Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കരാറുകാർക്ക് ശ്രദ്ധ പാറപൊട്ടിച്ച് നീക്കുന്നതിൽ മാത്രം; മല മുകളിൽ അപകട ഭീഷിണിയുയർത്തി നിൽക്കുന്ന വന്മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിടത്തു തന്നെ; നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് ഒച്ചിഴയും വേഗത്തിലും; കൊച്ചി - ധനുഷ്‌കോടി വാഹനയാത്ര ദുരന്തഭീതിയിൽ തന്നെ

കരാറുകാർക്ക് ശ്രദ്ധ പാറപൊട്ടിച്ച് നീക്കുന്നതിൽ മാത്രം; മല മുകളിൽ അപകട ഭീഷിണിയുയർത്തി നിൽക്കുന്ന വന്മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിടത്തു തന്നെ; നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് ഒച്ചിഴയും വേഗത്തിലും; കൊച്ചി - ധനുഷ്‌കോടി വാഹനയാത്ര ദുരന്തഭീതിയിൽ തന്നെ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതിൽ കരാറുകാരുടെ ഭാഗത്തുനിന്നും ബോധപൂർവ്വമായ നീക്കം ഉണ്ടാവുന്നുണ്ടെന്നും ഇത് പാറ പൊട്ടിച്ച് നീക്കി കോടികൾ കൊയ്യുന്നതിനാണെന്നുമാണ് ഉയർന്നിട്ടുള്ള ആരോപണം.മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള പ്രദേശത്ത് പാതയിൽ പലസ്ഥലത്തും പാറ പൊട്ടിച്ച് നീക്കി വീതി കൂട്ടേണ്ടതുണ്ട്.ഇത്തരത്തിൽ പൊട്ടിച്ച് മാറ്റുന്ന കല്ല് സമീപപ്രദേശങ്ങളിലെ റോഡ് നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുകയും മിച്ചമുള്ളത് ഇവിടെ നിന്നും മറ്റുജില്ലകളിലേയ്ക്ക് കടത്തുകയും ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.രഹസ്യമായി ഇവിടെ നിന്നും സമീപ ജില്ലകളിലേയ്ക്ക് കരിങ്കല്ലുമായി ടിപ്പറികൾ പോകുന്നുണ്ടെന്ന് പൊലീസിലും വിവരം ലഭിച്ചിട്ടുണ്ട്.ദുരന്ത ഭീഷിണി നിലനിൽക്കുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപായിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള നവീകരണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വളരെ വേഗത കുറഞ്ഞിരിക്കുന്ന നിലയിലാണ്.

പാറപൊട്ടിച്ച പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവുമെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്.ഒട്ടുമിക്ക സ്ഥലങ്ങളിലും റോഡിന് ആവശ്യമായതിലും കൂടുതൽ പ്രദേശത്തെ പാറ പൊട്ടിച്ച് നീക്കിയിട്ടുള്ളതായിട്ടാണ് ലഭ്യമായ വിവരം.നേര്യംമംഗലം മുതൽ ഹൈറേഞ്ച് മേഖലയിലൂടെ കടന്ന പാതയുടെ ചില സ്ഥലങ്ങളിൽ ഒരു വശം ചെങ്കുത്തായ മലകളും മറുവശം അഗാതഗർത്തവുമാണ്.കഴിഞ്ഞ വർഷം പ്രളയമുണ്ടയപ്പോഴും ഈ വർഷം കനത്ത മഴപെയ്തപ്പോഴും പാതയിൽ പയിടത്തും ഉരുൾപൊട്ടിയും മണ്ണിടിഞ്ഞുവീണും മറ്റും ഗതാഗതം മുടങ്ങിയിരുന്നു.പ്രളയത്തിനുശേഷം പാത സുരക്ഷിതപ്പെടുത്തുന്നതിന് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ ആരംഭിച്ചിരുന്നു.ഒരു വലിയ വാഹനത്തിന് മാത്രം കടന്നുപോകുന്നതിന് വീതിയുള്ള പ്രദേശങ്ങളും ഉൾപ്പെട്ടിരുന്ന പാത ദേശീയ നിലവാരത്തിൽ വീതി വർദ്ധിപ്പിച്ചും ദുരന്ത ഭീഷിണി ഒഴിവാക്കിയും നവീകരിക്കുന്നതിനായിരുന്നു അധികൃതർ രൂപരേഖ തയ്യാറാക്കിയിരുന്നത്.

പാതയോരങ്ങളിലെ മലമുകളിൽ നിൽക്കുന്ന വന്മരങ്ങൾ ദുന്തഭീഷിണി സൃഷ്ടിക്കുന്നുണ്ടെന്നും അതിനാൽ ഇവമുറിച്ചുമാറ്റണമെന്ന് ദേശീയപാത അധികൃതർ സംസ്ഥാന വനംവകുപ്പിനോടാവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല.മുറിക്കുന്ന മരങ്ങൾ സ്റ്റോക്ക് ചെയ്യാൻ ഇടമില്ലന്ന വാദം നിരത്തി വനംവകുപ്പ് ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് സൂചന.കഴിഞ്ഞ ദിവസം കൂവപ്പാറയ്ക്ക് സമീപം തോണ്ടിമലയിൽ വൻ ഉരുൾപൊട്ടലുണ്ടായത് മേഖലയിലെ ദുരന്ത സാധ്യതയുടെ നേർസാക്ഷ്യമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഒരു മല അപ്പാടെ കൊച്ചി -ധനുഷ്‌കോടി പാതയിലേയ്ക്ക് പതിക്കുകയായിരുന്നു.

പാതയോരത്തെ മലയിടിഞ്ഞ് റോഡിൽ പതിച്ചതിനൊപ്പം വൻതോതിൽ ജലപ്രവാഹവും ഉണ്ടായി.മുകളിൽ നിന്നെത്തിയ കല്ലും മണ്ണും മരങ്ങളും റോഡിൽ അടിഞ്ഞുകൂടിയിരുന്നു.കാര്യമായ മഴയില്ലാത്ത അവസരത്തിലാണ് മലയിടിഞ്ഞത് എന്നത് പ്രദേശവാസികളെ ഭീതിയിലാഴ്തിയിട്ടുണ്ട്.ബോഡിമെട്ടിലേയ്ക്കുള്ള പ്രധാന പാതകളിലൊന്നായ ഇതുവഴി മിക്ക സമയത്തും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.ബൈക്കിലെത്തിയ രണ്ട് പേർ മലയിടിഞ്ഞുവരുന്നതിനടിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപെട്ടത്.ഇവരുടെ ബൈക്കുകൾ മണ്ണിനടിയിലായിരുന്നു.

അപകടം തിരിച്ചറിഞ്ഞ് ബൈക്ക് യാത്രക്കാർ ഓടുന്നത് കണ്ടതിനാൽ മാത്രമാണ് പുറകെ കാറിൽ വരിയായിരുന്ന അഞ്ചംഗ സംഘത്തിന്റെ ജീവൻ രക്ഷപെട്ടത്.യുവാക്കൾ ഓടി മാറുന്നത് ശ്രദ്ധിയിൽപ്പെട്ട കാർ ഡ്രൈവർ ഉടൻ കാർ നിർത്തുകയായിരുന്നു.കാർ നിർത്തിയതിന് തൊട്ടടുത്തുവരെ മണ്ണു കല്ലും വെള്ളവും എത്തിയിരുന്നു.വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു ഇരുൾപൊട്ടൽ സംഭവിച്ചതെങ്കിൽ അത് വലിയ ദുരന്തമായി മാറുമായിരുന്നെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.

4 മണിയോടടുക്കുമ്പോൾ മുതൽ നിറയെ തൊഴിലാളികളുമായി ഒന്നിന് പുറകെ ഒന്നായി നൂറിലേറെ ജീപ്പുകളാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തിരിക്കുന്നത്.ഈ സമയത്ത് മലിടിഞ്ഞിരുന്നെങ്കിൽ ചുരുങ്ങിയത് രണ്ട് ജീപ്പുകളും ഇതിലെ യാത്രക്കാരും മണ്ണിനടിയിൽപ്പെടുമായിരുന്നെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.ജെ സി ബിയുടെ സഹായത്തോടെ റോഡിലെ മാർഗ്ഗ തടസ്സം നീക്കി രാത്രി 7 മണിയോടടുത്ത് ഇതുവഴി ഗതാഗതംപുനഃസ്ഥാപിച്ചെങ്കിലും ദുന്തഭീഷിണി വിട്ടകന്നിട്ടില്ല.ഏറെ തിരക്കുള്ള ഈ ദേശീയപാതയുടെ മൂന്നാർ മേഖലയിലെ നവീകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി,ദുരന്ത ഭീതി അകറ്റാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാവണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP