Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോന്നിയിൽ ബിഡിജെഎസ് എൻഡിഎയ്ക്കൊപ്പം തന്നെ; ഭവന സന്ദർശനവും പ്രചാരണവുമായി ഘടക കക്ഷി നേതാക്കൾ; കെ സുരേന്ദ്രന് വോട്ടു തേടി തുഷാർ വെള്ളാപ്പള്ളി ഈ മാസം ഒമ്പതിന് മണ്ഡലത്തിലെത്തും; എസ്എൻഡിപിയുടെ കട്ടിൽ കണ്ട് സിപിഎം പനിച്ചത് വെറുതെയാകുമോ? മികച്ച സ്ഥാനാർത്ഥിയെ ലഭിച്ചതോടെ ആദ്യഘട്ടത്തിലെ പ്രചാരണത്തിൽ ആലസ്യം വെടിഞ്ഞ് എൻഡിഎയും

കോന്നിയിൽ ബിഡിജെഎസ് എൻഡിഎയ്ക്കൊപ്പം തന്നെ; ഭവന സന്ദർശനവും പ്രചാരണവുമായി ഘടക കക്ഷി നേതാക്കൾ; കെ സുരേന്ദ്രന് വോട്ടു തേടി തുഷാർ വെള്ളാപ്പള്ളി ഈ മാസം ഒമ്പതിന് മണ്ഡലത്തിലെത്തും; എസ്എൻഡിപിയുടെ കട്ടിൽ കണ്ട് സിപിഎം പനിച്ചത് വെറുതെയാകുമോ? മികച്ച സ്ഥാനാർത്ഥിയെ ലഭിച്ചതോടെ ആദ്യഘട്ടത്തിലെ പ്രചാരണത്തിൽ ആലസ്യം വെടിഞ്ഞ് എൻഡിഎയും

ശ്രീലാൽ വാസുദേവൻ

കോന്നി: പാലായിൽ മാണി സി കാപ്പനെ ജയിപ്പിച്ചത് ഞമ്മളാണെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും അതു സമ്മതിച്ചു കൊടുത്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാടുകളിൽ ഊറ്റം കൊണ്ടിരുന്ന കോന്നിയിലെ സിപിഎമ്മുകാർ ഒരു പാട് സ്വപ്നം കണ്ടിരുന്നു. ആദ്യഘട്ടത്തിൽ ബിഡിജെഎസ് സ്വീകരിച്ച നിലപാടും അവരുടെ പ്രതീക്ഷകൾ വാനോളം വളർത്തി. എന്നാലിപ്പോൾ കെ സുരേന്ദ്രന്റെ വിജയത്തിന് വേണ്ടി ബിഡിജെഎസ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.

ഭവന സന്ദർശനത്തിനും കുടുംബസംഗമങ്ങൾക്കുമായി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഒമ്പതിന് നേരിട്ടെത്തുകയും ചെയ്യും. ഇതോടെ അച്ഛൻ വെള്ളാപ്പള്ളിയുടെയും മകന്റെ വ്യത്യസ്ത നിലപാടുകളിൽ സിപിഎം ഒരിക്കൽ കൂടി വെട്ടിലായിരിക്കുകയാണ്. കോന്നിയിൽ വിധി നിർണയിക്കുന്നത് ഈഴവ വോട്ടുകളാണ്. അതു മുന്നിൽ കണ്ടാണ് സിപിഎം കെയു ജനീഷ്‌കുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. എൻഡിഎ സ്ഥാനാർത്ഥിയായി മറ്റൊരു ഈഴവൻ കെ സുരേന്ദ്രൻ വന്നപ്പോഴും സിപിഎമ്മിന് അപകടം മണത്തില്ല.

ബിഡിജെഎസ് എൻഡിഎയോട് ഇടഞ്ഞു നിൽക്കുന്നതും വെള്ളാപ്പള്ളിയുടെ സഹായ വാഗ്ദാനം കൂടിയും ആയതോടെയാണ് എൽഡിഎഫിന് പ്രതീക്ഷകൾ വർധിച്ചത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയും സുരേന്ദ്രനും അൽപം അലസത കാട്ടിയതും എൽഡിഎഫിന് വിജയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ഇപ്പോഴിതെല്ലാം തകിടം മറിച്ച് ബിജെപി പ്രചാരണത്തിൽ മുന്നേറുകയാണ്. പ്രചാരണം നയിക്കാൻ സംസ്ഥാന ഉപാധ്യക്ഷൻ കെ പത്മകുമാറിന്റെ നേതൃത്വത്തിൽ ബിഡിജെഎസ് ഉഷാറായി രംഗത്തുണ്ട്.

എസ്എൻഡിപി വോട്ടുകൾ എൻഡിഎ, യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വിഭജിച്ചു പോവുകയും നായർ വോട്ടുകൾക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും കൂടി ലഭിക്കുകയും ചെയ്താൽ നേരിയ ഭൂരിപക്ഷത്തിൽ കടന്നു പോകാമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജിന്റെ കണക്കു കൂട്ടൽ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കണ്ടതിന്റെ തനിയാവർത്തനമാകും ഇവിടെ എന്നും യുഡിഎഫ് കരുതുന്നു. അന്ന് ആന്റോയും സുരേന്ദ്രനും തമ്മിലാണ് മൽസരമെന്നാണ് പൊതുവേ കരുതിയിരുന്നത്. അവസാന ലാപ്പിന്റെ തുടക്കം വരെ സുരേന്ദ്രൻ രണ്ടാമതെത്തും എന്നു തന്നെയാണ് കരുതിയിരുന്നത്. എന്നാൽ, പിണറായി നേരിട്ടെത്തി പാർട്ടി ഘടകങ്ങൾക്ക് കർശനമായ താക്കീത് നൽകിയതോടെ വീണ രണ്ടാം സ്ഥാനത്തേക്ക് വന്നു.

നിലവിൽ കോന്നിയിലും സമാന സാഹചര്യമാണ്. അവസാനലാപ്പിൽ ജനീഷ് കുമാർ മുന്നിലേക്ക് വന്നു സുരേന്ദ്രൻ പിന്നാക്കം പോകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. എന്തായാലും ബിഡിജെഎസ് നേതാക്കളുടെ സാന്നിധ്യം ബിജെപിക്ക് ഉണർവ് നൽകിയിരിക്കുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോന്നിയിൽ സുരേന്ദ്രൻ കാഴ്ചവച്ച മികച്ച പ്രകടനത്തിന് പിന്നിൽ ഈഴവ വോട്ടുകളായിരുന്നു. ഇക്കുറിയും അത് ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.

സുരേന്ദ്രന്റെ വിജയത്തിൽ കുറഞ്ഞൊന്നും ഇത്തവണ സംഭവിക്കില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെല്ലാം എൻഡിഎ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. പ്രധാന ഘടക കക്ഷിയായ ബിഡിജെഎസാണ് പല സ്ഥലങ്ങളിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പത്മകുമാറും, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനും സംയുക്തമായാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. രണ്ടു നേതാക്കളും കോന്നിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP