Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ ചോദ്യങ്ങൾക്കും ഷാജു ഉത്തരം പറഞ്ഞത് ഒന്നും ഒളിച്ചു വയ്ക്കാതെ; ജാഗ്രത കുറവും പിഴവുകളും ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ചു; ജോളിയുടെ രഹസ്യ ജീവിതത്തെ കുറിച്ച് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ലെന്ന് ബോധ്യമായപ്പോൾ വിട്ടയയച്ചു; ആകെ എർപ്പെടുത്തിയ നിബന്ധന എവിടെ പോയാലും പറയണമെന്ന് മാത്രം; ഷാജു എല്ലാം സമ്മതിച്ചെന്ന വാർത്ത മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തതയില്ല; ഒടുവിൽ പൊലീസ് നീങ്ങുന്നത് ജോളിയും മാത്യുവും മാത്രം ചേർന്നൊരുക്കിയ കൂട്ടക്കൊലയെന്ന നിഗമനത്തിലേക്ക്

എല്ലാ ചോദ്യങ്ങൾക്കും ഷാജു ഉത്തരം പറഞ്ഞത് ഒന്നും ഒളിച്ചു വയ്ക്കാതെ; ജാഗ്രത കുറവും പിഴവുകളും ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ചു; ജോളിയുടെ രഹസ്യ ജീവിതത്തെ കുറിച്ച് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ലെന്ന് ബോധ്യമായപ്പോൾ വിട്ടയയച്ചു; ആകെ എർപ്പെടുത്തിയ നിബന്ധന എവിടെ പോയാലും പറയണമെന്ന് മാത്രം; ഷാജു എല്ലാം സമ്മതിച്ചെന്ന വാർത്ത മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തതയില്ല; ഒടുവിൽ പൊലീസ് നീങ്ങുന്നത് ജോളിയും മാത്യുവും മാത്രം ചേർന്നൊരുക്കിയ കൂട്ടക്കൊലയെന്ന നിഗമനത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മാസ്റ്റർ ബ്രെയിൻ ജോളി തന്നെ. ജോളിയും കുടുംബ സുഹൃത്തായ മാത്യുവും ചേർന്നാണ് എല്ലാ പദ്ധതിയും തയ്യാറാക്കിയത്. ഇതിൽ പലരും മൂക സാക്ഷികളായി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനേയും ഭീഷണിപ്പെടുത്തി കൂടെ നിർത്തി. അതുകൊണ്ട് തന്നെയാണ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഷാജുവിനെ വിട്ടയച്ചത്. അന്വേഷണത്തിനു നേതൃത്വം നൽകുന്ന കോഴിക്കോട് റൂറൽ എസ്‌പി കെ.ജി. സൈമണാണ് ഇക്കാര്യം അറിയിച്ചത്. ജില്ല വിട്ടു പോകുമ്പോൾ പൊലീസിനെ അറിയിക്കണമെന്ന നിർദ്ദേശം സഹിതമാണ് ചോദ്യം ചെയ്യലിനു ശേഷം ഷാജുവിനെ വിട്ടയച്ചത്. ഷാജുവിനെ വിശദമായി ചോദ്യം ചെയ്‌തെന്നും എല്ലാ മൊഴികളും റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും എസ്‌പി വ്യക്തമാക്കി. മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്തു നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ അനുമതി ലഭിച്ചെന്നു എസ്‌പി പറഞ്ഞു.

സിലിയെയും മകളെയും കൊലപ്പെടുത്താൻ ജോളിയെ സഹായിച്ചതായി ഷാജു സമ്മതിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കൊലപാതക വിവരം പിതാവ് സക്കറിയയ്ക്ക് അറിയാമെന്നു ഷാജു മൊഴി നൽകിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇതൊന്നും ശരിയില്ലെന്നാണ് സൂചന. കൊലപാതകങ്ങളിൽ ഷാജുവിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ല. എന്നാൽ ജോളിക്കും മാത്യുവിനും എതിരെ നിരവധി തെളിവ് കിട്ടി. അതുകൊണ്ട് കൂടിയാണ് ഷാജുവിനെ വിട്ടയച്ചത്. എല്ലാ ചോദ്യങ്ങൾക്കും ഷാജു ഉത്തരം പറഞ്ഞത് ഒന്നും ഒളിച്ചു വയ്ക്കാതെയാണ്. തനിക്കുണ്ടായ ജാഗ്രത കുറവും പിഴവുകളും എറ്റു പറഞ്ഞ് പശ്ചാത്തപിക്കുകയും ചെയ്തു. ജോളിയുടെ രഹസ്യ ജീവിതത്തെ കുറിച്ച് ഒരു എത്തും പിടിയും ഷാജുവിനു ഉണ്ടായിരുന്നില്ലെന്ന് ബോധ്യമായപ്പോഴാണ് പൊലീസ് ഷാജുവിനെ വിട്ടയയച്ചത്. ഷാജു എല്ലാം സമ്മതിച്ചെന്ന വാർത്തകൾ മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തതയില്ലെന്നും പൊലീസ് പറയുന്നു. ഒടുവിൽ പൊലീസ് നീങ്ങുന്നത് ജോളിയും മാത്യുവും മാത്രം ചേർന്നൊരുക്കിയ കൂട്ടക്കൊലയെന്ന നിഗമനത്തിലേക്കെന്നാണ് ലഭിക്കുന്ന സൂചന.

2014 മെയ്‌ 3-നാണ് ഷാജുവിന്റെ മകൾ ആൽഫൈൻ ഷാജു മരിച്ചത്. സഹോദരന്റെ ആദ്യകുർബാന ദിവസം രാവിലെ ഇറച്ചിക്കറിയിൽ മുക്കിയ ബ്രഡ് കഴിച്ചതിനു പിന്നാലെ കണ്ണുകൾ പുറത്തേക്കുന്തി ബോധരഹിതയായി. ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. ഷാജുവിന്റെ ഭാര്യ സിലി മരിച്ചത് 2016 ജനുവരി 11-നാണ്. അന്നേദിവസം ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കൊല്ലപ്പെട്ട റോയി തോമസിന്റെ ഭാര്യയായിരുന്ന ജോളിക്കൊപ്പമാണു സിലി താമരശേരിയിലെത്തിയത്. സിലിയുടെ മൂത്തമകനും ജോളിയുടെ മകനും ഇവർക്കൊപ്പമുണ്ടായിരുന്നു. വിവാഹസൽക്കാരം അവസാനിച്ചതിനു ശേഷം ഇരുവരും താമരശേരി ടൗണിലേത്തി. ഈ സമയം ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കാനായി ഇവർ 3 പേരും മക്കളും കൂടി പോയി.

ഷാജു ഡോക്ടറെ കാണാനായി അകത്തു കയറിയപ്പോൾ സിലിയും ജോളിയും പുറത്തു വരാന്തയിൽ കാത്തിരുന്നു. ഇവിടെ വച്ചു സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സിലി മരിച്ചു. ഒരു വർഷത്തിനു ശേഷം 2017 ഫെബ്രുവരി ആറിനാണ് സിലിയുടെ ഭർത്താവ് ഷാജുവും റോയ് തോമസിന്റെ ഭാര്യ ജോളിയും പുനർവിവാഹിതരായത്. ഇതാണ് സംശയങ്ങൾക്ക് ഇട നൽകിയത്. എന്നാൽ അറിയാവുന്ന എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ചിനോടു പറഞ്ഞെന്നു ഷാജു പറയുന്നു. മാധ്യമങ്ങളിൽ വന്നത് വ്യാജമാണെന്ന് പറഞ്ഞിട്ടില്ലെന്നും ഷാജു പറഞ്ഞു. ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു. സ്വകാര്യ ബസിലായിരുന്നു ഷാജുവിന്റെ മടക്കയാത്ര. എവിടെ പോയാലും പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഷാജുവിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ജോളിയെ ചോദ്യം ചെയ്തപ്പോൾ ഷാജുവും ഒപ്പമുണ്ടായിരുന്നു. എല്ലാ മൊഴികളും റെക്കോർഡ് ചെയ്തു. മൊഴികൾ വിലയിരുത്തിയശേഷം തുടർനടപടിയെടുക്കും.

ജോളി തന്നെ ചതിക്കുകയായിരുന്നു. കൊല ചെയ്യാൻ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചാരണം തന്നെ കുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. തനിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണിത്. റോയിയുടെ ബന്ധുക്കളുടെ പ്രസ്താവനകളും സംശയം ബലപ്പെടുത്തുന്നതാണെന്നും ഷാജു പറഞ്ഞു. ജോളിയുടെ കൂടെ ഒരാളെ കൂടി കിട്ടണമെന്ന താൽപര്യമാണ് തനിക്കുമുള്ളത്. ജോളിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. എൻഐടിക്കു സമീപത്തെ ബ്യൂട്ടി പാർലറുമായുള്ള ഇടപാടുകളും അറിയില്ല. സാമ്പത്തിക ഇടപാടുകളെപ്പറ്റിയും വിവരങ്ങളൊന്നും ജോളി പങ്കുവച്ചിട്ടില്ല. മരിച്ച ആൽഫൈന്റെ പോസ്റ്റ്‌മോർട്ടം നടത്തേണ്ടതായിരുന്നെന്നും ഷാജു പറഞ്ഞു. ഭക്ഷണം നെറുകയിൽ കയറിയതാകാം മരണകാരണമെന്നായിരുന്നു കരുതിയത്. അമ്മയ്ക്ക് ചിക്കൻ പോക്‌സ് വന്നതിന്റെ സംശയവുമുണ്ടായിരുന്നു. പിഞ്ചുകുഞ്ഞായിരുന്നതിനാലാണ് പോസ്റ്റ്‌മോർട്ടം ഒഴിവാക്കിയത്. പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നെങ്കിൽ ഈ ദുരൂഹത ഉണ്ടാകില്ലായിരുന്നു.

ഭാര്യ സിലിക്ക് ജോളിക്കൊപ്പം ചേർന്നു താൻ അന്ത്യചുംബനം നൽകിയ ഫോട്ടോയിൽ തെറ്റായൊന്നുമില്ലെന്നും അതിനെ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും ഷാജു പറഞ്ഞു. അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. ജാഗ്രതയോടെ ജീവിച്ചില്ലെങ്കിൽ തന്റെ അവസ്ഥ എല്ലാവർക്കും ഉണ്ടാകാം. തനിക്ക് ജാഗ്രതക്കുറവുണ്ടായി. ജാഗ്രതയോടെ ജീവിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ ആസൂത്രണത്തിനും അവരുടെ ബുദ്ധിക്കും അനുസരിച്ചായിരിക്കും ജീവിതമെന്നും ഷാജു കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള മൊഴിയാണ് ക്രൈംബ്രാഞ്ചിനും ഷാജു നൽകിയത്. ഇത് പ്രാഥമികമായി പൊലീസ് വിശ്വസിക്കുകയാണ്. ജോളിയും മാത്യുവും ചേർന്ന് നടത്തിയ കൊലപാതങ്ങളിൽ ഷാജു മൂക സാക്ഷിയായെന്നാണ് സൂചന. ഇതുകൊണ്ടാണ് ഷാജുവിനെ വിട്ടിയയ്ക്കുന്നത്. ഇതിനൊപ്പം കൊലപാതക പരമ്പരകളിൽ മൂന്നാമതായി മരിച്ച റോയിയുടെ കൊലപാതക കേസിലാണ് ഇപ്പോൾ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഷാജുവിനെ ബന്ധിപ്പിക്കാൻ ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഷാജുവിനെ വിട്ടയയ്ക്കുന്നത്.

നേരത്തെ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ നിരവധി വിശദീകരണങ്ങൾ പൊലീസിന് ആവശ്യമായിരുന്നു, അവ ചോദിച്ചറിയാനാണ് ഷാജുവിനെ വിളിച്ച് വരുത്തിയത്. കേസിലെ എല്ലാ പഴുതുമടച്ച് മാത്രം മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. പൊലീസിനോട് കുറ്റം സമ്മതിച്ച് മൊഴി കൊടുത്തിട്ടില്ലെന്നും ഭാര്യയുടെയും കുഞ്ഞിന്റെയും മരണങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൊലപാതകമാണെന്ന് അറിയാമായിരുന്നുവെങ്കിലും അത് പൊലീസിനെ അറിയിക്കാതെ മറച്ചു വച്ചെന്ന് ഷാജു പൊലീസിനോട് പറഞ്ഞെന്നുമാണ് വിവരം. ''വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. കൊലപാതകങ്ങളിൽ എനിക്കും പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറയുന്നത് പ്ലോട്ടാണ്. ജോളിയുടെ പൂർണമായ പ്ലോട്ടാണ്. ഇപ്പോഴീ കുറ്റത്തിലും കേസിലും അവൾ ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നത്'', ഷാജു പറയുന്നു. ജോളിക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്നൊന്നും അറിയില്ലെന്നും ഷാജു പറഞ്ഞു.

അതിനിടെ കൂടത്തായിലെ കൂട്ടക്കൊലപാതകങ്ങളിൽ അറസ്റ്റിലായ ജോളിയുടെ കൃത്യം ഞെട്ടലുണ്ടാക്കിയെന്ന് പൊന്നാമറ്റം തറവാട്ടിലെ വീട്ടുജോലിക്കാരി ഏലിയാമ്മ പറഞ്ഞു. മരണങ്ങളിൽ അസ്വാഭാവികതയുണ്ടായിരുന്നില്ല. ജോളിയും വീട്ടുകാരും തമ്മിൽ തർക്കങ്ങളും ഇല്ലായിരുന്നു. ജോളി തന്നോട് അങ്ങേയറ്റം സ്‌നേഹത്തോടെയാണ് പെരുമാറിയത്. റോയിയുടെ മരണശേഷം ജോളിയും ഷാജുവും വിവാഹം കഴിക്കുന്നത് തന്നെ അറിയിച്ചിരുന്നു. ഇതറിഞ്ഞ് താൻ പങ്കെടുക്കാൻ എത്തുകയും ചെയ്തു. എന്നാൽ ചടങ്ങിനെത്തിയ തനിക്കു അവിടെ നിന്നും വിഷമം കാരണം ഭക്ഷണം കഴിക്കാൻ പോലും സാധിച്ചില്ല. റോയിയുടെ മുഖമായിരുന്നു തന്നെ മനസിൽ തെളിഞ്ഞത്. വീട്ടിൽ നടക്കുന്ന മറ്റു പ്രശ്‌നങ്ങളൊന്നും തനിക്ക് അറിയില്ല. താൻ വെറുമൊരു വീട്ടുജോലിക്കാരി മാത്രമാണെന്നും ഏലിയാമ്മ പറയുന്നു.

കൂടത്തായി കൊലപാതക പരമ്പരക്കേസിൽ കൂടുതൽ പേരെ ഇനിയും ചോദ്യം ചെയ്യും. വ്യാജ വിൽപത്രമുണ്ടാക്കാൻ സഹായിച്ചെന്ന് സംശയിക്കുന്ന സിപിഎം നേതാവ് മനോജ്, ലീഗ് നേതാവ്, റവന്യൂ-ബിഎസ്എൻഎൽ-പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഷാജുവിന്റെ അച്ഛൻ സക്കറിയയെയും ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇത്രയധികം കൊലപാതകങ്ങൾ നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ ജോളിക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടുന്നത്. അതിനാൽ ഇതിലാർക്കൊക്കെ ഇനിയും പങ്കുണ്ടെന്ന വിവരം വിശദമായി പരിശോധിച്ച ശേഷം, സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഒത്തിണക്കിയാകും പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതും കുറ്റപത്രം തയ്യാറാക്കുന്നതും. ഇത് വലിയ സാഹസമാണെങ്കിലും കോടതിയിൽ ഈ കേസ് തള്ളിപ്പോകുന്ന സാഹചര്യം പൊലീസിന് വലിയ തിരിച്ചടിയാകും. അത്രയും വിദഗ്ധമായാണ് പൊലീസ് ഇത്ര കാലത്തിന് ശേഷം ഈ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.

കൂടത്തായി കൊലപാതകപരമ്പരയിൽ ഓരോ കുറ്റകൃത്യവും ഒറ്റയ്ക്ക് ജോളിക്ക് ചെയ്യാനാകില്ലെന്ന് വ്യക്തമായിരുന്നു. എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന്റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതേ കാര്യം ഷാജുവും പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ നാല് കൊലപാതകങ്ങളിൽ, അതായത്, ജോളിയുടെ മുൻഭർത്താവ് റോയ് തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകൾ പത്ത് മാസം പ്രായമുള്ള ആൽഫിൻ എന്നിവരുടെ കൊലപാതകങ്ങളിൽ ഈ മൂന്ന് പേർക്കും വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ കൃത്യമായ തെളിവില്ലാതെ ഒരു നടപടിയിലേക്കും പൊലീസ് കടക്കാനും തയ്യാറാകില്ല. ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പൊലീസിന്റെ തീരുമാനം. തീർത്തും ശ്രദ്ധയോടെ മുന്നോട്ടു പോകും.

കൂടത്തായിയിൽ അടക്കം ചെയ്ത കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കാൻ ഒരുങ്ങുന്നതും തെളിവ് ശേഖരണം ശാസ്ത്രീയമാക്കാൻ വേണ്ടിയാണ്. വിശദമായ രാസപരിശോധനാഫലം ലഭിക്കാൻ വേണ്ടിയാണ് മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്റെ മൃതദേഹത്തിൽ നിന്ന് മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പൊലീസിന്റെ പക്കൽ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളിൽ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ മണ്ണിലഴുകിയാൽ പിന്നീട് സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്‌കരമാണെന്ന് വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP