Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ

എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: കൂടത്തായിയിൽ അടുത്ത ബന്ധുക്കളായ ആറുപേർ വർഷങ്ങളുടെ ഇടവേളയിൽ ഒരേ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇവരെ അടക്കംചെയ്ത കല്ലറകൾ തുറന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് സംശയങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ, മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ കൂടത്തായി മച്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ രണ്ടുവയസ്സുള്ള മകൾ അൽഫോൻസ എന്നിവരുടെ മരണം സംബന്ധിച്ചാണ് സംശയമുയർന്നിരിക്കുന്നത്. അമേരിക്കയിൽ താമസിക്കുന്ന ടോം തോമസിന്റെ മകൻ റോജോ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

റോജോയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ കല്ലറ തുറന്നുള്ള പരിശോധന അതീവ നിർണ്ണായകമാണ്. ആറുപേരുടെയും മരണകാരണം കണ്ടെത്തുന്നതിനുവേണ്ടിയാണ് കല്ലറ തുറന്നുള്ള പരിശോധന. 2002 മുതൽ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിദഗ്ധരാണ് പരിശോധിക്കുക. വിഷാംശം ഉള്ളിൽചെന്നാണോ മരിച്ചതെന്ന കാര്യമാണ് മുഖ്യമായും പരിശോധിക്കക. കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ട് കല്ലറകളിൽ നാലുപേരെയാണ് അടക്കം ചെയ്തിരിക്കുന്നത്. രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് അടക്കം ചെയ്തത്. ഇതും ആവശ്യമെങ്കിൽ തുറന്നുപരിശോധിക്കും.

2002-ൽ അന്നമ്മയാണ് ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2008-ലായിരുന്നു ടോം തോമസിന്റെ മരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. 2014-ൽ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകൾ അൽഫോൻസ മരിച്ചു. പിന്നീട് സഹോദരപുത്രന്റെ ഭാര്യ സിലിയും മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവർ പറഞ്ഞിരുന്നെങ്കിലും ചിലർ സംശയം ഉയർത്തിയതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുകയും വിഷാംശം ഉള്ളിൽ ചെന്നതായി കണ്ടെത്തി. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പൊലീസിന്റെ നിഗമനം. എന്നാൽ പിണറായിയിൽ സൗമ്യ നടത്തിയ കൊലപാതകങ്ങളുടെ കഥ അറിഞ്ഞതോടെ റോജോ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പുതിയ പരാതിയുമായി ബന്ധപ്പെട്ട് ചിലരെ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ ചില വൈരുധ്യങ്ങൾ ഉദ്യോഗസ്ഥരെയും സംശയത്തിലാക്കി. ഇതോടെയാണ് കൂടുതൽ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. എല്ലാവരും മരിച്ചതോടെ അധികം വൈകാതെ റോയിയുടെ പിതൃസഹോദര പുത്രനായ പൊന്നാമറ്റത്തിൽ ഷാജു എന്ന അദ്ധ്യാപകനും , മരിച്ച റോയിയുടെ ഭാര്യയും ഇടുക്കി സ്വദേശിയുമായ ജോളിയും തമ്മിൽ വിവാഹിതരായി. ഇതിനിടെ റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തി.അപ്പോഴേക്കും പിതാവ് ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ ഭാര്യയായ ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്നാണ് ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത്. എന്നാൽ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. റവന്യൂഅധികൃതർക്കും മറ്റും പരാതി നൽകിയതോടെ അന്വേഷണം നടത്തി സ്വത്തുക്കൾ ടോം തോമസിന്റെ പേരിലാക്കി തിരിച്ചെഴുതി.

ഇതോടെ ജോളി സംശയത്തിന്റെ നിഴലിലായി . സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് അറിഞ്ഞതോടെ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് റോജോ വിശ്വസിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മരണസ്ഥലത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം റോജോ പൊലീസുകാരോടും പറഞ്ഞിരുന്നു. വീട്ടിലെത്തിയ റോയി ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ബാത്‌റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ് ഭാര്യ ജോളി ആദ്യം പൊലീസിനു മൊഴി നൽകിയത്. എന്നാൽ മരിക്കുന്നതിന് 15 മിനിട്ടുമുമ്പ് റോയി ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. പിറ്റേന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് ഉള്ളിൽ സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതുപക്ഷെ രഹസ്യമാക്കി വച്ചു. റോജോയുടെ പരാതിയെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിക്കുകയും മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടും നൽകി. ഇതോടെ ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേതുടർന്നാണ് ക്രൈംബ്രാഞ്ച് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കൂടി പരിശോധിക്കാൻ തീരുമാനിച്ചത്. ഭക്ഷണത്തിൽ സൈനഡ് കലർന്നതാവാം മരണകാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

ജോളിക്ക് കോഴിക്കോട് എൻഐടിയിൽ ലക്ചററായി ജോലിയാണെന്ന് നാട്ടിൽ പ്രചരിപ്പിച്ചിരുന്നതായും ഇത് കളവാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. റോയിയുടെ മരണശേഷം പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ കുടുംബത്തിന് നൽകരുതെന്ന് അമ്മാവനായ മാത്യു മഞ്ചാടിയിൽ ബന്ധുക്കളോടു പറഞ്ഞിരുന്നതായും, ഇതിനുശേഷമാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മരിച്ച അന്നമ്മ ഏകമകളുടെ വിവാഹത്തിനായി കരുതിവച്ച ആഭരണങ്ങളിൽ ഒരു പവൻ വീതമുള്ള എട്ട് വളകൾ കാണാതായാതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ആരുടേയോ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

സൈനഡ് കഴിച്ചാണെങ്കിൽ പല്ലിൽ പറ്റിയിരിക്കുന്ന അംശം വർഷങ്ങൾക്കു ശേഷവും നശിക്കാതെയുണ്ടാവുമെന്നാണ് ഫോറൻസിക് വിഗദ്ധർ പറയുന്നത്. ഇതേതുടർന്നാണ് ഫോറൻസിക് പരിശോധന നടത്തുന്നത്. മണ്ണിൽ ദ്രവിക്കാതെയുള്ള പല്ല്, എല്ലിൻ കഷണങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP