Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി കെ ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്‌തേക്കും; ആവശ്യമെങ്കിൽ നിയമോപദേശവും തേടാൻ തീരുമാനം; തുടർ നടപടികൾക്ക് വിജിലൻസിന് പൂർണ സ്വാതന്ത്ര്യം നൽകി പിണറായി; പാലാ ഉപതിരഞ്ഞെടുപ്പെന്ന പരിഗണന വേണ്ടെന്ന് നിർദ്ദേശം; അറസ്റ്റു തടയാൻ അണിയറ നീക്കങ്ങളുമായി മുസ്ലിംലീഗ് നേതൃത്വവും; ടി ഒ സൂരജിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന ഫയലുകൾ അന്വേഷണ സംഘത്തിന്റെ പക്കലുള്ളത് നടപടികളെ വേഗത്തിലാക്കും

വി കെ ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്‌തേക്കും; ആവശ്യമെങ്കിൽ നിയമോപദേശവും തേടാൻ തീരുമാനം; തുടർ നടപടികൾക്ക് വിജിലൻസിന് പൂർണ സ്വാതന്ത്ര്യം നൽകി പിണറായി; പാലാ ഉപതിരഞ്ഞെടുപ്പെന്ന പരിഗണന വേണ്ടെന്ന് നിർദ്ദേശം; അറസ്റ്റു തടയാൻ അണിയറ നീക്കങ്ങളുമായി മുസ്ലിംലീഗ് നേതൃത്വവും; ടി ഒ സൂരജിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന ഫയലുകൾ അന്വേഷണ സംഘത്തിന്റെ പക്കലുള്ളത് നടപടികളെ വേഗത്തിലാക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് മേൽ കരുക്കു മുറുകുന്നു. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് അ്‌ന്വേഷണം ശക്തമാക്കിയ വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്‌തേക്കുമെന്ന സൂചനയാണ് നൽകുന്നത്. മൂന്നുദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് വിജിലൻസിന്റെ തീരുമാനം. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യാനാണ് ഉദ്യോഗസ്ഥ തലത്തിലെ നീക്കം.

അറസ്റ്റ് അനിവാര്യമാണെന്ന സൂചനയാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. അശോക് കുമാർ തിരുവനന്തപുരത്തെത്തി വിജിലൻസ് എ.ഡി.ജി.പി., ഐ.ജി. എന്നിവരെ വ്യാഴാഴ്ച കണ്ടു. വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗവും ചേർന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് തീരുമാനം. അറസ്റ്റ് ആവശ്യമായിവന്നാൽ നിയമോപദേശം തേടും. നോട്ടീസ് കൈപ്പാറ്റാതിരിക്കുകയോ കൈപ്പറ്റിയശേഷം ഹാജരാകാതിരിക്കുകയോ ചെയ്താലും കോടതിയുടെ അനുമതിയോടെ അറസ്റ്റിലേക്ക് നീങ്ങിയേക്കാം. തുടർനടപടികൾക്ക് വിജിലൻസിന് പൂർണസ്വാതന്ത്ര്യം സർക്കാർ നൽകിയിട്ടുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പൊന്നും പരിഗണിക്കേണ്ടെന്നും സർക്കാർ നിർദ്ദേശിച്ചതായാണ് സൂചന.

പാലം നിർമ്മിച്ച ആർ.ഡി.എസ്. കമ്പനിക്ക് മുൻകൂർ പണംനൽകിയത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയായിരുന്നുവെന്ന് ജയിലിൽ കഴിയുന്ന സൂരജ് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് വിജിലൻസ് നടപടി അനിവാര്യമാക്കിയത്.

സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി. ആയിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷിനും വിജിലൻസ് നോട്ടീസ് നൽകിയേക്കും. പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഉന്നതോദ്യോഗസ്ഥരെയും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും. പാലം നിർമ്മാണത്തിന്റെ ഫയലുകൾ അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. അതിനാൽ സൂരജിന്റെ ആരോപണങ്ങൾ അന്വേഷണസംഘത്തിന് ബോധ്യമായതായാണ് വിവരം.

അതേസമയം മുന്മന്ത്രിയും എംഎ‍ൽഎയുമായ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വൻകോളിളക്കമുണ്ടാക്കും എന്നത് ഉറപ്പാണ്. വിജിലൻസ് ഡയറക്ടർ അനിൽകാന്ത്, ഐ.ജി: എച്ച്. വെങ്കിടേഷ്, എസ്‌പി: വി.ജി. വിനോദ്കുമാർ, ഡിവൈ.എസ്‌പി. അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു ചേർന്ന ഉന്നതതലയോഗം അന്വേഷണപുരോഗതി വിലയിരുത്തി. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നു യോഗത്തിനുശേഷം വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതായാണു സൂചന.

ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ എം.ഡി: എ.പി.എം. മുഹമ്മദ് ഹനീഷിനെയും വിജിലൻസ് ചോദ്യംചെയ്യും. നിലവിൽ കൊച്ചി മെട്രോ റെയിൽ എം.ഡിയാണു ഹനീഷ്. ഒന്നരയാഴ്ച മുമ്പ് ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്തു രണ്ടരമണിക്കൂർ ചോദ്യംചെയ്തിരുന്നു. വകുപ്പുമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ മാത്രമാണു നിർവഹിച്ചതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. മന്ത്രിയെന്ന നിലയിൽ പാലത്തിന്റെ പണികളിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന വാദവും അദ്ദേഹം ഉന്നയിച്ചിരുന്നു.

പഴുതടച്ചുള്ള അറസ്റ്റിനാണു വിജിലൻസ് നീക്കം. പാലം നിർമ്മാണവുമായി ബന്ധപ്പെട്ടു യു.ഡി.എഫ്. സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും വിജിലൻസ് ഇഴകീറി പരിശോധിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലും ഇന്നലെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോടുമാണു സൂരജ് മുന്മന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയത്. സൂരജ് മാധ്യമങ്ങളോടു പ്രതികരിക്കുമ്പോൾ തിരുവനന്തപുരത്തെ എംഎ‍ൽഎ. ക്വാർട്ടേഴ്സിലായിരുന്നു കളമശേരിയിലെ മുസ്ലിം ലീഗ് എംഎ‍ൽഎ. കൂടിയായ ഇബ്രാഹിംകുഞ്ഞ്. തുടർന്ന് ആലുവയിലേക്കു പോയ അദ്ദേഹം അഭിഭാഷകനുമായി കൂടിയാലോചനകൾ നടത്തിയതായാണു സൂചന.

നേതാവിന്റെ അറസ്റ്റ് തടയാൻ ലീഗിന്റെ നേതൃത്വത്തിൽ അണിയറനീക്കങ്ങളും സജീവമാണ്. സർക്കാരിനാകെ നാണക്കേടുണ്ടാക്കിയ കേസിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. അതിനിടെ

ടി.ഒ. സൂരജ് ഉൾപ്പെടെയുള്ള നാലുപ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഒക്ടോബർ മൂന്നുവരെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ കാലാവധി തീർന്നതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വിജിലൻസ് ജഡ്ജി. ഡോ. ബി. കലാംപാഷ പ്രതികളെ 14 ദിവസത്തേക്കുകൂടി റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി 24-ന് പരിഗണിക്കും. 21 ദിവസമായി ഇവർ മൂവാറ്റുപുഴ സബ് ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP