Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറ് പേർക്കുമായി സമ്മാനത്തുക വീതിച്ച് നൽകാനാകില്ലെന്ന് ലോട്ടറി വകുപ്പ്; ആറാളും ചേർന്ന് തുക കൈപ്പറ്റാൻ നിയോഗിച്ചത് തൃശ്ശൂർ സ്വദേശി പി ജെ റോണിയെ; സംസ്ഥാന ലോട്ടറി ചരിത്രത്തിൽ ആദ്യമായി ആറുപേർ ചേർന്ന് ഒന്നാം സമ്മാനം പങ്കിടുന്നതിന്റെ നടപടിക്രമങ്ങൾ ഇങ്ങനെ

ആറ് പേർക്കുമായി സമ്മാനത്തുക വീതിച്ച് നൽകാനാകില്ലെന്ന് ലോട്ടറി വകുപ്പ്; ആറാളും ചേർന്ന് തുക കൈപ്പറ്റാൻ നിയോഗിച്ചത് തൃശ്ശൂർ സ്വദേശി പി ജെ റോണിയെ; സംസ്ഥാന ലോട്ടറി ചരിത്രത്തിൽ ആദ്യമായി ആറുപേർ ചേർന്ന് ഒന്നാം സമ്മാനം പങ്കിടുന്നതിന്റെ നടപടിക്രമങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: തിരുവോണം ബംമ്പർ ആറുപേർ ചേർന്നെടുത്ത ടിക്കറ്റിന് ലഭിച്ചതോടെ പണം എന്തു ചെയ്യും എന്ന പതിവ് ചോദ്യത്തിന് മുന്നേ പണം എങ്ങനെ ലോട്ടറി വകുപ്പ് ഈ ആറുപേർക്കുമായി നൽകും എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ, അത്തരത്തിൽ ആറായി വീതിച്ച് നൽകാനാകില്ലെന്നാണ് ലോട്ടറി വകുപ്പിന്റെ നിലപാട്. ആറിൽ ഒരാളിനെ ചുമതലപ്പെടുത്തി നൽകിയാൽ അയാളെ വിജയിയായി കണക്കാക്കി പണം അയാളുടെ മാത്രം അക്കൗണ്ടിലേക്കാകും ലോട്ടറി വകുപ്പ് നൽകുക.

കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറിയിലെ ജീവനക്കാരായ റോണി, സുജിൻ, റാംജിൻ, രാജീവൻ, രതീഷ്, വിവേക് എന്നിവർ ചേർന്നാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് എടുത്തത്. എന്നാൽ ആറ് പേർക്കായി സമ്മാനം വീതംവെച്ച് നൽകാനാകില്ലെന്ന അറിയിപ്പോടെ ഇവർ ആറ് പേരും ചേർന്ന് ഒരാളെ സമ്മാനത്തുക കൈപ്പറ്റാൻ നിയോഗിക്കുകയായിരുന്നു.

മുമ്പ് രണ്ടു പേർ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങൾ ആവശ്യമായി വന്നിരിക്കുന്നത്. ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറൽ സാധിക്കില്ല. ഇതോടെ 6 പേർ ചേർന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണു വേണ്ടത്. നിലവിലുള്ള തീരുമാനം അനുസരിച്ച് ടിക്കറ്റ് വാങ്ങാൻ മുൻകയ്യെടുത്ത തൃശൂർ പറപ്പൂർ പുത്തൂർ വീട്ടിൽ പി ജെ റോണിയെയാണ് സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ടിക്കറ്റ് ഏൽപ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിൽ റോണിക്ക് അക്കൗണ്ടുള്ളതും കാര്യങ്ങൾ എളുപ്പമാക്കി. തുക റോണിയുടെ അക്കൗണ്ടിൽ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് ഇവരുടെ തീരുമാനം. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ തന്നെ അപൂർവമാണ് ഇക്കാര്യങ്ങൾ. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും വകുപ്പ് ഇടപെടില്ല. ചുമതലക്കാരനെ കണ്ടെത്തി നൽകേണ്ടതും വിവരങ്ങൾ കൃത്യമായി കൈമാറേണ്ടതും വിജയികളുടെ മാത്രം ചുമതലയാണ്.

1967 ൽ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. തിങ്കൾ മുതൽ ശനി വരെ നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറികൾ, വാർഷിക ബംപർ ലോട്ടറികളായ ഓണം, വിഷു, ക്രിസ്മസ്, പൂജാ, മൺസൂൺ, സമ്മർ ബംപർ ലോട്ടറികളും കൂടി ചേരുമ്പോഴാണ് കേരള ലോട്ടറികളുടെ നിര പൂർണമാകുന്നത്. ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അൻപതിനായിരം രൂപയുമായിരുന്നു. 52 വർഷംകൊണ്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അമ്പതിനായിരത്തിൽനിന്നു 12 കോടിയിലേക്ക് വളർന്നു. തിരുവോണം ബംപർ ലോട്ടറിക്ക് കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.

അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളിൽ 45 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിരുന്നു. ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി വരുമാനമായി കിട്ടി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് കിട്ടുക 7.56 കോടി രൂപയാണ്. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാർഹനു ലഭിക്കുക. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജന്റ് കമ്മീഷൻ 1.20 കോടിയും ആദായ നികുതി- 3.24 കോടിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP