Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിറ്റ്മാൻ അടക്കി ഭരിച്ചു! ഷമിയും ജഡേജയും അശ്വിനും തേർ തെളിച്ചു; വിശഖാപ്പട്ടണം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയത് 203 റൺസിന്; ഇന്ത്യൻ ജയം വൈകിപ്പിച്ചത് ദക്ഷിണാഫ്രിക്കൻ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പ്; തോൽവിയിലും തലയുർത്തി ഡെയ്ൻ പിഡെറ്റിന്റെ പോരാട്ട വീര്യം

ഹിറ്റ്മാൻ അടക്കി ഭരിച്ചു! ഷമിയും ജഡേജയും അശ്വിനും തേർ തെളിച്ചു; വിശഖാപ്പട്ടണം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയത് 203 റൺസിന്; ഇന്ത്യൻ ജയം വൈകിപ്പിച്ചത് ദക്ഷിണാഫ്രിക്കൻ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പ്; തോൽവിയിലും തലയുർത്തി ഡെയ്ൻ പിഡെറ്റിന്റെ പോരാട്ട വീര്യം

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയുടെ ഓൾ റൗണ്ട് പെർഫോമൻസാണ് ടീമിന് ആധികാരിക വിജയത്തിൽ നിർണായകമായത്. 203 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റെടുത്ത ജഡേജയും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാരെ എറിഞ്ഞിടുകയായിരുന്നു. 395 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സിൽ 191 റൺസിന് പുറത്തായി.

ടെസ്റ്റിലാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെയും ഇരട്ട സെഞ്ചുറി വീരൻ മായങ്ക് അഗർവാളിന്റെയും ബാറ്റിംഗും ആർ അശ്വിൻ- രവീന്ദ്ര ജഡേജ- മുഹമ്മദ് ഷമി ത്രയത്തിന്റെ ബൗളിങ് തേർവാഴ്‌ച്ചയുമാണ് ഇന്ത്യയെ പരമ്പരയിൽ 1-0ന് മുന്നിലെത്തിച്ചത്.

107 പന്തിൽ 56 റൺസ് നേടിയ ഡെയ്ൻ പിഡെറ്റ് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. 70 റൺസിനിടയിൽ എട്ടു വിക്കറ്റ് നഷ്ടമായി തകർച്ചയിലായിരുന്ന ദക്ഷിണാഫ്രിക്കയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത് വാലറ്റമാണ്. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സ്‌കോർ: ഇന്ത്യ-502/7റ, 323/4റ. ദക്ഷിണാഫ്രിക്ക-431,191.

രണ്ടാമിന്നിങ്സിൽ ബാറ്റിങ് തുടങ്ങി നാല് റൺസിനിടയിൽ ആദ്യ വിക്കറ്റുപോയ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീട് തകർച്ചയിൽ നിന്ന് കര കയറാനായില്ല. ഷമി സ്റ്റമ്പ് ഇളക്കിയപ്പോൾ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. ആറു ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി. ഒമ്പതാം വിക്കറ്റിൽ സെനൂരൻ മുത്തുസാമിയും ഡെയ്ൻ പിഡെറ്റും ചേർന്ന് പടുത്തുയർത്തിയ 91 റൺസാണ് ഏറ്റവുമുയർന്ന കൂട്ടുകെട്ട്. മുത്തുസാമി 49 റൺസുമായി പുറത്താകാതെ നിന്നു. പിഡെറ്റ് 107 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 56 റൺസ് നേടി.

പേസർ മുഹമ്മദ് ഷമിയുടെയും സ്പിന്നർ രവീന്ദ്ര ജഡേജയുടെയും മാസ്മരിക ബൗളിംഗാണ് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയത്. ആർ അശ്വിൻ ഒരു വിക്കറ്റ് നേടി. ഷമി വിക്കറ്റ് തെറിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ജഡേജ എൽബിയിലാണ് നോട്ടമിട്ടത്.

ആദ്യ ഇന്നിങ്സിലെ സെഞ്ചുറിവീരൻ എൽഗാറിനെ രണ്ട് റൺസിൽ നിൽക്കേ നാലാം ദിനം അവസാന സെഷനിൽ രവീന്ദ്ര ജഡേജ എൽബിയിൽ മടക്കിയിരുന്നു. അവസാന ദിനം തുടക്കത്തിലെ ഡി ബ്രുയിനെ 10ൽ നിൽക്കേ ആർ അശ്വിനും തെംബാ ബാവുമയെ(0) മുഹമ്മദ് ഷമിയും ബൗൾഡാക്കി. ആദ്യ ഇന്നിങ്സിൽ രക്ഷാപ്രവർത്തനം നടത്തിയ ക്വിന്റൺ ഡികോക്ക്- ഫാഫ് ഡുപ്ലസിസ് കൂട്ടുകെട്ടും ഇക്കുറി വിജയിച്ചില്ല. ഫാഫിനെയും(13), ഡികോക്കിനെയും(0) ഷമി ബൗൾഡാക്കി.

39 റൺസെടുത്ത് ജഡേജക്ക് റിട്ടേൺ ക്യാച്ചിൽ കീഴടങ്ങിയ ഓപ്പണർ ഏയ്ഡൻ മാർക്രാമിന് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. വെർനോൺ ഫിലാൻഡറും കേശവ് മഹാരാജും പൂജ്യത്തിന് പുറത്തായി. ഇരുവരെയും ജഡേജ പുറത്താക്കിയതും എൽബിയിലാണ്. എന്നാൽ ഒൻപതാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്ത മുത്തുസ്വാമി-പീറ്റ് സഖ്യം ഇന്ത്യൻ ജയപ്രതീക്ഷകൾ വൈകിപ്പിച്ചു. 56 റൺസെടുത്ത പീറ്റിനെ ഷമി ബൗൾഡാക്കിയതോടെ കഥ മാറി. അവസാനക്കാരനായി റബാഡ 18 റൺസുമായി ഷമിക്ക് മുന്നിൽ കീഴടങ്ങി. മുത്തുസ്വാമി 49 റൺസുമായി പുറത്താവാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP