Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടത്തായി കേസിലും തലവച്ച് നാണം കെട്ട് സിപിഎം; ജോളിയുമായി പണം ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ പുറത്തു വന്നതോടെ ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയെങ്കിലും നാണക്കേട് ബാക്കി; കട്ടാങ്ങലിലെ നേതാവിന്റെ സുഹൃത്തായ അഭിഭാഷകനും നിരീക്ഷണത്തിൽ; ജോളിയുമായുള്ള ബന്ധം സ്ഥിരീകരിച്ച് വസ്തുകച്ചവട കഥയുമായി നേതാവും; സകല നേതാക്കൾക്കും കാശ് കൊടുത്ത് സുഖിപ്പിച്ച ജോളി ക്രിമിനൽ ബുദ്ധിയിൽ സകലകലാ വല്ലഭയെന്ന് തിരിച്ചറിഞ്ഞ് പൊലീസ്

കൂടത്തായി കേസിലും തലവച്ച് നാണം കെട്ട് സിപിഎം; ജോളിയുമായി പണം ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ പുറത്തു വന്നതോടെ ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയെങ്കിലും നാണക്കേട് ബാക്കി; കട്ടാങ്ങലിലെ നേതാവിന്റെ സുഹൃത്തായ അഭിഭാഷകനും നിരീക്ഷണത്തിൽ; ജോളിയുമായുള്ള ബന്ധം സ്ഥിരീകരിച്ച് വസ്തുകച്ചവട കഥയുമായി നേതാവും; സകല നേതാക്കൾക്കും കാശ് കൊടുത്ത് സുഖിപ്പിച്ച ജോളി ക്രിമിനൽ ബുദ്ധിയിൽ സകലകലാ വല്ലഭയെന്ന് തിരിച്ചറിഞ്ഞ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിലെ ദുരൂഹമരണങ്ങളിലും കുടുങ്ങിയ നാണക്കേടിൽ സിപിഎം. എന്ത് വിവാദമുണ്ടായാലും സിപിഎം നേതാക്കൾ കുടുങ്ങുന്നത് നേതൃത്വത്തേയും വെട്ടിലാക്കിയിട്ടുണ്ട്. കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുമായുള്ള ബന്ധം തെളിഞ്ഞതിനെത്തുടർന്ന് സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജിനെ പാർട്ടി പുറത്താക്കിയിരുന്നു. ജോളിയും മനോജുമായുള്ള പണമിടപാട് രേഖകൾ കണ്ടെടുത്തിരുന്നു. മനോജ് പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് സിപിഎം അറിയിച്ചു. ക്രൈംബ്രാഞ്ച് മനോജിന്റെ മൊഴിയെടുത്തു. വിശദമായ ചോദ്യംചെയ്യൽ പിന്നീടുണ്ടാകും. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടത് ലോക്കൽ സെക്രട്ടറി മനോജായിരുന്നു. തെറ്റ് ചെയ്‌തെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതിൽ സാക്ഷിയായി ഒപ്പുവച്ചത് സിപിഎം പ്രാദേശിക നേതാവാണെന്നും നേരത്തെ അന്വഷണസംഘം കണ്ടെത്തിയിരുന്നു. ഒസ്യത്തിന് വിശ്വാസ്യത കൂടാനായിരുന്നു ഇത്. വളരെ തന്ത്രപരമായാണ് ഇതിന് നേതാക്കളെ ജോളി സജ്ജമാക്കിയത്. ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിയുടെ പേരിലാക്കി മാറ്റിയെഴുതിയ വ്യാജവിൽപത്രത്തിൽ പ്രദേശവാസികളോ റോയി തോമസിന്റെയോ ബന്ധുക്കൾക്കുും പകരം ദൂരെനിന്നുള്ളവർ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് ഇതേക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു.

വിശദമായ അന്വേഷണത്തിൽ പ്രാദേശിക സിപിഎം നേതാവും ഒരു ലീഗ് നേതാവും ജോളിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൂടത്തായി സ്വദേശികളല്ലാത്ത ചൂലൂരിൽ നിന്നും കുന്ദമംഗലത്ത് നിന്നുമുള്ളവരാണ് സാക്ഷികളായി വിൽപ്പത്രത്തിൽ ഒപ്പുവച്ചിരുന്നത്. വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിടാൻ മനോജ് ഒരു ലക്ഷം രൂപ ജോളിയിൽനിന്ന് കൈപ്പറ്റിയെന്നാണ് പൊലീസ് നൽകുന്ന സൂചന. തുക കൈമാറിയ ചെക്ക് ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണസംഘം കണ്ടെത്തിയതായാണു വിവരം. തെളിവുകളെല്ലാം മനോജിനെതിരാണെന്ന് ഉറപ്പായതോടെയാണ് പാർട്ടി കടുത്ത നടപടിയിലേക്കു നീങ്ങിയത്. ജോളിയുടെ സമീപവാസിയായ ലീഗ് നേതാവിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. തഹസിൽദാരുമായി ബന്ധപ്പെട്ട് സ്വത്തുകൾ ജോളിയുടെ പേരിൽ മാറ്റിയെഴുതാൻ സഹായിച്ച ലീഗ് നേതാവും ജോളിയും ബാങ്കിൽ പണമിടപാട് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ജോളിയുമായി പണം ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ പുറത്തു വന്നതോടെ ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയെങ്കിലും നാണക്കേട് ബാക്കിയാണ്. സകല നേതാക്കൾക്കും കാശ് കൊടുത്ത് സുഖിപ്പിച്ച ജോളി ക്രിമിനൽ ബുദ്ധിയിൽ സകലകലാ വല്ലഭയെന്ന് തിരിച്ചറിഞ്ഞ് പൊലീസ് പറയുന്നു. ലീഗ് നേതാവും സിപിഎം നേതാവും വിവാദത്തിലേക്ക് എത്തുന്നതും ഈ ബുദ്ധികാരണമാണ്. നാളെ കേസുണ്ടായാൽ രാഷ്ട്രീയക്കാരുടെ സ്വാധീനത്തിൽ രക്ഷപ്പെടാൻ കൂടിയുള്ള തന്ത്രമായിരുന്നു ഇത്. ഏതായാലും വ്യാജ ഓസ്യത്ത് കേസിൽ നേതാക്കൾ കുടങ്ങാനാണ് സാധ്യത. ഏതായാലും സിപിഎമ്മിന് വലിയ നാണക്കേടാണ് ഈ സംഭവം.

സംശയം തോന്നിയവരെ ജോളിയുടെ അറസ്റ്റിന് മുമ്പ് തന്നെ ചോദ്യം ചെയ്ത് തന്ത്രപരമായ നീക്കമാണ് ക്രൈംബ്രാഞ്ച് കൈകൊണ്ടത്. കുറ്റകൃത്യത്തിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടതുകൊണ്ട് വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ ലോക്കൽ പൊലീസിനും സ്‌പെഷൽ ബ്രാഞ്ചിനും യാതൊരു സൂചനയും നൽകിയില്ല. ഈ നീക്കം ഫലം കണ്ടതുകൊണ്ടാണ് ലോക്കൽ കമ്മറ്റി സെക്രട്ടറിക്ക് പാർട്ടിക്ക് പുറത്ത് പോകേണ്ടി വന്നത്. വ്യാജ ഒസ്യത്തിൽ മഹേഷ്, മാനോജ് എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിൽ മഹേഷിന്റെ ഒപ്പും മനോജ് തന്നെയാണ് ഇട്ടതെന്നാണ് മഹേഷ് പറയുന്നത്.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ചാത്തമംഗലം പഞ്ചായത്ത് ഭരണ സമിതിയിൽ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന മനോജ് ചാത്തമംഗലം പഞ്ചായത്തിലെ സിപിഎമിലെ പേരെടുത്ത് പറയാൻ സാധിക്കുന്ന നേതാവായിരുന്നു. ഇതുകൊണ്ട് തന്നെയാണ് ഇത്തവണ ഇയാൾ മത്സര രംഗത്ത് നിന്ന് മാറി നിന്നപ്പോൾ പാർട്ടി ഇദ്ദേഹത്തിന്റെ ഭാര്യക്ക് സീറ്റ് നൽകിയത്. ജോളിയുടെ പേരിൽ സ്വത്തുകൾ മാറ്റിയെഴുതിയ വ്യാജ ഒസ്യത്തിൽ സാക്ഷിയായി മനോജ് തന്നെയാണ് ഒപ്പിട്ടതെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നാണ് പാർട്ടി ഇയാൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് വന്നത്.

എന്നാൽ താൻ ഒസ്യത്തിൽ ഒപ്പിട്ടിട്ടില്ലെന്നും 2016 ൽ നടന്ന ഒരു സ്ഥലമിടപാടിൽ മാത്രമാണ് ഒപ്പിട്ടതെന്നും മനോജ് പറഞ്ഞു. സെന്റിന് ഇരുപത്തി അയ്യായിരം രൂപ വെച്ച് നാൽപ്പത് സെന്റ് സ്ഥലം ജോളിക്ക് വേണ്ടി കച്ചവടമാക്കിയിരുന്നു, ഇതിന്റെ അഡ്വാൻസ് തുകയാണ് ജോളി തന്നത്. ഈ തുക പിന്നീട് ഒന്നേകാൽ ലക്ഷം രൂപ ജോളിക്ക് തിരിച്ച് നൽകിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു. ഇപ്പോൾ യാത്രയിലാണെന്നും കൂടുതൽ വിവരങ്ങൾ നാട്ടിലെത്തിയാൽ നൽകാമെന്നും മനോജ് പറഞ്ഞു. എന്നാൽ മനോജിന് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്നും ജോളിക്ക് എൻ.ഐ.ടിക്കുള്ളിൽ ബ്യൂട്ടി പാർലർ നടത്താൻ സൗകര്യം ചെയ്തുകൊടുത്തത് മനോജിന്റെ അടുത്ത സുഹൃത്താണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഒസ്യത്ത് ഉണ്ടാക്കിയത് മനോജുമായി അടുത്ത ബന്ധമുള്ള ക്രിമിനൽ വക്കീലാണെന്നും ആരോപണം ഉണ്ട്. വക്കീൽ പൊലീസ് നിരീക്ഷണത്തിലാണ്.

നേരത്തെ ജോളിയുടെ ഭർത്താവ് ഷാജുവിനെ ചോദ്യംചെയ്ത ശേഷം ക്രൈംബ്രാഞ്ച് വിട്ടയച്ചിരുന്നു. എവിടെ പോയാലും പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഷാജുവിനു നിർദ്ദേശം നൽകിയിട്ടുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങൾ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നു ഷാജു പറഞ്ഞു. മാധ്യമങ്ങളിൽ വന്നത് വ്യാജമാണെന്ന് പറഞ്ഞിട്ടില്ലെന്നും ഷാജു പറഞ്ഞു. ജോളിയെ ചോദ്യംചെയ്തപ്പോൾ ഷാജുവും ഉണ്ടായിരുന്നു. എല്ലാ മൊഴികളും റെക്കോർഡ് ചെയ്തു. മൊഴികൾ വിലയിരുത്തിയശേഷം തുടർനടപടിയെടുക്കും. കൂടുതൽ പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താനും അനുമതിയായിട്ടുണ്ട്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൂർണപിന്തുണ അറിയിച്ചിട്ടുണ്ടെന്നും എസ്‌പി മാധ്യമങ്ങളോടു പറഞ്ഞു. ഷാജുവിന്റെ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP