Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് ഫ്‌ളാറ്റുകൾ പൊളിച്ചാൽ താമസ സ്ഥലം നഷ്ടമാകുക 12 പ്രവാസികളുടെ ഭാര്യമാർക്ക് അടക്കം 294 കുടുംബങ്ങൾക്ക്; ജെയിൻ ഫ്‌ളാറ്റിൽ താമിക്കുന്നവരിൽ ഒരു വിധവയും; ഹോളിഫെയ്ത്തിലെ താമസക്കാരിൽ 12 വൃദ്ധരും 126 കുട്ടികളും; ആൽഫാ വെഞ്ചേഴ്‌സിലുള്ളത് 82ഉം ഗോൾഡൺ കായലോരത്തിൽ 41ഉം ഫ്‌ളാറ്റുകൾ; തീരദേശ പരിപാലന ചട്ടം ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചാലും അവിടെ വീണ്ടും കെട്ടിടം ഉയർത്താമെന്ന് സൂചന; മരടിലെ സർക്കാർ കണക്കുകൾ പറയുന്നത്

നാല് ഫ്‌ളാറ്റുകൾ പൊളിച്ചാൽ താമസ സ്ഥലം നഷ്ടമാകുക 12 പ്രവാസികളുടെ ഭാര്യമാർക്ക് അടക്കം 294 കുടുംബങ്ങൾക്ക്; ജെയിൻ ഫ്‌ളാറ്റിൽ താമിക്കുന്നവരിൽ ഒരു വിധവയും; ഹോളിഫെയ്ത്തിലെ താമസക്കാരിൽ 12 വൃദ്ധരും 126 കുട്ടികളും; ആൽഫാ വെഞ്ചേഴ്‌സിലുള്ളത് 82ഉം ഗോൾഡൺ കായലോരത്തിൽ 41ഉം ഫ്‌ളാറ്റുകൾ; തീരദേശ പരിപാലന ചട്ടം ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചാലും അവിടെ വീണ്ടും കെട്ടിടം ഉയർത്താമെന്ന് സൂചന; മരടിലെ സർക്കാർ കണക്കുകൾ പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരടിലെ നാല് ഫ്‌ളാറ്റുകൾ പൊളിച്ചാൽ താമസ സ്ഥലം നഷ്ടപ്പെടുക 294 കുടുംബങ്ങൾക്ക്. അഞ്ചാമത്തെ ഫ്‌ളാറ്റിന് നിർമ്മാണ അനുമതി മാത്രമേ കിട്ടയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇവിടെ താമസക്കാരുമില്ല. ഇതിൽ ഏറ്റവും കൂടുതൽ താമസക്കാരുള്ളത് ഹോളി ഫെയ്ത്തിലാണ്. ഇവിടെ 98 കുടുംബങ്ങളാണ് ഉള്ളത്. ജെയിൻ ബിൽഡേഴ്‌സിൽ 73ഉം. ആൽഫാ വെഞ്ചേഴ്‌സിൽ 82 കുടുംബവും ഗോൾഡൺ കായലോരത്ത് 41 കുടുംബവുമുണ്ട്. ഇവരുടെ വിശദമായ കണക്കുകൾ സർക്കാർ തയ്യാറാക്കി കഴിഞ്ഞു.

73 ഫ്‌ളാറ്റുള്ള ജെയിൻ ബിൽഡേഴ്‌സിൽ 45 താമസക്കാർ മാത്രമാണുള്ളത്. ഇതിൽ നാല് കുടുംബങ്ങൾ വാടകയ്ക്കും താമസിക്കുന്നു. ഒരു വിധവയും ഉണ്ട്. ഭർത്താവ് വിദേശത്തുള്ള 12 സ്ത്രീകളും കുടുംബമായി താമസിക്കുന്നു. 15 മുതിർന്ന പൗരന്മാരും 4 ഗർഭിണികളും 5 ഹൃദ് രോഗികളും ഇവിടെയുണ്ട്. ഹോളിഫെയ്ത്തിലെ 98 ഫ്‌ളാറ്റുകളിൽ 65 ഇടത്ത് ആൾ താമസമുണ്ട്. ബാക്കിയെല്ലാം പൂട്ടികിടക്കുകയാണ്. ഇതിൽ 12 വൃദ്ധകളും 126 കുട്ടികളും ഉൾപ്പെടുന്നു. ആൽഫാ വെഞ്ചേഴ്‌സിലേയും ഗോൾഡൺ കായലോരത്തിലേയും വിശദമായ കണക്കുകൾ സർക്കാർ ശേഖരിക്കുന്നതേയുള്ളൂ. തീരദേശ പരിപാലന നിയമത്തിന്റെ ലംഘനത്തിന്റെ തോതും സർക്കാർ മനസ്സിലാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മരട് നഗരസഭയാണ് കണക്കെടുപ്പും മറ്റും നടത്തുന്നത്.

ജെയിൻ ഫ്‌ളാറ്റിന് തീരപരിപാലന മേഖലയുമായി 1.5 മീറ്റർ അകലം മാത്രമാണുള്ളത്. അതായത് വളന്തക്കാട്, നെട്ടൂർ കായലിന് തൊട്ടടുത്താണ് ഈ കെട്ടിടങ്ങൾ. ആൽഫയ്ക്ക് 11.50 മീറ്റർ അകലമേ പാലിക്കാനായിട്ടുള്ളൂ. കുണ്ടന്നൂർ, ചിലയന്നൂർ പുഴകളുടെ തീരത്താണ് ഇത്. ഹോളി ഫെയ്ത്തിന് സമീപമുള്ളതും ഇതേ പുഴകളാണ്. 9.60 മീറ്റർ മാത്രമാണ് അകലം. ഗോൾഡൺ കായലോരം ചമ്പക്കര കനാലിന് സമീപത്താണ്. 10.50 മീറ്റർ മാത്രമാണ് അകലം പാലിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി പൊളിക്കാൻ നിർദ്ദേശിച്ചത്. ഈ കോടതി വിധി പാലിക്കപ്പെട്ടാൽ മരട് നഗരസഭയിലെ മിക്കവാറും എല്ലാ ഫ്‌ളാറ്റുകളും പൊളിക്കേണ്ടി വരും. ദൂരപരിധി മിക്കവരും പാലിച്ചിട്ടല്ലെന്നാണ് മരട് നഗരസഭ പ്രാഥമികമായി മനസ്സിലാക്കുന്നത്.

തീര മേഖലാ പരിപാലന ചട്ടം ലംഘിച്ചതിനു മരടിലെ 4 ബഹുനില കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയാലും അതേ സ്ഥലത്തു കായലിനോടു ചേർന്നു ബഹുനില കെട്ടിടം പണിയാമെന്നും വിലയിരുത്തലുണ്ട്. ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാനും പരിസ്ഥിതി സംരക്ഷണത്തിനുമായി നിയമലംഘനത്തിനു നടപടിയെടുക്കുന്നു എന്നാണു സുപ്രീം കോടതി ഉത്തരവ്. എന്നാൽ അതേ സ്ഥലത്ത് ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ അടുത്തു കെട്ടിടം നിർമ്മിക്കാൻ നിലവിൽ നിയമം അനുവദിക്കുന്നു. തീരപരിപാലന ചട്ടത്തിന്റെ 1991ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു മരടിലെ 5 ബഹുനില കെട്ടിടങ്ങൾക്കെതിരെ കേസ്. ഇതിൽ പണി പൂർത്തിയായ 4 കെട്ടിടങ്ങൾ പൊളിക്കണം. 1991ൽ മരട് പഞ്ചായത്താണ്. തീര പരിപാലന നിയമത്തിൽ മേഖല 3 ൽ വരുന്ന പ്രദേശം. ഉയർന്ന വേലിയേറ്റ പരിധിയിൽ നിന്നു ചുരുങ്ങിയത് 200 മീറ്റർ അകലം പാലിക്കണം. എന്നാൽ 2010ൽ മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി. അതോടെ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് ചട്ടത്തിലെ മേഖല 2ലേക്കു മാറി.

2011ൽ തീരപരിപാലന നിയമത്തിന്റെ പുതിയ വിജ്ഞാപനത്തിൽ തീരമേഖല 2ാം വിഭാഗത്തിൽ കെട്ടിടങ്ങളുടെ ദൂര പരിധി, പരമാവധി വേലിയേറ്റ പരിധിയിൽ നിന്നു 50 മീറ്ററായി കുറച്ചു. 50 മീറ്റർ അല്ലെങ്കിൽ, നിലവിലുള്ള റോഡ്, അംഗീകൃത കെട്ടിടം എന്നിവ പരിധിവച്ചും പുതിയ നിർമ്മാണം അനുവദിക്കാം. 2019 ൽ ഈ നിയന്ത്രണം വീണ്ടും 20 മീറ്ററായി കുറച്ചു. തീരമേഖലാ പരിപാലന ചട്ടത്തിൽ മേഖല 2ൽ ആണെങ്കിലും മരടിനു ദ്വീപിന്റെ ആനുകൂല്യം ലഭിക്കും. എന്നാൽ കേസിന് ആധാരമായ കാലത്തെ നിയമപ്രകാരം കെട്ടിടം പൊളിച്ചുനീക്കിയേ പറ്റൂ. അവിടെ പുതിയൊരു കെട്ടിടം പണിയുന്നതിനു തടസമില്ലാത്തതിനാൽ ഇപ്പോഴുള്ള നിയമപ്രകാരം ഉടമകൾക്കു കെട്ടിടം പണിയാം. 1991ൽ തീരത്തുനിന്ന് 200 മീറ്റർ മാറിയേ പണിയാമായിരുന്നുള്ളുവെങ്കിൽ ഇപ്പോൾ 20 മീറ്ററോ നിലവിലുള്ള റോഡോ കെട്ടിടമോ ആണു പരിധി. ഇതെല്ലാം ഫ്‌ളാറ്റ് ഉടമകളും പരിഗണിക്കുന്നത്.

്അതിനിടെ മരടിലെ പ്രതിസന്ധിക്ക് കാരണം കേരള സർക്കാർ നിയോഗിച്ച സമിതി എന്ന് ഫ്‌ളാറ്റ് നിർമ്മാതാക്കളായ ജെയിൻ കൺസ്ട്രക്ഷൻസിന്റെ ആരോപണം ഉന്നയിക്കുന്നുണ്ട്. തെറ്റായ റിപ്പോർട്ടാണ് സമിതി കോടതിയിൽ നൽകിയതെന്നും ജെയിൻ കൺസ്ട്രക്ഷൻസ് എംഡി സന്ദീപ് മേത്ത പറഞ്ഞു. മരടിലെ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വസ്തുതകൾ സുപ്രീം കോടതിയിൽ വ്യക്തമാക്കുന്നതിൽ സർക്കാർ നിയോഗിച്ച സമിതി പരാജയപ്പെട്ടത് തിരിച്ചടിയായെന്നാണ് ജെയിൻ കൺസ്ട്രക്ഷൻസിന്റെ ആരോപണം. മരട് നഗരസഭ താൽക്കാലിക സർട്ടിഫിക്കറ്റ് നൽകിയത് നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകുന്ന കാര്യം പരിഗണിക്കും. ഇക്കാര്യത്തിൽ സർക്കാരുമായി കൂടിയാലോചന നടത്താൻ ശ്രമിക്കുമെന്നും സന്ദീപ് മേത്ത പറഞ്ഞു.

അതിനിടെ മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഫ്‌ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്‌നത്തെക്കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിനു മുന്നിലാണ് ആവശ്യം ഉന്നയിച്ചത്. മരട് സ്വദേശിയായ എൻ.ജി. അഭിലാഷ് എന്നയാളാണ് ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുമ്പ് അതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഫ്‌ളാറ്റിന്റെ 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നയാൾ എന്ന നിലയിലാണ് അഭിലാഷ് ഹർജി നൽകിയത്. 60 വർഷമായി തന്റെ കുടുംബം മരട് താമസിക്കുന്നവരാണെന്നും ഫ്‌ളാറ്റ് പൊളിക്കുന്നതു തന്റെ കുടുംബത്തെയും ഇവിടെ താമസിക്കുന്നവരെയും ബാധിക്കാനിടയുണ്ട് എന്നതും ഇതിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടു തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. പാരിസ്ഥിതിക പഠനത്തിന് എൻഇഇആർ, ഐഐടി, എൻഐടി തുടങ്ങി ഏതെങ്കിലും വിദഗ്ധ സംഘത്തെ നിയോഗിക്കണം. പാരിസ്ഥിതിക നഷ്ടത്തിന് നിയമ ലംഘനം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഉടമകൾ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ഹോളി ഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ.കെ.നായരാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. ഫ്ളാറ്റ് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും തൽസ്ഥിതി തുരണമെന്നുമാണ് ഹർജിയിലെ ആവശ്യം. എന്നാൽ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഫ്ളാറ്റ് ഉടമകളുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സർവ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസംങ്ങളിൽ നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ കുടിയൊഴിപ്പിക്കൽ നടപടികളുമായി നഗരസഭ മുന്നോട്ട് പോയാൽ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരാനാണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഫ്ളാറ്റുകൾ പൊളിക്കാൻ താത്പര്യമറിയിച്ച് 13 കമ്പനികൾ എത്തിയെങ്കിലും സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ടെണ്ടർ നടപടികൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാനാണ് നഗരസഭയുടെ തീരുമാനം. താത്പര്യപത്രം നൽകിയ കമ്പനികളുടെ യോഗ്യതയാകും അടുത്ത ഘട്ടത്തിൽ പരിഗണിക്കുക. ഇക്കാര്യങ്ങളെല്ലാം സർക്കാരിനെ ക്കൂടി അറിയിച്ച് മുന്നോട്ട് പോകാനാണ് മരട് നഗരസഭയുടെ തീരുമാനം. ഇതുകൂടാതെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള നടപടികൾ ചീഫ് സെക്രട്ടറി അടുത്ത ദിവസം തന്നെ സുപ്രീംകോടതിയെ അറിയിക്കും.

ഫ്‌ളാറ്റ് ഒഴിയാൻ അഞ്ച് ദിവസത്തെ സമയപരിധിയാണ് നഗരസഭ താമസക്കാർക്ക് നൽകിയത്. ഈ നോട്ടീസിന്റെ സമയപരിധി അവസാനിച്ചതോടെ, താത്കാലിക പുനരധിവാസ സൗകര്യം ആവശ്യമുള്ളവർ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ മറ്റൊരു നോട്ടീസ് കൂടി പതിച്ചിരുന്നു. അതിന്റേയും സമയപരിധി അവസാനിച്ചെങ്കിലും താമസക്കാരിൽ ഒരാൾ പോലും മറുപടി നൽകിയില്ല. സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാരിന് മുൻപിൽ ഇനി രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ഫ്‌ളാറ്റ് ഉടമകളുടെ ഹർജി ഹൈക്കോടതിയിലേക്ക് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP