിട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എണ്ണവില ഇറാഖ് യുദ്ധകാലത്തെ മറി കടന്നിരിക്കുകയാണ്. യുദ്ധത്തെ നേരിടാനെന്ന മട്ടിൽ എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കങ്ങളും സജീവമാണ്. ചുരുക്കിപ്പറഞ്ഞാൽ ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധഭൂമിയിലേക്ക് തന്നെയാണെന്നാണ് മുന്നറിയിപ്പ്.

എണ്ണപ്പാടം ആക്രമിച്ചത് ഇറാൻ തന്നെയെന്ന് തെളിവുകൾ നിരത്തി സൗദി

ആഗോള എണ്ണവിതരണത്തെ തന്നെ ഗുരുതരമായി ബാധിച്ചിരിക്കുന്ന എണ്ണപ്പാട ആക്രമണത്തിന് പുറകിൽ ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി ആക്രമണത്തിന്റെ വിശദീകരിച്ചുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളാണ ്സൗദി പുറത്ത് വിട്ടിരിക്കുന്നത്.ഇതിനായി ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങൾ ഇറാനിൽ നിർമ്മിച്ചവയാണെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും ഇവ ഹൂതി റിബലുകൾ അവകാശപ്പെടുന്നത് പോലെ യെമനിൽ നിർമ്മിച്ചവയല്ലെന്നും സൗദി മിലിട്ടറി വക്താവ് കൊളോണൽ തുർക്കി അൽ മൽകി പറയുന്നു.

ഇറാന് ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നതിന് എന്താണ് നേരിട്ടുള്ള തെളിവെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണത്തിന് ശേഷം എല്ലാം തുറന്ന് കാട്ടാമെന്നാണ് മൽകി ഉറപ്പേകുന്നത്. ഇറാന് ശക്തമായ തിരിച്ചടി നൽകാൻ തങ്ങൾ ആയുധങ്ങളെയും സൈന്യത്തെയും സജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നും ആക്രമണണത്തിന് പിന്നിൽ ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും യുഎസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പേകിയിരുന്നു.യെമനിൽ സൗദി കടന്ന് കയറിയതിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണ് സൗദിയിലെ എണ്ണപ്പാടത്ത് നടന്ന ആക്രമണമെന്നാണ് തിങ്കളാഴ്ച ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനി പ്രതികരിച്ചിരുന്നത്.

സാമ്പത്തിക ഭീകരതയെന്ന് ഇറാൻ

സൗദിയിലെ എണ്ണപ്പാടത്തെ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന ആരോപണം തുടർച്ചയായി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇറാൻ. ഈ ആക്രമണത്തിന് ഉത്തരവാദ ികൾ തങ്ങളാണെന്ന് അമേരിക്ക കെട്ടിച്ചമച്ചതാണെന്നും ഇത് അമേരിക്കയുടെ സാമ്പത്തിക ഭീകരതയ്ക്കുള്ള ഏറ്റവും പുതിയ ഉദാഹരണമാണെന്നും ഇറാൻ ആരോപിക്കുന്നു.അടുത്ത ആഴ്ച നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ വച്ച് ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനി യുഎസ് പ്രസിഡന്റ് ട്രംപിനെ കാണില്ലെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ യാതൊരു വിധത്തിലുള്ള വ്യവസ്ഥകളുമില്ലാതെ താൻ റൗഹാനിയെ കാണില്ലെന്ന് ഇന്നലെ ട്രംപ് പ്രസ്താവിച്ചതിനുള്ള ഇറാന്റെ പ്രതികരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഇത്തരം റിപ്പോർട്ടുകൾ താൻ സ്ഥിരീകരിക്കുന്നില്ലെന്നും ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതിയില്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അബ്ബാസ് മൗസവി പ്രതികരിച്ചിരിക്കുന്നത്.ഇറാനാണ് സൗദി എണ്ണപ്പാടത്തെ ആക്രമണത്തിന് പിന്നിലെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ ആണ് ശനിയാഴ്ച ആദ്യമായി ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ ഇത് തങ്ങളെ വ്യാജ ആരോപണത്തിൽ കുടുക്കി തകർക്കുന്നതിനുള്ള അമേരിക്കയുടെ സാമ്പത്തികഭീകരതയുടെ ഭാഗമായുള്ള നിഗൂഢ നീക്കമാണെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്.

ആശങ്കയുയർത്തി എണ്ണവില കുതിച്ചുയരുന്നു; നിയന്ത്രിക്കുമെന്ന് അമേരിക്കൻ വാഗ്ദാനം

ശനിയാഴ്ച രാവിലെ സൗദിയിലെ ഓയിൽ ടൗണായ അബ്ഖായിഖിൽ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് സൗദിയിലെ ക്രൂഡ്ഓയിലിന്റെ പകുതിയിലധികം അല്ലെങ്കിൽ ആഗോള വിതരണത്തിന്റെ അഞ്ച് ശതമാനം നശിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ആക്രണത്തെ തുടർന്ന് സൗദിയിൽ ദിവസത്തിൽ 5.7 മില്യൺ ബാരലുകളുടെ ഉൽപാദനമാണ് തടസപ്പെട്ടിരിക്കുന്നത്. എണ്ണവില ഇരട്ടിയായേക്കാമെന്നും ഇതിനെ തുടർന്ന് ബാരലിന് 100ഡോളറാകുമെന്നുമാണ് വിദഗ്ദർ മുന്നറിയിപ്പേകുന്നത്.

സൗദി ആരാംകോയുടെ ഖുറൈസ്, അബ്കായിക് പ്ലാന്റുകളിലുണ്ടായ ആക്രമണത്തെ തുടർന്ന് കടുത്ത തീ പിടിത്തമുണ്ടായെന്നും ധാരാളം ക്രൂഡ് ഓയിൽ നശിച്ചുവെന്നും സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അബ്ദുൾ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരൻ സ്ഥിരീകരിച്ചിട്ടുണ്ട്.ലോകമാകമാനം കുതിച്ചുയരുന്ന എണ്ണവിലയെ നിയന്ത്രിക്കുന്നതിനായി തങ്ങളുടെ ഓയിൽ റിസർവ് പൂറത്തിറക്കുമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് നടപ്പിലാകുമോ എന്ന സംശയം നിറഞ്ഞ ചോദ്യമാണ് ലോകത്തിന് മുന്നിലുയരുന്നത്.

വർധിച്ച എണ്ണവിലയെ നേരിടാൻ ലോകമാകമാനം വിവിധ തരത്തിലുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. ഇതിന് പുറമെ ഇറാനും യുഎസും തമ്മിലുള്ള യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും ലോകമാകമാനം വിവിധ രാജ്യങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.ഇതിനോട് അനുബന്ധിച്ച് വിവിധ സൈനിക നീക്കങ്ങളും സജീവമാണ്.

റഷ്യയും ചൈനയും സമവായത്തിന്

അതിനിടെ .ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തിൽ പൂർണ വിവരം കിട്ടാതെ എടുത്തുചാടരുതെന്നും നിയന്ത്രണം പാലിക്കണമെന്നും റഷ്യയും ചൈനയും യുഎസിനോട് ആവശ്യപ്പെട്ടു. യെമനിലെ സൈനിക, രാഷ്ട്രീയ പ്രതിസന്ധിയുടെ ഫലമാണ് സൗദിക്കു നേരെയും തിരിച്ചും ജനവാസ മേഖലകളിൽ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ആക്രണത്തിനു മറുപടിയായി യുഎസ് ചിന്തിക്കുന്ന രീതിയിലുള്ള സൈനിക നടപടി ഒട്ടും സ്വീകാര്യമല്ലെന്നും റഷ്യ വ്യക്തമാക്കി. ഇറാനെതിരെ സൈനിക നടപടിയക്കുറിച്ചുള്ള ആലോചനകൾ ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

ട്രംപിന്റെ പ്രതികരണത്തിൽ ഇറാനെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസം ഇറാനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമെന്നു പറഞ്ഞിരുന്നു. ആക്രമണത്തെ അപലിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ഫോണിൽ ബന്ധപ്പെട്ടു പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ അപലപിച്ചു. ഫ്രാൻസ് സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഹൂതി ആക്രമണം മേഖലയുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് യൂറോപ്യൻ യൂണിയനും അഭിപ്രായപ്പെട്ടു.

ഇതിനിടെ, എണ്ണ പ്ലാന്റുകൾ ലക്ഷ്യമിട്ട ഡ്രോൺ വിക്ഷേപിച്ചത് തങ്ങളുടെ അതിർത്തിയിൽനിന്നല്ലെന്ന് ഇറാഖ് വിശദീകരിച്ചു. ഇറാഖിന്റെ പ്രധാനപ്പെട്ട 2 സഖ്യരാജ്യങ്ങളാണ് യുഎസും ഇറാനും. പുതിയ സംഭവത്തോടെ ഇറാഖും പ്രതിസന്ധിയിലായി. ഇറാഖിൽനിന്ന് കുവൈത്തിനു മുകളിലൂടെയാണ് ഡ്രോൺ സൗദി അതിർത്തിയിലെത്തിയതെന്നു സംശയിച്ചിരുന്നു. എന്നാൽ, ഇറാഖ് അതിർത്തിയിൽനിന്നല്ല ഡ്രോൺ പുറപ്പെട്ടതെന്നു തങ്ങൾക്കു മനസ്സിലായതായി യുഎസ് അധികൃതർ തങ്ങളെ അറിയിച്ചതായി ഇറാഖ് വ്യക്തമാക്കി. അരാംകോ ആക്രമണത്തോടെ കാര്യങ്ങൾ കൂടുതൽ വഷളായെങ്കിലും ന്യൂയോർക്കിൽ അടുത്തയാഴ്ച നടക്കുന്ന യുഎൻ സമ്മേളനത്തിൽ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി ട്രംപ് കൂടിക്കാണുമെന്ന സൂചന വൈറ്റ് ഹൗസ് നൽകിയെങ്കിലും സാധ്യത കുറവാണെന്ന മട്ടിലാണ് ഇറാന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP