Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീണ്ടും പ്രധാനമന്ത്രിയായാൽ വെസ്റ്റ് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലിൽ ലയിപ്പിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ട വലതു തീവ്രവാദികളുടെ വോട്ടും പെട്ടിയിൽ വീണില്ല; ജോർദ്ദാൻ താഴ് വര സ്വന്തമാക്കുമെന്നും ഇറാനെതിരെ യുദ്ധം ചെയ്യുമെന്നുമൊക്കെ പറഞ്ഞപ്പോൾ ഇസ്രയേലുകാർ നെതന്യാഹുവിനോട് പോയി പണി നോക്കാൻ പറഞ്ഞോ? നെതന്യാഹുവിന്റെ പാർട്ടിക്ക് വമ്പൻ തിരിച്ചടിയെന്ന് എകിസ്റ്റ് പോൾ ഫലങ്ങൾ: ഇസ്രയേലിൽ കാര്യങ്ങൾ ഭരണമാറ്റത്തിലേക്കെന്ന് സൂചനകൾ

വീണ്ടും പ്രധാനമന്ത്രിയായാൽ വെസ്റ്റ് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലിൽ ലയിപ്പിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ട വലതു തീവ്രവാദികളുടെ വോട്ടും പെട്ടിയിൽ വീണില്ല; ജോർദ്ദാൻ താഴ് വര സ്വന്തമാക്കുമെന്നും ഇറാനെതിരെ യുദ്ധം ചെയ്യുമെന്നുമൊക്കെ പറഞ്ഞപ്പോൾ ഇസ്രയേലുകാർ നെതന്യാഹുവിനോട് പോയി പണി നോക്കാൻ പറഞ്ഞോ? നെതന്യാഹുവിന്റെ പാർട്ടിക്ക് വമ്പൻ തിരിച്ചടിയെന്ന് എകിസ്റ്റ് പോൾ ഫലങ്ങൾ: ഇസ്രയേലിൽ കാര്യങ്ങൾ ഭരണമാറ്റത്തിലേക്കെന്ന് സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

യെരുശലേം: ജോർദ്ദാൻ താഴ് വര സ്വന്തമാക്കാമെന്നും ഇറാനെതിരെ യുദ്ധം ചെയ്യുമെന്നുമുള്ള ആഹ്വാനമൊന്നും വിലപോയില്ല. ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം, നെതന്യാഹുവിന്റെ പ്രധാന എതിരാളി ബെന്നി ഗാൻസിന്റെ ബ്ലൂ ആൻഡ് വൈറ്റ് സഖ്യത്തിന് നേരിയ ലീഡാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല. അതായത് ഇസ്രയേലിൽ ഭരണമാറ്റത്തിനുള്ള സാധ്യതയാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. എന്നാൽ നെതന്യാഹു ഇപ്പോഴും പ്രതീക്ഷയിലാണ്.

അഞ്ചുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിലാണ് ഇസ്രയേൽ ജനത വിധി എഴുതിയത്. നെതന്യാഹുവിന്റെ ഭാവി നിശ്ചയിക്കുന്ന നിർണായക തിരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. രാജ്യത്തെ 63 ലക്ഷം വോട്ടർമാരിൽ 68 ശതമാനംപേർ വോട്ടുരേഖപ്പെടുത്തി. ഏപ്രിലിൽനടന്ന തിരഞ്ഞെടുപ്പിൽ തന്റെ ലിക്കുഡ് പാർട്ടിക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് നെതന്യാഹു വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 120 അംഗസഭയിൽ ലിക്കുഡ് പാർട്ടിക്കും പ്രധാനപ്രതിപക്ഷമായ ബ്ലൂ, വൈറ്റ് പാർട്ടികൾക്കും 35 വീതം സീറ്റാണ് ഏപ്രിലിൽ ലഭിച്ചത്. ചെറുപാർട്ടികളുടെ പിന്തുണയോടെ ഭരണം നേടാമെന്ന് പ്രതീക്ഷിച്ച് നെതന്യാഹു സ്വയം വിജയം പ്രഖ്യാപിച്ചെങ്കിലും സഖ്യം രൂപവത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. നെതന്യാഹുവിനെ കൂടുതൽ ദുർബലനാക്കുന്ന തെരഞ്ഞെടുപ്പാണ് നടന്നതെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.

120 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നെതന്യാഹിവിന്റെ പ്രതിപക്ഷത്തുള്ള ബ്ലൂ ആൻഡ് വൈറ്റ് സഖ്യത്തിന് 32-34 സീറ്റുകൾ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് 31-33 സീറ്റുകളേ ലഭിക്കൂ. മറ്റ് പാർട്ടികൾക്ക് 53-56 സീറ്റുകളും ലഭിച്ചേക്കാം. അതായത് മറ്റ് പാർട്ടികളാകും ഭരണത്തിലെത്തുന്നവരെ നിർണ്ണയിക്കുക. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ബുധനാഴ്ച രാവിലെ അറിയുക.

മുൻ പ്രതിരോധ മന്ത്രി അവിഗോർ ലിബർമാൻ കിങ് മേക്കറാകുമെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചനം. ലിബർമാന്റെ നാഷണലിസ്റ്റ് ഇസ്രയേലി ബെയ്തിനു പാർട്ടി 10 സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്കും ലികുഡ് പാർട്ടിക്കും ലിബർമാന്റെ പിന്തുണയില്ലാതെ സർക്കാർ രൂപവത്കരിക്കാൻ കഴിയില്ല. കൂട്ടുകക്ഷി സർക്കാറിനുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. തീവ്രവലതുപക്ഷ കക്ഷിയായ യാമിന പാർട്ടിക്ക് ഏഴ് സീറ്റും ലഭിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലികുഡ് പാർട്ടിയായാലും ബ്ലൂ ആൻഡ് പാർട്ടിയായാലും ഐക്യ സർക്കാറായിരിക്കുമെന്ന് ലിബർമാൻ പറഞ്ഞിരുന്നു. ബ്ലൂ ആൻഡ് സഖ്യവുമായി ലിബർമാൻ ധാരണയിലെത്തിയേക്കും. അങ്ങനെയെങ്കിൽ നെതന്യാഹു സർക്കാർ പുറത്താകും.

നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളുടെ പ്രാരംഭ വിചാരണ നടക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ഈ തിരഞ്ഞെടുപ്പ്. ഇത്രയും കുറഞ്ഞ കാലത്തിനിടയിൽ രണ്ടു തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്ന സന്ദർഭം ഇസ്രയേലിന്റെ ചരിത്രത്തിൽ മുൻപുണ്ടായിട്ടുമില്ല. താൻ വീണ്ടും പ്രധാനമന്ത്രിയായാൽ ഫലസ്തീൻ പ്രദേശമായ വെസ്റ്റ്് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലിൽ ലയിപ്പിക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനവും വോട്ടായി മാറിയില്ലെന്നാണ് സൂചന. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും അറബ് ലീഗും ഇതിനെ കഠിനമായി വിമർശിച്ചിട്ടുണ്ട്. തീവ്രവലതു പക്ഷക്കാരെ പ്രീണിപ്പിച്ച് അവരുടെ വോട്ടുകൾ ആവുന്നത്ര നേടിയെടുക്കാനുള്ള അടവായിരുന്നു ഈ പ്രഖ്യാപനം. പാർലമെന്റിൽ കേവലഭൂരിപക്ഷം കിട്ടാൻ 61 സീറ്റുകൾ വേണം. ഇസ്രയേലിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തിൽ അത്രയും സീറ്റുകൾ ഒരു കക്ഷിക്കും കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് ആനുപാതിക പ്രാതിനിധ്യ രീതിയിലായതാണ് ഇതിനൊരു കാരണമെന്നു പറയപ്പെടുന്നു. എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാനുള്ള തീവ്രശ്രമത്തിലാണ് നെതന്യാഹു. മുഖ്യ കാരണം അദ്ദേഹത്തിനെതിരെയുള്ള മൂന്ന് അഴിമതിക്കേസുകൾതന്നെ.

അവയുടെ പേരിൽ അദ്ദേഹത്തിന്റെ മേൽ കുറ്റം ചുമത്തുന്നതിനു മുൻപുള്ള വിചാരണയാണ് അടുത്തമാസം നടക്കാൻ പോകുന്നത്. അന്തിമ വിചാരണയിൽ കുറ്റക്കാരനാണെന്നു വിധിയുണ്ടാവുകയാണെങ്കിൽ പത്തു വർഷംവരെ ജയിലിൽ കിടക്കേണ്ടിവരും. അഴിമതിക്കാരനെന്ന മുദ്രകുത്തപ്പെട്ട നിലയിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന പ്രധാനമന്ത്രി എഹുദ് ഓൽമർട്ട് (കദിമ പാർട്ടി) അഴിമതിക്കേസിൽ 16 മാസം ജയിലിൽ കഴിയുകയുണ്ടായി. ഏറ്റവും നീണ്ട കാലം (13 വർഷത്തിലധികം) അധികാരത്തിലിരുന്ന ഇസ്രയേൽ പ്രധാനമന്ത്രിയെന്ന പദവി ഇതിനകം തന്നെ നെതന്യാഹു കരസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ട്.

പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂരിയനായിരുന്നു മുൻപ് ഈ സ്ഥാനത്ത്. ഇക്കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തെ നെതന്യാഹു മറികടന്നു. അഞ്ചാം തവണയും പ്രധാനമന്ത്രിയായി, മറ്റൊരു റെക്കോഡ്കൂടി സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ് അറുപത്തൊൻപതാം വയസ്സിൽ നെതന്യാഹു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP