Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എണ്ണപാടങ്ങൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കയിൽ നിന്ന് വാങ്ങികൂട്ടിയത് ബില്ല്യൺ കണക്കിന് ഡോളറുകൾ ചെലവിട്ടുള്ള റഡാറുകളും മിസൈലുകളും; എന്നിട്ടും ഹൂതി വിമതരുടെ ആകാശ ആക്രമണത്തെ അതിജീവിക്കാനായില്ലെന്ന ഞെട്ടലിൽ സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാൻ ഗവേഷകരുടെ അജ്ഞാത ആയുധമെന്ന വിലയിരുത്തൽ ശക്തം; വെറുമൊരു ഡ്രോൺ ആക്രമണമല്ലെന്ന് വിലയിരുത്തി പ്രതിരോധ വിദഗ്ധരും; അത് ഡ്രോണിന്റെ രൂപമുള്ള ക്രൂസ് മിസൈലോ?

എണ്ണപാടങ്ങൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കയിൽ നിന്ന് വാങ്ങികൂട്ടിയത് ബില്ല്യൺ കണക്കിന് ഡോളറുകൾ ചെലവിട്ടുള്ള റഡാറുകളും മിസൈലുകളും; എന്നിട്ടും ഹൂതി വിമതരുടെ ആകാശ ആക്രമണത്തെ അതിജീവിക്കാനായില്ലെന്ന ഞെട്ടലിൽ സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാൻ ഗവേഷകരുടെ അജ്ഞാത ആയുധമെന്ന വിലയിരുത്തൽ ശക്തം; വെറുമൊരു ഡ്രോൺ ആക്രമണമല്ലെന്ന് വിലയിരുത്തി പ്രതിരോധ വിദഗ്ധരും; അത് ഡ്രോണിന്റെ രൂപമുള്ള ക്രൂസ് മിസൈലോ?

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ കേന്ദ്രമായ സൗദി അറേബ്യയിലെ പ്രധാന എണ്ണപ്പാടത്തിനെതിരെ യെമൻ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഞെട്ടി അമേരിക്കയടക്കമുള്ള വമ്പൻ പ്രതിരോധ ശക്തികൾ. സൗദിയിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കു പോലും ഹൂതികളുടെ ആയുധങ്ങളെ നേരിടുന്നതിൽ പരാജയപ്പെട്ടു. എന്നാൽ സൗദിക്കെതിരെ ഹൂതികൾ പ്രയോഗിച്ചത് വിചിത്ര ആയുധമായിരുന്നു എന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് ഇറാന്റെ പങ്ക് സംശയിക്കുന്നതും.

സൗദി അറേബ്യയിലെ എണ്ണ പ്ലാന്റുകളെ ഡ്രോൺ ആക്രമിച്ചിട്ടില്ല. ഗൈഡഡ് ക്രൂസ് മിസൈലുകളാണ് ആക്രമണത്തിനു പിന്നിലെന്നും സംശയമുണ്ട്. ഇതുകൊണ്ടാണ് വിചിത്ര ആയുധത്തിനു പിന്നിൽ ഇറാൻ ആണെന്ന് സൗദിയും അമേരിക്കയും വിലയിരുത്തുന്നത്. 'ഡ്രോണുകളിലൊന്നിന്റെ' അവശിഷ്ടങ്ങൾ സൗദി പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. ചിത്രങ്ങൾ വിലയിരുത്തി അതൊരു ഡ്രോൺ ആയിരുന്നില്ല എന്നാണ് പ്രതിരോധ വിദഗ്ദ്ധർ പറയുന്നത്. ഡ്രോണിന്റെ രൂപമുള്ള ക്രൂസ് മിസൈൽ ആണെന്നാണ് അവരുടെ വാദം.

സൗദി പ്രതിരോധ സേന വെടിവച്ചിടാൻ ശ്രമിച്ചിട്ടും ശത്രുക്കൾ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് തന്നെ ആയുധം പതിച്ചു. ഡ്രോണുകൾക്ക് ഇത്രയും വ്യാപകമായി നാശനഷ്ടം സൃഷ്ടിക്കാൻ കഴിയില്ല. ഇറാന്റെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ ആയുധമാണ് ഇതെന്നാണ് വാദം. പുതിയ ആയുധങ്ങളുടെ പരീക്ഷണത്തിനു ഇറാൻ ഹൂതികളെ ഉപയോഗപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്. ആയുധത്തിനറെ ആകൃതി വളരെ മെലിഞ്ഞതായിരുന്നു. എന്നാൽ സങ്കീർണ്ണവും. ആയുധത്തിന്റെ രൂപവും സ്വഭാവവും പരിശോധിക്കുന്നുണ്ട്. വിദഗ്ധരുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഇതൊരു വിചിത്ര ക്രൂസ് മിസൈൽ ആണെന്നാണ്. നിർമ്മാണം ഇറാനും.

ആയുധത്തിന്റെ നിർമ്മാണ തീയതി സ്ഥിരീകരിച്ചിട്ടില്ല. എവിടെ നിർമ്മിച്ചതാണെന്നതും അജ്ഞാതമാണ്. ഇറാനിയൻ നിർമ്മിത സൗമർ ക്രൂസ് മിസൈലുമായി ഇതിനു സാമ്യമുണ്ടെന്നാണ് വിലയിരുത്തൽ. 2000 കളിൽ യുക്രെയ്‌നിൽ നിന്ന് അനധികൃതമായി വാങ്ങിയ കെഎച്ച് -55 മിസൈലുകളെ റിവേഴ്‌സ് എൻജിനീയറിങ് വഴി പരിഷ്‌കരിച്ചെടുത്തതാണ് സൗമർ ക്രൂസ് മിസൈൽ.

സൗദിക്ക് സുരക്ഷയൊരുക്കുന്നത് അമേരിക്കയുടെ പാട്രിയേറ്റ് മിസൈലുകളും റഡാറുകളുമാണ്. 65 ബില്ല്യൺ ഡോളറാണ് എണ്ണപാടങ്ങളുടെ സുരക്ഷയ്ക്കായി സൗദി ആയുധങ്ങളും മിസൈലുകളും മറ്റും വാങ്ങാൻ ഈയിടെ ചെലവാക്കിയത്. അമേരിക്കൻ നിർമ്മിത ആയുധങ്ങളുടെ പ്രതിരോധ കരുത്തിലെ വിശ്വാസം സൗദിക്ക് നഷ്ടമാകുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. പുതു പുത്തൻ റഡാറുകളും വാങ്ങി. എന്നിട്ടും ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രത്തെ ഹൂതികൾക്ക് ലക്ഷ്യം വയ്ക്കാനായത് സൗദിയെ ഞെട്ടിച്ചു. അമേരിക്കൻ നിർമ്മിത ഉപകരണങ്ങളുടെ പരാജയമാണ് ഇതെന്ന് നിഗമനം അതിശക്തമാണ്. ഇതോടെ റഷ്യൻ നിർമ്മിത ആയുധങ്ങളിലേക്ക് സൗദി തിരിയാനും സാധ്യത ഏറെയാണ്.

സൗദിയിലെ എണ്ണ പാടങ്ങളെ തകർക്കാനും കപ്പലുകളെ ആക്രമിക്കാനും ഡ്രോണുകളെയാണ് ഹൂത്തികൾ സാധാരണ ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ ഇത്തവണത്തെ ആക്രമണം ഇറാൻ നേരിട്ട് നടത്തിയതാണെന്ന സംശയം സൗദിക്കുണ്ട്. വടക്ക് ഭാഗത്ത് നിന്നെത്തിയ അജ്ഞാത ആയുധം ഇറാനിൽ നിന്നോ ഇറാന്റെ നിയന്ത്രണത്തിലുള്ള ഇറാഖിലെ സുരക്ഷിത കേന്ദ്രത്തിൽ നിന്നോ തൊടുത്ത് വിട്ടതാകാമെന്നാണ് നിഗമനം. ആക്രമണത്തിന് ഉപയോഗിച്ച സാങ്കേതിക വിദ്യയും ഇറാന്റെ പങ്കിലേക്കാണ് വിരൽ ചുണ്ടുന്നതെന്ന് സൗദിയും അമേരിക്കയും പറയുന്നു.

അതിനിടെ ആക്രമണത്തോടെ ഉത്പാദനം ഭാഗികമായി നിർത്തിവെച്ച അരാംകോ എണ്ണക്കന്പനിയുടെ പ്രവർത്തനവും എണ്ണവിതരണവും ചൊവ്വാഴ്ച രാത്രിയോടെ പുനഃസ്ഥാപിച്ചതായി സൗദി ഊർജകാര്യമന്ത്രി റിയാദിൽ പ്രഖ്യാപിച്ചു. തീവ്രവാദി ആക്രമണം നടക്കുന്നതിനുമുമ്പ് എന്തായിരുന്നുവോ ആ നിലയിലേക്ക് കാര്യങ്ങൾ തിരിച്ചെത്തിയതായി ഊർജകാര്യമന്ത്രി അബ്ദുൾഅസീസ് ബിൻ സൽമാൻ രാജകുമാരനാണ് പത്രസമ്മേളനത്തിൽ അറിയിച്ചത്. ശനിയാഴ്ച പുലർച്ചെ സൗദിയുടെ കിഴക്കൻപ്രദേശമായ അബ്ക്വയിഖിലും ഖുറൈസിലുമായിരുന്നു സ്‌ഫോടകവസ്തു നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് ഹൂതി വിമതർ ആക്രമണം നടത്തിയത്. നിത്യവും ഏഴുപത് ലക്ഷം വീപ്പ അസംസ്‌കൃത എണ്ണ സംസ്‌കരിക്കുന്നതാണ് അബ്ഖ്വയിഖിലെ അരാംകോയുടെ കേന്ദ്രം. ആക്രമണത്തോടെ ഇവിടുത്തെ ഉത്പാദനം പാതിയായി കുറഞ്ഞിരുന്നു. ലോകത്തിൽ ഏറ്റവുംകൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യ നേരത്തെ നൽകിയിരുന്നതിന്റെ പകുതി മാത്രമാണ് കഴിഞ്ഞ നാലുദിവസമായി വിപണിയിൽ എത്തിച്ചിരുന്നുള്ളു. ശരാശരി മുപ്പത് ലക്ഷം വീപ്പ എണ്ണയുടെ കുറവാണ് നിത്യവും ഇതുമൂലം സംഭവിച്ചത്.

അരാംകോയിലെ ആക്രമണത്തെതുടർന്ന് തിങ്കളാഴ്ച കുതിച്ചുയർന്ന എണ്ണ വില പിന്നീട് അല്പം താഴ്ന്നു. സൗദി മന്ത്രിയുടെ പ്രസ്താവന വന്നതോടെ വീണ്ടും എണ്ണവില കുറഞ്ഞു. ചൊവ്വാഴ്ച കാലത്ത് ബ്രെന്റിന്റെ വില വീപ്പയ്ക്ക് 68 ഡോളറായിരുന്നത് (ഏകദേശം 4900 രൂപ) 63.82 ഡോളറിലേക്ക് (ഏകദേശം 4500 രൂപ) താഴ്ന്നിട്ടുണ്ട്. എണ്ണവില ഇനിയും കുറയാനിടയുണ്ടെന്നാണ് സൂചനകൾ. സൗദിയുടെ എണ്ണ ഉത്പാദനം നിത്യവും 98 ലക്ഷം വീപ്പയാണ്. ഈ മാസാവസാനത്തോടെ ദിവസവും 1.1 കോടി വീപ്പയായി ഉത്പാദനം ഉയരുമെന്ന് ഊർജമന്ത്രി പ്രഖ്യാപിച്ചു. തങ്ങളുടെ ഇടപാടുകാർക്കെല്ലാം അവരുടെ ആവശ്യത്തിനനുസരിച്ചുള്ള എണ്ണ നൽകാൻ സൗദി ഇപ്പോൾതന്നെ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിതരണത്തിനായുള്ള അരാംകോയുടെ ഒരുക്കങ്ങൾ തീവ്രവാദി ആക്രമണം കാരണം തടസ്സപ്പെടില്ലെന്ന് അരാംകോ സിഇഒ. അമിൻ നാസർ പ്രഖ്യാപിച്ചു. ആക്രമണം മൂലമുണ്ടായ തീപ്പിടിത്തം ഏഴുമണിക്കൂർകൊണ്ട് അണയ്ക്കാൻ സാധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP