Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരുടേതാണ്, ഈ രാജ്യം?

ആരുടേതാണ്, ഈ രാജ്യം?

ഷാജി ജേക്കബ്‌

ഒന്ന്

'നിങ്ങൾ ഈ ബംഗ്ലാദേശ് പ്രസ്ഥാനത്തിന്റെ പ്രത്യേകതയെന്നു കരുതിയത് വാസ്തവത്തിൽ ഒരു സാമാന്യസത്യമാണ്. പത്മയുടെയെന്നല്ല, ഗംഗയുടെയെന്നല്ല, സിന്ധുവിന്റേയും യാങ്‌സിയുടേയും നൈലിന്റേയും വോൾഗയുടേയും ഡാന്യൂബിന്റേയും തീരത്ത്, ആയിരമായിരമാണ്ടുകളായി, ഒരു കൂട്ടരുടെയല്ലെങ്കിൽ വേറൊരു കൂട്ടരുടെ മർദനത്തിനോ ചൂഷണത്തിനോ വഞ്ചനയ്‌ക്കോ ഭംഗിവാക്കിനോ ഇരയായി, എല്ലാം പൊറുത്തും, എല്ലാവരോടും പൊരുത്തപ്പെട്ടും, ജീവിച്ചുപോന്ന മൂകരും നിശ്ചലരുമായ ആ മനുഷ്യരും അഭയാർത്ഥികൾതന്നെ. ഒരിടത്തുനിന്ന് വേറൊരിടത്തേക്കല്ലെങ്കിൽ, ഒരു കാലത്തിൽനിന്ന് വേറൊരു കാലത്തിലേക്ക് അവർ എന്നും അഭയം തേടി നീങ്ങിക്കൊണ്ടേയിരുന്നു. ഒരിക്കലും അഭയം കിട്ടാത്ത, ശപിക്കപ്പെട്ട അഭയാർത്ഥിയായിരുന്നു എന്നെന്നും മനുഷ്യൻ. അവന്റെ പ്രസ്ഥാനങ്ങളത്രയും വാസ്തവത്തിൽ അഭയാർത്ഥിപ്രസ്ഥാനങ്ങൾ മാത്രവും'. 'കുറച്ചു കഴിയുമ്പോൾ ഈ ശിബിരങ്ങളുടെ ക്രിസലിസുകൾക്കുള്ളിൽനിന്ന് പുറത്തു വന്ന മനുഷ്യർ, വിതാനാവസ്ഥയിൽനിന്ന് ലംബാവസ്ഥയിലേക്ക് കൊണ്ടുവന്ന തങ്ങളുടെ ശരീരങ്ങളെ പണിയിൽ പ്രവേശിപ്പിക്കും. പണിതുപണിത് നാളെ ഇവിടത്തെ പണി കഴിയുമ്പോൾ, കൂടാരങ്ങളഴിച്ച് കമ്പിളിക്കെട്ടും കുടുംബവും വിശപ്പുമായി അവരും യാത്ര പുറപ്പെടും. പിന്നിൽ വിട്ടേച്ചുപോയ പിറന്ന ഇടത്തോട് കൂടാരമഴിച്ച ഇടങ്ങളോരോന്നിനേയും കൂട്ടിച്ചേർത്തുകൊണ്ട്, ഭൂതമോ ഭാവിയോ, കഴിഞ്ഞ തലമുറകളോ വരുംതലമുറകളോ അവർക്കില്ല. വ്യക്തികൾ മാറിയാലും മാറാത്ത ജീവിതത്തിന്റെ ഒരൊറ്റ തലമുറ മാത്രം. അവർ സൃഷ്ടിച്ചതെന്തും അവരെ പുറന്തള്ളുന്നു. അവരുടെതന്നെ സൃഷ്ടികളായ വയലുകളിൽനിന്ന്, ഗ്രാമത്തിൽനിന്ന്, വ്യവസായത്തിൽനിന്ന്, സമൂഹത്തിൽനിന്ന്, സംസ്‌കാരത്തിൽനിന്ന്, അഭയം തേടി എന്നെന്നും അലയുന്ന അഭയാർത്ഥികൾ അവരും.

പുതിയ പ്രോജക്റ്റുകളുടെ അങ്കണങ്ങളിൽ, റിക്രൂട്ടിങ് സെന്ററുകളിൽ, റെയിൽവേ സ്റ്റേഷനുകളിൽ, ആശുപത്രിമുറ്റത്ത്, കച്ചേരിപ്പടിക്കൽ, പീടികത്തിണ്ണയിൽ, മരച്ചുവട്ടിൽ-എവിടേയും അവർ താവളമടിച്ചിരിക്കുന്നു. കീറിപ്പറിഞ്ഞ തുണികളിൽ പൊതിഞ്ഞ്, വിഴുപ്പുഭാണ്ഡവും ചുരുൾപ്പായും പേറി, തുപ്പലിന്റേയും മൂത്രത്തിന്റേയും തീട്ടത്തിന്റേയും നടുവിൽ തിന്നും ഉറങ്ങിയും വഴക്കടിച്ചും ഇണചേർന്നും കുട്ടികളെ പ്രസവിച്ചും, അവരുടെ യാത്ര തുടരുന്നു. ഒരു താവളം വിട്ട് വേറൊരു താവളത്തിലേക്ക്, ഈ കാലം വിട്ട് വരും കാലത്തിലേക്ക് നിത്യമായി അഭയം അന്വേഷിച്ച്, നിൽക്കുന്നിടത്തോ ഇരിക്കുന്നിടത്തോ, നിലനില്ക്കുന്ന കാലത്തിലോ വേരിറങ്ങാനാകാത്ത പുറമ്പോക്കുമനുഷ്യർ. എന്നിട്ടും അവരുടെ ചുമലിൽ കയറിയിരുന്നാകുന്നു ചരിത്രം മുന്നോട്ടു നീങ്ങുന്നത്'.

- ആനന്ദ്, അഭയാർഥികൾ, 1984

'നാമത്തെ സ്തംഭിപ്പിക്കുന്ന രൂപം' എന്ന് ആനന്ദ് വിളിക്കുന്ന ഗംഗാനദിയുടെ കരയിൽ കാലങ്ങളായി നടക്കുന്ന ആൾക്കൂട്ടപലായനങ്ങളെ ചരിത്രവൽക്കരിച്ച 'അഭയാർഥികൾ'ക്കുശേഷം, അസ്ഥിയിൽ നിന്നു മാംസമെന്നപോലെ, ഭൂമിയിൽനിന്നു വേരുപറിഞ്ഞു പോകുന്ന മനുഷ്യരെപ്പറ്റി ഉത്തര-പൂർവ്വേന്ത്യൻ പശ്ചാത്തലത്തിൽ മലയാളത്തിലെഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമായ നോവലാണ് സാറാജോസഫിന്റെ 'ബുധിനി'. പടിഞ്ഞാറൻ ബംഗാളിൽ (ഇന്നത്തെ ഝാർഖണ്ഡ്), ദാമോദർ നദിയിൽ, 1959-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പാഞ്ചേത് അണക്കെട്ടിനുവേണ്ടി കുടിയിറക്കപ്പെട്ട നൂറോളം ഗ്രാമങ്ങളിലെ 5000ത്തോളം സാന്താൾ കുടുംബങ്ങളിലെ 75,000ത്തിലധികം മനുഷ്യരുടെ ദുരന്തപർവത്തിൽനിന്നാണ് സാറാജോസഫ് ബുധിനിയെയും അവളുടെ ഗോത്രത്തിന്റെ രണ്ടര നൂറ്റാണ്ടിന്റെ ചരിത്രത്തെയും കണ്ടെടുക്കുന്നത്. സ്വന്തം ഗോത്രത്തിനുള്ളിൽ അവിശ്വസനീയമാംവിധം ദുഃഖപൂർണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരൊറ്റ സ്ത്രീയുടെ ആയുർരേഖ മാത്രമല്ല 'ബുധിനി'. രൂപം കൊണ്ടുതുടങ്ങിയ ദേശരാഷ്ട്രത്തിനുള്ളിൽ അവളുടെ ഗോത്രംതന്നെയും ദുഃസ്വപ്നങ്ങളിൽപോലും കാണാത്തവിധം ചിതറിപ്പോയതിന്റെ ചരിത്രരേഖയുമാണത്. ആഭ്യന്തരവും ബാഹ്യവുമായ അഭയാർഥിത്വങ്ങളുടെ ഈ രക്തരേഖകൾ ബുധിനിയുടെ ഭാവാനാഭൂപടത്തിൽ അക്ഷാംശങ്ങളും രേഖാംശങ്ങളുമായി പടർന്നുപരക്കുന്നു.

ബംഗാളിന്റെ ദുഃഖം എന്നറിയപ്പെട്ടിരുന്ന ദാമോദർ നദിയിൽ ദാമോദർവാലി കോർപ്പറേഷൻ (ഡിവിസി) അണകെട്ടിയതിലൂടെ, ഒന്നാം പഞ്ചവത്സരപദ്ധതിതൊട്ടുതന്നെ ഇന്ത്യയിലാരംഭിച്ച 'വികസന'ത്തിന്റെ രാഷ്ട്രീയം സൃഷ്ടിച്ച ഒന്നാം ഘട്ട ഇരകളായിരുന്നു, ദാമോദർ നദിയുടെ ഇരുകരകളിലും താമസിച്ചിരുന്ന സാന്താളുകൾ. ഹസ്ദ, മുർമു, കിസ്‌കു, മറണ്ടി, ടുഡു, സോറൻ, ബസ്‌കു എന്നീ ഏഴു പ്രധാന ഗോത്രങ്ങളിലും ഒട്ടനേകം ഉപഗോത്രങ്ങളിലും പെട്ടവരാണ് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ആദിവാസിജനതകളിലൊന്നായ സാന്താളുകൾ.

രണ്ട് അർധതലങ്ങളിലാണ് 'ബുധിനി'യുടെ ഇതിവൃത്തം പൂർത്തീകരിക്കപ്പെടുന്നത്. ഒന്ന്, പാഞ്ചേത് ഡാം സൃഷ്ടിച്ച വെള്ളപ്പൊക്കത്തിൽ കൃഷിഭൂമിയും വീടും മുങ്ങിത്താണ ഗ്രാമീണരുടെ പ്രതിരോധങ്ങളുടെയും പലായനങ്ങളുടെയും ആത്മബലിയുടെയും അതിജീവനത്തിന്റെയും 'ഭൂത'വർത്തമാനങ്ങൾ. രണ്ട്, ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ ഡിവിസിക്കുവേണ്ടി മാലയിട്ടുസ്വീകരിച്ചതിന്റെ പേരിൽ ബുധിനി മെജാൻ എന്ന പെൺകുട്ടി നേരിടേണ്ടിവരുന്ന ഗോത്രാചാരങ്ങളുടെയും ഊരുവിലക്കിന്റെയും ആൺവെറിയുടെയും നാടുകടത്തലിന്റെയും സ്ഥല-കാല വൃത്താന്തങ്ങൾ. 'നെഹ്രുവിന്റെ ഗോത്രവധു' എന്നാണ് ചരിത്രം പേരുചാർത്തിയത്, ബുധിനിക്ക്. ഭൂതത്തിന്റെയും വർത്തമാനത്തിന്റെയും; ഗോത്രത്തിന്റെയും രാഷ്ട്രത്തിന്റെയും; ഇരകളുടെയും വേട്ടക്കാരുടെയും; പാരമ്പര്യത്തിന്റെയും ആധുനികതയുടെയും; മിത്തിന്റെയും ചരിത്രത്തിന്റെയും ഈ അർധതലങ്ങൾ മുഖ്യമായും മൂന്നു ഭാവമണ്ഡലങ്ങളിലൂടെയാണ് നോവലിന്റെ കഥനം മുന്നോട്ടുകൊണ്ടുപോകുന്നത്.

ഒന്ന്, അണക്കെട്ടിലെ വെള്ളം പൊങ്ങി തന്റെ ഗ്രാമമായ ഭരത്പൂർ മൂങ്ങിയപ്പോൾ ഭാര്യയ്ക്കും അഞ്ചാൺമക്കൾക്കുമൊപ്പം നാടുവിടുന്ന ജഗ്ദീപ് മുർമുവിന്റെ, മരണത്തെക്കാൾ ദുഃഖപൂരിതമായ ജീവിതദുരന്തങ്ങളും ആജീവനാന്ത അഭയാർഥിത്വവും. രണ്ട്, വയലുകളിൽ നിന്നു ഖനികളിലേക്കും ജലത്തിൽനിന്ന് തീയിലേക്കും ഗ്രാമത്തിൽനിന്നു നഗരത്തിലേക്കും വീട്ടിൽനിന്നു പുറമ്പോക്കിലേക്കും വനത്തിൽനിന്നു മരുഭൂമിയിലേക്കും ഉറ്റവരിൽനിന്ന് തന്നിലേക്കുതന്നെയും ആട്ടിപ്പായിക്കപ്പെടുന്ന ബുധിനി കാലുവെന്ത നായയെപ്പോലെ നടത്തുന്ന പലായനങ്ങളും അതിജീവനവും. മൂന്ന്, പത്രപ്രവർത്തകയും ഗവേഷകയുമായ രൂപി മുർമു, സുചിത്രയെന്ന ഫോട്ടോഗ്രാഫർക്കൊപ്പം തന്റെ ഗോത്രത്തിന്റെ വേരുകളും ബുധിനിയെക്കുറിച്ചുള്ള നേരുകളും തേടി നടത്തുന്ന അന്വേഷണങ്ങളും കണ്ടെത്തലുകളും. മൂന്നു മണ്ഡലങ്ങളും യാത്രകളുടേതാണ്- അഭയാർഥിത്വവും പലായനവും അന്വേഷണവുമാണ് എന്ന വ്യത്യാസമേ അവ തമ്മിൽ തമ്മിലുള്ളു. ഒന്നാം മണ്ഡലം ആറുമുതൽ പത്തുവരെ അധ്യായങ്ങളിൽ തുടർച്ചയായവതരിപ്പിക്കപ്പെടുന്നു. ഭാര്യയും നാലാൺമക്കളും ഒന്നിനുപിറകെ ഒന്നായി നഷ്ടപ്പെട്ട ജഗ്ദീപ് മുർമു, അവശേഷിച്ച ഏകമകൻ ജോബോനുമൊത്ത് ഡൽഹിയിൽ ചെലവഴിക്കുന്ന ജീവിതസായാഹ്നത്തിൽ അവന്റെ ഭാര്യ ശാൽനിയോടു പറയുന്ന കഥകളിൽ നിന്നാണ് അയാളുടെ ജീവിതവും കാലവും പുനഃസൃഷ്ടിക്കപ്പെടുന്നത്.

ജനിച്ചുവളർന്ന ഗ്രാമവും കൃഷിചെയ്തിരുന്ന ഭൂമിയും താമസിച്ചിരുന്ന വിശാലമായ വീടും പിതൃക്കൾ കുടിയിരുന്ന കാടും മേടും മരവും മലയും ഒന്നൊന്നായി വെള്ളത്തിൽ മുങ്ങിയതോടെ മുർമു കുടുംബത്തെയും കൂട്ടി നാടുവിട്ടു. ഛത്തീസ്‌ഗഢിലെ ഇരുമ്പുഖനികളിൽ പണിതേടി, മുർമുവും മുതിർന്ന മക്കളും. ഭാര്യ സോമ്‌നീത് വീട്ടുപണികൾക്കുപോയി. എച്ചിൽ ഭക്ഷണമാക്കേണ്ടിവരുന്നു, അവൾക്ക്. മൂത്തമകൻ സുർജനെ ഒരു ദിവസം കാണാതായി. അവനെത്തിരക്കിപ്പോയ അനിയന്മാർ ബർക്കയും കൻഹയും തിരിച്ചുവന്നില്ല. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി മുർമു ആ നാടും വിട്ടു. തെരുവിലുറങ്ങേണ്ടിവന്ന രാത്രിയിൽ സോമ്‌നീതയെ അയാൾക്കു നഷ്ടപ്പെട്ടു. ഝാരിയയിലെ കത്തുന്ന കൽക്കരി ഖനിയിൽ പണിയെടുത്തു കരിഞ്ഞ കുഞ്ഞുങ്ങൾക്കൊപ്പം മുർമു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും മകൻ ജോല, ഖനിയിൽ വീണു മരിച്ചു. ജോബോനെയും മുർമുവിനെയും ക്രിസ്ത്യൻ മിഷനറിമാർ ഏറ്റെടുത്തു. അവൻ ഡൽഹിയിലെത്തി. ജോബോൻ പഠിച്ചുവളർന്ന് റയിൽവേ ഉദ്യേഗസ്ഥനായി. ജോസഫ് എന്ന പേര് സ്വീകരിച്ച് അയാൾ ക്രിസ്തുമതത്തിൽ ചേരുകയും ചെയ്തു. മുർമുവാകട്ടെ തന്റെ സാന്താൾ സ്വത്വം ഒരിക്കലും കൈവിടാൻ തയ്യാറായില്ല. ജോബോന്റെയും ശാൽനിയുടെയും രണ്ടു പെൺമക്കളിലൊരാണ് രൂപി.

മൂന്നുമുതൽ ആറുവരെ അധ്യായങ്ങൾ ബുധിനിയുടെ ബാല്യകാലത്തെക്കുറിച്ചാണെങ്കിൽ പതിനാലുമുതൽ ഇരുപത്തിമൂന്നു വരെയുള്ള അധ്യായങ്ങൾ അവളുടെ പലായനങ്ങളെക്കുറിച്ചാണ്. ഡിവിസിയാണ് അണക്കെട്ടിൽ പണിക്കാരിയായിരുന്ന പതിനഞ്ചുകാരി ബുധിനിയെ നെഹ്രുവിനു മാലയിട്ടു സ്വീകരിക്കാൻ തെരഞ്ഞെടുത്തു നിയോഗിച്ചത്. പക്ഷേ ഗോത്രം പുറന്തള്ളിയ ബുധിനിയെ കോർപ്പറേഷനും കൈവിട്ടു. അവളെ താങ്ങിയത് നാൽപ്പതിലധികം വയസ്സുള്ള, ബ്രാഹ്മണനായ ദത്തയായിരുന്നു. ഹിന്ദുവായ നെഹ്രുവിന് മാലയിട്ടതിന് സ്വന്തം ഗോത്രം വേട്ടയാടിയ ബുധിനി. അധഃകൃതയായ ബുധിനിയെ സംരക്ഷിച്ചതിന് സവർണഹിന്ദുക്കൾ വേട്ടയാടിയ ദത്ത. അവരൊന്നിച്ച് റാണിപൂരിലെ കൽക്കരി ഖനികളിലേക്കും പിന്നീട് പുരുലിയയിലേക്കും പലായനം ചെയ്തു. വീട്ടുവേലയെടുത്തും ഹോട്ടലിൽ എച്ചിലുകഴുകിയും പട്ടിണികിടന്നും മടുത്ത ബുധിനി വേട്ടക്കാരെ ഭയന്ന് ദത്തയുടെ ഭാര്യയായി; രത്‌നിയുടെ അമ്മയും.

'ഏതൊരു മൃഗവും അതിന്റെ സഹജവാസനയാൽ പ്രാണഭയത്തോടെ തിരിഞ്ഞുനോക്കിക്കൊണ്ട് ഓടുന്നതുപോലെ ഏതു കല്ല്, ഏതു കുണ്ട്, ഏതു കുഴി എന്ന് നോക്കാതെ ബുധിനി ഓടി. അടുക്കളയുടെ പിൻവശത്തെ ഇരുട്ടിലൂടെ കുതിച്ച് അവൾ നദിയിലേക്കുള്ള പടികൾ ഓടിയിറങ്ങി. ദാമോദർ നദിയുടെ ആപൽക്കരമായ തീരത്തുകൂടി മുള്ളും മൊന്തയും ചതുപ്പും ചവിട്ടി മെതിച്ച് അവൾ ഓടിക്കൊണ്ടേയിരുന്നു...

ജീവിതത്തിലാദ്യമായി കാട് ബുധിനിയെ ഭയപ്പെടുത്തി. മലയും കാടും മരാംഗ്ബുറുവിന്റെതാണ്. അവൾ പേടിക്കേണ്ടതില്ല. എന്നാൽ രാത്രിയിലെ കാട് മരാംഗ്ബുറുവിന്റെ കോപഭാവമാണെന്ന് അവൾക്കു തോന്നി. കടക്കാൻ വഴികൊടുക്കാതെ മരാംഗ്ബുറു അവളെ തടയുന്നു. വീണുകിടക്കുന്ന ഒരു മരത്തടിയിൽ തട്ടി അവൾ വീണു. അവിടെക്കിടന്നു നോക്കിയാൽ ദൂരെ ഗസ്റ്റ്ഹൗസ് കാണാം. എല്ലാ വിളക്കുകളും തെളിഞ്ഞിരിക്കുന്നു. അവളെ തിരഞ്ഞ് ഓടിനടക്കുന്ന ആളുകളെയും ബുധിനിക്ക് കാണാം. ഒരുപക്ഷേ, അവർ അവൾക്ക് പിന്നാലെ എത്തിക്കൂടെന്നില്ല. ബുധിനി കൈകൂപ്പി മരാംഗ്ബുറുവിനോട് പ്രാർത്ഥിച്ചു.

കാട് ഒരിക്കലും നിശ്ശബ്ദമായിരിക്കുന്നില്ല. എന്നാൽ രാത്രിയിലെ അതിന്റെ ശബ്ദങ്ങൾ അവൾക്ക് അപരിചിതവും ഭയപ്പെടുത്തുന്നതുമായിരുന്നു. മരങ്ങൾ അവൾക്ക് വഴികൊടുത്തില്ല. ആകാശം കനിവോടെ ചുരത്തിയ നാട്ടുവെളിച്ചംപോലും കാടിനകത്തേക്കു കടന്നുവന്നില്ല. തപ്പിയും തടഞ്ഞും കൂരിരുട്ടിലൂടെ അവൾ മുന്നോട്ടുപോയി. ചിലപ്പോൾ ഓടി. ചിലപ്പോൾ നടന്നു. ഇഴജന്തുക്കളുണ്ടാകും. വിശക്കുന്ന ചെന്നായ്ക്കളുണ്ടാകും. ആനകളും പുലികളുമുണ്ടാകും. നിരായുധയാണ് ബുധിനി. കയ്യിലൊരു തെറ്റാലിപോലുമില്ലാത്ത കുട്ടി. കാട്ടിൽ പെട്ട് മരിച്ച യുവാവിനെ ഗ്രാമത്തിലേക്ക് കൊണ്ടുവന്നിരുന്നു. അവനെചൊല്ലി അവർ വിലപിച്ചു. അവളും കൂടെപ്പാടിയിരുന്നു. 

ബാബാ... എന്റെ മകൻ
തേനെടുക്കാൻ വന്നു
ബാബാ... എന്റെ മകൻ
ഇലപറിക്കാൻ വന്നു
ബാബാ.... ന്റെ മകൻ
മരാംഗ്ബുറുവിന്റെ മടിയിൽ ഉറങ്ങുന്നു
ബാബാ... എന്റെ മകൾ
വിളിച്ചിട്ട് വിളി കേൾക്കുന്നില്ല
എന്റെ ആൺമയിൽ പറന്നുപോയി
എന്റെ പഞ്ചവർണക്കിളി പറന്നുപോയി.

ബുധിനി മല കയറി. മരാംഗ്ബുറുവിനെ വിളിച്ചുകരഞ്ഞുകൊണ്ടവൾ മലയിറങ്ങി. അപ്പോൾ നേരം പുലരുകയായിരുന്നു. മുന്നിൽ കാണുന്നതു കരിമലകളാണ്. ചുറ്റിലും കരിയാണ്. പൊടിയാണ്. അവൾ നിൽക്കുന്നത് ഒരു കൽക്കരിപ്പാടത്തിന്റെ അകത്താണ്. അവിടെ വിജനമായിരുന്നു. ഇനി ഒരടി മുന്നോട്ടുവെക്കാൻ ബുധിനിയെക്കൊണ്ടാകില്ല. കാട് മുള്ളുകളും കുറ്റികളും കോലുകളും കൊണ്ട് അവളുടെ മുഖത്തും കഴുത്തിലും കൈകാലുകളിലും കോറിവരച്ചിരുന്നു. മുറിവുകളിൽ നിന്ന് രക്തം പൊടിഞ്ഞുകൊണ്ടിരുന്നു. അവശയായിരുന്നു ബുധിനി. രണ്ട് ചെറിയ കൽക്കരിക്കൂനകളുടെ ഇടയിൽ അവൾ തളർന്നു കിടന്നു.

കടുത്ത വെയിൽ മുഖത്തടിച്ചാണ് അവൾ ഉണരുന്നത്. നാലഞ്ചുപേർ അവൾക്കുചുറ്റും നിൽക്കുന്നുണ്ടായിരുന്നു. 'ഓയ്, എണീക്ക് നീ എങ്ങനെ ഇതിനകത്തു കടന്നു?' അവർ ചോദിച്ചു. 'നീ എവിടുന്ന് വന്നു?'

അവൾ മരാംഗ്ബുറുവിന്റെ മല ചൂണ്ടിക്കാട്ടി. തൊട്ടടുത്ത നിമിഷത്തിൽ രക്ഷയുടെ സംഗീതംപോലെ ബുധിനി മധുരമായൊരു നാദം കേട്ടു. സൈക്കിൾ ബെല്ലടിച്ചുകൊണ്ട് അയാൾ കടന്നുവന്നു.

'നോക്ക് ദത്താജീ, ഈ പെൺകുട്ടി! ഇവൾ മലയിറങ്ങി വന്നതാണെന്ന് പറയുന്നു'.

സൈക്കിൾ ഒരു മരത്തിന്മേൽ ചാരിവെച്ച് അയാൾ അടുത്തുവന്നു.

'വരൂ..' അയാൾ കൈനീട്ടി. പിന്നീട് മരിക്കുവോളം അയാൾ ആ കൈ വേർപെടുത്തിയില്ല.

കൽക്കരി ഖനിയുടെ പരിസരത്തുള്ള ഒരു ചായക്കടയിലേക്ക് അയാളവളെ കൂട്ടിക്കൊണ്ടുപോയി. അവൾ ഭക്ഷണം കഴിക്കുന്നതും നോക്കി അയാൾ ഇരുന്നു. അഴുക്കിന്റെയും ദുർഗന്ധത്തിന്റെയും ഒരു ചുമടായിരുന്നു അവൾ. അവൾക്ക് വിശപ്പും ആർത്തിയുമുണ്ടായിരുന്നു. അവളുടെ കണ്ണിൽനിന്നും കണ്ണുനീർ കുതിച്ചുചാടിയിരുന്നു. കരിപുരണ്ട കവിളിലൂടെ അത് രണ്ടു ചാലുകളായി താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു.

'പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ഭാര്യ!' അയാൾ നെടുവീർപ്പിട്ടു'.

ദത്തയുടെ നിരന്തരശ്രമഫലമായാണ് കാലമേറെ കഴിഞ്ഞ് ബുധിനിക്ക് രാജീവ്ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഡിവിസി ജോലി നൽകുന്നതും അവൾ മകൾക്കൊപ്പം പാഞ്ചേതിലെത്തുന്നതും.

കുറെക്കാലം ബുധിനിയെയും ദത്തയെയും സംരക്ഷിക്കുന്ന ജീപ്പ് ഡ്രൈവർ ജൗനമറണ്ടി, ബുധിനിയുടെ ബാല്യത്തിൽ അവളുടെ ഗ്രാമം ദുർമ്മന്ത്രവാദിനിയായി കണ്ടു വേട്ടയാടിയ രാംധുനി, ബുധിനിയുടെ ബാല്യകാല സുഹൃത്തായ ഛൊത്രോയ് സോറൻ, അവൾക്കൊപ്പം നെഹ്രുവിനെ സ്വീകരിച്ച, രൂപി കാണുമ്പോൾ സ്മൃതിനാശം സംഭവിച്ചുകഴിഞ്ഞിരുന്ന റോബോൺ മാജി, ഗ്രാമപുരോഹിതനായ ജോഗ് മാഞ്ജി,അവിശ്വസനീയമാംവിധം കാണാതാകുകയോ അതിദാരുണമാംവിധം കൊല്ലപ്പെടുകയോ ചെയ്യുന്ന ജഗ്ദീപ് മുർമുവിന്റെ ഭാര്യ സോമ്‌നീതയും മക്കൾ ബുർജനും ബർക്കയും കൻഹയും ജോലയും, തന്റെ കുഞ്ഞുങ്ങളുടെ പിതാവും തന്റെ ഭർത്താവുമായ പുരുഷനെ തേടി നാടുകളും ദേശങ്ങളും താണ്ടുന്ന ദുലാരി.... ഈ നോവലിലെ രണ്ടാംനിര കഥാപാത്രങ്ങൾ മിക്കവരും അസാധാരണമാംവിധം ചോരപ്പുളപ്പുള്ളവരാണ്; കഥയിലും ചരിത്രത്തിലും. നിസംശയം പറയാം, ഈ നോവലിലെ ഏറ്റവും അവിസ്മരണീയ കഥാപാത്രം ദത്തയാണ്. ബുധിനിയോട്, ബുദ്ധനെപ്പോലെ കരുണകാണിച്ച മനുഷ്യൻ. ജഗ്ദീപ് മുർമുവും വിശ്വനാഥ് ഹെസ്ദയും സോമനാഥ് ഹെംബ്രോമും തങ്ങളുടെ നെടിയ ജീവിതവും കൊടിയ സഹനങ്ങളും കൊണ്ട് 'ബുധിനി'യുടെ വായന അമ്പരപ്പിക്കുന്ന ഒരനുഭവമാക്കി മാറ്റുന്നു.

മേല്പറഞ്ഞ രണ്ടു കഥനമണ്ഡലങ്ങൾ 'ബുധിനി'യുടെ ജീവിതത്തെ സാന്താളുകളുടെ ദൈനംദിന സംസ്‌കാരവുമായി ഇഴപിരിച്ചെഴുതുമ്പോൾ മൂന്നാം മണ്ഡലം നോവലിന്റെ രാഷ്ട്രീയാബോധമായി മാറുന്നു. ചരിത്രഗവേഷകയും എഴുത്തുകാരിയും മാധ്യമപ്രവർത്തകയും മാത്രമല്ല രൂപി. നോവലിന്റെ രണ്ടാം ആഖ്യാതാവുകൂടിയാണ്. സാറാജോസഫ് എഴുതുന്ന നോവലിലെ ഉപാഖ്യാനങ്ങളുടെ കർതൃപദവി രൂപിയുടേതാണ് എന്നു വേണമെങ്കിൽ പറയാം. ഒരർഥത്തിൽ ഈ നോവൽ തന്നെയും അവളുടെ ആത്മാന്വേഷണങ്ങളുടേതാണല്ലോ. ബുധിനിയുടെ ഭൂതമെന്നത് താനുൾപ്പെടുന്ന സാന്താളുകളുടെ കൂടി ഭൂതമായി ചരിത്രത്തിൽനിന്നു കണ്ടെടുക്കാനാണ് രൂപി എത്തുന്നത്.

രണ്ടാമധ്യായത്തിൽതന്നെ രൂപി മുർമുവിന്റെ ഗവേഷണപഠനം ബുധിനിയെ തേടിയാരംഭിക്കുന്നുണ്ടെങ്കിലും ഇരുപത്തിനാലു മുതൽ മുപ്പത്തിമൂന്നു വരെയുള്ള അധ്യായങ്ങളിലാണ് അത് ആഖ്യാനത്തിന്റെ രാഷ്ട്രീയഭൂപടം നിവർത്തിയിടുന്നത്. ഝാർഖണ്ഡിൽനിന്നുതന്നെ തയ്യാറാക്കിയ നഷ്ടക്ഷേത്രങ്ങളെക്കുറിച്ചുള്ള ആദ്യപഠനത്തിനുശേഷമാണ് സ്വന്തം വേരുകൾ കൂടി തേടിയുള്ള ഈ ഗവേഷണം അവൾ ആരംഭിക്കുന്നത്. നെഹ്രുവിന്റെ ഗോത്രവധുവിനെ തേടി കണ്ടെത്തുക എന്ന വിസ്മയകരമായ മാധ്യമദൗത്യം പോലെ തന്നെ പ്രധാനമായിരുന്നു, രൂപിക്ക് അണക്കെട്ടുകൾ മുക്കിക്കളഞ്ഞ ജനപദങ്ങളുടെ തിരിച്ചുപിടിക്കലും. അണക്കെട്ടുകളെ ആധുനിക ഇന്ത്യയുടെ മഹാക്ഷേത്രങ്ങളായി നിർവചിച്ച നെഹ്രുവിനോടു കലഹിച്ചുകൊണ്ട് അവൾ ചോദിക്കുന്നു: 'ഇതിനെക്കാൾ വിനാശകരമായ ഇടം വേറെ ഏതുണ്ട്?'. 'Dams are Bombs' എന്ന അരുന്ധതി റോയിയുടെ വിഖ്യാതമായ നിരീക്ഷണം ഓർമ്മയിലെത്തിച്ചുകൊണ്ട് രൂപി പറയുന്നു: 'അണക്കെട്ടുകൾ പൊളിച്ചുകളയുന്ന നാളെകളെ ഞാൻ സ്വപ്നം കാണുന്നു'. നർമദാനദിയിൽ, സർദാർസരോവർ ഡാം അതിന്റെ സർവകാല ഭീകരതയോടും കൂടി നിറഞ്ഞുകവിയുന്ന ദിവസങ്ങളിൽ, അതിനെതിരെ നടക്കുന്ന മേധാപട്കറുടെയും ആദിവാസിജനതയുടെയും നിരാഹാരസമരനാളുകളിലാണ് 'ബുധിനി' പ്രകാശനം ചെയ്യപ്പെട്ടത് എന്നു കൂടി ഓർക്കുക.

ദേശരാഷ്ട്രത്തിന്റെ കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാനെന്നോണം അണക്കെട്ടുകളുടെ ഇരകളെ വിഭജനത്തിന്റെ ഇരകളായി കണക്കാക്കുകയാണ് ഭരണകൂടം ചെയ്തത്. അണക്കെട്ടുകൾ അഭയാർഥികളെ സൃഷ്ടിക്കുന്നില്ല എന്ന വിചിത്ര നിലപാടാണ് സർക്കാരിന്റേത് എന്നർഥം. മുങ്ങിപ്പോയ ഗ്രാമങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു മനുഷ്യരുടെ സ്വത്വം തന്നെ ഭരണകൂടം മായ്ചുകളയുന്നു. അവർ ആരുടെയും ഉത്തരവാദിത്തമായില്ല.

താൻ കഥകളെഴുതുകയല്ല, ഡാറ്റകൾ ശേഖരിക്കുകയായിരുന്നുവെന്നും, തന്റെ ഡാറ്റകൾക്ക് മജ്ജയും മാംസവുമുണ്ടെന്നും അതിനൊരാത്മാവുമുണ്ടെന്നും രൂപി കൂട്ടിച്ചേർത്തു. 'ബുധിനി' ഒരാളല്ല, ഒരു രാജ്യമാണ് എന്ന് അവൾ വിചാരിക്കുന്നുണ്ട്. 'ബുധിനി'യുടെ കർതൃസ്വരമായി, ആഖ്യാതാവിന്റെ അപരസ്വത്വമായി രൂപി മാറുന്നതിങ്ങനെയാണ്.

അണക്കെട്ടുകളുടെയും കുടിയൊഴിക്കലുകളുടെയും രാഷ്ട്രീയത്തെക്കുറിച്ചു മാത്രമല്ല 'ബുധിനി' സംസാരിക്കുന്നത്. സാന്താൾഗോത്രം നൂറ്റാണ്ടുകളായി തങ്ങളുടെ ഭൂമിക്കും ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രത്തെക്കുറിച്ചു കൂടിയാണ്. ബുധിനിയെക്കുറിച്ചുള്ള അന്വേഷണം രൂപിയെ കൊണ്ടെത്തിക്കുന്നത് ഈ സമരങ്ങളുടെ നേർചരിത്രത്തിലാണ്. 18-ാം നൂറ്റാണ്ടിൽ ഈസ്റ്റിന്ത്യാകമ്പനിക്കെതിരെ പതിനായിരത്തോളം സാന്താളുകളെ അണിനിരത്തി സമരം ചെയ്ത തിൽക്കാമാജി മുർമുവിന്റെ കഥയിൽ തുടങ്ങുന്നു, ഈ ചരിത്രഗാഥ. (വില്യം ഡാൾ റിമ്പിളിന്റെ ഏറ്റവും പുതിയ പുസ്തകം 'The Anarchy' അനാവരണം ചെയ്യുന്നതും കച്ചവടസ്ഥാപനമായിരുന്ന ഈസ്റ്റിന്ത്യാകമ്പനി ഇന്ത്യയിൽ കൈവരിച്ച രാഷ്ട്രീയാധികാരത്തെക്കുറിച്ചാണല്ലോ). സ്വാതന്ത്ര്യപൂർവകാലത്ത് ദാമോദർ നദിയിൽ അണകെട്ടാൻ തുനിഞ്ഞ ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്തി വെള്ളക്കാരാൽ കൊല്ലപ്പെട്ട വിശ്വനാഥ് ഹസ്ദയിലൂടെ സ്വാതന്ത്ര്യാനന്തരം സാന്താൾജനതയുടെ ജീവിതസമരങ്ങളെ വർഗവിപ്ലവത്തിലേക്കു വിവർത്തനം ചെയ്ത കനുസന്യാലിലേക്കും നടാകകൃത്തും വിപ്ലവകാരിയുമായ ദയാനന്ത ടുഡുവിലേക്കും അയാളെ പ്രണയിച്ച മധുമിതയിലേക്കും തുടക്കത്തിൽ അവർക്കൊപ്പം നിന്ന്, പിന്നെ ഒഡീഷയിലും ആന്ധ്രയിലുമൊക്കെ സഞ്ചരിച്ച് നിഷ്ഠൂരരായ ജന്മിമാർക്കെതിരെ നക്‌സൽ സമരങ്ങൾക്കു നേതൃത്വം കൊടുത്ത സോമനാഥ് ഹെംബ്രോവിലേക്കും പിൽക്കാല മാവോയിസ്റ്റ് കലാപങ്ങളിലേക്കും ഏറ്റവുമൊടുവിൽ ഗൊഡ്ഡയിൽ താപവൈദ്യുതനിലയത്തിനെതിരെ നടന്ന സമരത്തിൽ സോമനാഥ് കൊല്ലപ്പെടുമ്പോൾ അതിന്റെ തുടർച്ച ഏറ്റെടുക്കുന്ന മംഗോൾ മാജിയിലേക്കും വരെ നീളുന്നു, ബുധിനിയിലെ ഈ രാഷ്ട്രീയചരിതം. ജാതി, ഗോത്രം, വർഗം എന്നീ സ്വത്വങ്ങളിൽനിന്നും അവ സൃഷ്ടിക്കുന്ന നാനാതരം അസമത്വങ്ങളിൽ നിന്നും ഭൂമി എന്ന ഏകകത്തിലേക്കു പരിണമിക്കുന്നു, 'ബുധിനി'യിലെ സമരരാഷ്ട്രീയം.

'അണക്കെട്ടുകൾ ഉയർന്നതോടെ മുങ്ങിപ്പോയ സാന്താൾ ഗ്രാമങ്ങളെപ്പറ്റിയാണവൾ പഠിച്ചത്. അവളുടെ ദാദു ജഗ്ദീപ് മുർമുവാണ് അതിനവളെ പ്രേരിപ്പിച്ചത്. ദാമോദർ നദിക്കരയിൽ മുങ്ങിപ്പോയ നൂറിലധികം ഗ്രാമങ്ങളിലൊന്നായിരുന്നു അയാളുടേത്. ഭരത്പൂർ. ഗ്രാമങ്ങളെ മുക്കിക്കളഞ്ഞത് ദാമോദർ നദിയല്ല, അണക്കെട്ടുകളാണെന്ന് ജഗ്ദീപ് മുർമു ഉറപ്പിച്ചു പറഞ്ഞു.

'പ്രളയം ഞങ്ങൾക്കു പരിചിതമാണ്. എല്ലാക്കൊല്ലവും അതുണ്ടാവാറുണ്ട്. ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും ദാമോദർ നദി ഇരച്ച് കേറിവരും. വന്നപോലെ ഇറങ്ങിപ്പോകുകയും ചെയ്യും. എന്നാൽ അവൾ കൊണ്ടുവന്നതൊക്കെ അവിടെ ഇട്ടിട്ടുപോകും. ഒരു പ്രളയത്തിനും അടുത്ത പ്രളയത്തിനുമിടയിൽ ഞങ്ങൾ ഒന്നാന്തരമായി കൃഷി ചെയ്യും. നെല്ലുണ്ടാക്കും അടുത്ത പ്രളയത്തിനുവേണ്ടി ഒരുങ്ങും. അണക്കെട്ടുകൾ വന്നതോടെ അവസ്ഥ മറ്റൊന്നായി. വെള്ളം ഞങ്ങളെ എന്നെന്നേക്കുമായി പടിയിറക്കി'.

ദാദുവിന്റെ അനുഭവങ്ങളുടെ സത്യാവസ്ഥ തേടിയാണ് രൂപി മുർമു ഗവേഷണമാരംഭിച്ചത്. രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന മഹത്തായ സ്ഥാപനങ്ങൾ എന്ന നിലയിൽ കണ്ടുകൊണ്ട് അണക്കെട്ടുകളെപ്പറ്റി നെഹ്‌റു ആശ്ചര്യപ്പെട്ടു.

ഇതിനെക്കാൾ വിശുദ്ധവും മഹനീയവുമായ ഇടം വേറെ ഏതുണ്ട്!

രൂപിയുടെ ദാദു അതിനെ നഖശിഖാന്തം എതിർത്തു.

'ഇതിനെക്കാൾ വിനാശകരമായ ഇടം വേറെ ഏതുണ്ടെന്നാണ് ഞാൻ ചോദിക്കുക. അണക്കെട്ടുകൾ പൊളിച്ചുകളയുന്ന നാളെകളെ ഞാൻ സ്വപ്നം കാണുന്നു'.

ജഗ്ദീപ് മുർമുവിന്റെ ജീവിതദുരന്തം എത്ര ഭയങ്കരമാണെന്ന് രൂപിക്കറിയാം. കുട്ടിക്കാലം തൊട്ടേ ദാദു അവൾക്കു പറഞ്ഞുകൊടുത്തിട്ടുള്ള കഥകളിൽ അത് കനത്തു നില്ക്കുന്നുണ്ട്. ആ കഥകളിലെ നൃത്തം ചെയ്യുന്ന ജനതയെ രൂപി സ്‌നേഹിച്ചിരുന്നു. കാടും മലയും നദിയും വയലും ഇടതിങ്ങിയ പ്രദേശത്തെ ഭാവനയിൽ കണ്ടിരുന്നു. മനുഷ്യരും ബോംഗകളുമടങ്ങിയ ആവാസലോകത്തെപ്പറ്റി അത്ഭുതപ്പെട്ടിരുന്നു. ജീവിച്ചിരിക്കുന്നവരോടൊപ്പം മരിച്ചവരും ജീവിക്കുന്നുണ്ടെന്ന സങ്കല്പശക്തിയെ അവൾ അത്ഭുതത്തോടെ മനസ്സിലാക്കിയിട്ടുണ്ട്. പാട്ടും നൃത്തവും താളവും ചിത്രവും ശില്പവുമടങ്ങിയ ഗ്രാമത്തിന്റെ തെരുവിലൂടെ അവൾ നടക്കാനിറങ്ങിയിട്ടുണ്ട്. ദൂരെനിന്ന് കേൾക്കുന്ന പുല്ലാങ്കുഴൽവിളികൾക്ക് കാതുകൊടുത്തിട്ടുണ്ട്. എല്ലാം കൊണ്ടുപോയത് അണക്കെട്ടുകളാണെന്ന ദാദുവിന്റെ വാക്കുകൾ അവളെ ചിന്തിപ്പിച്ചു.

'ഭരത്പൂർ മാത്രമല്ല രൂപീ, നിന്റെ ദീദയുടെ ഗ്രാമം ബലിയാദും മുങ്ങിപ്പോയി. അതിനു ചുറ്റുവട്ടത്തെ ഗ്രാമങ്ങളൊക്കെയും വെള്ളത്തിനടിയിലായി. തെൽകുപ്പിയിലെ ക്ഷേത്രങ്ങളും ചുടുനീരുറവകളും മുങ്ങി. എല്ലാം നശിച്ചു. എല്ലാവരും വഴിയാധാരമായി'. ദാദു പറഞ്ഞു.

എന്തുകൊണ്ട് നെഹ്‌റുവിന്റെ വാക്കുകളെ തിരിച്ചിട്ട് പരിശോധിച്ചുകൂടാ? ഏതാണ് ശരി? ഏതാണ് തെറ്റ്? ആരാണ് വിധികർത്താവ്?

നെഹ്‌റുവിന്റെ സ്വപ്നത്തിലെ ഖനനങ്ങൾ, അണക്കെട്ടുകൾ, തീവണ്ടിപ്പാതകൾ, കോച്ച് ഫാക്ടറികൾ, ഉരുക്കുശാലകൾ, വളനിർമ്മാണ ഫാക്ടറികൾ, പെട്രോളിയം ഉത്പാദനകേന്ദ്രങ്ങൾ, ഘനവ്യവസായങ്ങൾ, ഊർജ്ജം, കൃഷി... രാജ്യത്തിന്റെ പുരോഗതി!

തന്റെ അന്വേഷണങ്ങൾ ശാസ്ത്രീയവും നിഷ്പക്ഷവുമായിരിക്കണമെന്ന് രൂപി തീരുമാനിച്ചിരുന്നു. ദാദുവിന്റെ സ്വാധീനം-അതിവൈകാരികമാണത് - കുടഞ്ഞെറിയാനാണ് തുടക്കം മുതൽക്കേ അവൾ ശ്രമിച്ചത്. പക്ഷേ, അയാളെപ്പോലുള്ള നൂറുകണക്കിനാളുകൾക്ക്, പലതവണ, അവൾ മുഖാമുഖം നില്‌ക്കേണ്ടി വന്നു. അലറി ഇരമ്പിമറിയുന്ന നഗരങ്ങളിലെ ചേരികളിലും പുറമ്പോക്കുകളിലും ക്രുദ്ധരും ക്ഷുഭിതരും ദുഃഖിതരുമായി അന്യജീവിതം ജീവിക്കുന്നവരായിരുന്നു, അവർ. അവരുടെ മക്കൾ അതൃപ്തരും അസന്തുഷ്ടരുമായിരുന്നു. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമിടയിൽ തൊട്ടുമുന്നിലെ മതിലിലോ മരത്തിലോ അവർ വലിയ അതൃപ്തിചിഹ്നങ്ങൾ വരച്ചുകൊണ്ടിരുന്നു. രാത്രികളിൽ, മഹുവയുടെ ലഹരിമണമുള്ള കാറ്റിൽ, ദാമോദർ നദിയിലൂടെ നീങ്ങിപ്പോകുന്ന ഏകാന്തമായ തോണിയും അതിലെ ഒറ്റവിളക്കും ദൂരനക്ഷത്രവും വിശുദ്ധമൗനവും മക്കൾക്ക് നഷ്ടപ്പെട്ടതിൽ അവർ വേദനിച്ചു. മക്കൾ വിശുദ്ധ ബോംഗകളാൽ നയിക്കപ്പെടുന്നില്ല. അവർക്ക് പോകാൻ ഒരു ജാഹേർ ഇല്ല. അതുകൊണ്ട് അവർ ക്രുദ്ധരായിത്തീരുന്നു. അക്രമവാസനയുള്ളവരായിത്തീരുന്നു. അവരുടെ മനസ്സ് ശാന്തമല്ല. ശരീരം എപ്പോഴും ചൂടുപിടിച്ചിരിക്കുന്നു.

രൂപി മുർമു എഴുതി.

'അവർ അഭയാർത്ഥികളായിരുന്നില്ല. ഹിന്ദുക്കളോ മുസ്ലിങ്ങളോ ആയിരുന്നില്ല. എന്നിട്ടും വിഭജനത്തിന്റെ ഇരകളുടെ കണക്കിലേക്കാണ് അവർ എഴുതിച്ചേർക്കപ്പെട്ടത്. അണക്കെട്ടുകളെപ്പറ്റി സൂചിപ്പിച്ചതുപോലുമില്ല. മുങ്ങിപ്പോയ ഗ്രാമങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനാളുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടില്ല. പിന്നീട് അവർ എങ്ങനെ എവിടെ ജീവിച്ചു, മരിച്ചു എന്നതൊന്നും ആരുടെയും ഉത്തരവാദിത്വമായില്ല'.'

രണ്ട്

സാന്താളുകളുടെ കലാചരിത്രത്തിലും ബുധിനിയുടെ ജീവിതത്തിലും നിരന്തരമാവർത്തിക്കപ്പെടുന്ന ടിരിയോ എന്ന ഏഴു സുഷിരങ്ങളുള്ള ഒരു സംഗീത ഉപകരണം ഈ നോവലിലുണ്ട്. അസ്തിത്വത്തിന്റെ ഭാവരൂപമെന്നപോലെ ഈ വാദ്യം ബുധിനിയിലെ മനുഷ്യരെ അവരുടെ സങ്കടങ്ങളും ദുഃഖങ്ങളുമായി പുനഃസൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഏഴു സുഷിരങ്ങളുള്ള മറ്റൊരു ടിരിയോ പോലെയാണ് ആഖ്യാനത്തിന്റെ ഏഴു ഭാവസങ്കേതങ്ങളിലൂടെ സാറാജോസഫ് ഈ നോവലിന്റെ കലയും പ്രത്യയശാസ്ത്രവും സാക്ഷാത്കരിക്കുന്നത്. ഏഴു സാന്താൾഗോത്രങ്ങളെന്ന നരവംശരൂപകവും വേണമെങ്കിൽ ഓർക്കാം. രൂപകം എന്തായാലും അവ ഇങ്ങനെ സംഗ്രഹിക്കാം.

1. നോൺ ഫിക്ഷൻ/ന്യൂജണലിസ്റ്റിക് നോവൽകല

'When journalism is silenced, literature must speak. Because while journalism speaks with facts, literature speaks with truth' എന്ന മുഖവാക്യം സാറാജോസഫ് ബുധിനിക്കു നൽകുന്നുണ്ട്. നോവലിൽ രൂപി മുർമു സാർഥകമാക്കുന്നതും മറ്റൊന്നല്ല. ട്രൂമൻ കപോട്ടയുടെ 'In cold blood' ൽ തുടക്കമിട്ട നോൺ ഫിക്ഷൻ നോവലിന് നോർമൻ മെയ്‌ലറും ടോം വോൾഫുമൊക്കെ സൃഷ്ടിച്ച തുടർച്ചകൾ ശ്രദ്ധേയമാണ്. വോൾഫാണ് 'ന്യൂജണലിസം' എന്ന സങ്കല്പനത്തിലൂടെ പത്രപ്രവർത്തനവും നോവലും തമ്മിലുള്ള അതിർവരമ്പുകൾ മായ്ചുകളഞ്ഞത്. ലോകത്തെവിടെയും വൻജനപ്രീതി നേടിയ, നേടുന്ന, 'ബയോപിക്ചർ' സിനിമകളുടെ പ്രാധാന്യവും കുറച്ചുകാണേണ്ടതില്ല. ബുധിനി മെജാനെക്കുറിച്ചുള്ള പത്രവാർത്തകളിൽ നിന്ന് നോവലിലേക്കു വഴിമാറുന്ന ആഖ്യാനകലകൊണ്ട് സാറാജോസഫ് സൃഷ്ടിക്കുന്ന ഭാവസ്വരൂപം മലയാളത്തിൽ അത്രമേൽ മുന്മാതൃകകളുള്ളതല്ല. Docufictionന്റെ രീതി പിന്തുടർന്ന്, ഈ നോവലിലുടനീളം സാറാജോസഫ് പുലർത്തുന്ന പ്രാഥമികമായ കലാസ്വഭാവം, വസ്തുതകളും സത്യങ്ങളും തമ്മിലുള്ള മത്സരത്തിൽ, സത്യത്തോടൊപ്പം നിന്നു സൃഷ്ടിക്കുന്ന, ചരിത്ര-ജീവിതാഖ്യാനം തന്നെയാണ്.

2. താഴെ നിന്നുള്ള ചരിത്രങ്ങൾ

ഭരണകൂടം മുതൽ ഗോത്രപൗരോഹിത്യം വരെയുള്ള അധികാരവ്യവഹാരങ്ങൾ നിശ്ശബ്ദരാക്കിയ കീഴാളരുടെ ചരിത്രം, അവർക്കൊപ്പം നിന്നു രചിക്കുന്നതിന്റെ രാഷ്ട്രീയമാണ് ബുധിനിയുടെ പ്രത്യയശാസ്ത്രം നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കലാപ്രവർത്തനം. ഒരുവശത്ത് 18-ാം നൂറ്റാണ്ടുമുതലുള്ള സാന്താൾ സമരങ്ങളുടെ ചോരയിൽ കുതിർന്ന കഥകൾ. മറുവശത്ത് സ്വതന്ത്ര ഇന്ത്യയിൽ ഭരണകൂടങ്ങൾ സ്വന്തം ജനതക്കെതിരെ തിരിയുന്നതിന്റെ കഥകൾ. രൂപിയുടെ ഗവേഷണവും ഡോക്യുമെന്റേഷനും നിർവഹിക്കുന്ന ധർമവും നോവലിന്റെ രാഷ്ട്രീയാബോധം ഉള്ളടക്കുന്ന സമീപനവും താഴെ നിന്നുള്ള ചരിത്രത്തിന്റെ നിർമ്മിതിയാകുന്നു. കീഴാളത, അതിന്റെ സാമൂഹ്യ, നരവംശശാസ്ത്ര മണ്ഡലങ്ങളിലെല്ലാം തിടംവച്ചു നിൽക്കുന്ന ചരിത്രപാഠങ്ങളായി മാറുന്നു, നോവലിൽ. ഈസ്റ്റിന്ത്യാകമ്പനിയോടും ബ്രിട്ടീഷ് ഭരണകൂടത്തോടും സ്വതന്ത്ര ഇന്ത്യൻ ഗവൺമെന്റുകളോടും ജന്മികളോടും ഖനിയുടമകളോടും സ്വദേശി, ബഹുരാഷ്ട്ര കുത്തകകളോടും പൊരുതിതോൽക്കുന്ന ആദിവാസികളുടെയും ഭൂരഹിതരായ തൊഴിലാളികളുടെയും ഉത്തര-പൂർവേന്ത്യൻ ചരിതങ്ങളുടെ നോവൽരൂപമാണ് 'ബുധിനി'. ഇരകളുടെ ഇതിഹാസം.

3. ഭാഷ/ഭാഷണം

ബംഗാളി, സാന്താൾ ഭാഷകളുടെയും ഭാഷണത്തിന്റെയും സാംസ്‌കാരിക ഭൂമിശാസ്ത്രമാണ് ബുധിനിയിലേത്. ബോംഗകൾ എന്നറിയപ്പെടുന്ന സാന്താളുകളുടെ മൃതപിതാക്കൾ, മാഞ്ജിത്താൻ, ജാഹേർ തുടങ്ങിയ അവരുടെ ഇരിപ്പിടങ്ങൾ, ഭക്ഷണം-വസ്ത്രം-ഗൃഹം-ആഭരണം തുടങ്ങിയ ജീവനസങ്കേതങ്ങൾ, നൃത്ത-സംഗീതാദികൾ, ചിത്ര-ശില്പകലകൾ, മിത്തുകൾ, ഗ്രാമങ്ങൾ, ഗ്രാമസഭകൾ, ഊരുവിലക്ക്, ക്ഷേത്രങ്ങൾ, പുരോഹിതർ, പൂജാദികർമങ്ങൾ, രോഗങ്ങൾ, വിശ്വാസാചാരങ്ങൾ, ഭയങ്ങൾ, വിവാഹം, ആർത്തവം, കാമനാലോകങ്ങൾ.... ഏഴു ഗോത്രങ്ങളിലും നിരവധി ഉപഗോത്രങ്ങളിലും നിന്നുള്ള സാന്താളുകൾ നൂറുകണക്കിനു ഗ്രാമങ്ങളിൽ ഒന്നിച്ചും ചിതറിയും ജീവിച്ച ജീവിതങ്ങൾ അസാധാരണമായ തന്മയത്വത്തോടെ പുനഃസൃഷ്ടിക്കുകയാണ് സാറാജോസഫ്.

4. സ്ത്രീ

ബുധിനി ഒരു സ്ത്രീയല്ല, രാജ്യമാണ് എന്ന് രൂപി മുർമു പറയുന്നതിനർഥം ഈ നോവൽ സ്ത്രീകളിലൂടെ ജനചരിതങ്ങളും രാജ്യചരിതം തന്നെയുമെഴുതുന്നു എന്നാണ്. 'ബുധിനി'യുടെ തുടക്കവും ഒടുക്കവും സ്ത്രീയിലാണ്; എന്നല്ല, ബുധിനിയിൽ തന്നെയാണ്. പാഞ്ചേത് ഡാം സൈറ്റിൽ മകളെയും കൂട്ടി പണിക്കുപോകുന്ന ബുധിനിയിലാരംഭിക്കുന്ന നോവൽ ഈ രാജ്യം തന്റേതല്ല എന്ന അവളുടെ തിരിച്ചറിവിലാണ് അവസാനിക്കുന്നത്. അതിനിടയിൽ അവളുടെ ജീവിതത്തിനും സ്വപ്നങ്ങൾക്കും മേൽ ഗോത്രവും രാജ്യവും നടത്തിയ വിധിയെഴുത്തും വീഴ്‌ത്തിയ ചോരപ്പാടുകളുമാണുള്ളത്. ബുധിനിയുടെ കഥ മുൻപു പറഞ്ഞു. അവളുടേതിനു സമാനമാണ് രാംധുനിയുടെയും സോമ്‌നീതയുടെയും ദുലാരിയുടെയും ഫുൽമോനിയുടെയും മധുമിതയുടെയും ബൊല്ലമ്മയുടെയും ഹിസിയുടെയും ജീവിതങ്ങളും അനുഭവങ്ങളും. ഗോത്രവും ജാതിയും മതവും കുടുംബവും ജന്മിത്തവും പുരുഷനും ദേശവും രാജ്യവും സ്ത്രീയോടു ചെയ്ത പാപങ്ങളുടെ പടുപുരാണമാണ് ഒരർഥത്തിൽ ബുധിനി. നോവലിന്റെ പ്രത്യക്ഷവും പ്രതീകാത്മകവുമായ കർതൃത്വവും സ്ത്രീകളിൽ തന്നെയാകുന്നു നിക്ഷിപ്തമായിരിക്കുന്നത്.

5. ഭൂമി

'ബുധിനി'യിലെ അടിസ്ഥാന രാഷ്ട്രീയവ്യവഹാരം സ്ത്രീയോ ഗോത്രമോ ദേശരാഷ്ട്രമോ അല്ല, 'ഭൂമി'യാണ്. ഫലഭൂയിഷ്ഠവും വിശാലവുമായ കൃഷിഭൂമിയും അടച്ചുറപ്പുള്ള വീടും സന്തുഷ്ടമായ കുടുംബവുമായി നൃത്തം ചെയ്തും പാട്ടുപാടിയും സുഖസമൃദ്ധമായി ജീവിച്ചവരാണ് ആസൻസോളും ഭരത്പൂരും ചിർക്കുണ്ഡെയും കർബോനയുമുൾപ്പെടെയുള്ള ഗ്രാമങ്ങളിലെ മുഴുവൻ സാന്താളുകളും. ദാമോദർ നദി, 'ബംഗാളിലെ ദുഃഖം' എന്നാണറിയപ്പെട്ടിരുന്നതെങ്കിലും, വെള്ളപ്പൊക്കം മുൻകൂട്ടിക്കണ്ട് കൃഷിയിറക്കി സുരക്ഷിതരായി ജീവിക്കാൻ അവർക്കറിയാമായിരുന്നു. വെള്ളപ്പൊക്കം തടയാൻ എന്ന പേരിൽ കെട്ടിയ അണ അവരുടെ ഭൂമിയെയും വീടുകളെയും ദൈവങ്ങളെയും എക്കാലത്തേക്കുമായി വെള്ളത്തിൽ മുക്കിക്കളയുന്നു. ജാതിയോ മതമോ വർഗമോ ദേശമോ ദാമോദർ നദിയോ രാജ്യമോ ആയിരുന്നില്ല സാന്താളുകളുടെ സങ്കടം; ഭൂമിയായിരുന്നു. നഷ്ടഭൂമി. സ്വന്തം ഭൂമിക്കുമേലുള്ള ഈസ്റ്റിന്ത്യാക്കമ്പനിയുടെ കടന്നുകയറ്റത്തിനെതിരെ യുദ്ധം ചെയ്തു രക്തസാക്ഷിത്വം വരിച്ച തിൽക്കാമാജി മുർമുവാണ് സാന്താളുകളുടെ എക്കാലത്തെയും വീരനായകൻ. ദാമോദർ നദിയിൽ അണകെട്ടാനെത്തിയ ബ്രിട്ടീഷ്‌കാർക്കെതിരെ തങ്ങളുടെ ഭൂമിക്കുവേണ്ടി സമരം ചെയ്ത വിശ്വനാഥ് ഹസ്ദ, ചെറുകിട കർഷകർക്കും അടിമകളായി ജീവിക്കേണ്ടിവന്ന കർഷകത്തൊഴിലാളികൾക്കും വേണ്ടി വൻകിട ഭൂവുടമകൾക്കെതിരെ വിപ്ലവം നടത്തിയ കനുസന്യാൽ, ഇന്നും നിലനിൽക്കുന്ന ഫ്യൂഡലിസത്തിന്റെയും ജാതിവെറിയുടെയും കോർപ്പറേറ്റ് കാപ്പിറ്റലിസത്തിന്റെയും സംയുക്ത അധീശത്വത്തിനെതിരെ സംഘടിക്കുന്ന ആദിവാസികളോ ഭൂരഹിതരോ ആയ മാവോയിസ്റ്റുകൾ- ബുധിനി, കഴിഞ്ഞ രണ്ടു മൂന്നു നൂറ്റാണ്ടുകളിൽ ഒന്നൊന്നായി ഉത്തര-പൂർവേന്ത്യയിൽ രൂപംകൊണ്ട ഭൂസമരങ്ങളുടെ രാഷ്ട്രീയചരിത്രം കൂടിയായി മാറുന്നു. സ്വന്തം കൃഷിഭൂമികളിൽനിന്ന് നഗരത്തിലെ പുറമ്പോക്കുകളിലേക്കും ഹിന്ദു-ജാത്യടിമത്തത്തിലേക്കും ഖനികളിലെ തീച്ചൂളകളിലേക്കും പറിച്ചെറിയപ്പെട്ട മനുഷ്യർ, മരിക്കാൻ വേണ്ടിയെങ്കിലും പിറന്ന മണ്ണിലേക്കു തിരിച്ചുവരണമെന്നാഗ്രഹിക്കുന്നു.

6. നെഹ്രു

ആധുനികതാവിമർശനത്തിന്റെ സാംസ്‌കാരികപാഠം എന്ന നിലയിൽ ബുധിനി നെഹ്രുവിയൻ വികസനയുക്തിയുടെ മറുപുറം തേടുന്നു. അണക്കെട്ടുകളെ ആധുനിക ഇന്ത്യയുടെ മഹാക്ഷേത്രങ്ങളായി സങ്കല്പിച്ച നെഹ്രുവിയൻ വീക്ഷണത്തെ മുങ്ങിപ്പോയ മഹാക്ഷേത്രങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധത്തിലൂടെ സാന്താൾയുവതിയായ രൂപി മുർമു ആദ്യം അപനിർമ്മിക്കുന്നു. പിന്നെ, അവൾതന്നെ നെഹ്രുവിന്റെ ഗോത്രവധുവായി മുദ്രകുത്തി സ്വന്തം സമുദായം പുറത്താക്കിയ ബുധിനിയെ തേടിവരുന്നു. ആ അന്വേഷണമാകട്ടെ, ബുധിനിയെ കണ്ടെത്തുകമാത്രമല്ല, സാന്താളുകളുടെ സമരജീവിതങ്ങൾ ആധുനികതയുടെ കേന്ദ്രീകൃതയുക്തിക്കെതിരായി നടത്തിയ ചെറുത്തുനില്പുകളുടെയും പോരാട്ടങ്ങളുടെയും രാഷ്ട്രീയാപഗ്രഥനമായി മാറുകയും ചെയ്യുന്നു. ബുധിനിയുടെ സ്വകാര്യ-വൈകാരിക ജീവിതസംഘർഷങ്ങൾ വളർന്ന് ഒരു ജനതയുടെ സ്വത്വസമരങ്ങളിലേക്കു പരിണമിക്കുന്നതിന്റെ വിശകലനമായി നോവൽ മാറുന്നതങ്ങനെയാണ്. ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും നിർവഹിക്കപ്പെടുന്ന നെഹ്രുവിയൻ ആധുനികതയുടെ വിചാരണയാണ് ബുധിനിയുടെ രാഷ്ട്രീയാബോധങ്ങളിലൊന്ന്.

7. ദേശ-രാഷ്ട്രം

ആർക്കാണ് സ്വാതന്ത്ര്യം കിട്ടിയത്?, ആരുടേതാണ് ഈ രാജ്യം? എന്ന രണ്ടു ചോദ്യങ്ങൾ ബുധിനിയിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ആദ്യചോദ്യം മധുമിതയുടേതാണ്. രണ്ടാമത്തേത് ബുധിനിയുടേതും. തിൽക്കാമാജിയുടെ കഥ, പാട്ടായെഴുതി ചൊല്ലിയാട്ടമായവതരിപ്പിക്കുന്ന സാന്താൾ യുവാവായ ദയാനന്ദന്റെ കാമുകിയും ശിഷ്യയുമായിരുന്നു, മധുമിതയെന്ന ബ്രാഹ്മണപ്പെൺകുട്ടി. അവളുടെ അച്ഛൻതന്നെ ദയാനന്ദനെ പൊലീസിന് ഒറ്റി.

'മധുമിതയുടെ അച്ഛനാണ് ഒറ്റിക്കൊടുത്തത്. പരഞ്ജിത് തിവാരിക്ക് ഒരിക്കലും ദയാനന്ത ടുഡുവിനെ അംഗീകരിക്കാൻ കഴിഞ്ഞില്ല. ജാതിതന്നെയായിരുന്നു കാരണം. ഏകമകൾ ദയാനന്ദന്റെ നാടകക്കമ്പനിയിൽ ചേർന്ന് അയാളുടെ കൂടെ ചുറ്റിയടിക്കുന്നത് തിവാരിയുടെ ഉറക്കം നഷ്ടപ്പെടുത്തി. സ്വന്തം ജാതിക്കാർക്കിടയിൽ അയാൾക്കത് വലിയ മാനക്കേടാവുകയും ചെയ്തു. സ്വതന്ത്രബുദ്ധിയായ മകളെ ഒരു നിലയ്ക്കും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു. ഗാന്ധിയനാണ് അയാൾ. തികച്ചും ആദർശാത്മകമാണ് ജീവിതം. എന്നാൽ ജാതിവ്യത്യാസം ഇല്ലാതാക്കാൻ പാടില്ലെന്നുതന്നെ അയാൾ വിശ്വസിച്ചു. ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിന് ജാതിയെങ്ങനെയാണ് തടസ്സമാകുക? അയാൾ അംബേദ്കറെ അവിശ്വസിച്ചു. തർക്കിച്ചു. നെഹ്‌റുവിനോടും ഉണ്ടായിരുന്നു തർക്കം. ഓരോ ജാതിക്കും ഓരോന്നു പറഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള ജീവിതം അവർ ജീവിക്കണം. ബ്രാഹ്മണന് ചണ്ഡാലന്റെ ജീവിതം ജീവിക്കാൻ സാധ്യമല്ല. നെഹ്‌റുവിന്റെ സോഷ്യലിസത്തിൽനിന്ന് ജാതിയെ ഒഴിവാക്കിയേ പറ്റൂ.

അഞ്ചാമത്തെ വയസ്സു മുതൽ മധുമിത ഖദർ വസ്ത്രങ്ങൾ മാത്രം ധരിച്ചു. നൂൽനൂറ്റു. അച്ഛന്റെ കയ്യും പിടിച്ച് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. ബ്രിട്ടീഷുകാരെ വെറുത്തു. സ്വാതന്ത്ര്യം സ്വപ്നം കണ്ടു. ഒരിക്കലും മാംസം ഭക്ഷിച്ചില്ല. ലളിതവും അനാർഭാടവുമായിരുന്നു അവളുടെ യൗവനം. ജാത്യാചാരങ്ങൾ കടുകിട തെറ്റാതെ അവളും പാലിച്ചിരുന്നു. അവളുടെ മനസ്സിലേക്കു തീകോരിയിട്ടത്, പരഞ്ജിത്തിന്റെ ഭാഷയിൽ, പടിഞ്ഞാറുദിച്ച ദയാനന്ദനാണ്.

''സ്വാതന്ത്ര്യമോ? ആർക്കാണ് ബാബാ സ്വാതന്ത്ര്യം കിട്ടിയത്? ബൊയ്ശാഖ് മറണ്ടിക്ക് സ്വാതന്ത്ര്യം കിട്ടിയോ? തപൻ കിസ്‌കുവിന് സ്വാതന്ത്ര്യം കിട്ടിയോ? ശിവപ്രസാദ് ഹെംബ്രോമിന് സ്വാതന്ത്ര്യം കിട്ടിയോ? അവരുടെ കഴുത്തിലിപ്പോഴും അദൃശ്യമായ ഒരു തുകൽപ്പട്ടയുണ്ട്. അന്തരീക്ഷത്തിൽ ചാട്ടയുടെ മൂളലുണ്ട്. അവരുടെ കടങ്ങൾ വീടാത്തതെന്താണ്? ബെയ്ശാഖിന്റെ മകൻ ജനിച്ചത് അടിമയായിട്ടാണ്. അവന്റെ മക്കളും അങ്ങനെതന്നെ ജനിക്കുമെന്ന് സ്വതന്ത്രരാജ്യത്തിലും അവർക്കു വിലപിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ് ബാബാ? മൂന്ന് പൂവ് കൃഷിചെയ്യുന്ന അവരുടെ നിലങ്ങൾ അന്നും ഇന്നും പിടിച്ചെടുക്കുന്നു. അതിന്നടിയിൽ കരിയുണ്ട്. ഇതിന്നടിയിൽ ഇരുമ്പുണ്ട്. തീവണ്ടിയോടിക്കാൻ ഇരുമ്പുവേണം. ഇരുമ്പുണ്ടാക്കാൻ കരി വേണം. മണ്ണിനടിയിലെ കാര്യം അവർക്കറിയില്ല ബാബാ. അവർക്കാകെ അറിയുന്നത് നിലം നന്നായി ഉഴുതുമറിക്കാനാണ്. അവർ ഒന്നും രണ്ടുമല്ല. ലക്ഷങ്ങളാണ്. വെറുതെ നുണപറയാതിരിക്കൂ. ആരാണ് സ്വതന്ത്രരായത്?''

ദയാനന്ദൻ സ്വയവും അയാളുടെ കഥാപാത്രങ്ങളെക്കൊണ്ടും രാജ്യം നേടിയെടുത്ത മഹത്തായ സ്വാതന്ത്ര്യത്തെ ഇങ്ങനെ നിന്ദിക്കുന്നത് പരഞ്ജിത് തിവാരിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അയാളെപ്പോലെ അനേകലക്ഷങ്ങൾ സഹിച്ചും പൊരുതിയും നേടിയതാണ് സ്വാതന്ത്ര്യം. അതിനെ നിന്ദിക്കുന്നത് എങ്ങനെ സഹിക്കും. ഒരു രാജ്യദ്രോഹിക്കു മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയൂ. അങ്ങനെയുള്ള ഒരുത്തനോടാണ് ദീപനാളം പോലെയുള്ള മകൾ കൂട്ടുകൂടിയിരിക്കുന്നത്!'

ബുധിനിയുടെ ചോദ്യം മുഴുവൻ രാജ്യത്തോടുമാണ്. വികസനപദ്ധതികൾക്കും നഗരവാസികളുടെ ജീവിതസുഖങ്ങൾക്കുമായി കുടിയിറക്കപ്പെട്ട കർഷകരുടെയും ആദിവാസികളുടെയും പേരിൽ ദേശരാഷ്ട്രത്തോട് അവൾ ഉന്നയിക്കുന്ന ചോദ്യമാണ്. ദേശഭക്തിയും ദേശീയതയും ഭ്രാന്തായി വളരുന്ന കാലത്തുപോലും സയുക്തികമാകുന്ന, ഉത്തരമില്ലാത്ത ചോദ്യം. ഗോത്രവും ജാതിയും മതവും ദേശവും രാഷ്ട്രവും ബഹുരാഷ്ട്ര മുതലാളിത്തവും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന ഇരകൾക്കുവേണ്ടി ചരിത്രത്തിന്റെ വിചാരണക്കോടതിയിൽ സാറാജോസഫ് സമർപ്പിക്കുന്ന കുറ്റപത്രമാണ് 'ബുധിനി'.

നോവലിൽനിന്ന്:-

'തിൽക്കാമജിക്ക് ഇരുപതു വയസ്സുള്ളപ്പോഴാണ് ഗ്രാമങ്ങളിൽ അതികഠിനമായ വരൾച്ചയും ക്ഷാമവും പൊട്ടിപ്പുറപ്പെട്ടത്. അനേകം പേരുടെ ജീവനെടുത്ത ഭയാനകമായ ക്ഷാമകാലമായിരുന്നു അത്. ഈസ്റ്റിന്ത്യാക്കമ്പനി ആ സമയത്ത് കർഷകരുടെ ഭൂമി പിടിച്ചെടുത്ത് ജോതേദാർമാർക്ക് അനുകൂലമായ വ്യവസ്ഥകൾ ഉണ്ടാക്കി. കമ്പനിയുടെ നിയമങ്ങളും വ്യവസ്ഥകളും വലിച്ചുകീറിയെറിയണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തിൽക്കാമാജി എന്ന ചെറുപ്പക്കാരൻ രംഗത്തുവന്നു. 'ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണം നമ്മുടെ നാട്ടിൽ അവസാനിക്കണം. അവർ നമ്മുടെ ഭൂമി പിടിച്ചെടുക്കുകയും നമ്മളെ നിരന്തരം ആക്രമിക്കുകയും ചെയ്യുന്നു. ചെറുപ്പക്കാരെ അടിമകളാക്കി പിടിച്ചുകൊണ്ടുപോകുകയും എതിർക്കുന്നവരെ മർദ്ദിച്ചവശരാക്കുകയും കൊന്നുകളയുകയും ചെയ്യുന്നു. അവർ നമ്മുടെ ഗ്രാമങ്ങൾ ചുട്ടെരിക്കുന്നു'. തിൽക്കാമാജി സാന്താളുകളുടെ ഉള്ളിൽ തീകോരിയിട്ടു. വെള്ളക്കാരുടെ നിരന്തര പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ വഴിയെന്തെന്ന് ആലോചിച്ചുകൊണ്ടിരുന്ന സാന്താളുകൾക്ക് തുറന്നുകിട്ടിയൊരു വാതിലായിരുന്നു ആ ചെറുപ്പക്കാരൻ. 'എന്റെ ആളുകൾ ചൊരിഞ്ഞ രക്തത്തിന് പകരം വെള്ളക്കാരുടെ രക്ഥപ്പുഴതന്നെ ഒഴുക്കും ഞാൻ'. തിൽക്കാമാജി പ്രതിജ്ഞ ചെയ്തു. അദ്ദേഹം യുവാക്കളോട് നിരന്തരം സംസാരിച്ചു. അവരെ സംഘടിപ്പിച്ചു. ആയുധപരിശീലനം കൊടുത്തു. വെള്ളക്കാരെ നേരിടാൻ സായുധസംഘമാണു നമുക്കുണ്ടാവേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്തി. തരംകിട്ടുന്നിടത്തൊക്കെവെച്ച് വെള്ളക്കാരെ ആക്രമിക്കാനും വനത്തിൽനിന്ന് അവരെ ഓടിക്കാനും തിൽക്കാമാജി തീരുമാനിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ഒളിപ്പോർ സംഘത്തിന്റെ ആക്രമണങ്ങൾ എല്ലായ്‌പോഴും വിജയിച്ചു. ഇത് ഈസ്റ്റിന്ത്യാക്കമ്പനിയെ അസ്വസ്ഥമാക്കി. എങ്ങനെയെങ്കിലും തിൽക്കാമാജിയെ പിടിക്കുകയെന്ന ലക്ഷ്യത്തോടെ അവർ നായാട്ടു തുടങ്ങി. എന്നാൽ ആ ഒളിപ്പോരാളിയെ വെറുതേയൊന്നു കാണാൻ പോലും വെള്ളക്കാരുടെ പട്ടാളത്തിനു ഭാഗ്യം കിട്ടിയില്ല.

വെള്ളക്കാർക്കു തോക്കും പീരങ്കിയുമുണ്ട്. വിദഗ്ധ പരിശീലനമുണ്ട്. കാടിനോടും ഒളിപ്പോരിനോടുമാണ് അവർക്ക് പിടിച്ചുനിൽക്കാൻ പറ്റാത്തത്. അവരെ നേരിടണമെങ്കിൽ സാന്താളുകൾക്കും കൂടുതൽ ആൾബലവും ആയുധബലവും വേണം. അദ്ദേഹം ഓരോ സാന്താൾ കുടുംബത്തിലേക്കും സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. സാൽമരത്തിന്റെ ഇലയിലാണ് സന്ദേശം എഴുതിയത്. ഓരോ വീട്ടിലുമെത്തും ഒരില. സാന്താൾ കുടുംബങ്ങൾ ആദരവോടെ അതു കൈപ്പറ്റും. 'നമ്മൾ ഒന്നിക്കണം'. അതായിരുന്നു സന്ദേശം. ഈസ്റ്റിന്ത്യാക്കമ്പനിക്കും ജോതേദാർമാർക്കുമെതിരെ ആദിവാസികൾ ഒറ്റക്കെട്ടായി നിൽക്കണം. അത് ഫലം കണ്ടു. തിൽക്കാമാജിയുടെ സൈന്യം വലുതായിക്കൊണ്ടിരുന്നു. പിന്നീടങ്ങോട്ട് സാന്താളുകൾ നടത്തിയ ഓർക്കാപ്പുറത്തുള്ള ആക്രമണ പരമ്പരകൾ ഈസ്റ്റിന്ത്യാക്കമ്പനിയെ പൊറുതിമുട്ടിച്ചു. ആദിവാസികളുടെ ഇടയിൽനിന്നും ശക്തമായ സായുധനീക്കം ഉണ്ടാകാൻ പോവുകയാണെന്ന് കമ്പനിക്കു മനസ്സിലായി. തിൽക്കാമാജിയെ പിടികൂടുകമാത്രമാണ് വഴി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. വെള്ളക്കാർ ലഫ്. അഗസ്റ്റസ് ക്ലിവ് ലാന്റ് എന്ന കമ്മീഷണറെ ഭഗൽപൂരിലേക്ക് നിയോഗിച്ചു. ക്ലിവ് ലാന്റ് സമർത്ഥനായിരുന്നു. ആദിവാസി നേതാക്കളെ അനുനയപൂർവ്വം വശത്താക്കാൻ അവർക്ക് പ്രത്യേകമായി നികുതി ഇളവുചെയ്തു കൊടുത്തു. തിൽക്കാമാജി ഇത് ചോദ്യം ചെയ്തു. എല്ലാവർക്കും തുല്യമായ ഒരൊറ്റ നീതി നടപ്പാക്കമമെന്ന അദ്ദേഹത്തിന്റെ ആവശ്യം സ്വാർഥമതികളായ ചില ആദിവാസി നേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഭിന്നിപ്പിക്കാൻ എളുപ്പമല്ലാതിരുന്ന ഒരു സൈനികശക്തിയെ നെടുകെ പിളർക്കാൻ ഈസ്റ്റിന്ത്യാക്കമ്പനിക്ക് കഴിഞ്ഞു.

1784-ൽ തിൽക്കാമാജി ലഫ്. അഗസ്റ്റസ് ക്ലിവ് ലാന്റിനെ അമ്പെയ്തു കൊന്നു. ഒറ്റയ്ക്ക് പനയുടെ മുകളിൽ കയറി ഒളിച്ചിരുന്ന് അമ്പെയ്യുകയായിരുന്നു. അമ്പല്ല, തെറ്റാലിയായിരുന്നു ആയുധമെന്ന് വേറൊരു കഥയുമുണ്ട്.

കമ്മീഷണറെ വധിച്ച ശേഷം തിൽക്കാമാജി നിഗൂഢവനത്തിലേക്ക് കടന്നു. വെള്ളക്കാർക്കു തീർത്തും അപ്രാപ്യമായിരുന്നു ആ കാടുകൾ. സൈന്യം മുഴുവൻ ഒരുമ്പെട്ടിറങ്ങി. എന്നാൽ തിൽക്കാമാജിയുടെ നിഴൽപോലും കണ്ടുപിടിക്കാനായില്ല. നിരാശരായി മടങ്ങിയ വെള്ളക്കാരുടെ അസ്വാസ്ഥ്യം ഇരട്ടിച്ചു. എങ്ങനെയും അയാളെ പിടികൂടുകയെന്ന വാശിയും വൈരാഗ്യവും ഉദ്യോഗസ്ഥന്മാർക്കിടയിൽ ആളിക്കത്തി. സാന്താളുകൾ അപ്പോഴും ശക്തമായ ഒളിയുദ്ധപരമ്പരകൾ അഴിച്ചുവിട്ടുകൊണ്ടിരുന്നു. 1785 ജനുവരി മാസത്തിൽ നടത്തിയ വ്യാപകമായ ഒരു വലവീശലിൽ അവർ തിൽക്കാമാജിയെ പിടികൂടി. അവരുടെ ക്രൂരതയുടെയും അദ്ദേഹത്തോട് അവർക്കുണ്ടായിരുന്ന വെറുപ്പിന്റെയും പകയുടെയും ആഴം വ്യക്തമാക്കുന്ന വിധത്തിലായിരുന്നു പ്രതികാര നടപടികൾ. പിടികൂടിയ സ്ഥലത്തുനിന്നും കുതിരയുടെ വാലിൽ കെട്ടിവലിച്ചാണ് അദ്ദേഹത്തെ ഭഗൽപൂരിലെത്തിച്ചത്. കല്ലിലും മുള്ളിലും കുണ്ടിലും കുഴിയിലും തട്ടി ചതഞ്ഞ് ഓരോ ഇഞ്ചും തകർന്നു ചോരക്കുഴമ്പായിട്ടാണ് അദ്ദേഹത്തിന്റെ ദേഹം ഭഗൽപൂരിലെത്തിയത്. എന്നിട്ടും തിൽക്കാമാജി മരിച്ചിരുന്നില്ല. ചോരകലങ്ങിയ കണ്ണുകൾകൊണ്ട് അദ്ദേഹം അവരെ നോക്കിയ തീക്ഷ്ണവെളിച്ചമുള്ള നോട്ടം ഉദ്യോഗസ്ഥന്മാരെ ഭയപ്പെടുത്തി. ഇനിയൊരു തിൽക്കാമാജി ഉണ്ടാവരുത്. അവർ തീരുമാനിച്ചു. സംഘടിച്ചവർ പിരിഞ്ഞുപോകണം. ഇനിയൊരിക്കലും സംഘടിക്കുകയുമരുത്. ജനങ്ങളെ ഭയപ്പെടുത്തണം. അവർക്കിതൊരു പാഠമായിരിക്കണം. അവർ തിൽക്കാമാജിയെ ജീവനോടെ ഒരാൽമരത്തിന്റെ കൊമ്പിൽ കെട്ടിത്തൂക്കിയിട്ടു. ഭയാനകമായിരുന്നു ആ കാഴ്ച. ആ മഹാധീരന്റെ ശരീരത്തിൽ നിന്ന് തുള്ളിത്തുള്ളിയായി ചോർന്നുവീണ രക്തത്തിൽ ഭഗൽപൂരിന്റെ മണ്ണ് കുതിർന്നു. ഞരമ്പുകൾ പൊട്ടുന്ന വേദനയിലും ആ ധീരദേശാഭിമാനി നിലവിളിച്ചില്ല. കണ്ണിൽനിന്നും ഒരു തുള്ളി കണ്ണുനീരും മണ്ണിൽ വീണില്ല.

ഹെഡ്‌മാസ്റ്റർ അല്പം വികാരാധീനനായി: 'ശിപായി ലഹളയിൽനിന്നല്ല, ബാബാ തിൽക്കാമാജി മുർമുവിൽനിന്നാണ് സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം തുടങ്ങേണ്ടത്. 1857-ലല്ല 1771-ൽ തന്നെ വെള്ളക്കാർ ഇന്ത്യയിൽനിന്നും പോകണമെന്നാവശ്യപ്പെട്ട് ഞങ്ങൾ, സാന്താളുകൾ സമരം തുടങ്ങി. ഞങ്ങൾ ഈസ്റ്റിന്ത്യാക്കമ്പനിയെ ആക്രമിച്ചു. രക്തസാക്ഷികളുണ്ടായി. എന്നാൽ സ്വാതന്ത്ര്യസ മരത്തിന്റെ ചരിത്രമെഴുതിയവർ വളരെ സൗകര്യപൂർവ്വം ഞങ്ങളെ ചരിത്രത്തിൽനിന്ന് ഒഴിവാക്കിനിർത്തി. ജോതേദാർമാരും ബ്രാഹ്മണന്മാരും നയിച്ച സമരമേ അവർക്ക് സമരമാകുന്നുള്ളൂ. പക്ഷേ ഞങ്ങൾക്കെന്നും ആദ്യത്തെ സ്വാതന്ത്ര്യസമരഭടൻ ബാബാ തിൽക്കാമാജി മുർമുവാണ്. കുട്ടിക്കാലത്ത് ഞങ്ങൾ അദ്ദേഹത്തിന്റെ കഥകൾ കേട്ടു. കുതിരയുടെ വാലിൽ കെട്ടിവലിക്കുന്ന രംഗമെത്തുമ്പോൾ ഞങ്ങൾ തേങ്ങിക്കരഞ്ഞു. കെട്ടിവലിക്കുന്നത് ഞങ്ങളെയാണെന്നപോലെ ഞങ്ങളുടെ ദേഹം നൊന്തു. ബാബായ്ക്ക് അനുഭവിക്കേണ്ടിവന്ന അപമാനവും വേദനയും ഞങ്ങൾ അനുഭവിച്ചു. അത് ഞങ്ങളെ രോഷം കൊള്ളിച്ചു. അപമാനിതരാക്കി. സാൽമരത്തിന്റെ ഇലകളിൽ നാം ഒന്നിച്ചുനിൽക്കണമെന്ന സന്ദേശമെഴുതി ഞങ്ങൾ പരസ്പരം കൈമാറി. വെള്ളക്കാരും സന്താളികളുമായിട്ടുള്ള യുദ്ധമായിരുന്നു ഞങ്ങളുടെ പ്രധാന കളി. ആടുകളെയും ഞങ്ങൾ ആ കളിയിൽ പങ്കുചേർത്തു. വെളുത്ത ആടുകൾ വെള്ളക്കാരുടെ സൈന്യവും കറുത്ത ആടുകൾ ഞങ്ങളുമായിരുന്നു. അങ്ങനെയൊക്കെയാണ് എന്റെ പതിനെട്ടാമത്തെ വയസ്സിൽ ഞാൻ തിൽക്കാമാജിയുടെ ജീവിതം ഒരു കഥാകവിതയായി എഴുതിയത്'.'

ബുധിനി
(നോവൽ)
സാറാജോസഫ്
ഡി.സി. ബുക്‌സ്
2019, 499 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP