Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു ഇന്ത്യക്കാരന് അനധികൃതമായി യു.എസിലും റഷ്യയിലും ബ്രിട്ടനിലും ജീവിക്കാൻ കഴിയുമോ? പിന്നെ എങ്ങനെ മറ്റു രാജ്യക്കാർക്ക് ഇന്ത്യയിൽ നിയമം അനുവദിച്ച രേഖകളില്ലാതെ ജീവിക്കാനാവും? അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റർ നടപ്പാക്കുമെന്ന് അമിത് ഷാ; കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കൂ; എൻ.ആർ.സി മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ച് ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കും; കാശ്മീർ വിഷയത്തിൽ ലോക രാജ്യങ്ങളെല്ലാം ഇന്ത്യയ്‌ക്കൊപ്പമെന്നും ആഭ്യന്തര മന്ത്രി

'ഒരു ഇന്ത്യക്കാരന് അനധികൃതമായി യു.എസിലും റഷ്യയിലും ബ്രിട്ടനിലും ജീവിക്കാൻ കഴിയുമോ? പിന്നെ എങ്ങനെ മറ്റു രാജ്യക്കാർക്ക് ഇന്ത്യയിൽ നിയമം അനുവദിച്ച രേഖകളില്ലാതെ ജീവിക്കാനാവും? അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റർ നടപ്പാക്കുമെന്ന് അമിത് ഷാ; കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കൂ; എൻ.ആർ.സി മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ച്  ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കും; കാശ്മീർ വിഷയത്തിൽ ലോക രാജ്യങ്ങളെല്ലാം ഇന്ത്യയ്‌ക്കൊപ്പമെന്നും ആഭ്യന്തര മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഝാർഖണ്ഡിലെ റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച 'ഹിന്ദുസ്ഥാൻ പൂർവോദയ 2019' എന്ന പരിപാടിയിൽ വച്ചായിരുന്നു ഷായുടെ പ്രഖ്യാപനം.

അർഹരായ നിരവധിപ്പേർ പട്ടികയിൽ നിന്ന് പുറത്തായെന്നും ബംഗാളി ഹിന്ദുക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും വ്യാപക പരാതികളുയർന്നതിനെത്തുടർന്ന്, അസം ബിജെപി വിഷയത്തിൽ നിയമനിർമ്മാണത്തിനൊരുങ്ങുകയാണ്. ഇതിനിടയിലും ആ പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ ബിജെപി ഉപേക്ഷിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ ഈ പ്രഖ്യാപനം.

'ഒരു ഇന്ത്യക്കാരന് അനധികൃതമായി യു.എസിലും റഷ്യയിലും ബ്രിട്ടനിലും ജീവിക്കാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് മറ്റു രാജ്യക്കാർക്ക് ഇന്ത്യയിൽ നിയമം അനുവദിച്ച രേഖകളില്ലാതെ ജീവിക്കാനാവുന്നത്?അതുകൊണ്ടാണ് ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തെമ്പാടും നടപ്പാക്കണമെന്നു ഞാൻ വിശ്വസിക്കുന്നത്.'- അദ്ദേഹം പറഞ്ഞു. അസമിൽ മാത്രം നടപ്പാക്കിയതുകൊണ്ട് അത് അസം പൗരത്വ രജിസ്റ്റർ അല്ലെന്നും ഷാ പറഞ്ഞു.

'എൻ.ആർ.സി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിച്ചുകൊണ്ട് ഒരു ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കും. അത് രാജ്യത്തെ എല്ലാ പൗരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പട്ടികയാവും. അത് എൻ.ആർ.സിയാവും, മറിച്ച് അസം പൗരത്വ രജിസ്റ്ററാവില്ല.'- ഷാ പറഞ്ഞു.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അസം പൗരത്വപട്ടികയിൽ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്. തങ്ങളുടെ പേരുകൾ ഉൾപ്പെടുത്താനും പരാതികൾ നൽകാനുമായി ഇവർക്ക് 120 ദിവസത്തെ സമയമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയിരിക്കുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്ക് ഒപ്പമാണ് ലോകരാജ്യങ്ങളെല്ലാം എന്നും അമിത് ഷാ അവകാശപ്പെട്ടു. കശ്മീരിന്റെ വികസനത്തെ പിന്നോട്ടടിക്കുകയായിരുന്നു ആർട്ടിക്കിൾ 370 എന്നുപറഞ്ഞ അമിത് ഷാ, ഇനി കശ്മീർ വികസനത്തിന്റെ പാതയിലൂടെ, മറ്റ് സംസ്ഥാനങ്ങളെപ്പോലെത്തന്നെ നീങ്ങുമെന്നും വ്യക്തമാക്കി. 'മുൻ കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള അടുത്ത രണ്ട് വർഷത്തേക്ക് കസ്റ്റഡിയിലായിരിക്കുമെന്ന് ആരെങ്കിലും പറഞ്ഞോ? തീർച്ചയായും അത്തരമൊരു നീക്കം സർക്കാർ ആലോചിക്കുന്നില്ല'', അമിത് ഷാ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാർ ചിതലുകളെപ്പോലെയാണ്', അഞ്ചു സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അമിത് ഷാ പറഞ്ഞതാണിത്. ഓരോ വിദേശിയേയും പുറത്താക്കും എന്നും അന്ന് ബിജെപി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. മൂന്നൂറ്റി എഴുപതാം അനുച്ഛേദം, രാമക്ഷേത്രനിർമ്മാണം, ഏകികൃത സിവിൽ നിയമം എന്നിവയ്‌ക്കൊപ്പം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നത് ബിജെപിയുടെ അടിസ്ഥാനവിഷയമായി മാറി. രണ്ടു കോടി കുടിയേറ്റക്കാർ രാജ്യത്തുണ്ടെന്നായിരുന്നു സർക്കാർ പാർലമെന്റിന് നേരത്തെ നൽകിയ കണക്ക്.

എന്നാൽ അസം പൗരത്വ രജിസ്റ്ററിൽ ഒഴിവായത് 19 ലക്ഷം. ഇതിൽ മുസ്ലിംവിഭാഗം മൂന്നു ലക്ഷം മാത്രം. പട്ടികയ്‌ക്കെതിരെ ബിജെപി അസം ഘടകം തന്നെ രംഗത്തുവരികയാണ്. അനധികൃത കുടിയേറ്റക്കാർ പട്ടികയിൽ കടന്നുകൂടിയെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആരോപണം.തെറ്റുകളുടെയും അബദ്ധങ്ങളുടെയും നീണ്ട നിരയാണ് പൗരത്വ രജിസ്റ്ററിൽ. ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്ന് കാട്ടി പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധമുയർത്തുകയാണ്.

അസമിൽ ബിജെപി അധികാരത്തിൽ എത്തിയത് കുടിയേറ്റക്കാരോടുള്ള കോൺഗ്രസ് പ്രീണനം പ്രചരണായുധമാക്കിയാണ്. പട്ടികയിൽ നിന്ന് പുറത്തായവരിൽ എഴുപത്തിയഞ്ചു ശതമാനവും ഹിന്ദുക്കളാണെന്നിരിക്കെ പാർട്ടി വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാകുമോ എന്ന ഭയവും ബിജെപിക്കുണ്ട്. സംസ്ഥാന കോൺഗ്രസിന് ഇത് തിരിച്ചുവരവിന് പിടിവള്ളിയാകും.പശ്ചിമബംഗാളിലും ബീഹാറിലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് ബിജെപി നിലപാട്. എന്നാൽ ഈ സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങൾ പുതിയ പശ്ചാത്തലത്തിൽ കണക്കെടുപ്പിന് അനുകൂലിച്ചേക്കില്ല. വിദേശികളെ കണ്ടെത്താൻ അസംമാതൃക രജിസ്റ്റർ രാജ്യത്താകെ വേണമെന്ന വാദത്തിനും അസം തിരിച്ചടിയാണ്.

പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാർ. 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP