Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എറണാകുളത്ത് അനായാസം വിജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; കോന്നിയിൽ അടൂർ പ്രകാശിന്റെ വിടവ് നികത്താൻ കെൽപ്പുള്ള സ്ഥാനാർത്ഥി ഇല്ലെങ്കിൽ മണ്ഡലം കൈവിട്ടു പോയേക്കും; അരൂരിൽ സിപിഎം കളത്തിൽ ഇറങ്ങുന്നത് വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടാതെ; ലോക്‌സഭയിൽ നേടിയ നേരിയ ഭൂരിപക്ഷത്തിന്റെ പ്രതീക്ഷയിൽ കോൺഗ്രസും; നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്ന് മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയചിത്രം ഇങ്ങനെ

എറണാകുളത്ത് അനായാസം വിജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; കോന്നിയിൽ അടൂർ പ്രകാശിന്റെ വിടവ് നികത്താൻ കെൽപ്പുള്ള സ്ഥാനാർത്ഥി ഇല്ലെങ്കിൽ മണ്ഡലം കൈവിട്ടു പോയേക്കും; അരൂരിൽ സിപിഎം കളത്തിൽ ഇറങ്ങുന്നത് വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടാതെ; ലോക്‌സഭയിൽ നേടിയ നേരിയ ഭൂരിപക്ഷത്തിന്റെ പ്രതീക്ഷയിൽ കോൺഗ്രസും; നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്ന് മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയചിത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംപിമാരായി ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ എം ആരിഫ് എന്നിവർ ഡൽഹിക്ക് പോയ ഒഴിവിലാണ് എറണാകുളം, കോന്നി, അരൂർ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ഇവിടങ്ങളിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനും തെരഞ്ഞെടുപ്പിനുമെല്ലാം അവശേഷിക്കുന്നത് ഒരു മാസത്തെ സമയം മാത്രമാണ്. ഒക്ടോബർ 21നാണ് വോട്ടെടുപ്പു നടക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചു വന്നിരിക്കുന്നത് എറണാകുളം മണ്ഡലത്തിലാണ്. കാലങ്ങലായി യുഡിഎഫ് കോട്ടയായ ഈ മണ്ഡലത്തിൽ ആരാകും സ്ഥാനാർത്ഥി എന്ന കാര്യത്തിൽ മാത്രമേ സംശയം അവശേഷിക്കുന്നുണ്ട്.

ഹൈബി ഈഡൻ ലോക്‌സഭയിലേക്ക് സ്ഥാനാർത്ഥി ആയതോടെ കെ വി തോമസ് ഈ സീറ്റിൽ കണ്ണുവെച്ചിട്ടുണ്ട്. അതേസമയം, ടി ജെ വിനോദിനെയോ മുൻ മേയർ ടോണി ചമ്മണിയെയോ ആണ് ഈ സീറ്റുകളിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നത്. കെ വി തോമസ് ഇടഞ്ഞാൽ അദ്ദേഹത്തിന് സീറ്റു നൽകേണ്ട അവസ്ഥയുമുണ്ടാകും. യുഡിഎഫിന്റെ പൊന്നാപുരം കോട്ടായാണ് ഇതെന്ന് ഹൈബി ഈഡൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിന് ഇവിടെ സ്ഥാനാർത്ഥിയാകാൻ വലിയനിര തന്നെ ഉള്ളപ്പോൾ മറുവശത്ത് സിപിഎം ആരെ സ്ഥാനാർത്ഥി ആക്കും എന്ന തിരിച്ചിലിൽ ആണ്. ഇവിടെ പൊതു സ്വതന്ത്രനെയോ സെബാസ്റ്റ്യൻ പോളിനെയോ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.

കുറച്ചു കാലങ്ങളായി യുഡിഎഫ് കോട്ടയായാണ് കോന്നി നിയമസഭാ മണ്ഡലം അറിയപ്പെടുന്നത്. ഇവിടെ അടൂർ പ്രകാശിന്റെ വ്യക്തിപ്രഭാവം തന്നെയാണ് മണ്ഡലത്തെ കുറച്ചു കാലങ്ങളായി നിലനിർത്തി പോന്നത്. ഇവിടെ സിപിഎമ്മിന് ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ്. ബിജെിപിയും അടുത്തകാലത്തായി കരുത്താർജ്ജിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിന് പകരക്കാരനായി കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ട അവസ്ഥ ഇവിടെ കോൺഗ്രസിനുണ്ട്. അടൂർ പ്രകാശിന്റെ പരിഗണന തന്നെയാകും ഇവിടെ കോൺഗ്രസ് പരിഗണിക്കുക. ആരാണ് തന്റെ മനസിൽ ഉള്ളതെന്ന കാര്യം അടൂർ പ്രകാശ് വെളിപ്പെടുത്തിയിട്ടില്ല.

ഐ ഗ്രൂപ്പ് മണ്ഡലം 'എ'യ്ക്ക് വിട്ടുകൊടുത്താലും ഇല്ലെങ്കിലും അടൂർ പ്രകാശ് ആരെ പിന്തുണക്കുന്നോ അവരായിരിക്കും കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ഐ ഗ്രൂപ്പിൽ നിന്ന് പഴകുളം മധുവിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിന്റെ പേരും പട്ടികയിലുണ്ട്. അടൂർ പ്രകാശിന്റെ വിശ്വസ്തനാണ് എന്നത് റോബിന്റെ പേരിന് മുൻതൂക്കം നൽകുന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികവും റോബിന് അനുകൂലമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്തിന്റെ പേരും ചർച്ചകളിൽ സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. അതേസമയം ഈഴവ സമുദായ പ്രാതിനിധ്യം വേണമെന്ന് വാദിക്കുന്നവരുമുണ്ട്. അങ്ങനെ വരുമ്പോൾ മറ്റൊരാളെ പരിഗണിച്ചേക്കാം.

1996 ൽ കൈവിട്ട മണ്ഡലം യുവരക്തത്തെയിറക്കിയാൽ തിരിച്ചു പിടിക്കാൻ കഴിഞ്ഞേക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർമാരെ കയ്യിലെടുക്കാൻ പ്രത്യേക പ്രഖ്യാപനങ്ങളും സിപിഎം കോന്നിയിൽ നടത്തിതുടങ്ങിയിരിക്കുന്നു. കോന്നി മണ്ഡലത്തിലെ വനമേഖലയോട് ചേർന്നു താമസിക്കുന്ന കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുമെന്ന് സിപിഎം പ്രഖ്യാപിച്ചത് അടക്കം മണ്ഡലം തിരിച്ചു പിടിക്കാൻ ലക്ഷ്യമട്ടാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ 46946 വോട്ടുകളാണ് കോന്നിയിൽ ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത് വർധിപ്പിക്കാനായി ബ്രാഞ്ച് തലംമുതലുള്ള പ്രവർത്തനം സിപിഎം തുടങ്ങിക്കഴിഞ്ഞു.

സ്ഥാനാർത്ഥി ചർച്ചകളും സിപിഎമ്മിൽ സജീവമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റും യുവജനകമ്മീഷൻ അംഗവുമായ അഡ്വ. കെയു ജനീഷ് കുമാറിന്റെ പേരാണ് ചർച്ചകളിൽ സജീവമായി ഉള്ളത്. 2016 ലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിലും അവസാനഘട്ടംവരെ ജനീഷ് കുമാറിന്റെ പേര് പരിഗണിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കഴിഞ്ഞ തവണ അടൂർ പ്രകാശിനെതിരെ മത്സരിച്ച ആർ സനൽകുമാർ, എംഎസ് രാജേന്ദ്രൻ എന്നിവരുടെ പേരുകും ഇടതുമുന്നണിയിൽ സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. 2016 ൽ 20748 വോട്ടിനായിരുന്നു അടുർ പ്രകാശ് കോന്നിയിൽ നിന്ന് വിജയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ നിയോജക മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനാത്തായിരുന്നെങ്കിലും സ്ഥാനാർത്ഥിയുടെ മികവും ശബരിമല വികാരവുമായിരുന്നു തുണയായത്. ഇക്കുറി അതില്ലാത്തതിനാൽ പ്രതീക്ഷ കുറവാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയിൽ ഇത്തവണ ഉണ്ടായത്. യുഡിഎഫിന് 3,813 വോട്ടിന്റെയും എൽഡിഎഫിന് 1,562 വോട്ടിന്റെയും കുറവാണ് ഇത്തവണ കോന്നിയിൽ ഉണ്ടായത്. ബിജെപി സംസ്ഥാന നേതാക്കളായ എംടി രമേശ്, പി സുധീർ എന്നിവരുടെ പേരുകൾ ഉയരാനിടയുണ്ട്. ജില്ലാ ഭാരവാഹികൾ മത്സരിച്ചാൽ അശോകൻ കുളനട, ഷാജി ആർ. നായർ എന്നിവരിൽ ആരെയങ്കിലുമായിരിക്കും മത്സരിപ്പിക്കുക. വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാംസ്ഥാനമെങ്കിലും പിടിക്കാൻ ലക്ഷ്യമിട്ടായിരിക്കും ബിജെപി പ്രവർത്തനങ്ങൾ.

അരൂരിൽ സിപിഎമ്മിന് ജയിച്ചേ തീരൂ..

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിപ്പോഴും എൽഡിഎഫിന് വീഴാതെ പിടിച്ച നിൽക്കാൻ ആയത് ആലപ്പുഴയിൽ മാത്രമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഷാനിമോൾ ഉസ്മാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു എഎം ആരിഫ് കീഴ്‌പ്പെടുത്തിയത്. 9096 വോട്ടുകൾക്കായിരുന്നു ആരിഫിന്റെ വിജയം. അതുകൊണ്ട് തന്നെ നിയമസഭയിൽ ആരിഫിന്റെ പകരക്കാരൻ വിജയിക്കേണ്ടത് അനിവാര്യമാണ്. ഇവിടെ സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ നാസർ
തുടങ്ങിയ നേതാക്കളെയാണ് സിപിഎം പരിഗണിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 38750 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അരൂരിലെ ആരിഫിന്റെ ജയം. എന്നാൽ എൽഡിഎഫിനേയും ആരിഫിനേയും ഞെട്ടിക്കുന്നതായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പിൽ അരൂർ നിയമസഭയിൽ നിന്നും ലഭിച്ച വോട്ടുകൾ. 648 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ഷോനിമോൾ ഉസ്മാൻ നേടിയത്. ഇതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തുന്നതും. അതുകൊണ്ട് തന്നെ കോൺഗ്രസ് പരിഗണിക്കുന്നവരിൽ ഷാനിമോളുടെ പേരിന് മുൻതൂക്കമുണ്ട്. കോൺഗ്രസ് നേതൃത്വത്തിന് ഷാനിമോളെയാണ് താൽപ്പര്യം. എന്നാൽ, എ എ ഷുക്കൂറിനെയും എം ലിജുവിന്റെ പേരും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.

പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് ഷാനി മോൾ ഉസ്മാനും വ്യക്തമാക്കി. തന്നോട് സ്ഥാനാർത്ഥിയാകാൻ പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ മടിയില്ല. അരൂർ പാർട്ടിയുടെ നല്ല കേഡർമാർ ഉള്ള സ്ഥലമാണ്. യുഡിഎഫ് ഏറ്റവും ശക്തമായിട്ടുള്ള മണ്ഡലമാണ് അരൂർ എന്നും ഷാനി മോൾ പറഞ്ഞു. മുസ്ലിം സമുദായാംഗങ്ങളെ കോൺഗ്രസ് പരിഗണിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിൽ ഷാനിമോളെ അരൂരിൽ മത്സരിപ്പിച്ചാൽ അത് കോൺഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ ഉണ്ടെന്ന് നേതാക്കൾ പറയുന്നു.

അതേസമയം ഇവിടെ എൻഡിഎയിൽ നിന്നും ബിഡിജെഎസ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. നേരത്തെ തുഷാർ വെള്ളാപ്പള്ളി ഈ സീറ്റ് ബിഡിജെഎസിന് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെക്കു കേസും അതിൽ മുഖ്യമന്ത്രി പിണറായി അടക്കമുള്ളവർ ഇടപെട്ട സാഹചര്യവും പരിഗണിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥിയെ തന്നെ കളത്തിൽ ഇറക്കാനും സാധ്യത കൂടുതലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP