Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

നിങ്ങള് പറ, അല്ല.. ഒരു മര്യാദയൊക്കെ വേണ്ടേയെന്ന് കേരളാ പൊലീസ്..! കുതിരാനിലെ കുഴിയും കുരുക്കും മറികടക്കാൻ ഊടുവഴിയിലൂടെ കൊമ്പു കുലുക്കിയ ജോണി മോന് പണികിട്ടി! സൈബർ ലോകത്ത് വൈറലായ സ്വകാര്യ ബസ് കസ്റ്റഡിയിൽ എടുത്ത് പീച്ചി പൊലീസ്; ഇതേ യാത്രയിൽ തന്നെ മറ്റൊരു കാറിൽ ഇടിച്ചതും അതിനു പൊലീസ് കേസ് ഉള്ളതിനാലും കസ്റ്റഡിയെന്ന് വിശദീകരണം; കുതിരാനിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ ബസുകൾ പോകുന്ന നേർകാഴ്‌ച്ചയെന്നും വിമർശനം

നിങ്ങള് പറ, അല്ല.. ഒരു മര്യാദയൊക്കെ വേണ്ടേയെന്ന് കേരളാ പൊലീസ്..! കുതിരാനിലെ കുഴിയും കുരുക്കും മറികടക്കാൻ ഊടുവഴിയിലൂടെ കൊമ്പു കുലുക്കിയ ജോണി മോന് പണികിട്ടി! സൈബർ ലോകത്ത് വൈറലായ സ്വകാര്യ ബസ് കസ്റ്റഡിയിൽ എടുത്ത് പീച്ചി പൊലീസ്; ഇതേ യാത്രയിൽ തന്നെ മറ്റൊരു കാറിൽ ഇടിച്ചതും അതിനു പൊലീസ് കേസ് ഉള്ളതിനാലും കസ്റ്റഡിയെന്ന് വിശദീകരണം; കുതിരാനിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ ബസുകൾ പോകുന്ന നേർകാഴ്‌ച്ചയെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിങ്ങള് പറ, അല്ല.. ഒരു മര്യാദയൊക്കെ വേണ്ടേ.. കുതിരാനിലെ റോഡിലെ ഗട്ടറിൽ നിന്നും രക്ഷതേടി ഇടവഴിയിലൂടെ കയറി കൊമ്പു കുലുക്കി നീങ്ങിയ സ്വകാര്യ ബസ് ജോണിയുടെ വീഡിയോ കേരളാ പൊലീസ് ഫേസ്‌ബുക്ക് പേജിൽ ഇട്ട ശേഷം എഴുതിയത് ഇങ്ങനെയായിരുന്നു. ടിക്ക് ടോക്കിൽ വൈറലായ ബസിൽ ജോണി മോന് പണി കിട്ടി എന്ന വിധത്തിലായിരുന്നു കേരളാ പൊലീസിന്റെ പോസ്റ്റ്. സോഷ്യൽ മീഡിയയിൽ വൈറലായ ബസിന് പണി കിട്ടിയത് ചുരുങ്ങിയ സമയം കൊണ്ടു തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ആ യാത്രയിൽ തന്നെ മറ്റൊരു കാറിൽ ഇടിച്ച് ബസ് അപകടം വരുത്തി. ഇതോടെ ബസ് പീച്ചി പൊലീസ് സ്‌റ്റേഷന്റെ കസ്റ്റഡിയിലുമായി.

അതേസമയം കേരളാ പൊലീസ് ഇട്ട പോസ്റ്റിന് വിമർശനങ്ങളും ഏറെ വരുന്നുണ്ട്. കുതിരാനിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രാദുരിതമാണ് പലരും ചൂണ്ടിക്കാട്ടിയത്. ഇങ്ങനെ വിമർശനം പെരുകിയപ്പോഴാണ് കൊമ്പുകുലുക്കിയുള്ള ഇതേ യാത്രയിൽ ബസ് മറ്റൊരു കാറിൽ ഇടിച്ചതിന് കേസ് ഉള്ളതിനാൽ കസ്റ്റഡിയിൽ എടുത്തെന്ന് വിശദീകരണം നൽകിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കുതിരാനിൽ ബസ് പോകുന്ന വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ വമ്പിച്ച സ്വീകരണം ലഭിച്ചത്. കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുകയായിരുന്നു ജോണി എന്ന ബസ്.

ഈ ബസിന്റെ വരവായിരുന്നു സോഷ്യൽ മീഡിയയിൽ പ്രശംസിക്കപ്പെട്ടത്. ബസിനും ഡ്രൈവർക്കും ആരാധകരും കൈയടിയും നിറഞ്ഞു. കുതിരാനിലെ മണിക്കൂറുകൾ നീണ്ട പതിവു കുരുക്ക്. തിരക്കു കൊടുംപിരികൊണ്ട ഓണക്കാലം. മണിക്കൂറുകൾ നീളുന്ന കുരുക്കും സമയനഷ്ടവും ഒഴിവാക്കാൻ ഒരു ബസിന്റെ യാത്രാട്വിസ്റ്റ്. നീണ്ടവരിയിൽ നിന്നു ഇടത്തോട്ടു തിരിഞ്ഞ് മറുവഴിയിലൂടെ വീണ്ടും മെയിൻ റോഡിലേക്കു വന്നു കയറുന്ന ബസ്. യൂ ട്യൂബിലൂടെ പ്രചരിച്ച ഈ വീഡിയോ പിന്നീടു സാമൂഹിക മാധ്യമങ്ങളിൽ നിലംതൊടാതെ പറന്നുകയറി. ടിക് ടോക്കിലും വൈറലായി.

തൃശൂർ സ്വദേശിയായ അജിൽ ആണ് ആ വീഡിയോ ക്യാമറയിൽ പകർത്തിയത്. കഷ്ടപ്പെട്ട് ദിവസങ്ങൾ കാത്തുനിന്നെടുത്ത വീഡിയോ എന്ന കുറിപ്പോടെ സുഹൃത്ത് ജിഷ്ണു ഇട്ട ഫെയ്സ് ബുക് പോസ്റ്റിലൂടെയാണ് യാഥാർഥ വീഡിയോ എടുത്തത് ആരെന്ന് പുറത്തെത്തിയത്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളുടെയും അവസ്ഥ ഇതാണെന്നാണ് അജിൽ പറയുന്നത്. ഗതികേട് എന്നു തന്നെ പറയണം. അത്രയ്ക്കുമോശമായി തുടരുകയാണ് ഇവിടുത്തെ റോഡുകളെന്നും അജിൽ വ്യക്തമക്കുന്നു.

ഓണത്തോട് അടുത്തുള്ള സമയത്താണ് കുതിരാനിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയത്. വീട്ടിലേക്കുള്ള വഴിയായതിനാൽ എന്നും കാണുന്നതും അനുഭവിക്കുന്നതും ആണ് ഈ കുരുക്ക്. ദിവസങ്ങൾക്കു മുമ്പ് ഒരു മന്ത്രിയെ സമയത്തിനു കുതിരാൻ കടത്തിവിടാൻ പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടപ്പോൾ സ്ത്രീകൾ അടക്കമുള്ള സാധാരണ ജനം മണിക്കൂറുകളാണ് വഴിയിൽ കാത്തുകിടന്നത്. ഈ കുരുക്ക് വാർത്തയും വിവാദവുമായ പശ്ചാത്തലത്തിൽ കുതിരാനിലെ യാഥാർഥ്യം അധികാരികളുടെ കണ്ണുതുറപ്പിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് അന്ന് വീഡിയോ എടുത്തത്. ജിഷ്ണു എന്ന സുഹൃത്തിനൊപ്പം കുതിരാനിലെത്തി വലിയ വാഹനങ്ങളുടെ യാത്രാദുരിതം മണിക്കൂറുകളോളം നിരീക്ഷിക്കുകയായിരുന്നു.

ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും നേരിട്ടും ദുരിതം മനസിലാക്കി. ദൂരേയ്ക്കു ക്യാമറ സൂം ചെയ്ത് എടുക്കുന്നതിനിടെ ആകസ്മികമായാണ് ഒരു ബസ് ഇടത്തോട്ടു തിരിഞ്ഞ്, സർവീസ് റോഡ് പണിക്കായുള്ള മണ്ണുറോഡിലൂടെ തിരിഞ്ഞു കയറുന്നത് ശ്രദ്ധയിൽ പെട്ടത്. നീണ്ട വരിയും വലിയ കുഴികളും, യാത്രികരുടെയും ബസിന്റെയും സമയനഷ്ടവും ഒഴിവാക്കാൻ ആ ഡ്രൈവർക്ക് അതേ മാർഗമുണ്ടായിരുന്നുള്ളൂ എന്നാണ് അജിൽ പറയുന്നു.

ഈ വീഡിയോയുടെ പ്രത്യേകത കൊണ്ടാണ് ടിക്ക് ടോക്കിൽ വൈറലാകാൻ ഇടയാക്കിയത് എന്നാണ് വീഡിയോ എഠുത്ത യുവാവ് പറയുന്നത്. തൃശ്ശൂർ- പാലക്കാട് റൂട്ടിലായിരുന്നു ജോണിസ് ബസിന്റെ സഞ്ചാരം. 'നെഞ്ചുവിരിച്ച്, തോളുചരിച്ച്...ലാലേട്ടൻ' സ്റ്റൈലിലാണ് ടിക് ടോക്, ഹലോ, ഇൻസ്റ്റഗ്രാം, ഷെയർ ചാറ്റ്, ഫെയ്സ് ബുക് എന്നീ മാധ്യമങ്ങളിലൂടെ മറുവഴിയിലൂടെ മഴവെള്ളം ചിതറിച്ച് വരുന്ന കുതിരാനിലെ ബസ് കത്തിക്കയറിയത്. 'ജോണീ, മോനേ ജോണീ...', 'ഏഴിമല പൂഞ്ചോല...' എന്നീ പാട്ടുകളുടെയും ബാഹുബലി തീം മ്യൂസിക്കിന്റെയും സിനിമ ഡയലോഗുകളുടെയും അകമ്പടിയിലാണ് പ്രചരിച്ചത്. അതേസമയം വീഡിയോ വൈറലായോതെ ജീവനക്കാരുടെ ജീവിതം കുഴപ്പത്തിലാകുന്ന സ്ഥിതിയാണെന്നും അജിൽ നാരായണൻ പറയുന്നു. കേരളാ പൊലീസ് ഫേസ്‌ബുക്ക് പേജിൽ ട്രോൾ വീഡിയോ ആക്കി പോസ്റ്റു ചെയ്തതോടെയാണ് സംഗതി കളിമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP