Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മകൻ അപ്പനെ ഭിത്തിയിൽ ചേർത്ത് നിർത്തി ഇടിച്ചപ്പോൾ മുറിവേറ്റത് 30 ഇടങ്ങളിൽ; കഴുത്തിലെ അസ്ഥികളും രണ്ട് വാരിയെല്ലുകളും ഒടിഞ്ഞിട്ടും മർദനം തുടർന്നു; സ്വാഭാവിക മരണമെന്ന് കരുതി സംസ്‌കരിക്കും മുൻപ് പൊക്കിയത് ഒരു അയൽവാസിയുടെ സംശയം; പായിപ്പാട്ടെ മരണത്തിന്റെ ഷോക്ക് മാറാതെ കേരളം

മകൻ അപ്പനെ ഭിത്തിയിൽ ചേർത്ത് നിർത്തി ഇടിച്ചപ്പോൾ മുറിവേറ്റത് 30 ഇടങ്ങളിൽ; കഴുത്തിലെ അസ്ഥികളും രണ്ട് വാരിയെല്ലുകളും ഒടിഞ്ഞിട്ടും മർദനം തുടർന്നു; സ്വാഭാവിക മരണമെന്ന് കരുതി സംസ്‌കരിക്കും മുൻപ് പൊക്കിയത് ഒരു അയൽവാസിയുടെ സംശയം; പായിപ്പാട്ടെ മരണത്തിന്റെ ഷോക്ക് മാറാതെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: മദ്യപിക്കാൻ 100 രൂപ നൽകാത്തതിനെ തുടർന്ന് മകൻ പിതാവിനെ അരുംകൊല ചെയ്തത് ചെറുതായൊന്നുമല്ല കേരളത്തെ ഞെട്ടിച്ചത്. കേവലം പണത്തിന് വേണ്ടി സ്വന്തം അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തിയിട്ടും കൂസലില്ലാതെ സ്വാഭാവിക മരണമെന്ന് പറഞ്ഞ് സംസ്‌കരിക്കാനൊരുങ്ങിയപ്പോൾ അയൽവാസിക്ക് തോന്നിയ സംശയത്തോടെ പുറത്ത് വന്നത് മകന്റെ ക്രൂരത. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അറിഞ്ഞത് കടുത്ത വേദന അനുഭവിച്ചാണ്് കുഞ്ഞപ്പൻ മരിച്ചതെന്ന്. ശരീരത്തിൽ ആകെ മൊത്തം 30 മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ എട്ടെണ്ണം അതീവ ഗുരുതരമായതായിരുന്നു. മർദ്ദനം കടുത്തപ്പോൾ കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞ് ഇടതുവശത്തെ രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞു. വയറിൽ ഉൾപ്പെടെ മൂന്ന് ഭാഗത്ത് ചതവുകളും കണ്ടെത്തി. ചവിട്ടുകയും അടിക്കുകയും ചെയ്തിട്ടും കലി തീരാതെ മകൻ കാണിച്ച് കൂട്ടിയ ക്രൂരത വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

സംഭവത്തിന് ശേഷം തറയിൽ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാൻ ജോസഫ് തോമസെന്ന അനി ശ്രമിച്ചിരുന്നു. എന്നാൽ ഭിത്തിയിൽ നിന്ന് രക്തക്കറയും മുടിയുടെ അംശവും പരിശോധനയിൽ കണ്ടെത്തി. അക്രമത്തിനിടയിൽ പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോൾ അനി കടിച്ചതായി സഹോദരൻ സിബി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഞ്ഞപ്പൻ ബാങ്ക് അക്കൗണ്ടിലെ പെൻഷൻ തുകയായ 1000 രൂപ പിൻവലിക്കാൻ പോയത്. അനിയും കൂടെ ഉണ്ടായിരുന്നു. തിരികെ എത്തിയപ്പോൾ 200 രൂപ വീതം അനിക്കും സിബിക്കും കുഞ്ഞപ്പൻ നൽകി. . വൈകിട്ട് മദ്യപിച്ച ശേഷം വീട്ടിൽ എത്തിയ അനി വീണ്ടും 100 രൂപ കുഞ്ഞപ്പനോട് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച കുഞ്ഞപ്പനെ അനി ഉപദ്രവിച്ചു.

സിബിയും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ മർദനം തടയാൻ എത്തിയപ്പോൾ ഇടതു തുടയിൽ അനി കടിച്ചതോടെ സിബി പിന്മാറി അടുത്ത മുറിയിൽ പോയി കിടന്നുറങ്ങി. ബഹളം തുടർന്ന അനി കുഞ്ഞപ്പനെ പിടിച്ചു തള്ളി. ഭിത്തിയിലും തുടർന്ന് കട്ടിലിന്റെ പിടിയിലും തല ഇടിച്ചു വീണ കുഞ്ഞപ്പനെ അനി തറയിൽ ഇട്ടു ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം കുഞ്ഞപ്പനെ കട്ടിലിൽ കിടത്തിയ ശേഷം അനി കിടന്നുറങ്ങിയെന്നും പൊലീസ് പറഞ്ഞു. അടുത്ത ദിവസം രാവിലെ അനിയും സിബിയും വീട്ടിൽ നിന്നു പോയി. ഉച്ചയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മുറിക്കുള്ളിൽ കുഞ്ഞപ്പൻ അനക്കമില്ലാതെ കിടക്കുന്നതു കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞപ്പനെ നാലുകോടി സെന്റ് റീത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണ സംഭവിച്ചതായി സ്ഥിരീകരിച്ചു. 19ന് രാവിലെ മൃതദേഹം മോർച്ചറിയിൽ നിന്ന് എടുക്കാൻ എത്തിയ ചിലർ തലയുടെ പിൻവശത്തു രക്തം കട്ടപിടിച്ചു കിടക്കുന്നതു കണ്ട് സംശയം തോന്നി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്വമേധയാ കേസെടുത്ത പൊലീസ് വീട്ടിലെത്തി സംസ്‌കാരച്ചടങ്ങുകൾ നിർത്തിവയ്ക്കണമെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മ മകൾക്കൊപ്പം റാന്നിയിലാണ് താമസിക്കുന്നത്. ഇരട്ട സഹോദരന്മാരായ അനിയും സിബിയും പതിവായി മദ്യപിച്ച് കുഞ്ഞപ്പനുമായി വഴക്ക് ഇടാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP