Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെതന്യാഹുവിനും ബെന്നിക്കും പ്രധാനമന്ത്രി ആകണം; കൂട്ട് കക്ഷി സർക്കാർ ഉണ്ടാക്കാനുള്ള ശ്രമത്തിന് വൻ തിരിച്ചടി; ഒന്നര മാസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ്; ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ മാസങ്ങൾക്കിടയിൽ മൂന്നാമത്തെ തെരഞ്ഞെടുപ്പ് നടത്തേണ്ട ഗതികേടിലായ ഇസ്രയേലിന്റെ കഥ

നെതന്യാഹുവിനും ബെന്നിക്കും പ്രധാനമന്ത്രി ആകണം; കൂട്ട് കക്ഷി സർക്കാർ ഉണ്ടാക്കാനുള്ള ശ്രമത്തിന് വൻ തിരിച്ചടി; ഒന്നര മാസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ്; ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ മാസങ്ങൾക്കിടയിൽ മൂന്നാമത്തെ തെരഞ്ഞെടുപ്പ് നടത്തേണ്ട ഗതികേടിലായ ഇസ്രയേലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ജറുസലേം: ഇസ്രയേലിന്റെ രാഷ്ട്രീയ പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വഷളായി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നേതാക്കന്മാർ. ഇങ്ങനെ പോയാൽ മാസങ്ങൾക്കിടയിൽ മൂന്നാമത്തെ തിരഞ്ഞെടുപ്പ് നടത്തേണ്ട അവസ്ഥയിലെക്ക് ഇസ്രയേലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. മാത്രമല്ല ബെഞ്ചമിൻ നെതന്യാഹുവും ഗാൻസും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്. അതേ സമയം പ്രസിഡന്റ് റ്യൂവൻ റിവ്‌ലിൻ തിരഞ്ഞെടുക്കപ്പെട്ട കക്ഷികളുമായി ആലോചിച്ച് അടുത്ത സർക്കാർ രൂപീകരിക്കുന്നത് ആരെന്ന വിഷയത്തെക്കുറിച്ച് ഞായറാഴ്ച തീരുമാനിക്കുമെന്ന് പറഞ്ഞു.

ചർച്ചയിലെ ശുപാർശകളെ അടിസ്ഥാനമാക്കി ഒരു തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിന്റിന്റെ ശുപാർശയെ അടിസ്ഥാനമാക്കി സർക്കാർ രൂപീകരിക്കാൻ 42 ദിവസമുണ്ടാകും. ഇതിൽ പരാജയപ്പെട്ടാൽ പ്രസിഡന്റ് തന്റെ രണ്ടാമത്തെ ശുപാർശ മുന്നോട്ട് വെയ്ക്കാം. ഇവ രണ്ടും പരാജയപ്പെട്ടാൽ മറ്റൊരു പാർലമെന്റ് അംഗത്തെ സർക്കാർ കെട്ടിപ്പടുക്കുന്നതിനുള്ള ചുമതല പ്രസിഡന്റ് ഏൽപിക്കും. അല്ലെങ്കിൽ മൂന്നാമതൊരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ സാധ്യത ഒഴിവാക്കണമെന്ന് ഗാൻസും നെതന്യാഹുവും ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോഴത്തെ സാഹചര്യം വെച്ച് മറ്റൊരു തിരഞ്ഞെടുപ്പിന്റെ എല്ലാ സാധ്യതകളും കാണാനുണ്ട്.

എന്നാൽ ഇന്നലെ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ വലിയ ഒറ്റക്കക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുടെ പിന്തുണ നെതന്യാഹു അഭ്യർത്ഥിച്ചിരുന്നു. പക്ഷേ ഈ വിഷയത്തിൽ ബെന്നി ഗാന്റ്സ് നിലപാട് വ്യക്തമാക്കിയിട്ടില്ല. മുൻ സൈനിക ജനറലായ ഗാന്റ്സിന്റെ പാർട്ടിക്ക് 33 സീറ്റും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. ലിക്കുഡ് അടക്കം വലതുപക്ഷ, തീവ്ര യാഥാസ്ഥിതിക പാർട്ടികൾ ഉൾപ്പെടുന്ന മുന്നണിക്ക് 55 സീറ്റുകളേ നേടാനായുള്ളൂ. ബ്ലൂ ആൻഡ് വൈറ്റ് ഉൾപ്പെടുന്ന മധ്യ-ഇടത് മുന്നണിക്ക് 57 സീറ്റും ലഭിച്ചു. ഈ സാഹചര്യത്തിലാണ് ഭരണകക്ഷിയിൽ തുടരുന്നതിനായി നെതന്യാഹു ബെന്നി ഗാന്റ്സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. നേരത്തേ അഴിമതിക്കാരനായ നെതന്യാഹുവിന്റെ ഒപ്പം സർക്കാർ രൂപീകരിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് ഗാൻസ് പറഞ്ഞിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷം പാർട്ടികൾക്കൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ വീണ്ടും അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ഭരണമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന ഇസ്രയേലിന് ഇനി ആര് എന്ന ചോദ്യം മാത്രമാണ് മുന്നിലുള്ളത്. അഞ്ചുമാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിൽ ജനം വിധി എഴുതിയപ്പോൾ അങ്കലാപ്പിലായത് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയാണ്. കൂടാതെ അഴിമതി ആരോപണം നേരിടുന്ന നേതാവിന് അധികാരം നഷ്ടപ്പെട്ടാൽ അതിൽ നിന്ന് രക്ഷപ്പെടാനും സാധിക്കില്ല. നിരന്തരമായി നേരിടുന്ന പ്രതിസന്ധി കാരണം നെതന്യാഹു തന്റെ സുഹൃത്ത് ട്രംപിനെ കാണാനുള്ള പദ്ധതി വരെ ഒഴിവാക്കിയിരുന്നു.

അതെസമയം ഇസ്രയേൽ ബെയ്തെയ്നു പാർട്ടിയുടെ നേതാവായ അവിഗ്ദോർ ലീബർമാന്റെ കക്ഷിക്ക് 9 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇനി ഇദ്ദേഹത്തിന്റെ നിലപാടാണ് അടുത്ത സർക്കാർ ആരുടേതാണെന്ന് തീരുമാനിക്കുക എന്നുറപ്പായിട്ടുണ്ട്. അവിഗ്ദോർ ഒരുകാലത്ത് നെതന്യാഹുവിന്റെ വലംകൈയായിരുന്നു.രണ്ട് പ്രധാന പാർട്ടികൾക്കും ലിബർമാന്റെ പിന്തുണയില്ലാതെ സർക്കാർ രൂപവത്കരിക്കാൻ കഴിയില്ല. കൂട്ടുകക്ഷി സർക്കാറിനുള്ള ചർച്ചകൾ നേരത്തെ ആരംഭിച്ചു കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലികുഡ് പാർട്ടിയായാലും ബ്ലൂ ആൻഡ് പാർട്ടിയായാലും ഐക്യ സർക്കാറായിരിക്കുമെന്ന് ലിബർമാൻ പറഞ്ഞിരുന്നു. ബ്ലൂ ആൻഡ് സഖ്യവുമായി ലിബർമാൻ ധാരണയിലെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇത്രയും കുറഞ്ഞ കാലത്തിനിടയിൽ രണ്ടു തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്ന സന്ദർഭം ഇസ്രയേലിന്റെ ചരിത്രത്തിൽ മുൻപുണ്ടായിട്ടുമില്ല. പാർലമെന്റിൽ കേവലഭൂരിപക്ഷം കിട്ടാൻ 61 സീറ്റുകൾ വേണം. ഇസ്രയേലിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തിൽ അത്രയും സീറ്റുകൾ ഒരു കക്ഷിക്കും കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് ആനുപാതിക പ്രാതിനിധ്യ രീതിയിലായതാണ് ഇതിനൊരു കാരണമെന്നു പറയപ്പെടുന്നു. അഴിമതി ആരോപിതനായ നെതന്യാഹു അധികാരത്തിൽ തൂങ്ങിപ്പിടിച്ച് കിടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കാരണം അധികാരം നഷ്ടമായാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്ന തോന്നലാണ് ഇതിന് കാരണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP