Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈ സ്‌ഫോടനത്തിന് ശേഷം കസ്റ്റംസിനെ ശുദ്ധീകരിച്ച ഗാന്ധിയൻ; ഛോട്ടാ രാജനെ അഴിക്കുള്ളിലാക്കിയ ധൈര്യശാലി; പ്രത്യക്ഷ നികുതി നടപ്പാക്കിയ ബ്യൂറോക്രാറ്റ്; ഇടിച്ചു തെറിപ്പിക്കാനെത്തിയ ലോറിയിൽ നിന്ന് ജീവൻ തിരിച്ചു പിടിച്ചത് തലനാരിഴയ്ക്ക്; മലയാള-ഇംഗ്ലീഷ് സാഹിത്യവും അര നൂറ്റാണ്ടു മുമ്പത്തെ സംഭവവികാസങ്ങളും മനസിൽ സൂക്ഷിച്ച വിജ്ഞാനകോശം; ഗുഡ് ബൈ ഡിയർ തമ്പിയങ്കിൾ; അന്തരിച്ച ഗോവിന്ദൻ എസ് തമ്പിയെ കുറിച്ചുള്ള മനോരമ ലേഖകന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ

മുംബൈ സ്‌ഫോടനത്തിന് ശേഷം കസ്റ്റംസിനെ ശുദ്ധീകരിച്ച ഗാന്ധിയൻ; ഛോട്ടാ രാജനെ അഴിക്കുള്ളിലാക്കിയ ധൈര്യശാലി; പ്രത്യക്ഷ നികുതി നടപ്പാക്കിയ ബ്യൂറോക്രാറ്റ്; ഇടിച്ചു തെറിപ്പിക്കാനെത്തിയ ലോറിയിൽ നിന്ന് ജീവൻ തിരിച്ചു പിടിച്ചത് തലനാരിഴയ്ക്ക്; മലയാള-ഇംഗ്ലീഷ് സാഹിത്യവും അര നൂറ്റാണ്ടു മുമ്പത്തെ സംഭവവികാസങ്ങളും മനസിൽ സൂക്ഷിച്ച വിജ്ഞാനകോശം; ഗുഡ് ബൈ ഡിയർ തമ്പിയങ്കിൾ; അന്തരിച്ച ഗോവിന്ദൻ എസ് തമ്പിയെ കുറിച്ചുള്ള മനോരമ ലേഖകന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് ചീഫ് കമ്മിഷണറും സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗവുമായിരുന്ന ഗോവിന്ദൻ എസ്.തമ്പി (78)യുടെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് മനോരമയിലെ മാധ്യമ പ്രവർത്തകനായ ജാവേദ് പവർവേശിന്റെ കുറിപ്പ്. ഇന്ത്യൻ റവന്യു സർവീസിലെ കസ്റ്റംസ് സർവീസിൽ സ്വാതന്ത്യ്‌രാനന്തരം പ്രവേശിച്ച ആദ്യ മലയാളിയാണ് ഗോവിന്ദൻ എസ്. തമ്പി. റവന്യു ഇന്റലിജൻസ് അഡീഷനൽ ഡയറക്ടർ ജനറൽ, മുംബൈ കസ്റ്റംസ് ചീഫ് കമ്മിഷണർ, കൊച്ചി സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കലക്ടർ, തിരുവനന്തപുരത്തും കോഴിക്കോട്ടും എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ, ഡൽഹിയിലും കൊൽക്കത്തയിലും അപ്പലേറ്റ് കലക്ടർ തുടങ്ങിയ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000ൽ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമിതനായി. എഴുത്തുകാരനും മലയാള മനോരമയിൽ കോളമിസ്റ്റുമായിരുന്നു. സർവീസ് സംബന്ധമായി ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കലാരംഗത്തു സജീവതാൽപര്യം പുലർത്തിയ അദ്ദേഹം മാർഗിയുടെ രക്ഷാധികാരിയായും പ്രവർത്തിച്ചു. എന്നിട്ടും ഗോവന്ദൻ എസ് തമ്പിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളുടെ ഇടപെടൽ നടത്തിയില്ല. ഇതാണ് ജാവേദ് പർവേശ് തന്റെ കുറിപ്പിലൂടെ പങ്കുവയ്ക്കുന്ന വികാരം.

1992 ലെ മുംബൈ സ്ഫോടനപരമ്പരയ്ക്കു പിന്നാലെ മഹാരാഷ്ട്ര കസ്റ്റംസിൽ പലരും സംശയത്തിന്റെ നിഴലിലായി. കസ്റ്റംസിനെ ശുദ്ധീകരിക്കുവാൻ അന്ന് നിയുക്തനായ ആളായിരുന്നു ഗോവിന്ദൻ എസ്.തമ്പി. അത്തരം പ്രവർത്തനങ്ങൾക്കിടയിൽ വ്യക്തിജീവിതത്തിൽ തിരിച്ചടികൾ വന്നപ്പോഴും അദ്ദേഹം ഗാന്ധിയൻ സ്ഥൈര്യം ഉപേക്ഷിച്ചില്ല. മഹാരാഷ്ട്ര - ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചാർജ് ഉള്ള ചീഫ് കമ്മിഷണർ ഓഫ് കസ്റ്റംസ് ആയി. ഇന്ത്യയിൽ സേവന നികുതി വകുപ്പ് വന്നപ്പോൾ അതിന്റെ ഡയറക്ടർ ജനറലായി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സമൂലം മാറ്റിമറിച്ച അനേകം സേവന നികുതി വ്യവസ്ഥകൾ നിലവിൽ വന്നത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു.

കേരളം, ഗോവ, ബംഗാൾ, മധ്യപ്രദേശ്, ഡൽഹി തുടങ്ങി ഇന്ത്യ മുഴുവൻ വ്യാപിച്ച ഉദ്യോഗപർവം അവസാനിച്ചത് ഡൽഹിയിൽ സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അംഗമായിട്ടാണ്. ഇതിലെല്ലാം ഉപരി ജീവിക്കുന്ന എൻസൈക്ലോ പീഡിയായിരുന്നു അദ്ദേഹം. ഇത്തരത്തിലൊരു വ്യക്തിയുടെ മരണമാണ് മാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത്. ഗോവിന്ദൻ തമ്പിയുടെ പിതാവ് ശേഖരപിള്ള പബ്‌ളിക് റിലേഷൻസ് ഡയറക്ടറും മുന്മുഖ്യമന്ത്രി സി.കേശവന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഗിരിജ തമ്പി. മക്കൾ: ചന്ദ്രശേഖർ ജി. തമ്പി (അഭിഭാഷകൻ), ദേവിക ജി.തമ്പി. മരുമക്കൾ: ദീപ, രാജേഷ് മോഹൻ (ആർക്കിടെക്ട്, കുവൈറ്റ്)

ജാവേദ് പർവേശിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

ഏറെ അടുപ്പമുണ്ടായിരുന്ന ഗോവിന്ദന് എസ് തമ്പി മരിച്ചു. ഓണ് ലൈനിൽ തിരഞ്ഞിട്ട് വാർത്തകളൊന്നും കണ്ടില്ല. ഫീച്ചറുകളിലെ ഇഷ്ടനായകനായി മാറേണ്ടിയിരുന്ന അദ്ദേഹം സ്വയം ചുരുങ്ങി ജീവിച്ചിരുന്നതിനാൽ മാധ്യമ പ്രവർത്തകർക്കും അദ്ദേഹത്തെ അറിയില്ല. ജീവിക്കുന്ന വിജ്ഞാന കോശം എന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അത് അദ്ദേഹത്തെയായിരുന്നു. മലയാള സാഹിത്യവും ഇംഗ്ലീഷ് സാഹിത്യവും രാജ്യത്തെ അര നൂറ്റാണ്ടു മുമ്പത്തെ സംഭവവികാസങ്ങൾ വരെ മനസിൽ സൂക്ഷിച്ച മനുഷ്യൻ. തിരുവിതാംകൂറിന്റെ ഏറ്റവും വലിയ ചരിത്രപുസ്തകമായിരുന്നു അദ്ദേഹം.

മുംബൈ കസ്റ്റംസിന്റെ ചീഫ് കമ്മിഷണറായിരുന്നു അദ്ദേഹം. രാജ്യത്ത് പ്രത്യക്ഷ നികുതി നടപ്പിലാക്കിയപ്പോൾ അതിന്റെ പ്രഥമ ഡയറക്ടർ ജനറൽ .ഛോട്ടാ രാജൻ ഉൾപ്പെടെയുള്ള അധോലോകനായകരെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്യുമ്പോള് തമ്പിയങ്കിൾ എന്ന് ഞാൻ വിളിക്കുന്ന അദ്ദേഹമായിരുന്നു അതിന്റെ തലവൻ. കള്ളക്കടത്ത് വൈരത്തിന്റെ തുടർച്ചയായ കുപ്രസിദ്ധമായ ഹംസ വധക്കേസിന്റെ ഓരോ കഥകളും അറിയുന്നയാൾ. രണ്ടു ഇന്‌ഫോര്മാർക്ക് അദ്ദേഹമായിരുന്നു ഇനാം നൽകിയിരുന്നത്. ഒരാൾ ആ പണം പുറത്തു കാണിക്കാതെ ജീവിച്ചു. മറ്റൊരാൾ അതുകൊണ്ട് ആഡംബരജീവിതത്തിന് തുടക്കമിട്ടു. ശത്രുക്കളുടെ ഉന്നമായി.

ഔദ്യോഗികാവശ്യത്തിന് കര്ണാടകയിലെത്തിയ തമ്പിയങ്കിൾ ഭാര്യയുമായി കാറിൽ വരുമ്പോൾ എതിരേ ദിശതെറ്റി വന്ന ലോറി അവരെ ഇടിച്ചുതെറിപ്പിച്ചു. തലനാരിഴയ്ക്കാണ് ജീവന് തിരിച്ചുകിട്ടിയത്. മരിക്കുമ്പോഴും അദ്ദേഹത്തിന്റെ കാലിൽ കമ്പികളുണ്ടായിരുന്നു. പരസഹായമില്ലാതെ യാത്ര ചെയ്യാൻ പറ്റാത്ത രീതിയിലേക്ക് ആ അപകടത്തോടെ അദ്ദേഹത്തിന്റെ സഹധർമ്മിണി മാറി. കള്ളക്കടത്തുകാർക്കെതിരേ കർശന നിലപാടെടുത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനുള്ള ശ്രമമായി ദേശീയ മാധ്യമങ്ങൾ അന്ന് അതിനെക്കുറിച്ച് സംശയത്തോടെ എഴുതി.

ശാസ്തമംഗലത്ത് ഒരു സർക്കാർ ക്ലാർക്കിന്റെ വീടിനേക്കാൾ ചെറുതായ ഒരു സാധാരണ വീട്ടിലായിരുന്നു ആയിരക്കണക്കിന് പുസ്ത്കങ്ങളുടെ നടുവില് മുംബൈ കസ്റ്റംസിന്റെ ഈ മുൻ തലവൻ താമസിച്ചിരുന്നത്. വീട് പെയിന്റ് ചെയ്തിട്ട് പതിറ്റാണ്ടു പിന്നിട്ടിരിക്കും. പതിനഞ്ചു വര്ഷം പഴക്കമുള്ള ഒരു പഴഞ്ചൻ സാന്‌ട്രോ കാർ അധികം ഉപയോഗിക്കാറില്ലായിരുന്നു. ബസിലായിരുന്നു നഗരത്തിലെ യാത്രകൾ. കാലിൽ കമ്പിയുള്ളതിനാൽ ബസ് കയറാൻ ബുദ്ധിമുട്ടായിരുന്നു. അപൂർവം അവസങ്ങളിൾ എന്നെ വിളിച്ച് വിജെടി ഹാളിലോ സ്റ്റാച്യുവിലോ ഡ്രോപ് ചെയ്യാന് ആവശ്യപ്പെടുമായിരുന്നു.

പഴയ പുസ്തകങ്ങളുടെ ബൃഹദ് ശേഖരമുണ്ടായിരുന്ന അദ്ദേഹം എല്ലാ പുത്തൻ പുസ്തകങ്ങളും വാങ്ങുമായിരുന്നു. ഒരു കൊല്ലം മുമ്പ് ഏറെ അവശനായി അദ്ദേഹം വിളിച്ചു. വീട്ടിലുള്ള പുസ്തകങ്ങൾ ഞാൻ വിതരണം ചെയ്യുകയാണ്. താൻ ആവശ്യമുള്ളത് എടുത്തുകൊണ്ടുപൊയ്‌ക്കോ. അലമാരികളിലും മേശപ്പുറത്തും മാത്രമല്ല തറയിൽ വരെ ഒരാൾ പൊക്കത്തിൽ പുസ്തകങ്ങൾ കൂട്ടിവച്ചിരുന്നു.

സിപി രാമചന്ദ്രനെന്ന ഹിന്ദുസ്ഥാന് ടൈംസ് മാധ്യമ പ്രവര്ത്തകൻ മലയാളികളുടെ കൾട്ട് ഫിഗറായത് റിട്ടയർമെന്റിനു ശേഷം അദ്ദേഹം പാലക്കാട് വന്ന് താമസിച്ചപ്പോൾ വാരികയിൽ വന്ന ഫീച്ചറിലൂടെയാണെന്ന് എംപി നാരായണപിള്ള എഴുതിയിരുന്നു. ഗോവിന്ദന് എസ് തമ്പിയെക്കുറിച്ച് ആരെങ്കിലും അധികം എഴുതിയിരുന്നെങ്കില് അദ്ദേഹത്തിന്റെ ചിത്രം മറ്റൊന്നായേനെ.

എത്രയോ മണിക്കൂറുകൾ അദ്ദേഹത്തൊടൊപ്പം ചിലവഴിച്ചിട്ടുണ്ടെങ്കിലും ഒരു ഫോട്ടോ പോലും ഞാനെടുത്തിട്ടിട്ടില്ലെന്ന് പെട്ടെന്നാണ് ഓർക്കുന്നത്. ഗൂഗിളിൽ തിരഞ്ഞപ്പോൾ ആകെയുള്ളത് ഈ ഒരൊറ്റ ചിത്രം മാത്രം. അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്ന എന്റെ എഡിറ്റോറിയല് ഡയറക്ടർ തോമസ് ജേക്കബ് സാറിന് ഒരിക്കൽ അദ്ദേഹം എഴുതി. ജാവേദ് എനിക്ക് മകനെപ്പോലെയാണ് എന്ന്.

ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ മടിയനായ ഞാൻ അദ്ദേഹത്തെ വിളിക്കുന്നത് അപൂർവമാണെങ്കിലും മാസത്തിലൊരിക്കലും അദ്ദേഹം എന്നെ മുടങ്ങാതെ വിളിച്ചിരുന്നു.

ഗുഡ് ബൈ ഡിയർ തമ്പിയങ്കിൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP