Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലായ്ക്ക് വേണ്ടത് ഭരണപക്ഷ എംഎൽഎയോ അതോ പ്രതിപക്ഷ എംഎൽഎയോ? സർക്കാരിന് ഒപ്പം നിൽക്കുന്നയാളായാൽ ഗുണം പാലാക്കാർക്ക് തന്നെയെന്ന് മുഖ്യമന്ത്രി; യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലം എന്ന വേർതിരിവ് ഒരിക്കലും കാണിച്ചിട്ടില്ല; ഇത് മാറി ചിന്തിക്കാനുള്ള അവസരമാണ്; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായി വിജയൻ പാലായിൽ

പാലായ്ക്ക് വേണ്ടത് ഭരണപക്ഷ എംഎൽഎയോ അതോ പ്രതിപക്ഷ എംഎൽഎയോ? സർക്കാരിന് ഒപ്പം നിൽക്കുന്നയാളായാൽ ഗുണം പാലാക്കാർക്ക് തന്നെയെന്ന് മുഖ്യമന്ത്രി; യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലം എന്ന വേർതിരിവ് ഒരിക്കലും കാണിച്ചിട്ടില്ല; ഇത് മാറി ചിന്തിക്കാനുള്ള അവസരമാണ്; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായി വിജയൻ പാലായിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലാ: കെഎം മാണി എന്ന വ്യക്തി 54 വർഷം എംഎൽഎ ആയിരുന്ന പാലാ മണ്ഡലത്തിൽ ഒരു മാറ്റം ആണ് ഇടത്പക്ഷം ഉയർത്തുന്ന മുദ്രാവാക്യം. ഇതിനായി സർവ്വസന്നാഹവും ഒരുക്കി പ്രചാരണം മുന്നേറുകയുമാണ്. മറുവശത്ത് തുടക്കത്തിലെ കല്ലുകടികൾ മറന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ വിജയിപ്പിക്കാൻ യുഡിഎഫും മുന്നിലുണ്ട്. എന്നാൽ പാലായിൽ നിന്ന് വിജയിക്കുന്നയാൾ സർക്കാരിന് ഒപ്പം നിൽക്കുന്നയാളായാൽ അതിന്റെ ഗുണം പാലാക്കാർക്ക് തന്നെയാണ് എന്ന നിർണായക പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയിരിക്കുന്നത്. അതായത് ബാക്കിയുള്ള ഒന്നേമുക്കാൽ വർഷം ഒരു ഭരണപക്ഷ എംഎൽഎ വേണോ അതോ പ്രതിപക്ഷ എംഎൽഎ വേണോ എന്ന് ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

മേലുകാവിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ഇടതു മുന്നണിക്കൊപ്പം നിന്നില്ല എന്നതുകൊണ്ട് വിവേചനം ഉണ്ടായിട്ടില്ല എന്നു വ്യക്തമാക്കിയ അദ്ദേഹം വോട്ടർമാർക്ക് വലിയ അവസരം കൈവന്നിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.മൂന്നേകാൽ വർഷം എൽഡിഎഫ് കേരളം ഭരിച്ചപ്പോൾ നമ്മുടെ നാടിന്റെ അവസ്ഥയ്ക്ക് മാറ്റം വന്നു. കാർഷികരംഗം മൂന്നേകാൽവർഷം മുമ്പ് പിറകോട്ടായിരുന്നു പോയിരുന്നത്. അന്നത്തെ കണക്കനുസരിച്ച് കാർഷികവളർച്ച 4.6 ശതമാനം പിന്നോട്ടുപോയി. ഇന്ന് ആ സ്ഥിതിയില്ല എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് പിണറായി പ്രസംഗിച്ചത്

റബർ മൂന്നേകാൽവർഷംമുമ്പ് കേരളത്തിലെ റബർ കർഷകർക്ക് 210 കോടി രൂപ സർക്കാർ നൽകാനുണ്ടായിരുന്നു. അത് പോയെന്ന് കണക്കാക്കി കർഷകർ ഉപേക്ഷിച്ചതാണ്. ആ 210 കോടിയും എൽഡിഎഫ് സർക്കാർ നൽകി. മൂന്നേകാൽവർഷംകൊണ്ട് റബർകർഷകർക്കായി സർക്കാർ 1310 കോടി രൂപ നൽകി. 4.12 ലക്ഷം കർഷകർക്കാണ് നൽകിയത്.അഴിമതി ആരു കാണിച്ചാലും അവരെ സംരക്ഷിക്കാതിരിക്കണമെങ്കിൽ സ്വയം അഴിമതി കാണിക്കാതിരിക്കണം. ആര് അഴിമതി കാണിച്ചാലും രക്ഷപ്പെടില്ല. കർക്കശമായ നടപടിയുണ്ടാകും. ആ നടപടികളെ ഒരാളെയോ പ്രത്യേക വിഭാഗത്തെയോ ലക്ഷ്യമിട്ടുകൊണ്ടല്ല. നിക്ഷേപകർക്കിപ്പോൾ നല്ല ആത്മവിശ്വാസം. ഇവിടെ നിക്ഷേപത്തിന്റെ പങ്ക് ചോദിക്കാൻ ആരും വരുന്നില്ല. നിസാനുൾപ്പെടെ അന്താരാഷ്ട്ര കമ്പനികൾ കേരളത്തിലേക്ക് വരുന്നു. ചിലർ വരാനുള്ള ചർച്ച നടക്കുന്നു. മാറ്റം കേരളത്തിന് ഗുണപരമായി എങ്ങനെ ഭവിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

അഴിമതി മുക്തമായ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. ഒരു നേരത്തെ കഞ്ഞികുടിക്കാൻ ഗതിയില്ലാത്തവരുടെ ക്ഷേമപെൻഷനുകൾ യുഡിഎഫ് സർക്കാർ കുടിശികയാക്കിയത് 1800 കോടി രൂപ. എൽഡിഎഫ് സർക്കാർ വന്നയുടൻ ആദ്യം അതുകൊടുത്തു തീർത്തു. പെൻഷൻ 600 രൂപ എന്നത് 1200 രൂപയാക്കി. 52 ലക്ഷം കുടുംബത്തിന് പെൻഷൻ ലഭിക്കുന്നു. യുഡിഎഫ് കാലത്തുകൊടുത്തതുപോലുമില്ല. എൽഡിഎഫ് സർക്കാർ 3 വർഷംകൊണ്ട് 20,000 കോടി രൂപ ക്ഷേമപെൻഷനായി വിതരണംചെയ്തു. ഇതാണ് വ്യത്യാസം. ഇതൊന്നും യുഡിഎഫിന് സ്വപ്നം കാണാൻ കഴിയില്ല.

പാവപ്പെട്ടവരെക്കുറിച്ച് ചിന്തയില്ലല്ലോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി യുഡിഎഫ് സർക്കാർ അഞ്ചുവർഷം 453 കോടി രൂപമാത്രം കൊടുത്തപ്പോൾ മൂന്നുവർഷം കൊണ്ട് എൽഡിഎഫ് കൊടുത്തത് 1294 കോടി രൂപ. 3.70 ലക്ഷം പേർക്കായാണ് ഈ തുക നൽകിയത്. യുഡിഎഫ് അഞ്ചുവർഷംകൊണ്ട് 40,000 പട്ടയം കൊടുത്തപ്പോൾ എൽഡിഎഫ് മൂന്നുവർഷംകൊണ്ട് 1,07765 പട്ടയം. അതിവേഗതയിൽ ബാക്കിയുള്ളതുകൊടുത്തുതീർക്കാൻ നടപടി പുരോഗമിക്കുന്നു.

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി ലോകത്തിലെ ഏത് വിദ്യാഭ്യാസ സമ്പ്രദായവുമായി കിടപിടിക്കാൻ നമുക്കു കഴിഞ്ഞു. വലിയ മുന്നേറ്റം നാടിനുണ്ടായി. മൂന്നുവർഷം കൊണ്ട് പൊതുവിദ്യാലയങ്ങളിൽ അഞ്ചുലക്ഷത്തിൽപരം കുട്ടികൾ പുതുതായി ചേർന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതു കുളങ്ങൾ ജലാശയങ്ങൾ എന്നിവ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. ഇനിയും ശക്തിപ്പെടണം. ജൈവകൃഷി നല്ലനിലയിൽ വർധിച്ചു. വലിയമാറ്റം ഇതിന്റെയെല്ലാം ഭാഗമായി സംഭവിച്ചു. നാടിന്റെ നല്ല വികസനത്തിനുവേണ്ടയാണ് ഇവയെല്ലാം. നാടിന്റെ വികസനം എന്നതിൽ പശ്ചാത്തല സൗകര്യവികസനം വളരെ പ്രധാനമാണ്.

ഈ മാസം 23ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രഗത്ഭരായ സ്ഥാനാർത്ഥികളെയാണ് മുന്നണികൾ രംഗത്തിറക്കിയത്. കേരളാ കോൺഗ്രസ് എം നേതാവ് കെഎം മാണിയുടെ നിര്യാണത്തെ തുടർന്നുവരുന്ന ഉപതെരഞ്ഞെടുപ്പിൽ, സീറ്റ് നിലനിർത്തുകയെന്നത് യുഡിഎഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. നിഷാ ജോസ് കെ മാണി അടക്കമുള്ള പ്രമുഖർ സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് യുഡിഎഫ് മുതിർന്ന നേതാവ് ജോസ് ടോമിനെ രംഗത്തിറക്കുന്നത്. നിലവിലെ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മീനച്ചിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് ജോസ് ടോം.

മറുഭാഗത്ത് മുതിർന്ന എൻസിപി നേതാവും, ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, അഭിനേതാവ്, മുൻ രാജ്യാന്തര വോളിബോൾ താരം തുടങ്ങിയ വിവിധ നിലകളിൽ പ്രശസ്തനായ മാണി സി കാപ്പനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. നിലവിൽ എൻസിപിയുടെ ദേശീയ വർക്കിങ്ങ് കമ്മറ്റി മെമ്പർ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ തവണ കെ എം മാണിക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാണി സി കാപ്പൻ നടത്തിയത്. ഇദ്ദേഹത്തിന് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.

എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത് ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ എൻ ഹരിയെയാണ്. കഴിഞ്ഞ തവണ കെ എം മാണിക്കെതിരെ ഇരുപത്തിനാലായിരത്തിലേറെ വോട്ടുകൾ പിടിച്ച് മികച്ച മൽസരമാണ് ഹരി ഇവിടെ കാഴ്ച വെച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പിലും ശബരിമല മുഖ്യ വിഷയമാക്കിയാണ് ബിജെപിയുടെ പ്രചാരണം പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP