Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?

2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച്  ഭർത്താവ് ടോം തോമസും മരിച്ചു;  മകൻ റോയിയും സഹോദരൻ  മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു;  കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?

കെ വി നിരഞ്ജൻ

കോഴിക്കോട് : കേരളത്തിലെ നടുക്കിയ സംഭവമായിരുന്നു പിണറായിയിലെ സൗമ്യ നടത്തിയ കൊലപാതക പരമ്പര. കോഴിക്കോട് ജില്ലയിലെ കൂടത്തായിലെ മരണപരമ്പരയും സമാനമായ സംഭവമാണെന്ന് സംശയം ഉയരുകയാണ്. കല്ലറപൊളിച്ച് ഫോറൻസിക്ക് പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തൽ.

16 വർഷങ്ങൾക്കു മുമ്പുള്ളതും പിന്നാലെ അഞ്ചു വർഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങളാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. റിട്ട.വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട.അദ്ധ്യാപികയുമായി അന്നമ്മ,മകൻ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ പുലിക്കയം സ്വദേശി റിട്ട. അദ്ധ്യാപകനായ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ സിലി , ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അൽഫോൻസ, എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ പല കാലയളവിലായി മരിച്ചത്. 2002 ലാണ് കേസിനാസ്പദമായ ആദ്യ മരണം നടക്കുന്നത്. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. അസ്വാഭാവികതയൊന്നും ആർക്കും തോന്നിയിരുന്നില്ല. പിന്നീട് ഒരു വർഷത്തിനശേഷം ടോംതോമസും മരിച്ചു. ഛർദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. വീണ്ടും ഒരു വർഷത്തിന് ശേഷമാണ് മകൻ റോയ് മരിച്ചത്. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകൻ പത്ത് മാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളിൽ പലതും പെട്ടന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാൽ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കൾക്കുള്ളത്.

അധികം വൈകാതെ റോയിയുടെ പിതൃസഹോദര പുത്രനായ പൊന്നാമറ്റത്തിൽ ഷാജു എന്ന അദ്ധ്യാപകനും , മരിച്ച റോയിയുടെ ഭാര്യയും ഇടുക്കി സ്വദേശിയുമായ ജോളിയും തമ്മിൽ വിവാഹിതരായി. ഇതിനിടെ റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തി.അപ്പോഴേക്കും പിതാവ് ടോംതോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ ഭാര്യയായ ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്നാണ് ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത്. എന്നാൽ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. റവന്യൂഅധികൃതർക്കും മറ്റും പരാതി നൽകിയതോടെ അന്വേഷണം നടത്തി സ്വത്തുക്കൾ ടോം തോമസിന്റെ പേരിലാക്കി തിരിച്ചെഴുതി. ഇതോടെ ജോളി സംശയത്തിന്റെ നിഴലിലായി . സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് അറിഞ്ഞതോടെ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് റോജോ വിശ്വസിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മരണസ്ഥലത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം റോജോ പൊലീസുകാരോടും പറഞ്ഞിരുന്നു. വീട്ടിലെത്തിയ റോയി ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ബാത്റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ് ഭാര്യ ജോളി ആദ്യം പൊലീസിനു മൊഴി നൽകിയത്. എന്നാൽ മരിക്കുന്നതിന് 15 മിനിട്ടുമുമ്പ് റോയി ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.

സയനൈഡിന്റെ സാന്നിധ്യം മറച്ചുവെച്ചു

പിറ്റേന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ഉള്ളിൽ സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതുപക്ഷെ രഹസ്യമാക്കി വച്ചു.റോജോയുടെ പരാതിയെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിക്കുകയും മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടും നൽകി. ഇതോടെ ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേതുടർന്നാണ് ക്രൈംബ്രാഞ്ച് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കൂടി പരിശോധിക്കാൻ തീരുമാനിച്ചത്. ഭക്ഷണത്തിൽ സൈനഡ് കലർന്നതാവാം മരണകാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

ജോളിക്ക് കോഴിക്കോട് എൻഐടിയിൽ ലക്ചററായി ജോലിയാണെന്ന് നാട്ടിൽ പ്രചരിപ്പിച്ചിരുന്നതായും ഇത് കളവാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. റോയിയുടെ മരണശേഷം പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ കുടുംബത്തിന് നൽകരുതെന്ന് അമ്മാവനായ മാത്യു മഞ്ചാടിയിൽ ബന്ധുക്കളോടു പറഞ്ഞിരുന്നതായും, ഇതിനുശേഷമാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

മരിച്ച അന്നമ്മ ഏകമകളുടെ വിവാഹത്തിനായി കരുതിവച്ച ആഭരണങ്ങളിൽ ഒരു പവൻ വീതമുള്ള എട്ട് വളകൾ കാണാതായാതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ആരുടേയോ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സാഹചര്യതെളിവുകളെല്ലാം സംശയത്തിന്റെ നിഴലിലുള്ള ഒരാൾക്കെതിരാണെന്ന് അറിയുന്നു. ഇവരിപ്പോൾ പൊലീസിന്റെ നിരീക്ഷണത്തിലാണുള്ളത്.ബ്രെയിൻ മാപിങ്ങ് അടക്കം ശാസ്ത്രീയ പരിശോധന നടത്താനും നീക്കമുണ്ട്. സൈനഡ് കഴിച്ചാണെങ്കിൽ പല്ലിൽ പറ്റിയിരിക്കുന്ന അംശം വർഷങ്ങൾക്കു ശേഷവും നശിക്കാതെയുണ്ടാവുമെന്നാണ് ഫോറൻസിക് വിഗദ്ധർ പറയുന്നത്. ഇതേതുടർന്നാണ് ഫോറൻസിക് പരിശോധന നടത്തുന്നത്.ആറിൽ നാലുപേരെ സംസ്‌ക്കരിച്ചത് കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ആവശ്യമെങ്കിൽ കോടഞ്ചേരിയിലെ കല്ലറയിലും ശാസ്ത്രീയപരിശോധന നടത്തും.

അന്വേഷണത്തിന്റെ ഭാഗമായി വിവിധ കാലഘട്ടങ്ങളിലായി സംസ്‌കരിച്ച മൃതദേഹങ്ങൾ വീണ്ടും പുറത്തെടുത്ത് ഫോറൻസിക് സയന്റിഫിക് വിഭാഗം വിദഗ്ദ്ധർ പരിശോധന നടത്തും. മണ്ണിൽ ദ്രവിക്കാതെയുള്ള പല്ല്, എല്ലിൻ കഷണങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കൂടത്തായി പള്ളി അധികൃതരെ ബന്ധപ്പെടുകയും സെമിത്തേരിയിലെ കല്ലറ പൊളിക്കുന്നതിനും മൃതദേഹം പുറത്തെടുക്കുന്നതിനുമുള്ള അനുവാദം വാങ്ങുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്ക്രൈംബ്രാഞ്ച് യൂനിറ്റ് ഡിവൈഎസ്‌പി ഹരിദാസിന്റെ നേതൃത്വത്തിലാണ് പതിനഞ്ചംഗ സംഘം അന്വേഷണം നടത്തുന്നത് . റൂറൽ എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വലുള്ള പൊലീസ് സംഘം സെമിത്തേരിയിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. മരിച്ച ദമ്പതികളുടെ മകൻ അമേരിക്കയിൽ ജോലിയുള്ള റോജോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് മരണങ്ങൾക്ക് പിന്നിലെ ദുരൂഹതകൾ ശാസ്ത്രീയമായി അന്വേഷിക്കുന്നത്.നിർണായകമായ പല തെളിവുകളും ക്രൈംബ്രാഞ്ച് ഇതിനകം ശേഖരിച്ചതായി അറിയുന്നു.

പിണറായി കൊലാപാതകവുമായി സമാനതകൾ ഒട്ടേറെ

പിണറായിയിൽ ഒരേ കുടുംബത്തിലെ നാലുപേർ സമാന സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സൗമ്യ പിടിയിലായത് നാടകീയ സംഭവങ്ങൾക്കൊടുവിലായിരുന്നു. ഇവർ പിന്നീട് ജയിലിൽ ആത്മഹത്യ ചെയ്തു. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പ്രതി അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. 2012 മുതൽ 2018 വരെയുള്ള കാലത്തിനിടെയാണ് ഇവർ നാലുപേരെ കൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യ മൊഴി നൽകിയിരുന്നു. ഭർത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരിൽ കണ്ട മൂത്ത മകൾ ഐശ്വര്യ ഇക്കാര്യങ്ങൾ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടർന്ന് അന്ന് രാത്രി സൗമ്യ ചോറിൽ എലിവിഷം കലർത്തി മകൾക്ക് നൽകി.

മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി. ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാർ ചോദ്യം ചെയ്യുകയും മാതാപിതാക്കൾ ഇതിന്റെ പേരിൽ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാൻ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീൻ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലർത്തി നൽകിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങൾ സൗമ്യ കാമുകന്മാരെ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിൽ സിങ്ക് ഫോസ്ഫൈഡിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങൾ ബലപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.

പിണറായി കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സൗമ്യയെ അറസ്റ്റ് ചെയ്തതോടെയാണു കൂടത്തായിയിലെ ആറു പേരുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കൾക്കു ബലപ്പെട്ടത്. ഇതോടെ ബന്ധുവായ റോജോ പൊലീസിനെ സമീപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP