Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ഞാൻ തൃശ്ശൂരിൽ തന്നെയുണ്ട്...ഇവിടെ സലൂൺ നടത്തുകയാണ്`; ജീവനക്കാരനായി എത്തിയ യുഎഇ പൗരൻ കമ്പനിയും പണവും തട്ടിയെടുത്തത് കബളിപ്പിച്ച്; ഒമാൻ വഴി നാട്ടിലേക്ക് കടത്തിയത് അറബി എടുത്ത് തന്ന കള്ള പാസ്‌പോർട്ട് ഉപയോഗിച്ച്; 10 കോടി രൂപ തട്ടിച്ചെന്ന യുഎഇ പൗരന്റെ ആരോപണം നിഷേധിച്ചും കഥകൾ മറുനാടനോട് വിശദീകരിച്ചും ജേവിസ്; അറബിയുടെ ഭാര്യ പറയുന്നത് നുണയെന്ന് ഭാര്യ ശിൽപ; ഗൾഫിലെ അന്വേഷണത്തിൽ തെളിഞ്ഞത് സുഹൃത്തുക്കളെ പോലും വൻ തുകകൾ തട്ടിച്ച ജേവിസിന്റെ ചെയ്തികളും

`ഞാൻ തൃശ്ശൂരിൽ തന്നെയുണ്ട്...ഇവിടെ സലൂൺ നടത്തുകയാണ്`; ജീവനക്കാരനായി എത്തിയ യുഎഇ പൗരൻ കമ്പനിയും പണവും തട്ടിയെടുത്തത് കബളിപ്പിച്ച്; ഒമാൻ വഴി നാട്ടിലേക്ക് കടത്തിയത് അറബി എടുത്ത് തന്ന കള്ള പാസ്‌പോർട്ട് ഉപയോഗിച്ച്; 10 കോടി രൂപ തട്ടിച്ചെന്ന യുഎഇ പൗരന്റെ ആരോപണം നിഷേധിച്ചും കഥകൾ മറുനാടനോട് വിശദീകരിച്ചും ജേവിസ്; അറബിയുടെ ഭാര്യ പറയുന്നത് നുണയെന്ന് ഭാര്യ ശിൽപ; ഗൾഫിലെ അന്വേഷണത്തിൽ തെളിഞ്ഞത് സുഹൃത്തുക്കളെ പോലും വൻ തുകകൾ തട്ടിച്ച ജേവിസിന്റെ ചെയ്തികളും

എം മനോജ് കുമാർ

തിരുവനന്തപുരം: ദുബായിൽ അറബിയെ കബളിപ്പിച്ച് 10 കോടിയിലേറെ രൂപ തട്ടിയെടുത്ത് താൻ മുങ്ങിയെന്നുള്ള മാധ്യമറിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകമെന്ന് ജേവിസ് മാത്യു. യുഎഇ പൗരനായ ജമാൽ സലിം ഹുസൈനെ കബളിപ്പിച്ച് 10 കോടിയിലേറെ തട്ടിയെടുത്ത് താൻ മുങ്ങിയെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ ആണ് ജേവിസ് മാത്യു മറുനാടൻ മലയാളിയോട് നിഷേധിച്ചത്. താൻ തൃശൂരിൽ തന്നെയുണ്ടെന്നും ഇവിടെ സ്വന്തമായി സലൂൺ നടത്തുന്നുവെന്നുമാണ് ജേവിസ് പ്രതികരിച്ചത്. മലയാളികൾക്ക് മലയാളിയാണ് പാര എന്ന് പറഞ്ഞു ജേവിസിന്റെ തട്ടിപ്പിന്റെ കഥ എഷ്യാനെറ്റ് ന്യൂസിന്റെ ഗൾഫ് റൗണ്ട് അപ്പ് വെളിയിൽ കൊണ്ടുവന്നപ്പോഴാണ് ജേവിസിന്റെ തട്ടിപ്പിന്റെ കഥ കേരളവും ഗൾഫ് നാടുകളും അറിയുന്നത്. ഈ വാർത്ത വന്നതോടെ നാട്ടിൽ തനിക്ക് നിൽക്കാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് മറുനാടനെ ജേവിസ് ബന്ധപ്പെടുന്നത്

അറബിയുടെ ആരോപണങ്ങൾ നിഷേധിച്ച് തന്റെ വലിയ ജീവിത കഥയാണ് ജേവിസ് മറുനാടനോട് പറഞ്ഞത്. അറബിയുടെ ഭാര്യയുടെ ആരോപണങ്ങൾ നിഷേധിച്ച് പൊട്ടിക്കരഞ്ഞാണ് ജേവിസിന്റെ ഭാര്യ ശില്പയും മറുനാടനോട് സംസാരിച്ചത്. യുഎഇ പൗരനായ ജമാൽ തന്റെ കമ്പനി സ്റ്റാഫ് ആയിരുന്നുവെന്നും തന്നെ കബളിപ്പിച്ച് തന്റെ കമ്പനി അറബി സ്വന്തമാക്കുകയും വ്യാജ പാസ്‌പോർട്ട് എടുത്ത് അറബി തന്നെ ഒമാൻ വഴി കയറ്റിവിടുകയായിരുന്നുവെന്നാണ് ജേവിസ് പറഞ്ഞത്. പക്ഷെ തന്നെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് ജേവിസ് മുങ്ങി എന്നാണ് ജമാൽ സലിം ഹുസൈൻ പറഞ്ഞത്. മാധ്യമ വാർത്തകൾ മുഴുവൻ വന്നതും അറബിയെ പറ്റിച്ച് മുങ്ങിയ ജേവിസ് എന്ന മലയാളിയെക്കുറിച്ചാണ്.

അറബി തന്നെ കബളിപ്പിച്ച് മുഴുവൻ പണവും കമ്പനിയും സ്വന്തമാക്കി തന്നെ കയറ്റിവിട്ടുവെന്ന് ജേവിസ് മാത്യു മറുനാടനോട് പ്രതികരിച്ചെങ്കിലും മറുനാടൻ ദുബായി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജേവിസ് പലർക്കും പണം നൽകാനുണ്ട് എന്ന് അറിവായിട്ടുണ്ട്. ജേവിസിന്റെ വാക്കുകളിൽ കുടുങ്ങി വൻ തുകകൾ പല മലയാളികൾക്കും നഷ്ടമായിട്ടുണ്ട്. മറുനാടനോടുള്ള സംഭാഷണങ്ങളിലാണ് ഈ കാര്യങ്ങൾ വെളിയിൽ വന്നത്. പക്ഷെ ആരും പരാതിയുമായി രംഗത്ത് വന്നിട്ടില്ല. ഈ തുകകൾ ജേവിസിനു തിരികെ നൽകേണ്ടി വരുമെന്നാണ് സൂചന.

സൗഹൃദത്തിൽ ചതി മുക്കി ഇടപെടുന്നയാൾ എന്നാണ് ദുബായിലെ സുഹൃത്തുക്കൾ ജേവിസിനെ വിശേഷിപ്പിക്കുന്നത്. സൗഹൃദങ്ങൾ ചൂഷണം ചെയ്ത് വൻ തുകകൾ ജേവിസ് തട്ടിയെടുത്ത് മുങ്ങി എന്നാണ് മറുനാടന് അറിയാൻ കഴിഞ്ഞത്. സൗഹൃദത്തിന്റെ പിൻബലത്തിലെ ഈ തട്ടിപ്പ് കാരണം ജേവിസിനെ അറിയുന്നവർ പരാതിപ്പെടാൻ തയ്യാറായിട്ടില്ല. പക്ഷെ ജേവിസ് പണം നൽകാനുണ്ട് എന്നതിന് രേഖകൾ ഉള്ളതിനാൽ ഈ പണം തിരികെ വാങ്ങാൻ കഴിയും എന്ന് തന്നെയാണ് ജേവിസിനാൽ പറ്റിക്കപ്പെട്ടവരുടെ പ്രതീക്ഷ.

ജേവിസ് എന്നതിനെക്കാളും ജേവിസിന്റെ അച്ഛനെയാണ് ദുബായിൽ പലർക്കും അറിയുന്നത്. വ്യവസായിയും കോടികൾ കൈവശമുള്ളയാളുമാണ് ജേവിസിന്റെ അച്ഛനായ ഇപ്പോഴും ദുബായിലുള്ള കെ.സി.മാത്യു. ഇദ്ദേഹം ഒരു പള്ളിയിൽ പാസ്റ്ററും ബിസിനസുകാരനുമാണ്. ഇസ്സാ
മറൈൻ എക്യുപ്‌മെന്റ്‌റ് ലിമിറ്റഡ് എന്നാണ് മാത്യുവിന്റെ കമ്പനിയുടെ പേര്. കമ്പനിയും മാത്യുവും പ്രശസ്തനുമാണ്. കോടികൾ ആസ്തിയുള്ള ബിസിനസുകാരനാണ് മാത്യു. മാത്യുവിന്റെ മകൻ ഉണ്ടാക്കിയ കടങ്ങൾ അതുകൊണ്ട് തന്നെ ആരും പുറത്ത് പറയാൻ തയ്യാറല്ല. ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ കാശ് തിരികെ ലഭിക്കും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

അറബിയെ പറ്റിച്ചു ജേവിസ് മുങ്ങി എന്ന വാർത്ത വന്നപ്പോൾ മലയാളിയെ തള്ളി അറബിയായ ജമാൽ സലിം ഹുസൈന്റെ ആരോപണമാണ് മലയാളികൾ മുഖവിലയ്ക്ക് എടുക്കുന്നത്. പക്ഷെ തന്നെ കബളിപ്പിച്ച് അറബി തന്റെ മുഴുവൻ പണവും സ്ഥാപനവും സ്വന്തമാക്കുകയും അതിനു ശേഷം കേസ് എന്ന് ഭീഷണി മുഴക്കി കള്ളപാസ്‌പോർട്ട് ഉണ്ടാക്കി തന്നെ ഒമാൻ വഴി കയറ്റിവിട്ടു എന്നുമാണ് ജേവീസ് മറുനാടനോട് പ്രതികരിച്ചത്. വലിയ കഥയാണ് ജേവിസ് പറയുന്നത്. തന്നെ ചതിച്ച്, കുത്തുപാള എടുപ്പിച്ച്, ജീവിതം തന്നെ നാമാവശേഷമാക്കിയ അറബിക്ക് വേണ്ടി, ഏഷ്യാനെറ്റ് വ്യാജ വാർത്ത ചമച്ചിരിക്കുന്നു-ജേവീസ് പറയുന്നു.

തന്റെ കമ്പനിയിൽ വാക്കാൽ മാത്രം പാർട്ണർ ആയി മാറിയ ജമാൽ സലിം ഹുസൈൻ കമ്പനിയിൽ നിന്ന് എടുത്തുകൊണ്ടുപോയ ചെക്കുകളിൽ എഴുതി ചേർത്ത തുകയാണ് പത്തുകോടിയോളം വരുന്ന ഈ തുക. അറബി പാർട്ണർ ആയി മാറിയപ്പോൾ ഗുണമാകുമെന്നു കരുതി അയാളെ വിശ്വസിച്ചപ്പോൾ കമ്പനിയുടെ കാശ് അടിച്ചു മാറ്റി തന്നെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കുകയാണ് അറബി ചെയ്തത്. എന്നിട്ട് എഷ്യാനെറ്റ് സഹായത്തോടെ വ്യാജവാർത്ത ചമച്ച് ഇപ്പോൾ തന്നെയും തന്റെ കുടുംബത്തേയും വ്യക്തിഹത്യ നടത്തുകയാണ്. ഈ വ്യക്തിഹത്യയ്ക്ക് മലയാളി ചാനൽ കൂട്ട് നിൽക്കുകയും ചെയ്യുന്നു.

വ്യാജ പാസ്‌പോർട്ട് എടുത്ത് അറബിയെ പറ്റിച്ച് മലയാളി ജാവിസ് മുങ്ങി എന്നാണ് ഏഷ്യനെറ്റ് വാർത്തയിൽ പറയുന്നത്. ഈ വ്യാജപാസ്പോർട്ട് തനിക്ക് എടുത്ത് തന്നതും തന്റെ വിമാനം കയറി രക്ഷപ്പെടാൻ സഹായിച്ചതും ഇതേ അറബി തന്നെയാണ്. ഈ അറബി തന്നെയാണ് ഇപ്പോൾ തനിക്ക് ജാവിസ് മാത്യു 10 കോടി നൽകാനുണ്ട് എന്ന് പറഞ്ഞു കോടതിയിൽ കേസും കൊടുത്ത് സഹായത്തിനായി എഷ്യാനെറ്റിനെ സമീപിച്ചിരിക്കുന്നത്. എന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു അറബി എന്ന് വരെ വാർത്തയിൽ വന്നില്ല.

പത്തു കോടി പറ്റിച്ച് മുങ്ങിയ തൃശൂർ സ്വദേശി ജാവിസ് മാത്യുവിനെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിലാണ് യുഎഇ പൗരനായ ജമാൽ എന്നാണ് വാർത്ത. പതിനഞ്ചോളം കേസിൽ പ്രതിയായ ജാവിസ് മാത്യു വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് ദുബായ് വിട്ടിരിക്കുന്നു. അറബിയെ പറ്റിച്ച് മലയാളി നാടുവിട്ടപ്പോൾ അറബിയും കുടുംബവും അതിജീവനത്തിനുള്ള പെടാപ്പാടിലാണ്. വാർത്ത പറയുന്നു. ഗൾഫ് നാടുകളിലുള്ള മലയാളികളെ ആകെ നാണം കെടുത്തിയിരിക്കുകയാണ് ജാവിസ് എന്നാണ് അവതാരകൻ പറയുന്നത്. യുഎഇയിലെ ഇന്ത്യാക്കാർക്ക് ആശ്രയമായ സ്വദേശി എന്നാണ് ജമാലിനെ വിശേഷിപ്പിക്കുന്നത്.

ജാവിസ് മാത്യു എന്ന മലയാളി കാരണം ജമാലിന് ഇന്നു ജോലിയുമില്ല, കൂലിയുമില്ല. തിരിഞ്ഞു നോക്കാൻ കൂടപ്പിറപ്പുകൾ കൂടിയില്ല.എല്ലാത്തിനും കാരണം മലയാളിയായ ജാവിസ് തന്നെ.സ്വന്തം വാർത്തയ്ക്ക് അടിവരയിട്ട് കൊണ്ട് എഷ്യാനെറ്റ് അവതാരകൻ പറയുന്നു. ചെക്ക് കേസിൽ കുടുങ്ങിയ ജാവിസിനെ രക്ഷപ്പെടുത്താനാണ് ആദ്യം ജാവിസിനെ ബന്ധപ്പെടുന്നത് എന്നാണ് ഏഷ്യനെറ്റ് വാർത്തയിൽ അറബി പറയുന്നത്. ഈ വാർത്തയ്ക്ക് എതിരെയാണ് ജേവിസ് രംഗത്ത് വന്നത്. സ്വന്തം കഥ ജേവിസ് മറുനാടൻ മലയാളിയോട് പറയുന്നത് ഇങ്ങിനെ:.

സുഹൃത്തിന് വേണ്ടി ആദ്യ കേസും അറസ്റ്റും

എന്റെ സുഹൃത്തിന് നൽകാനുള്ള കാശ് ഒരു മലയാളി നൽകാത്തപ്പോൾ സുഹൃത്തിന്റെ പ്രശ്‌നത്തിൽ ഇടപെട്ടു അയാളുടെ വണ്ടി താൻ തടഞ്ഞുവെച്ചു. മലയാളി തന്റെ വണ്ടി പിടിച്ചു വെച്ചു കിഡ്‌നാപ്പ് ചെയ്തു എന്ന് പറഞ്ഞു കേസ് കൊടുത്തപ്പോൾ ദുബായ് പൊലീസ് തന്നെയും ആ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ നിന്ന് സിഐഡിമാർ വിളിക്കുകയായിരുന്നു. എന്താണ് എന്ന് ചോദിച്ചപ്പോൾ വന്നിട്ട് പറയാം എന്നാണ് പറഞ്ഞത്. 13 വർഷം ദുബായിൽ നിന്നപ്പോൾ എന്റെ പേരിൽ വന്ന ആദ്യ കേസ്. ഈ കേസ് വരുന്നത് 2016ലാണ് എന്ന് ഓർക്കണം. ജമാൽ പറയുന്ന കമ്പനി 2011-ൽ ഞാൻ ആരംഭിച്ചതാണ്. കേസ് വരുന്നത് 2016 ലും. ജയിലിൽ നിന്ന് ഇറങ്ങാനാണ് താൻ അറബിയായ ജമാലിന്റെ സഹായം തേടിയത്.

ദുബായിൽ സുപ്പർ മാർക്കറ്റ് നടത്തി പൊളിഞ്ഞുപോയ ഒരാളാണ് ഇയാളുടെ നമ്പർ നൽകിയത്. അയാളെയും ഈ അറബി തന്നെയാണ് പെടുത്തിയത്. പക്ഷെ തത്ക്കാലം ജയിലിൽ നിന്നും ഇറങ്ങാൻ ഈ അറബിയുടെ സഹായം മതി എന്നാണ് എന്റെ ആ സുഹൃത്ത് പറഞ്ഞത്. ജയിലിലെ ഫോണിൽ നിന്നാണ് ഞാൻ ജമാലിനെ വിളിക്കുന്നത്. 85000 ദിർഹംസ് ആണ് ജമാൽ ആവശ്യപ്പെട്ടത്. കമ്പനി അക്കൗണ്ടിൽ നിന്നും കാശ് എടുത്താണ് ഞാൻ ജമാൽ എന്ന ഈ അറബിക്ക് നൽകിയത്. അതിന്റെ ബാങ്ക് ഡിറ്റൈൽസ് വരെ എന്റെ കയ്യിലുമുണ്ട്. എന്റെ ഡ്രൈവർ ആണ് ഈ അറബിയുടെ കയ്യിൽ കൊണ്ട് വന്നു കാശ് നൽകുന്നത്. ഇതാണ് യാഥാർഥ്യം. ആ കേസിൽ ജമാൽ ഞങ്ങളെ സഹായിച്ചു. അതിനു ശേഷമാണ് ജമാലും ഞാനും തമ്മിൽ ബന്ധം വരുന്നത്.എന്നാൽ ഏഷ്യാനെറ്റ് വാർത്തയിലോ നേർ വിപരീതമായ കാര്യവും.

അറബി സ്വന്തം ചെലവ്ക്കായി തന്നെ ഊറ്റി

വാർത്തയിൽ ആദ്യം പറയുന്ന കാര്യം തന്നെ കളവാണ്. താൻ രക്ഷപ്പെടാൻ അറബിയുടെ കാലു പിടിച്ചു എന്നാണ് വാർത്ത പറയുന്നത്. എന്നാൽ അറബി സ്വന്തം ചെലവ്ക്കായി തന്നെ ഊറ്റുകയാണ് ചെയ്തത്. വിമാന ടിക്കറ്റ്, ആഡംബര വാഹനങ്ങൾ, ഹോട്ടലുകളിലെ താമസം. അറബിയുടെ വീട്ടിലെ ഫുഡ് വരെ പലപ്പോഴും താനാണ് സ്‌പോൺസർ ചെയ്തത്. എല്ലാ ആഴ്ചയിലും ഒരു വണ്ടി സാധനമാണ് ജമാലിന്റെ വീട്ടിലേക്ക് ഞാൻ വാങ്ങി നൽകിയത്. കമ്പനി അറബിക്കല്ല, തന്റെ കമ്പനിയിൽ അറബി വന്നു പാർട്ണർ ആയി ചേരുകയാണ് ചെയ്തത്. വാർത്ത നൽകുമ്പോൾ അതിന്റെ പിന്നിലെന്ത് എന്ന് അന്വേഷിക്കാതെ വാർത്ത നൽകി ഏഷ്യാനെറ്റ് മലയാളികളെ ചതിക്കുകയാണ് ചെയ്തത്. അറബിയുടെ ഭാര്യ വാർത്തയിൽ പറയുന്നു.

തന്റെ കയ്യിൽ നിന്ന് ജാവിസിന്റെ ഭാര്യ അടുപ്പം ചൂഷണം ചെയ്ത് പണം തട്ടി എന്ന്. ജോലിയും കൂലിയും പോലുമിലാത്ത അറബിയുടെയും കുടുംബത്തിന്റെ കയ്യിൽ എവിടെ കാശിരിക്കുന്നു. എല്ലാം തന്റെ കമ്പനിയുടെ പണം. അത് എല്ലാം ഊറ്റിയത് അറബിയും കുടുബവും. ഒടുവിൽ തന്റെ കമ്പനി സ്വന്തമാക്കി. തന്റെ കമ്പനി എന്ന് അറബി പറയുന്ന ആ കമ്പനിയുടെ ലൈസൻസ് ആരുടെപേരിലാണ് എന്ന് നോക്കട്ടെ. അദ്ദേഹത്തിന്റെ അറിവിലേക്ക് ആയി പറയുകയാണ്. ആ ലൈസൻസ് എന്റെ പേരിലാണ്. ആ കമ്പനി സ്വന്തമാക്കി വരുമാനം അടിച്ചു മാറ്റാനാണ് അറബി വ്യാജ പാസ്‌പോർട്ട് വഴി തന്നെ നാടുകടത്തിയത്. എന്നിട്ട് എല്ലാം തന്റെ പേരിലിട്ടു തന്നെ തട്ടിപ്പുകാരനായി മുദ്ര കുത്തിയിരിക്കുന്നു.

എന്റെ അച്ഛനും അമ്മയും ദുബായിൽ തന്നെയാണ്. അവർ അവിടെ ബിസിനസ് നടത്തുകയാണ്. ഞാൻ ആറാം ക്ലാസ് മുതൽ ദുബായിലാണ്. എന്റെ പഠനവും അവിടെത്തന്നെയാണ് നടന്നത്. ഗൾഫിന്റെ മുക്കും മൂലയും അതുകൊണ്ട് തന്നെ എനിക്ക് സുപരിചിതമാണ്. അച്ഛന് സ്വന്തമായി ബിസിനസ് ഉണ്ട്. അച്ഛൻ ആ ബിസിനസിൽ ശ്രദ്ധിക്കാനാണ് എന്നോടു പറഞ്ഞത്. പക്ഷെ ഞാൻ തയ്യാറായില്ല. ഞാൻ ആദ്യം എമിരേറ്റ്‌സ് എന്ന കമ്പനിയിൽ ജോലിക്ക് കയറി.അത് കഴിഞ്ഞു ഹോൾമാർക്ക് എന്ന കമ്പനിയിൽ കയറി.

അതിനു ശേഷം ഒരു പരസ്യ കമ്പനിയിൽ രണ്ടു വർഷം ജോലി ചെയ്തു. അതിനു ശേഷം സ്വന്തമായി പരസ്യ കമ്പനി ആരംഭിക്കുകയായിരുന്നു. എന്റെ കസിൻസും സുഹൃത്തുക്കളും സഹായിച്ചതിനാലാണ് കമ്പനി തുടങ്ങാൻ കഴിഞ്ഞത്. 2011-ലാണ് പരസ്യകമ്പനി ഞാൻ തുടങ്ങിയത്. പരസ്യ കമ്പനി എന്ന് പറഞ്ഞാൽ മെഷീനുകൾക്ക് വില വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ഞാൻ തേടിയത്. അന്നൊന്നും ഈ ജമാലിനെ ഞാൻ അറിയുകകൂടിയില്ല. ഒരു മെഷീനിന് തന്നെ 10-15 ലക്ഷം രൂപ വരും. അങ്ങിനത്തെ പത്ത് പതിനഞ്ചു മെഷീനുകൾ ഉള്ള കമ്പനിയാണിത്.

2011-ൽ ഞാൻ ആരംഭിച്ചത്, വന്നത് പടിപടിയായിയുള്ള വളർച്ച

ഞാൻ 2011-ൽ ആരംഭിച്ച ഈ കമ്പനിയാണ് ജമാൽ അദ്ദേഹത്തിന്റെത് എന്ന് പറയുന്നത്. ഐഡിയസ് അഡൈ്വടൈംസിങ് എന്നായിരുന്നു കമ്പനിയുടെ പേര്. ഒരു വെയർഹൗസ് വാടകയ്ക്ക് എടുത്താണ് കമ്പനി മുന്നോട്ട് പോയത്. 3000 സ്‌കയർ ഫീറ്റ് ഉണ്ടായിരുന്ന വേർഹൗസ് ആണിത്. ജമാൽ അദ്ദേഹത്തിന്റെത് ഇപ്പോൾ പറയുന്ന കമ്പനിയിലെ ജീവനക്കാരെ 2011-ൽ ഞാൻ നിയമിച്ചവരാണ്. എല്ലാം മലയാളികൾ ആയിരുന്നു. പ്രമുഖ കമ്പനികളുടെ വർക്ക് എനിക്ക് ലഭിച്ചു. നല്ല രീതിയിൽ വരുമാനവും ലഭിച്ചു. പതിനൊന്നു വണ്ടികൾ എനിക്ക് അവിടെ സ്വന്തമായിട്ടുണ്ടായിരുന്നു. 2015 അവസാനം വരെ ഈ വെയർഹൗസിലാണ് തങ്ങിയത്. 1,80,000 ദിർഹംസ് ആണ് വെയർഹൗസ് വാടക. അറബി വരും വരെ ദുബായിൽ ടോപ്പ് ലെവലിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കമ്പനിയായിരുന്നു അത്. വളരെ കുറഞ്ഞ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്ന അറബിയാണിത്. അതിനാലാണ് ഞാൻ അറബിയെ സഹായിച്ചത്.

അറബിയെ പാർട്ട്ണറാക്കി; നാശം തുടങ്ങി

വിവിധ ഭാര്യമാരും കുട്ടികളും അറബിയെ ചുറ്റിപ്പറ്റിയുണ്ട്. അറബി യുഎഇ പൗരനാണ്. എനിക്ക് ആണെങ്കിൽ കുറെ ബിൽ തുകകൾ കിട്ടാനുണ്ട്. അപ്പോൾ ജമാലിന് ഈ ബിൽ തുകകൾ കളക്റ്റ് ചെയ്താൽ കമ്മിഷൻ നൽകാം എന്ന് പറഞ്ഞു. സ്വദേശികൾക്ക് അവിടെ പ്രാമുഖ്യവും ഇത്തരം തുകകൾ പെട്ടെന്ന് കലക്ടു ചെയ്യാൻ കഴിയുന്ന സാഹചര്യവുമുണ്ട്. അങ്ങിനെയാണ് ജമാൽ എന്റ്‌റെ ഓഫീസിൽ വന്നു തുടങ്ങുന്നത്. എമിരേറ്റ്‌സ് ഇസ്ലാമിക് ബാങ്കിലും എഡിബിഐ ബാങ്കിലും എനിക്ക് ലോൺ ഉണ്ടായിരുന്നു. രണ്ടു ലക്ഷത്തിൽ താഴെയുള്ള ലോണുകൾ ആയിരുന്നു അത്. ഈ ലോണുകൾ ഞാൻ ക്ലോസ് ചെയ്ത് തരാം എന്ന് പറഞ്ഞു. കമ്പനിയുടെ 50 ശതമാനം ഷെയർ എനിക്ക് തരുമോ എന്ന് ചോദിച്ചു. എനിക്ക് ഒരു പാർട്ണർ ഉണ്ട്. അയാളെ ഒഴിവാക്കാൻ ജമാൽ എന്നെ നിർബന്ധിച്ചു. ഒടുവിൽ നിർബന്ധം സഹിക്കാൻ കഴിയാതെ അയാളെ ഞാൻ ഒഴിവാക്കി. ആറുമാസം കഴിഞ്ഞു ഒരു ലക്ഷം ദിർഹംസ് വെച്ച് ഞാൻ അയാൾക്ക് നൽകാം എന്ന് പറഞ്ഞു ഒടുവിൽ ആ പാർട്ണറെ ഞാൻ ഒഴിവാക്കി. കരാർ എഴുതാൻ പറഞ്ഞു.

അങ്ങിനെ കരാർ പ്രകാരം പാർട്ണറെ ഞാൻ ഒഴിവാക്കി. ബാധ്യതകൾ കൂടി വന്നപ്പോൾ കുറച്ചു കൂടി മിഷൻ വാങ്ങുന്ന കാര്യം ഞാൻ ജമാലിനോട് പറഞ്ഞു. അങ്ങിനെ രണ്ടു മെഷീൻ ജമാൽ വാങ്ങിത്തന്നു. പിന്നീട് ഞാൻ വേറെ വെയർഹൗസ് വാടകയ്ക്ക് എടുത്തു. കമ്പനി അങ്ങോട്ട് ചെയ്ഞ്ച് ചെയ്തു. 20000 ദിർഹംസ് ഞാൻ നൽകാം കമ്പനിയിൽ ജോലി ചെയ്യാൻ ഞാൻ ജമാലിന് അനുവാദം നൽകി. ഫ്‌ളാഗ് പ്രിന്റിങ് മെഷീൻ, ലേസർ മെഷീൻ, റൗട്ടർ എന്നിവ ജമാൽ വാങ്ങി നൽകി. ആ മെഷീനിലെ വരുമാനത്തിൽ 60 ശതമാനം ഷെയർ നൽകണം എന്ന് പറഞ്ഞു. ഞാൻ അത് സമ്മതിച്ചു. കമ്പനിയിൽ പണം വരുന്നത് കണ്ടതോടെ ജമാലിന്റെ ആവശ്യങ്ങൾ കൂടി. പണം ജമാൽ ആവശ്യപ്പെടാൻ തുടങ്ങി. ഷെയറിൽ നിന്നും കട്ട് ചെയ്യാൻ പറഞ്ഞു. എനിക്ക് അത്യാവശ്യം ഉണ്ട് എന്ന് പറഞ്ഞു. ഇതോടെ പണം കൂടുതൽ ആയി ജമാലിന്റെ കയ്യിൽ പോകാൻ തുടങ്ങി. ഭാര്യ ഈ കാര്യം മനസിലാക്കി ജമാലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. കരാർ ഇല്ലാ എന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഈ കാര്യം എന്നോടു പറഞ്ഞത്.പക്ഷെ ഞാൻ ജമാലിനെ വിശ്വസിച്ചു. ഇതോടെയാണ് എന്റെ അധപതനം തുടങ്ങുന്നത്.

സുഹൃത്തിന് വേണ്ടി തന്നെ രണ്ടാം കേസും അറസ്റ്റും

ഇതിന്നിടയിൽ എന്റെ സുഹൃത്ത് നാട്ടിലേക്ക് പണം അയക്കാൻ എന്നെ ഏൽപ്പിച്ചിരുന്നു. ആ പണം കിട്ടുന്നത് വരെ എന്റെ ഒരു ചെക്ക് കയ്യിൽ വാങ്ങി വെച്ചിരുന്നു. ആവശ്യം കഴിഞ്ഞപ്പോൾ സുഹൃത്തിൽ നിന്നും ചെക്ക് വാങ്ങാൻ ഞാൻ മറന്നു. ഈ സുഹൃത്ത് എന്റെ ചെക്ക് നൽകി ഒരാളിൽ നിന്നും പലിശയ്ക്ക് പണം വാങ്ങി. നാല് ലക്ഷത്തോളം രൂപയാണ് അവൻ വാങ്ങിച്ചത്. കാശ് നൽകാത്തപ്പോൾ എന്റെ പേരിൽ കേസ് വന്നു. ഇതോടെ ജമാൽ തന്ത്രപരമായി നീങ്ങി. എന്നെ ഭീഷണിപ്പെടുത്തി പുറം ലോകം കാണാൻ കഴിയില്ലാ എന്നാണ് പറഞ്ഞത്. ഈ കേസിൽ ഞാൻ വീണ്ടും അറസ്റ്റിലായി. ജയിലിൽ കിടന്നു. ജാമ്യത്തിൽ പിന്നീട് ഇറങ്ങി. പിന്നീട് ഒരു ചെക്ക് കേസ് വന്നു. ഇതോടെ ഇതുവെച്ച് ജമാൽ വിലപേശി. ചെക്ക് കേസ് പ്രശ്‌നമാണ്. സിഐഡി എന്നെ വിളിച്ചു. നിന്നെ അറസ്റ്റ് ചെയ്യും. കമ്പനിയിൽ എനിക്ക് വരാൻ കഴിയാത്ത അവസ്ഥയായി. ക്രെഡിറ്റിൽ സാധനങ്ങൾ വാങ്ങുമ്പോൾ അത് മുടങ്ങിയാൽ ചെക്ക് കേസ് വരും.

ഇത്തരം കേസുകളാണ് ഈ ഘട്ടത്തിൽ വിനയായത്. പാസ്‌പോർട്ട് ദുബായ് കോടതിയിൽ ആണെന്ന് ജമാലിന് അറിയാവുന്നതാണ്. ഒന്നര ലക്ഷം രൂപ നൽകിയാൽ വ്യാജപാസ്‌പോർട്ട് വഴി നാട്ടിലേക്ക് കടത്തിവിടാം എന്നു ജമാൽ തന്നെയാണ് എന്നോടു പറഞ്ഞത്. ഒരു പാക്കിസ്ഥാനീ വഴി ഈ കാര്യങ്ങൾ ചെയ്തു തരാം എന്ന് എന്നോടു പറഞ്ഞത് ജമാൽ തന്നെയാണ്. കമ്പനി വിറ്റ് ആ പണം എന്റെ പേരിൽ അയക്കണം എന്നും ജമാലിനോട് ഞാൻ പറഞ്ഞിരുന്നു.മൂന്നു ദിവസം കൊണ്ടാണ് ജമാൽ വ്യാജ പാസ്‌പോർട്ട് എനിക്ക് ഒപ്പിച്ചു തന്നത്. ദുബായിൽ നിന്നും എന്നെ ഒമാനിലേക്ക് കടത്തി. ഒമാനിൽ നിന്നും മസ്‌ക്കറ്റിലേക്ക് വന്നു. അവിടെ നിന്ന് ദോഹ വഴി ചെന്നൈ എയർപോർട്ടിലേക്ക് കടത്തി. ഞാൻ നേരെ ചെന്നൈ പാസ്‌പോർട്ട് ഓഫീസിൽ എത്തി. പാസ്‌പോർട്ട് ഓഫീസറെ കണ്ടു. കീഴടങ്ങി. അതുകൊണ്ട് തന്നെ ഈ കേസിൽ എനിക്ക് ചെന്നെ സെൻട്രൽ ജയിലിൽ 15 ദിവസം കിടക്കേണ്ടിയും വന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി. ഈ കാര്യത്തിൽ ചെന്നെയിൽ ജമാലിന് എതിരെ ഞാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

എന്റെ കമ്പനി ചെക്കിൽ കാശ് എഴുതി ജമാൽ കോടതിയിൽ നൽകി

ഞാൻ നൽകിയ ചെക്കിൽ തുക എഴുതി തനിക്ക് പണം നൽകാനുണ്ടെന്നു പറഞ്ഞു ജമാൽ ദുബായി കോടതിയിൽ കേസ് നൽകി.ഈ കാര്യത്തിൽ ഉള്ള ഇന്റർ നാഷണൽ അറസ്റ്റ് വാറണ്ട് ആയാണ് കൊച്ചിയിൽ ജമാൽ എന്നെ കൊച്ചിയിൽ തിരഞ്ഞു വന്നത്. പൊലീസ് എന്നെ വിളിച്ചു പറഞ്ഞു. ജമാലിന്റെ കയ്യിലെ അറസ്റ്റ് വാറണ്ട് വച്ച് ഒന്നും ചെയ്യാൻ കഴിയില്ല. അറസ്റ്റ് ചെയ്താൽ ജമാൽ ജാമ്യത്തിൽ ഇറങ്ങും. അതിനാൽ നിങ്ങൾ സെറ്റിൽ ചെയ്യണം എന്ന് പറഞ്ഞു. കൊച്ചി അബാദ് പ്ലാസയിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. പൊലീസ് ആണ് പറഞ്ഞത് നിങ്ങൾ കാശ് നൽകാം എന്ന് പറഞ്ഞു അറബിയെ പറഞ്ഞു വിടാൻ പറഞ്ഞു.

അത് പ്രകാരമാണ് ഇല്ലാത്ത പണം ആയിട്ട് കൂടി ജമാലിന് ഞാൻ പണം നൽകാം എന്ന് പറയുന്നത്. അതിന്റെ വീഡിയോ ആണ് ഞാൻ പണം നൽകാനുണ്ട് എന്ന് പറഞ്ഞു ജമാൽ ഏഷ്യാനെറ്റ് ലേഖകന് നൽകിയത്. പണം നൽകാനുണ്ട് എന്ന് പറഞ്ഞു മുദ്രപത്രത്തിൽ ഒപ്പിടാൻ പറഞ്ഞു. ഒപ്പിടില്ല എന്ന് ഞാൻ തീർത്ത് പറഞ്ഞു. എന്റെ നാട്ടിലെ ചെക്ക്, ബ്ലാങ്ക് ചെക്ക് നൽകിയിട്ടുണ്ട്. പക്ഷെ ഏഷ്യാനെറ്റ് ലേഖകന് ജമാൽ കാണിച്ച ചെക്ക് എന്റെ കമ്പനിയിൽ നിന്ന് എടുത്തുകൊണ്ട് പോയ ബ്ലാങ്ക് ചെക്ക് ആണ്. അതിലെ ഒപ്പ് കൂടി എന്റേതല്ല. ജമാൽ ഇപ്പോൾ ആരോപിക്കുന്ന എല്ലാ കാര്യങ്ങളും തെളിയിക്കാൻ എന്റെ കയ്യിൽ ഡോക്യുമെന്റ് ഉണ്ട്. ഇപ്പോൾ ചെറിയ മുടിവെട്ടുന്ന കട നടത്തിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. പക്ഷെ ഏഷ്യാനെറ്റ് വാർത്ത കണ്ടു ഇപ്പോൾ ആളുകൾ കരുതുകയാണ്, ഞാൻ തട്ടിപ്പ്കാരനാണെന്ന്. ഇതാണ് നിലവിലെ അവസ്ഥ-ജേവിസ് പറയുന്നു.

അന്നേ മുന്നറിയിപ്പ് നൽകി; ഭർത്താവ് മുഖവിലയ്ക്ക് എടുത്തില്ല: ശില്പ

അറബിയുടെ രീതികളിൽ എനിക്ക് സംശയം തോന്നിയിരുന്നു.ഞങ്ങളുടെ കാശാണ് അയാൾ അടിച്ചു മാറ്റിക്കൊണ്ടിരുന്നത്. കമ്പനി തന്നെ അടിച്ചു മാറ്റാനാണ് അയാളുടെ പരിപാടി എന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞു. ഒന്നും ഭർത്താവ് മുഖവിലയ്ക്ക് എടുത്തില്ല-ജാവിസിന്റെ ഭാര്യ ശില്പ മറുനാടനോട് പറഞ്ഞു. അയാൾ ഭർത്താവ് തന്റെ സഹോദരൻ എന്നാണ് എന്നോടു പറഞ്ഞത്. ഞാൻ വിശ്വസിച്ചില്ല. അയാൾ ഒരു കുബുദ്ധിയാണെന്ന് എനിക്ക് തോന്നി. അറബിയുടെ ഭാര്യയെ എനിക്ക് അറിയാം.സ്വന്തമായി അവർക്ക് കാശില്ല. ഇല്ലാത്ത കാശ് അവർ എവിടെ നിന്നും എനിക്ക് നൽകും. എന്റെ മാതാപിതാക്കളോടു പോലും ഞാൻ കാശ് വാങ്ങിയിട്ടില്ല. പിന്നെയാണ് ഒരു പണവുമില്ലാത്ത അറബിയുടെ ഭാര്യയിൽ നിന്ന്. എല്ലാം കളവാണ്. ഈ കളവ് അവർക്ക് എങ്ങിനെ പറയാൻ തോന്നി എന്നാണ് ഞാൻ ആലോചിക്കുന്നത്. ആ വീഡിയോയിൽ പറയുന്നു, കുട്ടികളെ പഠിപ്പിക്കാൻ കാശില്ല എന്നത്. അറബികൾക്ക് അവിടെ സൗജന്യ വിദ്യാഭ്യാസമാണ്. പിന്നെ കുട്ടികളെ പഠിപ്പിക്കാൻ കാശില്ലെന്ന് പറയും. മുഴുവൻ കളവാണ്. ഞങ്ങളുടെ കുട്ടികളുടെ പഠനമാണ് ഇപ്പോൾ വാർത്ത കാരണം മുടങ്ങിയിരിക്കുന്നത്-ശില്പ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP