Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃതകീർത്തി പുരസ്‌കാരം വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയ്ക്കും കെ.ബി ശ്രീദേവിക്കും

അമൃതകീർത്തി പുരസ്‌കാരം വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയ്ക്കും കെ.ബി ശ്രീദേവിക്കും

സ്വന്തം ലേഖകൻ

അമൃതപുരി: സദ്ഗുരു മാതാ അമൃതാനന്ദമയിദേവിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള അമൃതകീർത്തി പുരസ്‌കാരത്തിന് വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയും കെ.ബി ശ്രീദേവിയും അർഹരായി. സനാതനധർമ്മ മൂല്യങ്ങൾ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ മികച്ച സംഭാവനകൾ നൽകുന്ന ആധ്യാത്മികത, ദർശനം, വൈജ്ഞാനിക സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രമുഖർക്കാണ് അമൃതകീർത്തിപുരസ്‌കാരം സമ്മാനിക്കുന്നത്. 2001ലാണ് അമൃതകീർത്തി പുരസ്‌കാരം ഏർപ്പെടുത്തിയത്.

മഹാ പ്രളയത്തെ തുടർന്ന് കഴിഞ്ഞവർഷം ജന്മദിനാഘോഷങ്ങൾ നടത്താതിരുന്നതിനാൽ അമൃത കീർത്തി പുരസ്‌കാരം സമ്മാനിച്ചിരുന്നില്ല. 2018ലെ പുരസ്‌കാരമാണ് കെ.ബി.ശ്രീദേവിക്ക് സമ്മാനിക്കുന്നത് 2019 ലെ പുരസ്‌കാരത്തിന് വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ശില്പവും ഒരുലക്ഷത്തി ഇരുപത്തിമൂവായിരത്തിനാനൂറ്റി അമ്പത്തിയാറ് രൂപയും (1,23,456രൂപ ) അടങ്ങുന്നതാണ് പുരസ്‌കാരം. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി ചെയർമാനായ സെലക്ഷൻ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. അമൃതാനന്ദമയി ദേവിയുടെ ജന്മദിനമായ ഈ മാസം 27 വെള്ളിയാഴ്ച അമൃതപുരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

അദ്ധ്യാപകൻ, വിവർത്തകൻ പത്രാധിപർ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായ വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള നിലവിൽ ഐഎംജിയിലെ ഫാക്കൽറ്റി അംഗവും കേരളകലാമണ്ഡലം കൽപ്പിത സർവ്വകലാശാല, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തോന്നയ്ക്കൽ ആശാൻ സ്മാരക കൾച്ചറൽ സെന്റർ എന്നിവയിലെ ഭരണസമിതി അംഗമാണ്.

കഥകളി പ്രവേശിക, പര്യായനിഘണ്ടു, മലയാളവ്യാകരണവും രചനയും തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ഇദ്ദേഹം രുഗ്മിണിസ്വയംവരം, രാവണവിജയം, നളചരിതം എന്നീ ആട്ടക്കഥകളുടെയും അധ്യാത്മരാമായണം, കുമാരനാശാന്റെ ഖണ്ഡ കൃതികൾ എന്നിവയുടെ പഠനവും വ്യാഖ്യാനവും നിർവ്വഹിച്ചിട്ടുണ്ട്. കേരളഭാഷാനിഘണ്ടു, ശബ്ദതാരാവലി എന്നിവയുടെ എഡിറ്ററുമായിരുന്നു.

കേരള കലാമണ്ഡലം ഏർപ്പെടുത്തിയിട്ടുള്ള കഥകളി പ്രവേശികഅവാർഡ്, എംകെ.കെ നായർ പുരസ്‌കാരം, ആറ്റുകാൽദേവീട്രസ്റ്റ് പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിയാണ്.

പതിമൂന്നാമത്തെ വയസ്സിൽ കഥകളെഴുതിത്ത്തുടങ്ങിയ മലയാളത്തിന്റെ പ്രിയ കഥാകാരിയാണ് തൃശൂർ സ്വദേശിനിയായ കെ.ബി ശ്രീദേവി. യുഗാന്തരങ്ങളിലൂടെയായിരുന്നു ആദ്യകൃതി. കർണ്ണാടകസംഗീതം, വീണാവാദനം എന്നിവയും അഭ്യസിച്ചിരുന്നു. നമ്പൂതിരി സമുദായത്തിൽ നിന്നും സാഹിത്യരചനയിലേക്ക് ചുവട് വെച്ച അപൂർവ്വം വനിതകളിൽ ഒരാളായിരുന്നു കെ.ബി ശ്രീദേവി. സമുദായത്തിൽ നിലനിന്നുരുന്ന ആചാരങ്ങളും ജീവിത രീതികളുമായിരുന്നു മിക്ക കൃതികളുടെയും ഇതിവൃത്തം.എഴുത്തച്ഛൻ മാസിക, ജയകേരളം, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയിലൂടെ നിരവധി കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചിൽ, ദാശരഥം, മൂന്നാംതലമുറ, അഗ്‌നിഹോത്രം, ബോധിസത്വർ, കൃഷ്ണകഥ എന്നീ നോവലുകളും കൃഷ്ണാനുരാഗം, ചിരഞ്ജീവി, പട്ടമുള, പിന്നെയും പാടുന്ന കിളി, കോവൺവെൽത്ത് തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും കുറൂരമ്മ എന്ന നാടകവും നിറമാല എന്ന സ്വന്തം കൃതി സിനിമയാക്കിയപ്പോൾ അതിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കുങ്കുമം അവാർഡ്, ജന്മാഷ്ടമിപുരസ്‌കാരം, പുരോഗമന സാഹിത്യസമിതിയുടെ പുരസ്‌കാരം, എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾക്കർഹയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP