Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?

താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സുപ്രീം കോടതിയുടെ ഉത്തരവുപ്രകാരം പൊളിക്കേണ്ട മരടിലെ ഫ്ളാറ്റുകളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തിന്റെ ഭാരം പൊതു ഖജനാവിൽ കെട്ടിവയ്ക്കാനുള്ള സമരത്തിന് പിന്നിലെ ശക്തികൾ ഫ്ളാറ്റ് നിർമ്മാതാക്കൾ. നഷ്ടപരിഹാരം സർക്കാരിൽ നിന്ന് വാങ്ങി നൽകും. അല്ലാത്ത പക്ഷം ഏത് വിധേനയും പൊളിക്കുന്നത് തടയും എന്നീ ഉറപ്പാണ് ഉടമകൾക്ക് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. നിർമ്മാതാക്കളുടെ ഉപദേശപ്രകാരമാണു ഫ്ളാറ്റുടമകൾ കേസുമായി നീങ്ങുന്നതെന്നതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉടമകളിലാരും നഷ്ടപരിഹാരത്തിനു വേണ്ടി നിർമ്മാതാക്കൾക്കെതിരേ കോടതിയെ സമീപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മരടിൽ കരുതലോടെ നീങ്ങാൻ പിണറായി സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഭരണപരിഷ്‌കരണ കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ അടക്കമുള്ള വിമർശനങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

ഫ്ളാറ്റ് വിൽപ്പനയിലൂടെ 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളാണു രാഷ്ട്രീയ പിന്തുണയോടെ തലയൂരാൻ നീക്കം നടത്തുന്നത്. ഇതിന് സിപിഎം എംഎൽഎയുടെ പോലും പിന്തുണയുണ്ട്. ഫ്‌ളാറ്റ് പൊളിക്കാൻ നിയമ നടപടി എടുക്കുന്ന നഗരസഭാ സെക്രട്ടറി എം ആരിഫ് ഖാനെ സമ്മർദ്ദത്തിലാക്കാൻ തൃപ്പുണിത്തുറ എംഎൽഎ കൂടിയായ എം സ്വരാജ് രംഗത്ത് വന്നത് ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നുണ്ട്. ഫ്ളാറ്റ് ഉടമകളെ ഒഴുപ്പിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയാണ് സ്വരാജ് നടത്തിയത്. എന്തിനാണ് താൻ ഇവിടേക്ക് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് സ്വരാജ് തട്ടി കയറി. സുപ്രീംകോടതി വിധി നടപ്പാക്കാനെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഫ്ളാറ്റിൽ നഗരസഭ നോട്ടീസ് ഒട്ടിച്ചതിനെ പോലും എംഎൽഎ ചോദ്യം ചെയ്തു. ഈ വിഷയത്തിൽ വി എസ് അച്യുതാനന്ദൻ നടത്തിയ പ്രതികരണം സ്വരാജ് അടക്കമുള്ളവരെ വെട്ടിലാക്കിയിട്ടുണ്ട്.

അതിനിടെ കോടതി ഉത്തരവുണ്ടായാൽ ഫ്ളാറ്റുകൾ ഒഴിയേണ്ടി വരികയോ പൊളിച്ചു കളയുകയോ ചെയ്യും എന്ന് വ്യക്തമാക്കിയാണ് കെട്ടിട്ട നിർമ്മാതാക്കൾക്ക് നഗരസഭ നിർമ്മാണ അനുമതി നൽകിയത് എന്ന് രേഖകളിൽ നിന്നും വ്യക്തമായി. ഫ്ളാറ്റ് നിർമ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് നഗരസഭ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് കൈവശവകാശരേഖ കൈമാറിയത്. കെട്ടിട്ടം എപ്പോൾ വേണമെങ്കിലും പൊളിച്ചു മാറ്റേണ്ടി വരും എന്ന നഗരസഭയുടെ നിബന്ധന അംഗീകരിച്ചാണ് ഫ്ളാറ്റ് നിർമ്മാതാക്കൾ കെട്ടിട്ടം നിർമ്മിച്ചതും അത് വിറ്റതും. അതുകൊണ്ടു തന്നെ ബിൽഡർമാർക്ക് കൈകഴുകാൻ കഴിയുകയുമില്ല. ജെയിൻ, ആൽഫ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റ് നിർമ്മാതാക്കളുടെ പാർപ്പിട സമുച്ചയങ്ങൾക്കാണ് മരട് നഗരസഭ മേൽപ്പറഞ്ഞ രീതിയിൽ യുഎ നമ്പർ കൈമാറിയത്. നിയമം ലംഘിച്ച് നിർമ്മിക്കുന്ന കെട്ടിട്ടങ്ങൾക്കാണ് യുഎ നമ്പർ നൽകുന്നത്. യുഎ നമ്പർ നൽകിയിരിക്കുന്ന കെട്ടിട്ടങ്ങൾ എപ്പോൾ വേണമെങ്കിലും പൊളിച്ചു കളയാൻ സാധിക്കും. ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ പാർപ്പിട സമുച്ചയങ്ങൾക്കും ഉപാധികളോടെയാണ് കെട്ടിട്ട നമ്പർ നൽകിയിരിക്കുന്നത്.

തീരദേശസംരക്ഷണനിയമം ലംഘിച്ചതിനെ തുടർന്ന് മരട് നഗരസഭ നേരത്തെ തന്നെ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിൽഡർമാർ കോടതിയിൽ നിന്നും കിട്ടിയ ഇടക്കാല വിധിയുടെ ബലത്തിലാണ് ഫ്ളാറ്റുകളുടെ നിർമ്മാണവും കച്ചവടവും നടത്തിയത്. കെട്ടിട്ട നമ്പർ നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് മരട് നഗരസഭ കെട്ടിട്ടത്തിന് ഉപാധികളോട് അനുമതി നൽകിയത്. കൈവശാവാകാശ രേഖകളിലടക്കം ഇക്കാര്യം നഗരസഭ വ്യക്തമായി പറയുന്നുമുണ്ട്. തങ്ങളുടെ ഫ്ളാറ്റുകൾക്ക് എന്തെങ്കിലും നിയമപ്രശ്നം ഉള്ളതായി കെട്ടിട്ടനിർമ്മാതാക്കൾ ഒരിക്കൽ പോലും അറിയിച്ചിട്ടില്ലെന്ന് താമസക്കാർ ആവർത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തിൽ ഇക്കാര്യങ്ങളൊക്കെ മറച്ചു വച്ചാണ് ബിൽഡർമാർ ഫ്ളാറ്റുകൾ താമസക്കാർക്ക് വിറ്റത് എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ വിമർശനവുമായി രംഗത്ത് വന്നത്.

ഇന്നലെ വൈകിട്ടു നാലരയോടെ പൊലീസ് സംരക്ഷണത്തിൽ നോട്ടീസ് നൽകാനെത്തിയ നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിലെ താമസക്കാർ ഗേറ്റിൽ തടഞ്ഞു. സ്ഥലത്തുണ്ടായിരുന്ന എം. സ്വരാജ് എംഎൽഎ. നഗരസഭാ സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്തു. ഞാൻ എന്റെ ജോലിയാണു ചെയ്യുന്നതെന്നു സെക്രട്ടറി മറുപടി നൽകി. ഗോബാക്ക് വിളികളോടെ പ്രതിഷേധം കനത്തപ്പോൾ മതിലിൽ നോട്ടീസ് പതിപ്പിച്ചശേഷം സംഘം മടങ്ങി. പൊലീസ് ഒന്നിലും ഇടപെട്ടില്ല. ഫ്‌ളാറ്റിൽ എല്ലാവിധ നിയമങ്ങളും അനുസരിച്ചും പാലിച്ചും താമസിക്കുന്നവരെ ഇറക്കിവിടാൻ വന്നാൽ അതിനെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് തടയുമെന്നാണ് എം സ്വരാജ് എംഎൽഎ പറയുന്നത്. ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന മാന്യമായി ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഒഴിപ്പിക്കൽ ഭീഷണിയിലൂടെ ഉണ്ടായിട്ടുള്ളത്. അവധിദിനത്തിൽ മരട് നഗരസഭാ സെക്രട്ടറി നൽകിയ ഒഴിപ്പിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സ്വരാജ് പറയുന്നു.

നിർമ്മതാക്കളുടെ കള്ളക്കളികളാണ് അച്യുതാനന്ദനും എൻകെ പ്രേമചന്ദ്രനും ടിഎൻ പ്രതാപനും ചർച്ചയാക്കുന്നത്. അതിനിടെ, ഫ്ളാറ്റുകൾ നിയമാനുസൃതം വിൽപ്പന നടത്തിയതാണെന്നു ചൂണ്ടിക്കാട്ടി അവർ മരട് നഗരസഭയ്ക്കു കത്തുനൽകിയത് ഇതിന്റെ ഭാഗമാണ്. അതിനിടെ കോടതികളുടെ പരിഗണനയിലുള്ള കേസിൽപ്പെട്ട വസ്തുവാണു വിൽക്കുന്നതെന്നു ബോധ്യപ്പെടുത്തിയില്ലെന്നാരോപിച്ച് ചില ഉടമകൾ നിർമ്മാതാക്കൾക്കെതിരെ തിരിഞ്ഞിട്ടുണ്ട്. വസ്തു െകെമാറ്റ നിയമപ്രകാരം നിർമ്മാതാക്കൾക്കെതിരെ ഉടമകൾക്ക് നിയമനടപടിക്കു ശ്രമിക്കാം. എന്നാൽ ഇതിന് ആരും തുനിഞ്ഞിട്ടുമില്ല. ഇതിന്റെ പിന്നിൽ ബിൽഡർമാരാണെന്നാണു സർക്കാരിന്റെ നിഗമനം. ഉടമകൾ നിർമ്മാതാക്കളുടെ തിരക്കഥയ്‌ക്കൊത്തു ചലിക്കുകയാണെന്നും തങ്ങൾ പറയുന്നതൊന്നും ഫ്ളാറ്റുടമകൾ കേൾക്കുന്നില്ലെന്നും സർക്കാർ കരുതുന്നു.

ബാധ്യത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ബിൽഡർമാരുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇത്. പൊതുതാൽപ്പര്യമെന്നു കണക്കാക്കാൻ കഴിയാത്ത കാര്യത്തിൽ ഖജനാവിലെ പണം ചെലവാക്കുന്നതു പുതിയ നിയമപ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയും ഉണ്ട്. തങ്ങൾ നിയമാനുസൃതം കൈമാറ്റം ചെയ്ത ഫ്ളാറ്റുകളുടെ കാര്യത്തിൽ ഇപ്പോൾ തങ്ങൾക്കു ബാധ്യതയില്ലെന്നാണ് മരട് നഗരസഭയ്ക്ക് നിർമ്മാതാക്കൾ നൽകിയ മറുപടിയിൽ ഉള്ളത്. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധത്തിലായ കമ്പനിയുടമകൾ ഇന്നലെ വൈകിട്ട് താമസക്കാർക്കു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. ഫ്ളാറ്റുകളുടെ ഉടമകൾക്കു നൽകേണ്ടിയിരുന്ന നോട്ടീസ് നിർമ്മാണക്കമ്പനിക്കു നൽകിയതിനെയാണു ചോദ്യംചെയ്തതെന്നും നഗരസഭയ്ക്കു നൽകിയ മറുപടി വളച്ചൊടിക്കുകയായിരുന്നെന്നും ഹോളി ഫെയ്ത്ത് കമ്പനി ഡയറക്ടർ സാനി ഫ്രാൻസിസ് പറഞ്ഞു.

പൊളിക്കേണ്ട പട്ടികയിലുള്ള ആൽഫ സെറീൻ ഡയറക്ടർ ജെ. പോൾ രാജും താമസക്കാർക്കു പിന്തുണയറിയിച്ച് ഹോളി ഫെയ്ത്തിലെത്തി. നിയമപ്രകാരം രജിസ്റ്റർ ചെയ്തു വാങ്ങിയ ഫ്ളാറ്റുകൾക്ക് ഉടമകൾ വർഷങ്ങളായി സ്വന്തം പേരിൽ നികുതി അടയ്ക്കുന്നുണ്ട്. അവർക്കു നൽകേണ്ട നോട്ടീസ് നഗരസഭ തങ്ങൾക്കു നൽകിയതിലാണ് എതിർപ്പ്. ബാധ്യതയില്ലെന്നോ െകെകഴുകിയെന്നോ പറഞ്ഞിട്ടില്ലെന്നും പോൾ രാജ് വിശദീകരിച്ചു. കെട്ടിട നിർമ്മാതാക്കൾ കൈയൊഴിഞ്ഞാലും ഫ്ളാറ്റുകൾ വിട്ടുപോകില്ലെന്ന നിലപാടിലാണ് താമസക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP