Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വൻകിട ട്രാൻസ് ഗ്രിഡ് പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി; കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടലുകൾ; കെ.എസ്.ഇ.ബിയുടെ അടിസ്ഥാന നിരക്കിനെക്കാൾ വളരെ ഉയർന്ന നിരക്കിൽ കരാർ നൽകി; കിഫ്ബിയിൽ സിഎജി ഓഡിറ്റ് ഭയക്കുന്നത് വൻ അഴിമതി നടക്കുന്നതിനാൽ: വൈദ്യുതി വകുപ്പിനെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല

വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വൻകിട ട്രാൻസ് ഗ്രിഡ് പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി; കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടലുകൾ; കെ.എസ്.ഇ.ബിയുടെ അടിസ്ഥാന നിരക്കിനെക്കാൾ വളരെ ഉയർന്ന നിരക്കിൽ കരാർ നൽകി; കിഫ്ബിയിൽ സിഎജി ഓഡിറ്റ് ഭയക്കുന്നത് വൻ അഴിമതി നടക്കുന്നതിനാൽ: വൈദ്യുതി വകുപ്പിനെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

പാലാ: പാലാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കാലാശ ദിവസത്തിൽ സർക്കാറിനെതിരെ വൻ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി വകുപ്പിനെതിരെയാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വൻകിട ട്രാൻഗ്രിഡ് പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കിഫ്ബി വഴി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് പദ്ധതി. തുടക്കത്തിൽ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടർന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവർത്തികൾ ഇപ്പോൾ നടപ്പിലാക്കിയാൽ മതി എന്ന് തീരുമാനിക്കുകയായിരുന്നു.- ചെന്നിത്തല ആരോപിച്ചു.

ഇതിൽ ആദ്യം നടപ്പാക്കുന്ന രണ്ടു പദ്ധതികളായ കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടുകളാണ് നടന്നിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ അടിസ്ഥാന നിരക്കിനെക്കാൾ വളരെ ഉയർന്ന നിരക്കിലാണ് ഇവയുടെ കരാർ നൽകിയിരിക്കുന്നത്. കെ എസ് ഇ ബിയിലെ എസ്സ്റ്റിമേറ്റുകൾ സാധാരണ ഗതിയിൽ അസിസ്റ്റന്റ് എൻജിനീയർ മുതൽ ചീഫ് എഞ്ചിനിയർവരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് തയ്യാറാക്കുക. എന്നാൽ ഈ പ്രവർത്തികളുടെ എസ്റ്റിമേറ്റ് മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിർത്തി പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എൻജിനീയറാണ് തയ്യാറാക്കിയത്. ഇത് എന്തിനാണെന്നും ചെന്നിത്തല ചോദിക്കുന്നു.

ഈ എസ്സ്റ്റിമേറ്റാകട്ടെ സാധാരണ നിരക്കിലും 60% ഉയർന്ന നിരക്കിൽ സ്പഷ്യൽ റേറ്റ് ആയാണ് തയ്യാറാക്കിയത്. മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിർത്തി പ്രത്യേക ഉദ്യോഗസ്ഥനെ വച്ച് എസ്സ്റ്റിമേറ്റുകൾ തയ്യാറാക്കുന്നതിനെ സംസ്ഥാന വിജിലൻസ് തുടക്കത്തിൽ തന്നെ താക്കീതു ചെയ്തതാണ്. കാര്യങ്ങൾ അവിടെയും അവസാനിച്ചില്ല. 60 ശതമാനത്തോളം ഉയർത്തി നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയിന്മേൽ പിന്നീടും 50 മുതൽ 80 ശതമാനം ഉയർന്ന തുകയ്ക്കാണ് കരാറുകൾ നൽകിയത്. ആകെ 800 കോടിയോളം രൂപയുടെ കരാറാണ് നൽകിയത്. കോട്ടയം ലൈൻസ് പദ്ധതി സ്‌പെഷ്യൽ റേറ്റിൽ നിശ്ചിയിച്ച എസ്റ്റിമേറ്റ് തുകയുടെ 61.18 ശതമാനം അധിക നിരക്കിൽ എൽ ആൻഡ് ടി കമ്പനിക്കാണ് നൽകിയത്. കോലത്തുനാട് പദ്ധതിയാവട്ടെ എസ്റ്റിമേറ്റ് തുകയുടെ 54.81 ശതമാനം ഉയർന്ന നിരക്കിലാണ് നൽകിയത്.

എല്ലാം സുതാര്യമെന്നു വരുത്തിത്തീർക്കാൻ വൻ കള്ളക്കളികളിയും നടത്തി. എൽ. ആൻ.ടിയെയും സ്റ്റെർലൈറ്റും അടക്കമുള്ള കുത്തക കമ്പനികളെയും മാത്രം ഉൾക്കൊള്ളിക്കാൻ ഇവർക്കനുകൂലമായ നിബന്ധനകൾ ഉലെടുത്തിയാണ് പ്രീ-ക്വാളിഫയ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു. അതിന് ശേഷം ടെൻഡർ വിളിക്കുകയും അതിൽ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ടു ചെയ്ത കമ്പനികൾക്ക് ടെൻഡർ നൽകുകയാണ് ചെയ്തത്. ടെണ്ടർ ചെയ്താണ് കരാർ നൽകിയെതന്ന് പറയുന്നതിന് വേണ്ടിയായിരുന്നു ഇത്.

പദ്ധതിയിൽ കുറഞ്ഞ തുകയ്ക്ക് ക്വാട്ട് ചെയ്ത അതേ കമ്പനി മറ്റൊന്നിൽ ഉയർന്ന തുകയ്ക്കുള്ള ടെണ്ടറും നൽകിയെന്ന ആരോപണവും ചെന്നിത്തല ഉന്നിയിച്ചു. ഇവർ തമ്മിൽ ധാരണയുണ്ടാക്കി രണ്ടു പദ്ധതികളും വീതിച്ചെടുത്തു എന്നുവേണം അനുമാനിക്കാനെന്നും ചെന്നിത്തല പറഞ്ഞു. ഈ പദ്ധതികൾ വിലയിരുത്തി അപ്രൈസൽ നൽകിയത് കിഫ്ബിയുടെ വിവാദ കമ്പനിയായ ടൊറാനസ് കമ്പനിയാണ്. ഈ കമ്പനിയുടെ അഡൈ്വസറാകട്ടെ കെ എസ് ഇ ബിയിൽ നിന്നും വിരമിച്ച ട്രാൻസ്മിഷൻ ഡയറക്ടറുമാണ്. ഈ വ്യക്തി തന്നെയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതും. അതായത് കെ.എസ്.ഇ.ബിയിൽ ജോലി ഉണ്ടായിരിക്കെ ഈ വ്യക്തി എസ്റ്റിമേറ്റ് തയ്യാറാക്കി. പിന്നീട് വിരമിച്ച ശേഷം ആ വ്യക്തി ടെറാനസ് കമ്പനിയിൽ ചേരുകയും ആ വ്യക്തി തന്നെ എസ്റ്റിമേറ്റിന് അപ്രൈസൽ നടത്തുകയും ചെയ്തു എന്നർത്ഥം.

ജനങ്ങളുടെ നികുതിപ്പണം യാതൊരു തത്വദീക്ഷയും ഇല്ലാതെ കുത്തക കമ്പനികൾക്ക് വാരിക്കാരി നൽകുകയാണ് ചെയ്തത്. ഇതിന് പിന്നിൽ ആർക്കൊക്കെ എത്രയൊക്കെ കിട്ടിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ഇബി വൻ നഷ്ടത്തിലാന്നെന്നുപറഞ്ഞു ചാർജ് വർദ്ധനവു വരുത്തി ജനങ്ങളുടെ മേൽ അധികബാധ്യത അടിച്ചേൽപ്പിച്ചവരാണ് എസ്റ്റിമേറ്റ് തുകയുടെ 50 മുതൽ 70 ശതമാനം തുകയ്ക്ക് പദ്ധതികൾ നൽകുന്നത് എന്നോർക്കണം. കിഫ്ബി എന്തുകൊണ്ട് സിഎജിയുടെ സമഗ്രമായ ഓഡിറ്റ് ഭയക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.

മര്യാദയ്ക്ക് ജീവിച്ചാൽ വീട്ടിലെ ഭക്ഷണം കഴിച്ച് കഴിയാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കിഫ്ബിയിലും മറ്റും സി.എ.ജി ഓഡിറ്റ് നടത്തിയാൽ ആരൊക്കെ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് കാണാം. ഓക്ടോബർ ഒന്നിന് ലാവലിൻ കേസ് സുപ്രീം കോടതിയിൽ വരുന്നുണ്ട്. സർക്കാർ ഭക്ഷണം കഴിക്കാൻ യോഗമുണ്ടോ എന്നറിയാമെന്നും ചെന്നിത്തല ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP