Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എസ് ആർ മേനോൻ പ്രസിഡന്റ്; കെ എം മാണിയുടെ വിശ്വസ്ഥനായിരുന്ന കോന്നി ഗോപകുമാർ സെക്രട്ടറിയും; ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിച്ച മല്ലേലി ശ്രീധരൻ നായർ ട്രഷററും; പുതിയ മുദ്രാവാക്യവുമായി പഴയ എൻഡിപിയിലെ പലരും വീണ്ടും ഒന്നിക്കുമ്പോൾ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് ഉറ്റുനോക്കി രാഷട്രീയ നിരീക്ഷകരും

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എസ് ആർ മേനോൻ പ്രസിഡന്റ്; കെ എം മാണിയുടെ വിശ്വസ്ഥനായിരുന്ന കോന്നി ഗോപകുമാർ സെക്രട്ടറിയും; ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിച്ച മല്ലേലി ശ്രീധരൻ നായർ ട്രഷററും; പുതിയ മുദ്രാവാക്യവുമായി പഴയ എൻഡിപിയിലെ പലരും വീണ്ടും ഒന്നിക്കുമ്പോൾ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് ഉറ്റുനോക്കി രാഷട്രീയ നിരീക്ഷകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എന്ന പാർട്ടി കൂടി നിലവിൽ വന്നതോടെ പുതിയ പാർട്ടി കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങൾ സംബന്ധിച്ചാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. പുതിയ പാർട്ടിയുടെ മുദ്രാവാക്യവും പാർട്ടിക്ക് നേതൃത്വം നൽകുന്നവരുടെ കഴിവുമാണ് പാർട്ടിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ, ദാരിദ്ര്യരേഖയ്ക്കു താഴെ വരുന്നവർക്ക് പ്രത്യേക വിദ്യാഭ്യാസ-സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന പ്രധാന ആവശ്യമാണ് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി മുന്നോട്ട് വെക്കുന്നത്.

സംവരണത്തിൽ ഉൾപ്പെടാതെ നിൽക്കുന്ന തൊണ്ണൂറോളം സമുദായങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാണ് പാർട്ടി രൂപവത്കരിച്ചിരിക്കുന്നത്. കൃത്യമായ സന്ദേശം ഈ സമുദായങ്ങളുടെ താഴെ തട്ടിലേക്ക് എത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞാൽ നിർണായക സ്വാധീനമുള്ള ഒരു കക്ഷിയാകാൻ പാർട്ടിക്ക് സാധിക്കും. നേതൃത്വത്തിലുള്ളവരുടെ കഴിവും പ്രവർത്തന പാരമ്പര്യവുമാണ് പാർട്ടിയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എസ് ആർ മേനോനാണ് പാർട്ടിയുടെ പ്രസിഡന്റ്. പിടിഐയുടെ സീനിയർ കറസ്‌പോണ്ടന്റായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി കോന്നി ഗോപകുമാർ കെ എം മാണിയുടെ വിശ്വസ്തനായിരുന്നു. ട്രഷറർ മല്ലേലി ശ്രീധരൻ നായർ ആകട്ടെ, കേരളത്തെ പിടിച്ചുകുലുക്കിയ സോളാർ കേസിലെ വാദിയായ പാറമട ഉടമയും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 ലക്ഷത്തോളം വോട്ടുകൾ സിപിഎമ്മിന് നഷ്ടമായതായാണ് അവരുടെ കണക്ക്. ഇതിൽനിന്ന് വ്യക്തമാകുന്നത് സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന നിർണായക വോട്ടുകൾ കേരളത്തിൽ ഉണ്ടെന്നാണ്. മുന്നാക്ക സമുദായങ്ങളിലെ ആ വോട്ടുകൾ ഏകീകരിക്കുന്നതിനുള്ള നീക്കമാണ് പുതിയ പാർട്ടി നടത്തുക. സംവരണത്തെ എതിർക്കാതിരിക്കുമ്പോൾത്തന്നെ, മുന്നാക്കക്കാരിലെ ദരിദ്രർക്ക് നീതി ലഭിക്കുന്നതിനായി പാർട്ടി നിലകൊള്ളും. സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സംവരണം, മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടും കേരള സർക്കാർ ഇതുവരെ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല. ഇതിലുള്ള പ്രതിഷേധവും പുതിയ പാർട്ടി മുന്നോട്ടുവെയ്ക്കും.

പാർട്ടിയുടെ നേതാക്കളിൽ പലരും പഴയ എൻഡിപിയുടെ നേതാക്കളാണ് എന്നതും പ്രത്യേകതയാണ്. എൻഎസ്എസിന്റെ രാഷ്ട്രീയ രൂപമായിരുന്ന നാഷണൽ ഡെമോക്രാറ്റിക് പാർട്ടി പിന്നീട് പിരിച്ചുവിടുകയായിരുന്നു. നിലവിൽ എൻഎസ്എസ് നേതൃത്വവുമായി അകൽച്ചയിലുമാണ് ഇക്കൂട്ടർ. നായർ സർവീസ് സൊസൈറ്റി നാഷണൽ ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി പ്രത്യക്ഷത്തിൽ രംഗത്തിറങ്ങിയത് 1973 ജൂലായ് 22നായിരുന്നു. കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച് നിയമസഭയിൽ ഏതാനും സീറ്റ് സ്വന്തമാക്കിയ എൻ ഡി പിക്ക് 1982ലെ കെ കരുണാകരൻ അംഗത്വവുമുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് എൻ ഡി പി ദയനീയമായി പരാജയപ്പെട്ടു. 1994ൽ എൻ ഡി പി പിരിച്ചുവിടാൻ തീരുമാനിച്ച ശേഷമാണ് പ്രശസ്തമായ സമദൂര സിദ്ധാന്തം എൻ എസ് എസ് ആവിഷ്‌കരിച്ചത്.

1977ൽ കോൺഗ്രസ്സും സിപിഐ.യും ഉൾപ്പെട്ട മുന്നണിയോടൊപ്പംനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അഞ്ചിടത്ത് ജയിച്ചു. എൻ.ഡി.പി.യുടെ രാഷ്ട്രീയചരിത്രത്തിൽ ഏറ്റവുംകൂടുതൽ നിയമസഭാംഗങ്ങളുണ്ടായ തിരഞ്ഞെടുപ്പ് ആയിരുന്നു അത്. ആദ്യം എൻ.ഡി.പിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ട് മുഖ്യമന്ത്രിമാർ മാറി ഒടുവിൽ സി.എച്ച്. മുഹമ്മദ്കോയ കാവൽ മുഖ്യമന്ത്രിയായപ്പോൾ എൻ.ഡി.പി.ക്കും അവസരം നൽകി. മന്ത്രിയായി പാർട്ടി പ്രതിനിധി എൻ. ഭാസ്‌കരൻ നായർ അധികാരമേറ്റു. മൂന്നുമന്ത്രിമാർ മാത്രമുണ്ടായിരുന്ന ആ മന്ത്രിസഭയിൽ എട്ടുവകുപ്പുകളാണ് ഭാസ്‌കരൻനായർ ഭരിച്ചത്. രണ്ടുമാസം മാത്രമേ അദ്ദേഹം മന്ത്രിയായിരുന്നുള്ളൂവെങ്കിലും.ഐക്യജനാധിപത്യ മുന്നണിയെന്ന ആശയത്തിന് വിത്തുപാകിയത് എൻ.ഡി.പി.യുംകൂടി ചേർന്നാണ്.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് എൻ.ഡി.പി, യു.ഡി.എഫ്. വിട്ടത്. ആ നിയമസഭയിൽ രണ്ട് എംഎ‍ൽഎ.മാരായിരുന്നു പാർട്ടിക്ക്. കെ.പി. രാമചന്ദ്രൻനായരും ആർ. രാമചന്ദ്രൻനായരും. ആർ. രാമചന്ദ്രൻ നായരെ മന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ മറ്റേ രാമചന്ദ്രൻ നായർ പിണങ്ങി. ആർ. രാമചന്ദ്രൻ നായർ മൂന്നുകൊല്ലം ഭരിച്ചപ്പോൾ എൻ.എസ്.എസ്. നേതൃത്വവുമായി ഇടഞ്ഞു. അവസാനം സ്വന്തം മന്ത്രിയെ പുറത്താക്കാൻ എൻ.ഡി.പി.ക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നു.

നെയ്യാറ്റിൻകര, നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ എൻ.ഡി.പി.ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. ഈ സാഹചര്യവും മുന്നോക്ക സമുദായങ്ങളുടെ ഏകോപനം എന്ന സാധ്യതയും പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് കഴിയുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്ട്രേഷനും മറ്റും ലഭിച്ചു. 12 ജില്ലാ കമ്മിറ്റികളും രൂപവത്കരിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP