Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പട്ടാളത്തെ അയക്കാൻ വെറും രണ്ട് മിനുറ്റ് മതി; എന്നിട്ടും യുദ്ധം വൈകിപ്പിക്കുന്ന എന്നെ ഒന്ന് അഭിനന്ദിക്കൂ; ഇറാനെതിരെ ആക്രോശവുമായി ട്രംപ്; ഇറാനെ ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ച് സൗദിയിലേക്കും യുഎഇയിലേക്കും കൂടുതൽ പട്ടാളത്തെ അയച്ച് അമേരിക്ക

പട്ടാളത്തെ അയക്കാൻ വെറും രണ്ട് മിനുറ്റ് മതി; എന്നിട്ടും യുദ്ധം വൈകിപ്പിക്കുന്ന എന്നെ ഒന്ന് അഭിനന്ദിക്കൂ; ഇറാനെതിരെ ആക്രോശവുമായി ട്രംപ്; ഇറാനെ ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ച് സൗദിയിലേക്കും യുഎഇയിലേക്കും കൂടുതൽ പട്ടാളത്തെ അയച്ച് അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. തനിക്ക് ഇറാനെ തകർക്കാൻ പട്ടാളത്തെ അയക്കാൻ വെറും രണ്ട് മിനുറ്റ് മതിയെന്നും എന്നിട്ടും താൻ യുദ്ധമുണ്ടാക്കുന്നത് വൈകിപ്പിച്ച് ക്ഷമയോടെ കാത്തിരിക്കുകയാണെന്നും അക്കാരണത്താൽ തന്നെ അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്നും ട്രംപ് അവകാശപ്പെടുന്നു.ഇറാൻ ലോകത്തിലെ ഏറ്റവും വലിയ ഭീകരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ച ട്രംപ് ഇറാന് കടുത്ത ഭീഷണിയുയർത്തിക്കൊണ്ട് സൗദിയിലേക്കും യുഎഇയിലേക്കും ട്രംപ് കൂടുതൽ യുഎസ് പട്ടാളത്തെ അയക്കുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തികമായ ഭീകരപ്രവർത്തനവുമായി ഇറാൻ മുന്നോട്ട് പോകുന്നത് തുടർന്നാൽ തന്റെ സൈന്യത്തിന് ഇറാനിലേക്ക് കടന്ന് കയറാൻ ധാരാളം സമയം ലഭിക്കുമെന്നും ട്രംപ് താക്കീതേകുന്നു. ഒരു രാജ്യത്തിന് മേലും നാളിതുവരെ ഏർപ്പെടുത്താത്ത വിധത്തിലുള്ള ഉപരോധമാണ് താനിപ്പോൾ ഇറാന് മേൽ ചുമത്തിയിരിക്കുന്നതെന്നും ട്രംപ് ഇന്നലെ രാവിലെ വെളിപ്പെടുത്തുന്നു. അമേരിക്കൻ സൈന്യത്തിന്റെ രുചി ഇറാനെ ബോധ്യപ്പെടുത്താൻ തനിക്ക് വളരെ എളുപ്പമാണെന്നും ട്രംപ് മുന്നറിയിപ്പേകുന്നു.ഇക്കാര്യത്തിൽ വളരെയേറെ ക്ഷമയാണ് താൻ പുലർത്തുന്നതെന്നും അതിനാൽ തന്നെ അഭിനന്ദിക്കണമെന്നുമാണ് അടുത്തിടെ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുത്തുകൊണ്ട് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സെപ്റ്റംബർ 14ന് സൗദിയിലെ എണ്ണപ്പാടത്ത് ഇറാൻ ഡ്രോൺ ആക്രമണം നടത്തി വൻ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് അമേരിക്കയും സൗദിയും ഇറാന് തിരിച്ചടി നൽകുമെന്ന കടുത്ത ഭീഷണിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.എന്നാൽ തങ്ങളെ തൊട്ടാൽ അത് കടുത്ത യുദ്ധത്തിലേ കലാശിക്കുകയുള്ളുവെന്ന മറുഭീഷണിയും ഇറാൻ മുഴക്കിയിട്ടുണ്ട്. എണ്ണപ്പാടം ആക്രമിച്ചതിനോടുള്ള പ്രതികരണമായി കൂടുൽ യുഎസ് സേനയെ സൗദിയിലും യുഎഇയിലും വിന്യസിച്ചുവെന്ന കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സൗദിയിൽ തങ്ങളുടെ സൈനിക വിന്യാസം വർധിപ്പിക്കുമെന്ന് ഇന്നലെ പെന്റഗൺ വെളിപ്പെടുത്തിയിരുന്നു.ഇത്തരത്തിൽ കൂടുതലായി നൂറ് കണക്കിന് പട്ടാളക്കാരെ വിന്യസിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടതെങ്കിലും അവരുടെ എണ്ണം എത്രയാണെന്ന് കൃത്യമായി വെളിപ്പെട്ടിട്ടില്ല. എണ്ണപ്പാടം ആക്രമിച്ചത് ഇറാനാണെന്ന് സൗദിയും അമേരിക്കയും തെളിവുകൾ സഹിതം സമർത്ഥിച്ചിട്ടും ഇതിന് പുറകിൽ യെമനിലെ ഹൂതി റിബലുകളാണെന്നാണ് ഇറാൻ ഇപ്പോഴും ആവർത്തിക്കുന്നത്. അമേരിക്കയുടെ സാമ്പത്തിക ഭീകരവാദത്തിന്റെ ഭാഗമായിട്ടാണ് ഇക്കാര്യത്തിൽ തങ്ങളെ പ്രതിക്കൂട്ടിലാക്കി ഉപരോധം ചുമത്തുന്നതെന്നും ഇറാൻ ആരോപിക്കുന്നു.

സൗദിയിലേക്കും യുഎഇയിലേക്കും കൂടുതൽ അമേരിക്കൻ പട്ടാളത്തെ ഇപ്പോൾ അയച്ചിരിക്കുന്നത് പ്രതിരോധ നയത്തിലൂന്നിയാണെന്നാണ് യുഎസ് ഡിഫെൻസ് സെക്രട്ടറി മാർക്ക് എസ്പെർ പറയുന്നത്. ഇത് ആദ്യ പടിയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ ട്രൂപ്പിനെ അയക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തങ്ങളുടെ എയർ ഡിഫെൻസും മിസൈൽ ഡിഫെൻസും മെച്ചപ്പെടുത്തുന്നതിനായി സൗദിയും യുഎഇയും അപേക്ഷിച്ചതിനെ തുടർന്നാണീ നീക്കമെന്നും എസ്പെർ വിശദീകരിക്കുന്നു.പാട്രിയോട്ട് മിസൈൽ ബാറ്ററികളും മികച്ച റഡാറുകളും അടക്കമുള്ള യുദ്ധോപകരണങ്ങളും പുതിയ നീക്കത്തിന്റെ ഭാഗമായി യുഎസ് മിഡിൽ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ടെന്നാണ് മറ്റ് യുഎസ് ഒഫീഷ്യലുകൾ സൂചനയേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP