Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മമ്മൂക്ക മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ നീതി പുലർത്തിയ പ്രകടനം; സാധാരണക്കാരന്റെ ജീവിതത്തെ ഒപ്പിയെടുത്ത കഥാവഴിയും ഗാനഗന്ധർവ്വൻ എന്ന കൊച്ചു സിനിമയുടെ വിജയഘടകം; കലാസദൻ ഉല്ലാസിന്റെ വേഷത്തിൽ തനി നാട്ടിൻപുറത്തുകാരനായി തിളങ്ങി മമ്മൂട്ടി; 2019ൽ താരത്തിലെ നടനെ ഉപയോഗപ്പെടുത്തിയ സംവിധാന മികവ് ചിത്രത്തിന്റെ ഹൈലൈറ്റ്; സംവിധായകർക്ക് അനുകരിക്കാം പിഷാരടിയെ

മമ്മൂക്ക മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ നീതി പുലർത്തിയ പ്രകടനം; സാധാരണക്കാരന്റെ ജീവിതത്തെ ഒപ്പിയെടുത്ത കഥാവഴിയും ഗാനഗന്ധർവ്വൻ എന്ന കൊച്ചു സിനിമയുടെ വിജയഘടകം; കലാസദൻ ഉല്ലാസിന്റെ വേഷത്തിൽ തനി നാട്ടിൻപുറത്തുകാരനായി തിളങ്ങി മമ്മൂട്ടി; 2019ൽ താരത്തിലെ നടനെ ഉപയോഗപ്പെടുത്തിയ സംവിധാന മികവ് ചിത്രത്തിന്റെ ഹൈലൈറ്റ്; സംവിധായകർക്ക് അനുകരിക്കാം പിഷാരടിയെ

എം എസ് ശംഭു

 ജയറാമിനെ നായകനാക്കി പഞ്ചവർണതത്ത എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെയാണ് സ്റ്റേജ് ആർടിസ്റ്റ്, കോമഡി താരം, നടൻ എന്നീ നിലകളിൽ തിളങ്ങിയ രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നെത്തിയത്. പഞ്ചവർണതത്തയ്ക്ക് ശേഷം പിഷാരടി കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്ന ഗാനഗന്ധർവ്വൻ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സിനിമ തന്നെയാണ്. പിഷാരടിയും ഹരി പി. നായരും ചേർന്നാണ് ഗാനഗന്ധർവ്വന്റെ കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കലാസദൻ ഉല്ലാസായി ചിത്രത്തിൽ കടന്നെത്തുമ്പോൾ നായികയായി എത്തുന്നത് വന്തിതാ മനോഹരനാണ്. സലിംകുമാർ, സിദ്ദിഖ്, മുകേഷ്, മനോജ് കെ ജയൻ, ദേവൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു അടക്കം മലയാളത്തിന്റെ താരനിര തന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കടന്നെത്തുന്നുണ്ട്്. ശരാശരിക്ക് മുകളിൽ വിജയിച്ച ജയറാം ചിത്രം പഞ്ചവർണ തത്ത പിഷാരടിയുടെ ആദ്യ സംവിധാന പരീക്ഷണം ആയിരുന്നെങ്കിൽ മെഗാ സ്റ്റാറിനെ നായകനായി എത്തിച്ച തന്റെ രണ്ടാമത്തെ ചിത്രം അക്ഷരാർത്ഥത്തിൽ മികച്ച് നിൽക്കുന്നതാണ്. മമ്മൂട്ടി എന്ന മെഗാതാരത്തിനെ നായകനാക്കി സിനിമ പുറത്തിറങ്ങുമ്പോൾ ഒരു സംവിധായകനെന്ന നിലയിൽ മമ്മൂട്ടിയെന്ന മഹാനടനെ മാനം കെടുത്തിയില്ല എന്നു തന്നെ പറയാം. അമാനുഷിക പ്രകടനമോ സൂപ്പർ സ്റ്റണ്ടോ ഒന്നും ഈ ചിത്രത്തിൽ പ്രതീക്ഷിക്കണ്ട.

തനി സാധാരണക്കാരനായ മമ്മൂക്ക

സാധാരണക്കാരനായ ഒരു സ്റ്റേജ് ഗായകന്റെ ആത്മസംഘർഷമാണ് കഥയിലൂടെ കടന്ന് പോകുന്നത്. സമകാലിക പ്രസക്തമായ ആശയമോ, രാഷ്ട്രീയ വിഷയങ്ങളോ ഒന്നും തന്നെയല്ല സിനിമ സംവേദിക്കുന്നത്. കലാകാരനായ പിഷാരടി നിരവധി വേദികളിലൂടെ മലയാള സിനിമയിലെ ഉന്നതങ്ങളിലേക്ക് കാൽവച്ച വ്യക്തി ആയതിനാൽ തന്നെയാകാണം, ഇത്രഗംഭീരമായി ഈ സിനിമയിലെ ഒരോ രംഗങ്ങളും പ്രതിഫലിപ്പിക്കാൻ സാധിച്ചത്. 2019ൽ മമ്മൂട്ടി എന്ന നടനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ സിനിമ കൂടിയാണ് ഗാനഗന്ധർവ്വൻ എന്നതിൽ തകർക്കമില്ല. നാടകങ്ങളും, ബാലയും തട്ടിലെ പകർന്നാട്ടങ്ങളും പറഞ്ഞ നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ഗാനമേള സംഘത്തിന്റെ ജീവിതമൊക്കെ വളരെ റിയലിസ്റ്റിക്കായി ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. മമ്മൂട്ടി മാത്രമല്ല ഓരോ കഥാപാത്രങ്ങളും മികച്ച രീതിയിൽ വളരെ റിയലിസ്റ്റിക്കായി തന്നെ ഈ റോളുകൾ കൈകാര്യം ചെയ്യുന്നു. ഒരു സ്റ്റേജ് ആർട്ടിസ്റ്റിന് ജീവിതത്തിലും തൊഴിലിലും സംഭവിക്കേണ്ടി വരുന്ന പല പ്രയാസങ്ങളിലേക്കും സിനിമ കടന്ന് ചെല്ലുന്നുണ്ട്. കൊച്ചിൻ കലാസദന്റെ ഗായകൻ ഉല്ലാസെന്ന് റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. എല്ലാ സ്റ്റേജ് ഗായകരേയും പോലെ അംഗീകാരം ലഭിക്കാനും ജീവിതത്തിൽ പച്ചപിടിക്കാനുമൊക്കെ ആഗ്രഹിച്ച് ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഉല്ലാസിനെ കാണിച്ച് കൊണ്ടാണ് സിനിമ തുടക്കം.

കലാകാരന്മാരുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തൽ

സ്റ്റേജ് ആർട്ടിസ്റ്റുകൾ നേരിടുന്ന വിഷമതകളെ കൃത്യമായി അവതരിപ്പിച്ച് വിജയിപ്പിക്കാൻ പിഷാരടിക്കും ഒപ്പം അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ മമ്മൂട്ടിക്കും സാധിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ് മകൾ സ്‌കൂളിലേക്ക് വരേണ്ടന്ന് മമ്മൂട്ടിയെ വിലക്കുന്ന രംഗം. കലാസദൻ ഉല്ലാസിന്റെ ജീവിതം തന്നെ നോക്കിയാൽ 15 വർഷമായി ഗാനമേളയാണ് ഉല്ലാസിന്റെ ജീവിതം. കുടുംബത്തെ കരയ്ക്കടുപ്പിക്കാൻ കാണികളിൽ നിന്ന് ലഭിക്കുന്ന നോട്ട് മാലകൾ പോലും പലപ്പോഴും ആശ്രയമായി വരുന്നു. അവഗണിക്കപ്പെടുന്ന പല സ്ഥലത്ത് പോലും അദ്ദേഹം പ്രതീക്ഷകൾക്കായി കാത്ത് നിൽക്കുന്ന രംഗങ്ങളെല്ലാം ചിത്രത്തിൽ കടന്നെത്തും. സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പായുന്ന ഉല്ലാസ് ഫാസ്റ്റ് നമ്പർ സോങ്ങുമായി ആരാധകരെ കൈയിലെടുക്കുന്ന മികച്ച കലാകാരനാണ്.

എങ്കിലും സിനിമയിൽ പാടണം എന്നൊക്കെയുള്ള അവസരം ഉല്ലാസ് കൊതിക്കുന്നുണ്ട്. അമേരിക്കയിൽ സ്റ്റേജ് പ്രോഗ്രാമിൽ അവസരത്തിനായി വിസ ലഭിക്കുന്നതോടെ ഉല്ലാസിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പെൺകുട്ടി കടന്നെത്തുന്നു. ഈ രംഗം മുതൽ കഥ മറ്റൊരു ട്രാക്കിലേക്ക് വഴുതി വീഴുകയാണ്. ഒരേ സമയം ചിരിപ്പിക്കാനും സങ്കടപ്പെടുത്താനുമെല്ലാം കൃത്യമായി പിഷാരടിയിലെ സംവിധായകന് സാധിച്ചിട്ടുണ്ട്. അമാനുഷികമായ ഫൈറ്റ് സീനുകൾ ഒന്നും പ്രതീക്ഷിക്കണ്ട. വളരെ നിസാരനായ മമ്മൂക്കയെ പ്രേക്ഷകന് ഈ ചിത്രത്തിലൂടെ ലഭിക്കും. ഉദാഹരണത്തിന് ചിത്രത്തിലെ മറ്റൊരു രംഗത്തിൽ ജയിലിൽ അകപ്പെടുന്ന ഉല്ലാസ് നിസഹായനായി എനിക്ക് ഇവിടം പേടിയാകുന്നു എന്നൊക്കെ പറയുന്ന രംഗം കടന്നുവരുന്നുണ്ട്.

രണ്ടാം പകുതിയോടെ കോമഡി ട്രാക്കിൽ നിന്ന് മാറി സിനിമാക്കഥയിലേക്ക് കടന്നെത്തുന്നത്. പിന്നീടുള്ളത് സംഘർഷഭരിതമായ കഥാസന്ദർഭങ്ങള്ൾ. മമ്മൂട്ടിയുടെ നായികയായി എത്തിയ വന്ദിത മനോഹരൻ മനോഹരമായി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ഒരു നാട്ടിൻപുറംകാരി വീട്ടമ്മ എന്ന റോൾ ഗംഭീരമാക്കി. ഇനി മറ്റ് കഥാപാത്രങ്ങളെ എടുത്താൽ കോമഡി ഷെയ്ഡ് നൽകുന്ന കഥാപാത്രങ്ങളാണ് ഏറെയും. മലയാളത്തിൽ സുന്ദരനായ വില്ലൻ റോളൊക്കെ ചെയ്ത നടൻ ദേവൻ കുടിച്ച് മുണ്ടില്ലാതെ ഇഴയുന്ന കോമഡി രംഗങ്ങളൊക്കെയുണ്ട്. സുരേഷ് കൃഷ്ണ എന്ന നടനെ ഉപയോഗപ്പെടുത്തിയതാണ് പിഷാരടിക്ക് കൈയടി നൽകേണ്ട മറ്റൊരു കഥാരംഗം. ജൂനിയർ യേഷുദാസ് ശ്യാമപ്രസാദ് എന്നറോളിലാണ് അദ്ദഹം കടന്നെത്തുന്നത്. എല്ലാ ഗാനമേള ട്രൂപ്പിലും കാണും അൽപം ജാടയിട്ട് നടക്കുന്ന ഒരു ടീം. അത്തരത്തിലൊരു സ്വയം പ്രഖ്യാപിത സെലിബ്രിറ്റിയാണ് സുരേഷ് കൃഷ്ണയുടെ റോൾ.ശരാശരി പ്രേക്ഷകനെ രസിപ്പിക്കാനഉള്ള ചായക്കൂട്ട് പിഷാരടി കൃത്യമായി സിനിമയിൽ ഉപയോഗിച്ചു എന്നതിന് തെളിവാണ് ധർമജൻ, ഹരീഷ്ണ കണാരൻ, ഇന്നസെന്റ്, സലിം കുമാർ അടക്കമുള്ള ഹാസ്യതാരങ്ങളുടെ പ്രകടനമികവ്. ഒരോ കഥാപാത്രത്തിനേയും കൃത്യമായി അഡ്രസ് ചെയ്താണ് ചിത്രം മുന്നോട്ട് പോകുന്നു എന്നതും സിനിമയുടെ മേന്മ നൽകുന്ന ഷെയിഡാണ്.

ഇടയ്ക്ക് കിളി പോയ കഥാവഴി

ഇനി കഥയിലെ തുടക്കത്തിലുള്ള കൂടി ചേരായ്മ മാത്രമാണ് അൽപം കല്ലുകടിയായി തോന്നിയത് എന്നത് പറയാതെ തരമില്ലല്ലോ. ഉല്ലാസിന്റെ ജീവിതം പറയുമ്പോൾ തന്നെ മറ്റു രണ്ട് കഥാപാത്രങ്ങൾ ചിത്രത്തിലേക്ക് കടന്നു വരുന്നു. അനധികൃത കയ്യേറ്റം ജപ്തി തുടങ്ങി നിരവധി ട്വിസ്റ്റുകൾ തുടക്കത്തിൽ തന്നെ പൊട്ടിക്കുന്നു. ഒരു കാര്യവുമില്ലാതെ ഇതിലൊക്കെ തലവെക്കുന്ന മമ്മൂട്ടിയുടെ ഉല്ലാസെന്ന റോൾ, പിന്നെ ലോജിക്കുകളെ കൊല്ലുന്ന വിവാഹം, ജയിൽവാസം, കുടുംബകോടതി എന്നിങ്ങനെ പല നാടകീയതകളും ചിത്രത്തിൽ കയറിവരുന്നു. എങ്കിലും ചങ്ങല പോലെ ബന്ധിപ്പിക്കപ്പെട്ട തിരക്കഥയുടെ മേന്മയിൽ കഥയുടെ ട്രാക്ക് കൃത്യമായി പ്രേക്ഷകന് കിട്ടും.

ഇതൊക്കെ തന്നെ പാളിച്ചയെങ്കിലും മമ്മൂട്ടിയെ ഇത്ര നിസാരനായി അരങ്ങിലെത്തിക്കാൻ കാണിച്ച കഥാകൃത്തിന്റെ ബ്രില്യൻസിന് നിറഞ്ഞ കൈയടി നൽകണം.ചെറിയ റോളുകളിലാണ് കടന്നുവരുന്നെങ്കിൽ പോലും മലയാളത്തിലെ താരനിരയെല്ലാം ഈ രണ്ടര മണിക്കൂർ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. അകളകപ്പന്റെ ഛായാഗ്രഹണത്തിൽ ചിത്രത്തിലെ രംഗങ്ങളെല്ലാം വളരെ മികച്ചതായി തോന്നി. ദീപക് ദേവിന്റെ സംഗീതത്തിന് കൈയടി നൽകണം. ഇച്ചായീസ് പ്രൊക്ഷൻസിന്റെ ബാനറിൽ പിഷാരടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP