Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദങ്ങൾക്ക് താല്ക്കാലിക വിരാമമായി യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യുവിന്റെ മൂന്നും എഐഎസ്എഫിന്റെ രണ്ടും പത്രികകൾ സ്വീകരിച്ചു; നടപടി വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചതനുസരിച്ച് അപ്പീൽ നൽകിയതോടെ

വിവാദങ്ങൾക്ക് താല്ക്കാലിക വിരാമമായി യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യുവിന്റെ മൂന്നും എഐഎസ്എഫിന്റെ രണ്ടും പത്രികകൾ സ്വീകരിച്ചു; നടപടി വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചതനുസരിച്ച് അപ്പീൽ നൽകിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് താല്ക്കാലിക വിരാമം. റിട്ടേണിങ് ഓഫീസർ തള്ളിയ കെഎസ്‌യുവിന്റെയും എഐഎസ്എഫിന്റെയും പത്രികകൾ സ്വീകരിക്കാൻ തീരുമാനിച്ചതോടെയാണ് വിവാദം കെട്ടടങ്ങിയത്. രാവിലെ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് പത്രിക തള്ളിയ നടപടിക്കെതിരെ അപ്പീൽ നൽകാമെന്ന ധാരണയിലെത്തിയത്. ഇതുപ്രകാരം കെഎസ്‌യുവും എഐഎസ്എഫും റിട്ടേണിങ് ഓഫിസർക്ക് അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ പരിഗണിച്ച റിട്ടേണിങ് ഓഫീസർ തള്ളിയ പത്രികകൾ സ്വീകരിക്കുകയായിരുന്നു.

കെഎസ്‌യു, എഐഎസ്എഫ് സ്ഥാനാർത്ഥികൾ സമർപ്പിച്ച മുഴുവൻ പത്രികകളും സൂക്ഷ്മപരിശോധനയിൽ റിട്ടേണിങ് ഓഫിസർ തള്ളിയിരുന്നു. ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ, ആർട്‌സ് ക്ലബ് സെക്രട്ടറി, യുയുസി, ഒന്നാംവർഷ പിജി പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്ക് പത്രിക പൂരിപ്പിച്ചതിൽ എസ്എഫ്‌ഐ ചൂണ്ടിക്കാട്ടിയ അപാകതകൾ അംഗീകരിച്ചാണ് തള്ളിയത്.

അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ കെഎസ്‌യുവിന്റെ മൂന്നും എഐഎസ്എഫിന്റെ രണ്ടും പത്രികകളാണ് സ്വീകരിച്ചത്. ഇതുപ്രകാരം ജനറൽ സെക്രട്ടറി, ആർട്‌സ് ക്ലബ് സെക്രട്ടറി, വൈസ് ചെയർപേഴ്‌സൻ സീറ്റുകളിൽ കെഎസ്‌യു സ്ഥാനാർത്ഥികളും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, ഒന്നാം വർഷ പ്രതിനിധി എന്നീ സീറ്റുകളിൽ എഐഎസ്എഫ് സ്ഥാനാർത്ഥികളും മൽസരിക്കും.

നാമനിർദ്ദേശ പത്രികയിൽ 'ചെയർപേഴ്‌സൺ' പദവിക്ക് 'ദ ചെയർപേഴ്‌സൺ' എന്ന് എഴുതിയില്ലെന്ന എസ്എഫ്‌ഐയുടെ പരാതി അംഗീകരിച്ചാണ് പത്രിക തള്ളിയത്. എന്നാൽ, മലയാളത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ 'ചെയർപേഴ്‌സൺ' എന്നാണ് ഉപയോഗിച്ചതെന്നും ഇതാണ് പത്രികയിൽ രേഖപ്പെടുത്തിയതെന്നുമുള്ള കെഎസ്‌യുവിന്റെ വിശദീകരണം അംഗീകരിച്ചില്ല. 'യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ' പദവിയിലേക്ക് സമർപ്പിച്ച പത്രികയിൽ കൗൺസിലർ ഓഫ് യൂണിവേഴ്‌സിറ്റി യൂണിയൻ എന്നാണ് എഴുതേണ്ടതെന്ന എസ്എഫ്‌ഐ വാദം അംഗീകരിച്ചാണ് കെഎസ്‌യുവും എഐഎസ്എഫും സമർപ്പിച്ച പത്രികകൾ തള്ളിയത്.

വൈസ് ചെയർപേഴ്‌സൺ പദവിയിലേക്ക് പത്രിക നൽകിയ എഐഎസ്എഫ് സ്ഥാനാർത്ഥിയുടെ ക്ലാസിലെ ഹാജർ അദ്ധ്യാപകൻ അക്ഷരത്തിൽ രേഖപ്പെടുത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളാൻ എസ്എഫ്‌ഐ ആവശ്യപ്പെട്ടത്. ഈ പദവിയിലേക്ക് പത്രിക നൽകിയ വിദ്യാർത്ഥിനിയുടെ ഐഡന്റിറ്റി കാർഡിൽ കോളജ് സീൽ പതിച്ചിട്ടില്ലെന്നതാണ് പരാതി. എന്നാൽ, ഇതേപിഴവുള്ള എസ്എഫ്‌ഐ സ്ഥാനാർത്ഥിയുടെ പത്രിക മറ്റൊരു സീറ്റിലേക്ക് റിട്ടേണിങ് ഓഫിസർ സ്വീകരിച്ചതായും എഐഎസ്എഫ് പ്രവർത്തകർ പറയുന്നു.

എസ്എഫ്‌ഐ സമ്മർദത്തിന് വഴങ്ങി നാമനിർദേശ പത്രിക തള്ളിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ കെഎസ്‌യു തീരുമാനിച്ചിരുന്നു. കോളജിൽ അടുത്തിടെ നടന്ന കുത്തുകേസിനെ തുടർന്നാണ് എസ്.എഫ്.ഐ ഇതര സംഘടനകൾക്ക് യൂനിറ്റ് രൂപവത്കരിക്കാനായതും മത്സരത്തിന് കളമൊരുങ്ങിയതും. 18 വർഷങ്ങൾക്ക് ശേഷമാണ് കെ.എസ്.യു കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മൽസരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP