Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ചേശ്വരത്ത് ഖമറുദ്ദീനെയും എറണാകുളത്ത് കെ വി തോമസിനെയും അരൂരിൽ ഷാനിമോളെയും കോന്നിയിൽ പഴകുളം മധുവിനെയും വട്ടിയൂർക്കാവിൽ വിഷ്ണുനാഥിനെയും പരിഗണിച്ചു യുഡിഎഫ്; സി എച്ച് കുഞ്ഞമ്പുവും സി ബി ചന്ദ്രബാബുവും സെബാസ്റ്റ്യൻ പോളും കെ പി ഉതയഭാനുവും എം വിജയകുമാറിനും സാധ്യത നൽകി എൽഡിഎഫ്; പഴയ പടക്കുതിരകളുടെ പേരു തന്നെ ഉയർത്തി ബിജെപി വൃത്തങ്ങളും; അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള തിരക്കിട്ട ചർച്ചകൾ തുടരുന്നു

മഞ്ചേശ്വരത്ത് ഖമറുദ്ദീനെയും എറണാകുളത്ത് കെ വി തോമസിനെയും അരൂരിൽ ഷാനിമോളെയും കോന്നിയിൽ പഴകുളം മധുവിനെയും വട്ടിയൂർക്കാവിൽ വിഷ്ണുനാഥിനെയും പരിഗണിച്ചു യുഡിഎഫ്; സി എച്ച് കുഞ്ഞമ്പുവും സി ബി ചന്ദ്രബാബുവും സെബാസ്റ്റ്യൻ പോളും കെ പി ഉതയഭാനുവും എം വിജയകുമാറിനും സാധ്യത നൽകി എൽഡിഎഫ്; പഴയ പടക്കുതിരകളുടെ പേരു തന്നെ ഉയർത്തി ബിജെപി വൃത്തങ്ങളും; അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള തിരക്കിട്ട ചർച്ചകൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചിടങ്ങളിൽ നാലെണ്ണം നിലനിർത്തുക എന്ന വെല്ലുവിളിയോടെ മത്സരിക്കാൻ ഇറങ്ങുന്ന യുഡിഎഫിന് കനത്ത വെല്ലുവിളി. സിപിഎം ടെൻഷൻ അരൂരിൽ മാത്രം ഒതുങ്ങുമ്പോഴാണ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണത്തെ ഇടതു തരംഗത്തെ അതിജീവിച്ച മണ്ഡലങ്ങൾ നിലനിർത്തുന്നത് വെല്ലവിളിയായി മാറുന്നത്. സ്ഥാനാർത്ഥി നിർണായം തന്നെ യുഡിഎഫിൽ വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പു പതനത്തിൽ നിന്നു കരകയറി ഭരണത്തിന്റെ വിലയിരുത്തൽ ഇനിയെങ്കിലും അനുകൂലമാക്കാൻ എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരത്തിൽ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ജയം ഉറപ്പാക്കാനുള്ള സാധ്യതയാണ് എൻഡിഎ നേടുന്നുത്. അതിനെല്ലാം മുന്നോടിയായി പാലായിലെ സെമിഫൈനൽ പോരിന്റെ ഫലം കാത്തു രാഷ്ട്രീയ കേരളവും. പാലായ്ക്കു പിന്നാലെ അഞ്ചിടത്തു ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയം പെട്ടെന്ന് ഉഷാറായി. 27നു പാലായിൽ നിന്നുള്ള ഫലമാണു നിർണായകം.

യുഡിഎഫിൽ മഞ്ചേശ്വരത്ത് മുസ്ലിം ലീഗും ബാക്കി 4 സീറ്റുകളിൽ കോൺഗ്രസുമാണു മത്സരിക്കുക. എൽഡിഎഫിനു വേണ്ടി എല്ലാ സീറ്റിലും സിപിഎം മത്സരിക്കും. അരൂർ സീറ്റ് ബിഡിജെഎസിന് എന്നാണ് എൻഡിഎയിലെ ധാരണ; ബാക്കി സീറ്റുകളിൽ ബിജെപി. സിറ്റിങ് സീറ്റുകളെന്ന നിലയിൽ മഞ്ചേശ്വരം, എറണാകുളം, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ യുഡിഎഫിനു വിജയം ഉറപ്പാക്കിയേ തീരൂ. അരൂർ സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമാണെങ്കിലും 4 മാസം മുൻപത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ കൂടുതൽ വോട്ട് നേടിയത് യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനാണ്. ഫലത്തിൽ അഞ്ചും സിറ്റിങ് മണ്ഡലമായി കരുതിത്തന്നെ കളത്തിലിറങ്ങി വിജയം കൊയ്യാനാണു യുഡിഎഫ് നീക്കം.

എപ്പോഴും എൽഡിഎഫിനൊപ്പം നിൽക്കുന്ന ഒരു വിഭാഗത്തെ യുഡിഎഫിന് അടർത്തി മാറ്റാൻ കഴിഞ്ഞതാണു ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമെന്നു ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്, ആ വിഭാഗം തിരിച്ചെത്തിയെന്നു തെളിയിക്കേണ്ടത് അനിവാര്യമാണ്. ന്യൂനപക്ഷം തങ്ങളിലേക്കു തിരികെയെത്തിയെന്ന് ഉപതിരഞ്ഞെടുപ്പു വിജയത്തിലൂടെ തെളിയിക്കാനായില്ലെങ്കിൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം ശബരിമല വിഷയം തന്നെയെന്നു തുറന്നു സമ്മതിക്കേണ്ടി വരും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പും അതു കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പും എന്തു ഫലം നൽകുമെന്ന സൂചന കൂടി ഉപതിരഞ്ഞെടുപ്പു ഫലത്തിലൂടെ അറിയാം.

കഴിഞ്ഞ തവണ 86 വോട്ടുകൾക്കു നഷ്ടപ്പെട്ട മഞ്ചേശ്വരവും 7622 വോട്ടുകൾക്കു കൈവിട്ട വട്ടിയൂർക്കാവും പിടിച്ചെടുക്കുകയെന്നതാണു ബിജെപിക്കു മുഖ്യ ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാനാകാത്തതിന്റെ ക്ഷീണം തീർക്കാനും ദേശീയ നേതൃത്വത്തിനു മുന്നിൽ തലയുയർത്തി നിൽക്കാനും ഒരിടത്തെങ്കിലും വിജയം അനിവാര്യം. നരേന്ദ്ര മോദി അജയ്യനായി തുടരുന്ന ഏറ്റവും അനുകൂല സാഹചര്യത്തിൽ വോട്ടുവ്യത്യാസം പഴയതിനെക്കാൾ കുറഞ്ഞാൽ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി പ്രതീക്ഷിക്കാം. അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്തുകയാണു വെല്ലുവിളി.

മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും നടക്കുന്നത് ശക്തമായ ത്രികോണ പോരാട്ടമാണെന്ന് ഉറപ്പാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുനീർ ഹാജി മൊഗ്രാൽ എന്നിവരെയാണ് ലീഗ് പരിഗണക്കുന്നവർ. ഇതിൽ ഖമറുദ്ദീനാണ് മുൻതൂക്കം. എൽഡിഎഫിൽ നിന്നും മുൻ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയാനന്ദ എന്നിവരെ പരിഗണിക്കുന്നു. ബിജെപിയിൽ നിന്നും ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്ന്ത. ശക്തർ വേണമെന്ന് കരുതിയാൽ ഇവിടെ കെ സുരേന്ദ്രനും മത്സരിച്ചേക്കും.

എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തീർച്ചയായും വിജയിക്കേണ്ട സീറ്റ് അരൂരിലേതാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്‌ഐ നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ മനു സി.പുളിക്കൽ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മത്സ്യഫെഡ് ചെയർമാനുമായ പി.പി. ചിത്തരഞ്ജൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കറ്റ് മുൻ അംഗവുമായ കെ.എച്ച്. ബാബുജാൻ എന്നിവരെയാണ് സിപിഎം പരിഗണിക്കുന്നത്. അതേസമയം യുഡിഎഫിൽ നിന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാന്റെ പേരിനാണ് മുൻതൂക്കം. മുൻ എംഎൽഎ എ.എ.ഷുക്കൂർ, ഡിസിസി പ്രസിഡന്റ് എം.ലിജു, യൂത്ത് കോൺഗ്രസ് അരൂർ നിയമസഭാ മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി അംഗവുമായ കെ. രാജീവൻ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു. മുസ്ലിം സമുദായത്തിലെ സ്ഥാനാർത്ഥിക്കാണ് കൂടുതൽ പരിഗണന ലഭിക്കുക. ഇവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിച്ച ടി.അനിയപ്പനെയാണ് എൻഡിഎ പരിഗണിക്കുന്നത്. ചേർത്തലയിൽ മത്സരിച്ച പി. എസ്.രാജീവിനെയും പരിഗണിക്കുന്നു.

യുഡിഎഫ് കോട്ടയായി വിലയിരുത്തുന്ന എറണാകുളത്ത് ഡിസിസി അധ്യക്ഷനും ഡപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ്, മുൻ എംപി കെ.വി.തോമസ്, മുൻ മേയർ ടോണി ചമ്മണി എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. എൽഡിഎഫിൽ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനോടു പരാജയപ്പെട്ട എം. അനിൽകുമാർ, സെബാസ്റ്റ്യൻ പോളിന്റെ മകനും ഗവ. പ്ലീഡറുമായ റോൺ ബാസ്റ്റ്യൻ എന്നിവരെയും പരിഗണിക്കുന്നുയ ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണ എന്നിവരെയാണ് പരിഗണിക്കുന്നത്.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമായ മണ്ഡലമാണ് കോന്നി. ഇവിടെ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിനാണ് സാധ്യത. അടൂർ പ്രകാശിന്റെ താൽപ്പര്യമാണ് പരിഗണിക്കുന്നത്. എന്നാൽ പഴയകുളം മധുവിന്റെ പേരും സജീവമായി ഉയർന്നു കേൾക്കുന്നു. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹൻരാജ്, ഡിസിസി പ്രസിഡന്റ് ബാബു ജോർജ് എന്നിവരെയും പരിഗണിക്കുന്നു. എൽഡിഎഫ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, റാന്നി പെരുനാട് ഏരിയാ കമ്മിറ്റി അംഗം എം.എസ്. രാജേന്ദ്രൻ, യുവജന കമ്മിഷൻ അംഗം കെ.യു. ജനീഷ്‌കുമാർ എന്നിവരെ പരിഗണിക്കുമ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവരെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകാൻ നിരവധി പേരാണ് കോൺഗ്രസിലുള്ളത്. പി സി വിഷ്ണുനാഥിന്റെ പേരടക്കം ഉയർന്നു കേൾക്കുന്നു. മുൻ എംപി എൻ. പീതാംബരക്കുറുപ്പ്, മനുഷ്യാവകാശ കമ്മിഷൻ അംഗവും മുൻ എംഎൽഎയുമായ കെ.മോഹൻകുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധനേടിയ ജ്യോതി വിജയകുമാർ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എൻഎസ്എസ് നേതാവ് ശാസ്തമംഗലം മോഹൻ എന്നിങ്ങനെ പോകുന്നു മറ്റു പേരുകൾ.

ഇവിടെ മണ്ഡലം തിരിച്ചു പിടിക്കാൻ ലക്ഷ്യമിടുന്ന മുൻ മന്ത്രിയും കെടിഡിസി ചെയർമാനുമായ എം.വിജയകുമാറിനെ കളത്തിലിറക്കിയേക്കും. കരകൗശല കോർപറേഷൻ ചെയർമാൻ കെ. എസ്. സുനിൽകുമാർ, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവരും പരിഗണനയിലുണ്ട്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി. രാജേഷ് എന്നിവരെയാണ് സജീവമായി പരിഗണിക്കുന്നത്.

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ശക്തമായ ത്രികോണ മത്സരമാകും. വട്ടിയൂർക്കാവിൽ കഴിഞ്ഞ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപി. രണ്ടാംസ്ഥാനത്താണ്. സിപിഎം. മൂന്നാംസ്ഥാനത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.യെ മഞ്ചേശ്വരം കൈവിട്ടത് 89 വോട്ടിനാണ്. മൂന്നുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലങ്ങളെന്ന നിലയിൽ സ്ഥാനാർത്ഥിനിർണയവും പ്രധാനമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP