Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ; കള്ളം പറഞ്ഞും കണ്ണീർ ഒഴുക്കിയും ഇങ്ങോട്ടാരും വരേണ്ട; മനസിൽ അടക്കിവെച്ച സ്ത്രീ വിദ്വേഷം വീണ്ടും പുറത്തെടുത്തു മന്ത്രി ജി സുധാകരൻ; ഷാനിമോൾ ഉസ്മാനെതിരെയുള്ള മന്ത്രിയുടെ പരാമർശം ഏറ്റെടുത്തു യുഡിഎഫ്; സുധാകരനെതിരെ കേസെടുക്കണമെന്നും ആവശ്യം; സ്വന്തം പാർട്ടിയിലെ വനിതാ എംഎൽഎ വരെ പരാതിപ്പെട്ട സ്ത്രീവിരുദ്ധതയുടെ പ്രതീകമായ നേതാവ് തെരഞ്ഞെടുപ്പു സമയത്ത് സിപിഎമ്മിന് തലവേദനയാകുമ്പോൾ

പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ; കള്ളം പറഞ്ഞും കണ്ണീർ ഒഴുക്കിയും ഇങ്ങോട്ടാരും വരേണ്ട; മനസിൽ അടക്കിവെച്ച സ്ത്രീ വിദ്വേഷം വീണ്ടും പുറത്തെടുത്തു മന്ത്രി ജി സുധാകരൻ; ഷാനിമോൾ ഉസ്മാനെതിരെയുള്ള മന്ത്രിയുടെ പരാമർശം ഏറ്റെടുത്തു യുഡിഎഫ്; സുധാകരനെതിരെ കേസെടുക്കണമെന്നും ആവശ്യം; സ്വന്തം പാർട്ടിയിലെ വനിതാ എംഎൽഎ വരെ പരാതിപ്പെട്ട സ്ത്രീവിരുദ്ധതയുടെ പ്രതീകമായ നേതാവ് തെരഞ്ഞെടുപ്പു സമയത്ത് സിപിഎമ്മിന് തലവേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നവോത്ഥാനവും സ്ത്രീശാക്തീകരണവും മുഖമുദ്രയാക്കിയ സർക്കാറാണ് കേരളത്തിലേതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന് കോറസ് പാടുന്നവരും നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നത്. എന്നാൽ, മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾക്ക് പോലും മനസിലാകുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽകുന്നുണ്ട്. രാഷ്ട്രീയവേദിയിൽ വിജയിക്കാൻ വേണ്ടി എതിരാളികളെ ഹീനമായി ആക്രമിക്കാനും മടിക്കാത്ത മനസുള്ള മന്ത്രിമാരും ഇടതു മന്ത്രിസഭയിലുണ്ട്. ആലത്തൂർ ലോക്‌സഭാ തെരഞ്ഞെടുപ്പു വേദിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി അവഹേളിച്ചത് എൽഡിഎഫ് കൺവീനർ ആയിരുന്നെങ്കിൽ അരൂരിലേക്ക് എത്തുമ്പോൾ ഈ ദൗത്യം സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ കാര്യത്തിൽ കുപ്രസിദ്ധനായ മന്ത്രി ജി സുധാകരനാണ്.

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതന എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് ജി സുധാകരൻ വിവാദത്തിൽ ചാടിയത്. ഇതിനെതിരെ ശക്തമായ നിലപാടുമായി കോൺഗ്രസ് രംഗത്തെത്തികഴിഞ്ഞു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു സുധാകരന്റെ പരാമർശം. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു.

തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരൻ വാക്കുകളുപയോഗിച്ച് എതിർപക്ഷത്തെ കടന്നാക്രമിച്ചത്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആർ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണ്. അരൂരിൽ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോൾ ഉസ്മാൻ എങ്ങനെയാണ് വികസനം കൊണ്ടുവരിക. വീണ്ടും അരൂരിൽ ഒരു ഇടത് എംഎ‍ൽഎയാണ് ഉണ്ടാവേണ്ടതെന്നും സുധാകരൻ പറഞ്ഞു.

നേരത്തെ ഷാനിമോൾ ഉസ്മാനെതിരെ റോഡ് പണി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തതും വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമർശനവും. ആലപ്പുഴയിലെ തന്നെ മറ്റൊരു സിപിഎം എംഎൽഎ പ്രതിഭാ ഹരിയെ വാക്കുകൾ കൊണ്ട് ആക്രമിച്ചും നേരത്തെ സുധാകരൻ വിവാദത്തിൽ ചാടിയിരുന്നു. സുധാകരന്റെ പൂതനാ പ്രയോഗം സിപിഎമ്മിന് അരൂരിൽ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരെ യുഡിഎഫ് ശക്തമായി തന്നെ രംഗത്തുവന്നു. നവോത്ഥാനം പ്രസംഗിക്കുന്ന സിപിഎം മന്ത്രിമാരുടെ സ്ത്രീവിരുദ്ധതയാണ് ഇതെന്നാണ് ഉയരുന്ന വിമർശനം.

ജി സുധാകരന്റെ 'പൂതന' പ്രയോഗത്തിനു എതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ അടക്കമുള്ളവർ രംഗത്തുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞു സർക്കാർ ചെലവിൽ വനിതാ മതിൽ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാർത്ഥിക്ക് എതിരെയുള്ള 'പൂതന' പ്രയോഗം സി പി എമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്ന് സുധീരൻ പറഞ്ഞു.

അതേസമയം തെരഞ്ഞടുപ്പിൽ തങ്ങളുടെ എതിർപക്ഷത്ത് മത്സരിക്കുന്ന സ്ത്രീകളെ ഹീനമായി അധിക്ഷേപിക്കുന്ന സിപിഎം നേതാക്കളുടെ പതിവ് ശൈലിയുടെ ഭാഗം തന്നെയാണ് അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്റെ വകയായി ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് വിടി ബൽറാം പ്രതികരിച്ചു. മുൻപ് മലമ്പുഴയിൽ വി എസ് അച്യുതാനന്ദനും ആലത്തൂരിൽ എ വിജയരാഘവനും ചെയ്തതും ഇതുതന്നെ.

നവോത്ഥാന കേരളം ഭരിക്കുന്ന മന്ത്രി എന്നതിനപ്പുറം സിപിഎം നേതാവ് കൂടിയാണ് സുധാകരൻ എന്നതുകൊണ്ട് സാംസ്കാരിക, മാധ്യമ മേഖലകളിൽ നിന്നൊന്നും ഇതിനെതിരെ ഒരു വാക്ക് പോലും ഉയർന്നുവരില്ല എന്ന് നമുക്കറിയാം. എന്നാൽ അരൂരിലെ സാധാരണക്കാരുടെ പ്രതിഷേധം ഉയരുക തന്നെ ചെയ്യും, ജനാധിപത്യത്തിന്റെ ഭാഷയിൽ, ജനവിധിയുടെ രൂപത്തിലെന്നം ബൽറാം വ്യക്തമാക്കി.

അതേസമയം അരൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രിയപ്പെട്ട അഡ്വ.ഷാനിമോൾ ഉസ്മാൻ പൂതനയല്ല വീരാങ്കനയാണ് എന്നായിരുന്നു കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ പ്രതികരണം. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് പത്തൊൻപത് സീറ്റിൽ വിജയിച്ചപ്പോഴും,കപ്പിനും ചുണ്ടിനുമിടയിൽ തന്റെ സീറ്റ് കൈവിട്ടു പോയിട്ടും സമചിത്തത കൈവിടാതെ പരാജയത്തെ മനസാൽ ഉൾക്കൊണ്ട് പൊതുപ്രവർത്തന രംഗത്ത് ഉറച്ച് നിന്ന ഷാനിമോൾ ഉസ്മാനെ ആക്ഷേപിച്ചും, അവഹേളിച്ചും, അധിക്ഷേപിച്ചും പിൻതിരിപ്പിക്കാം എന്നാണോ മന്ത്രി പുങ്കുവനായ അങ്ങ് വിചാരിക്കുന്നത്...? അങ്ങേയ്ക്കു തെറ്റി ഷാനിമോൾ ഉസ്മാൻ പതിനായിരങ്ങളുടെ മനസിൽ പതിഞ്ഞ മലയാളക്കരയുടെ മാണിക്യമായി നിലനിൽക്കുകയാണ്. ഷാനിമോൾ ഉസ്മാൻ ശാന്തഗംഭീരമായ പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു തന്നെയാണ്. ഷാനിമോളെ തളർത്താമെന്നും, ആക്ഷേപിച്ച് ഒതുക്കാമെന്നും, വ്യക്തിഹത്യ നടത്താമെന്നും വിചാരിക്കുന്നത് മൗഡ്യമാണ്- പി ടി തോമസ് പറഞ്ഞു.

ഷാനിമോളുടെ പിന്നിൽ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന അമ്മന്മാർ,സഹോദരിന്മാർ അടക്കമുള്ള ബഹുജനങ്ങൾ അണിനിരക്കുന്ന മുഖ്യ പോരാട്ടമാണ് അരുരിൽ നടക്കുന്നത്. രാഷ്ട്രീയ സദാചാരം അൽപ്പമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ബഹുമാനപ്പെട്ട ജി.സുധാകരാ അങ്ങയോട് ഞങ്ങൾ ആവശ്യപ്പെടുന്നു നിരുപാധികം മാപ്പ് പറഞ്ഞ് തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞ് കേരള ജനതയോട് മാപ്പ് പറയുക. ഷാനിമോൾ ഉസ്മാനോട് മാപ്പ്,മാപ്പ് എന്ന്  പറഞ്ഞാൽ അങ്ങയുടെ അന്തസ് ഉയരും. അങ്ങ് അതിന് തയ്യാറകുന്നില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വിശിഷ്യ അരുരിലെ ജനങ്ങൾ അങ്ങയുടെ ധിക്കാരത്തിന് മറുപടി നൽകുന്ന ദിവസം അടുത്തു കൊണ്ടിരിക്കുന്നു നമ്മുക്ക് കാത്തിരിക്കാം. ഷാനിമോൾ നിങ്ങൾ ഒറ്റയ്ക്കല്ല ധീരമായി മുന്നേറൂവെന്നും പി ടി തോമസ് ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP