Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും

അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ  ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തെറ്റായ ദിശയിൽ കയറിവന്ന കെഎസ്ആർടിസി ബസിന് വട്ടം സ്‌കൂട്ടർ നിർത്തി ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന യുവതി എന്നു പറഞ്ഞു കൊണ്ടുള്ള വീഡിയോ സൈബർ ലോകം കുറച്ചുദിവസങ്ങളായി ആഘോഷിച്ചു വരികയായിരുന്നു. ഈ സംഭവത്തിൽ യുവതിക്കാണ് ആദ്യം കൈയടി ലഭിച്ചതെങ്കിൽ പിന്നീട് ഡ്രൈവർ തെറ്റുകാരനല്ലെന്ന് പറഞ്ഞു കൊണ്ടുള്ള ഫേസ്‌ബുക്ക് കുറിപ്പുകളുമെത്തി. ഇതോടെ രണ്ട് വിധത്തിലായി ഈ വിഷയത്തിലെ അഭിപ്രായ പ്രകടനങ്ങൾ. ഈ സംഭവത്തിൽ ഒടുവിൽ സത്യം പറഞ്ഞു കൊണ്ട് വൈറലായ യുവതി രംഗത്തുവന്നു.

പെരുമ്പാവൂർ കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് മുന്നിൽ വെച്ചുണ്ടായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഈ പെരുമാറ്റത്തിന് നവമാധ്യമങ്ങളിൽ യുവതിക്ക് വൻ അഭിനന്ദനവും പിന്തുണയുമാണ് ലഭിച്ചിരുന്നത്. എന്നാൽ, അന്നുണ്ടായത് ചങ്കൂറ്റമോ മര്യാദയോ ഒന്നുമായിരുന്നില്ല എന്നായിരുന്നു ദൃശ്യങ്ങളിലെ യുവതി സൂര്യ മനീഷ് വെളിപ്പെടുത്തുന്നത്. സത്യത്തിൽ ഞാൻ ബസ് ഡ്രൈവറെ വെല്ലുവിളിക്കുകയായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാതെ സ്തംഭിച്ചു പോയതാണെന്ന് യുവതി പറയുന്നു.

സംഭവത്തെക്കുറിച്ച് സൂര്യ പറയുന്നത് ഇപ്രകാരമാണ്: വളരെ ചെറിയ റോഡിൽ ഒരു സ്‌കൂൾ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. കുട്ടികൾ ബസിൽ നിന്നും ഇറങ്ങുന്നുണ്ടായിരുന്നു. സമീപത്ത് വേറെയും വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. അതിനാൽ തനിക്ക് പോകാൻ ഇടമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂൾ ബസിന് പിന്നിലായി നടുറോഡിൽ തന്നെ താൻ വാഹനം നിർത്തി. കുറച്ചു സമയം കഴിഞ്ഞപ്പോൾ സ്‌കൂൾ ബസ് പോയി. ഇതേത്തുടർന്ന് താനും വണ്ടിയെടുത്തു.

അതിനിടെ ഒരു പ്രൈവറ്റ് ബസിനെ ഓവർടേക്ക് ചെയ്ത് കെഎസ്ആർടിസി ബസ് മുന്നിലേക്ക് വന്നു. ഇരമ്പിയാർത്ത് ബസ് മുന്നിലേക്ക് വന്നതോടെ താൻ ആകെ മരവിച്ചു പോകുകയായിരുന്നു. ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടത്. മരവിച്ചുപോയ താൻ ബസിലെ യാത്രക്കാരോ, മറ്റുള്ളവരോ പറഞ്ഞതൊന്നും കേട്ടില്ല. ഡ്രൈവർ ബസ് ഉടൻ തന്നെ ശരിയായ ദിശയിലേക്ക് മാറ്റി പോകുകയായിരുന്നു. സത്യത്തിൽ ഡ്രൈവറെ താൻ വെല്ലുവിളിക്കുകയായിരുന്നില്ല. കഴിഞ്ഞ ഏഴുവർഷമായി വാഹനമോടിക്കുന്ന തനിക്കുണ്ടാകുന്ന ആദ്യത്തെ അനുഭവമാണ് ഇതെന്നും സൂര്യ മനീഷ് പറയുന്നു.

വീഡിയോ വൈറലായതോടെ ആളുകൾ ചേരിതിരിഞ്ഞ് വാക്‌പോരിലെത്തിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഭവം നടന്നത് കെഎസ്ആർടിസ് സ്റ്റാൻഡിന് പരിസരത്ത് വച്ചാണ്. കെഎസ്ആർടിസിക്ക് മാർഗ തടസമുണ്ടാക്കാനുള്ള മനപ്പൂർവ്വമായുള്ള ശ്രമമൊന്നും ആയിരുന്നില്ല താൻ നടത്തിയത്. ആ ഡ്രൈവർ ചിരിച്ചുകൊണ്ടാണ് ബസ് എടുത്തുകൊണ്ട് പോയത്.''

''സാധാരണ ഇത്തരം സംഭവങ്ങളിൽ ബസ് ജീവനക്കാർ നല്ല ഡയലോഗുകൾ പറയും അത്‌പോലും പറയാതെയാണ് ആ ഡ്രൈവർ വണ്ടിയെടുത്ത് പോയതെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു. രണ്ട് രീതിയിലും പ്രതികരിക്കുന്ന ആളുകളുണ്ട്. സംഭവം അറിയാവുന്ന ആരും തന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷേ കുറ്റപ്പെടുത്തൽ നടക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. സത്യത്തിൽ അവിടെ ഒരു ഓവർടേക്കിങിന്റെ ആവശ്യമില്ല. ഒന്നാമത് ഇടുങ്ങിയ റോഡാണ് പോരാത്തതിന് റോഡ്‌സൈഡിൽ ഒരു ബസ് നിർത്തിയിട്ടുമുണ്ടായിരുന്നു.''

പലപ്പോഴും വലിയ വാഹനങ്ങൾ എതിരെ വരുമ്പോൾ ജീവൻ ഭയന്ന് ഇരുചക്രവാഹനങ്ങൾ ഒതുക്കി നിർത്തുകയാണ് പതിവ്. എന്നാൽ ഓവർടേക്ക് ചെയ്ത് വന്ന കെഎസ്ആർടിസിക്ക് മുന്നിൽ കൂസാതെ നിന്ന പുലിക്കുട്ടി എന്നരീതിയെ പ്രചാരണമൊക്കെ ആളുകളുടെ പരിപാടിയാണ്. ശ്രദ്ധിക്കാൻ നിക്കുന്നില്ലെന്ന് സൂര്യ പറഞ്ഞു. എന്നാലും പെട്ടന്ന് ജനശ്രദ്ധയിലേക്ക് വന്നതിലുള്ള വിഷമം സൂര്യ മറച്ച് വക്കുന്നില്ല. പെരുമ്പാവൂരിലെ ഫോട്ടോപാർക് സ്റ്റുഡിയോയിലെ ജീവനക്കാരിയാണ് യുവതി. ഇരിങ്ങോൾ വടക്കരേടത്ത് മനീഷാണ് സൂര്യയുടെ ഭർത്താവ്.

യുവതിയുടെ വെളിപ്പെടുത്തലിനെ ശരിവെക്കുന്നതാണ് ബസ് ഡ്രൈവറുടെ അഭിപ്രായവും. സ്‌കൂൾ ബസ് നിർത്തി കുട്ടികൾ ഇറങ്ങുന്നതു കണ്ടാണ് താൻ ഒഴിഞ്ഞ ഇടത്തേക്ക് ബസ് വെട്ടിച്ച് ഓടിച്ചത്. അപ്പോഴാണ് ഒരു യുിവതി നടുറോഡിൽ സ്‌കൂട്ടർ നിർത്തിട്ടിരിക്കുന്നത് കണ്ടത്. ആ യുവതി തന്നെ നോക്കി. അപ്പോൾ ചിലർ ആ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതും കണ്ടു. യുവതിയുടെ അടുത്ത സുഹൃത്തുക്കൾ പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്നാണ് കരുതിയത്. യുവതി വാഹനം മാറ്റാത്തതുകൊണ്ട് താൻ റോഡിന്റെ ഇടതുവശത്തേക്ക് ബസ് മാറ്റി, ഡിപ്പോയിലേക്ക് പോകുകയായിരുന്നുവെന്ന് ഡ്രൈവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP