Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൃതശരീരം വിഘടിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന സയനൈയ്ഡും ശരീരത്തിൽ കലർത്തിയ സയനൈയ്ഡും വേർതിരിച്ചെടുക്കുക പ്രയാസം; റോയിയുടേതൊഴികെ ഒരു മരണത്തിലും പോസ്റ്റ്‌മോർട്ടം ഇല്ലാത്തതിനാൽ മരണ കാരണം കണ്ടെത്തുന്നതും പ്രയാസം; കുറ്റമെല്ലാം സമ്മതിച്ചാലും ജോളിയെ ശിക്ഷിക്കാൻ തെളിവുകൾ കണ്ടെത്തുക കഠിന ജോലി; ഷാജുവിനെ പ്രതി ചേർക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിലും ജോളിയെ എങ്കിലും ശിക്ഷിക്കാനാവുമോ എന്ന് ആശങ്കപ്പെട്ട് അന്വേഷണ സംഘം

മൃതശരീരം വിഘടിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന സയനൈയ്ഡും ശരീരത്തിൽ കലർത്തിയ സയനൈയ്ഡും വേർതിരിച്ചെടുക്കുക പ്രയാസം; റോയിയുടേതൊഴികെ ഒരു മരണത്തിലും പോസ്റ്റ്‌മോർട്ടം ഇല്ലാത്തതിനാൽ മരണ കാരണം കണ്ടെത്തുന്നതും പ്രയാസം; കുറ്റമെല്ലാം സമ്മതിച്ചാലും ജോളിയെ ശിക്ഷിക്കാൻ തെളിവുകൾ കണ്ടെത്തുക കഠിന ജോലി; ഷാജുവിനെ പ്രതി ചേർക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിലും ജോളിയെ എങ്കിലും ശിക്ഷിക്കാനാവുമോ എന്ന് ആശങ്കപ്പെട്ട് അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിൽ സമാനതകളില്ലാത്ത കൊലപാതക പരമ്പരയുടെ പിന്നിലെ ചാലക ശക്തി ഷാജു സ്‌കറിയയോ കൊല്ലപ്പെട്ട റോയി തോമസിന്റെ ഭാര്യയായിരുന്ന ജോളിയോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. ടോം തോമസും കുടുംബവുമാണ് ഇല്ലായ്മ ചെയ്യപ്പെട്ടത്. ടോം തോമസിന്റെ സ്വത്തിൽ കണ്ണുവച്ചുള്ള കൊലപാതക പരമ്പരയാണ് നടന്നത്. 16 വർഷം മുമ്പാണ് അറസ്റ്റിന് കാരണമായ ആദ്യമരണം നടക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്. ആറുപേരുടേയും മരണം സൈനഡ് ഉള്ളിൽ ചെന്നതാണെന്ന് പൊലീസ് പറയുന്നു. ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കായി പുറത്തെടുത്തിരുന്നു. ഇതുകൊണ്ട് ഗുണമുണ്ടാകുമോ എന്ന സംശയം പൊലീസിനുണ്ട്.

രുചി എന്തെന്നു പോലും അറിയാത്ത 'അദ്ഭുത വിഷം' ആണ് സയനൈഡ്. സ്വർണാഭരണ നിർമ്മാണം ഉൾപ്പെടെ വ്യവസായ ആവശ്യത്തിനാണു സയനൈഡ് ഉപയോഗിക്കുന്നത്. പൊട്ടാസ്യം സയനൈഡ്, സോഡിയം സയനൈഡ് എന്നിവയാണു ജീവനൊടുക്കാൻ ദുരുപയോഗിക്കുന്നത്. സയനൈഡ് ഉമിനീരുമായി ചേരുമ്പോൾ ഹൈഡ്രോസയനിക് ആസിഡ് ആകും. ശരീരത്തിന്റെ ആന്തരിക ശ്വസനം തടയുകയാണ് അനന്തരഫലം. എല്ലാ കോശങ്ങളും ഓക്‌സിജൻ ഉപയോഗിക്കുന്നതു തടയപ്പെടുന്നതോടെ മരണം. സയനൈഡ് ഉപയോഗിച്ചു മരിച്ചയാളുടെ രക്തത്തിനു തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പോസ്റ്റ്‌മോർട്ടം സമയത്തു പ്രത്യേക ഗന്ധം പലപ്പോഴും കിട്ടാറുണ്ട്. അതുകൊണ്ട് തന്നെ കേസുകളിൽ പോസ്റ്റ് മോർട്ടം അന്ത്യന്താപേക്ഷിതമാണ്. ഇവിടെ ജോളിയുടെ ഭർത്താവ് റോയി തോമസിന്റെ മരണത്തിൽ സയനൈയ്ഡിന്റെ കണ്ടെത്തിയിട്ടുണ്ട്. ഇത് പോസ്റ്റമോർട്ടം ചെയ്തതു കൊണ്ടാണിത്. എന്നാൽ മറ്റാരുടേയും മൃതദേഹത്തിൽ സയനൈയ്ഡ് കണ്ടെത്തിയിട്ടുമില്ല. ഇത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ്.

കൂടത്തായിയിലെ എല്ലാ മരണങ്ങളും സയനൈഡ് നൽകിയാണോയെന്നു കണ്ടെത്തുക ദുഷ്‌കരമായേക്കുമെന്നു ഫൊറൻസിക് വിദഗ്ധരും പറയുന്നു. സാഹചര്യത്തെളിവുകളാകും കേസിന്റെ തുടരന്വേഷണത്തിൽ നിർണായകമാവുക. കൃത്യം നടന്ന് ഇത്രയും വർഷങ്ങളായതിനാൽ സയനൈഡാണ് ആറു മരണങ്ങൾക്കും കാരണമെന്നു ശാസ്ത്രീയമായി സ്ഥാപിക്കുക ബുദ്ധിമുട്ടാണ്.എളുപ്പത്തിൽ വിഘടിച്ചു പോകുന്ന വസ്തുക്കളിലൊന്നാണു സയനൈഡ്. അതുകൊണ്ടു മണ്ണിൽനിന്നു സാന്നിധ്യം കണ്ടെത്താൻ പ്രയാസവുമാണ്. മൃതശരീരത്തിന്റെ വിഘടന സമയത്ത് ചെറിയ അളവിൽ സയനൈഡ് ഉണ്ടാവാറുണ്ട്. ആ സയനൈഡും കൊല്ലുന്നതിനായി നൽകുന്ന സയനൈഡുമായി തിരിച്ചറിയാൻ ശാസ്ത്രീയ മാർഗങ്ങൾ ഉണ്ടെങ്കിലും ഇത്രയും കാലപ്പഴക്കമുണ്ടായതിനാൽ പ്രയാസമാണ്.

സമാനമായ കേസുകൾ കേരളത്തിൽ ഫൊറൻസിക് പരിശോധനയിലൂടെ തെളിയിക്കാനായിട്ടില്ലെന്നതും അന്വേഷണ സംഘത്തിനു വെല്ലുവിളിയാകും. ലാബുകൾ അത്രയും നിലവാരത്തിലേക്കു മാറിയിട്ടില്ലെന്നതാണു കാരണം. സുനന്ദ പുഷ്‌കർ കേസിലും വിഷാംശമുണ്ടോയെന്നതു സംബന്ധിച്ച ശാസ്ത്രീയ പരിശോധനാഫലത്തിനായി സെൻട്രൽ ഫൊറൻസിക് ലബോറട്ടറി വിദേശത്തുള്ള ലാബുകളെയാണ് ആശ്രയിച്ചത്. ഇതുകൊണ്ടാണ് കൂടത്തായിയിലെ അവശിഷ്ടങ്ങളും വിദേശത്ത് പരിശോധനയ്ക്ക് അയയ്ക്കുന്നത്. വെള്ളമൊഴുക്കില്ലാത്ത, ഈർപ്പം കുറവായ സ്ഥലങ്ങളിൽ പെട്ടിയിൽ അടക്കിയ മൃതശരീരമാണെങ്കിൽ സയനൈഡിന്റെ വിഘടനപ്രക്രിയ നടന്നതിന്റെ തോത് കുറവായിരിക്കും. ഇതാണ് വെല്ലുവിളി. അതുകൊണ്ട് തന്നെ റോയിയുടേതൊഴികെ ഒരു മരണത്തിലും പോസ്റ്റ്‌മോർട്ടം ഇല്ലാത്തതിനാൽ മരണ കാരണം കണ്ടെത്തുന്നതും പ്രയാസമാകും. കുറ്റമെല്ലാം സമ്മതിച്ചാലും ജോളിയെ ശിക്ഷിക്കാൻ തെളിവുകൾ കണ്ടെത്തുക കഠിന ജോലിയാണെന്ന് പൊലീസിനും അറിയാം. ജോളിയുടെ ഭർത്താവ് ഷാജുവിനെ പ്രതിചേർക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിലും ജോളിയെ എങ്കിലും ശിക്ഷിക്കാനാവുമോ എന്ന് ആശങ്കപ്പെട്ട് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുണ്ടാക്കാനുള്ള പരിശ്രമത്തിലാണ്.

ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നൽകിയ പരാതിയിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ജോളി പിന്നീട് ടോമിന്റെ സഹോദരപുത്രൻ ഷാജുവിനെ വിവാഹം കഴിച്ചിരുന്നു. വീട്ടിൽ കയറുന്നതിൽ നിന്നും ടോം തോമസ് വിലക്കിയ ആളാണ് ഷാജു. ഇത് റോജോയിൽ സംശയമുണ്ടാക്കിയിരുന്നു. ഇതാണ് പരാതി നൽകാൻ കാരണമായത്. വ്യാജ ഓസ്യത്ത് എഴുതി ടോം ജോസിന്റെ സ്വത്തുക്കൾ ജോളി തന്റെ പേരിലാക്കിയിരുന്നു. ഈ കരാർ പിന്നീട് റദ്ദാക്കി. ഇതിനെ തുടർന്നാണ് കൊലപാതകത്തിലെ ചുരുൾ അഴിഞ്ഞത്. കൃത്യമായി ആസൂത്രണം നടത്തി പലപ്പോഴായി സയനൈഡ് നൽകിയായിരുന്നു കൊലപാതകങ്ങളെന്നാണ് സൂചന. റോയി തോമസിന്റെ അമ്മയായ അന്നാമ്മയാണ് ആദ്യം മരിച്ചത്. ആട്ടിൻ സൂപ്പ് കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണാണ് അന്നാമ്മ മരിക്കുന്നത്. ഇതിന് ശേഷം ഭർതൃപിതാവ് ടോം തോമസ്, ഭർത്താവ് റോയി തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ ഫിലി, മകൾ അൽഫൈൻ എന്നിവരാണ് പലപ്പോഴായി ഒരേ രീതിയിൽ ഛർദിച്ച് കുഴഞ്ഞുവീണ് മരിച്ചത്.

ഷാജുവിനെ വീട്ടിൽ കയറുന്നതിനെ ടോം തോമസ് വിലക്കിയിരുന്നു. ഷാജുവിന്റെയും ജോളിയുടെയും വിവാഹത്തിനെ അടുത്ത ബന്ധുക്കളും ഇടവക വികാരിയും എതിർത്തിരുന്നു. തുടർന്ന് മറ്റൊരു പള്ളിയിലെത്തിയാണ് വിവാഹം കഴിച്ചത്. അന്നമ്മയുടെയും ടോം തോമസിന്റെയും മരണത്തിന് പിന്നാലെ ടോമിന്റെ ഡയറി വീട്ടിൽ നിന്നും കാണാതായതായും റിപ്പോർട്ടുണ്ട്. റോയിയുടെ അമ്മാവനും തൊട്ടടുത്ത് താമസക്കാരനുമായ മാത്യു മഞ്ചാടിയിൽ ദുരൂഹ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. മാത്യുവിന്റെ നിർബന്ധത്തെത്തുടർന്നാണ് റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. പോസ്റ്റ്‌മോർട്ടത്തിൽ റോയിയുടെ ശരീരത്തിൽ സയനൈഡ് ചെന്നിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ സയനൈഡ് എവിടെ നിന്നാണ് എത്തിയതെന്ന് പൊലീസ് അന്വേഷിച്ചിരുന്നുമില്ല. റോയിയുടേത് ആത്മഹത്യയാണെന്നും, ഇക്കാര്യം കുത്തിപ്പൊക്കിയാൽ കുടുംബത്തിന് ചീത്തപ്പേരുണ്ടാകുമെന്നും ജോളി കുടുംബാംഗങ്ങളെ സ്‌നേഹപൂർവം വിലക്കി. മരണങ്ങളിൽ സംശയം തുടർന്ന അമ്മാവൻ മാത്യു ഭീഷണിയാകുമെന്ന് ജോളി ഭയന്നു. മാത്യുവിനെയും വകവരുത്താൻ തീരുമാനിച്ചു. കൃത്യമായ ആസൂത്രണം നടത്തിയ ജോളി, മാത്യുവിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ചെല്ലുകയും ഭക്ഷണത്തിൽ വിഷം കലർത്തുകയുമായിരുന്നു. മരച്ചീനിയിൽ വിഷം കലർത്തി നൽകി മാത്യുവിനേയും കൊന്നു.

ഇതിൽ റോയി തോമസിന്റെ മരണത്തിലാണ് ജോളിയേയും മറ്റ് പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുള്ളത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടുള്ളതിനാൽ ഇതിലെ അസ്വാഭാവികത ഉയർത്തി കുറ്റപത്രം നൽകാൻ പൊലീസിന് കഴിയും. എന്നാൽ മറ്റ് അഞ്ച് പേരുടേയും സ്വാഭാവിക മരണമാണെന്ന തരത്തിലാണ് പൊതു സമൂഹം ആദ്യം കരുതിയത്. ഇപ്പോൾ അവരേയും കൊന്നതാണെന്ന് ജോളി സമ്മതിക്കുന്നുണ്ടെങ്കിലും കോടതിയിലെ വിചാരണയിൽ ഈ നിലപാട് മാറ്റും. അപ്പോൾ നടന്നതുകൊലപാതകമാണെന്ന് പൊലീസിന് തെളിയിക്കേണ്ടിവരും. ഇതിനുള്ള ശാത്രീയമായതൊന്നും പൊലീസിന്റെ കൈയിലില്ല. ഈ സാഹചര്യത്തിലാണ്. കൂടത്തായിയിൽ അടക്കം ചെയ്ത കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചത്.

വിശദമായ രാസപരിശോധനയ്ക്കാണ് ഇവ വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്റെ മൃതദേഹത്തിൽ നിന്ന് മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പൊലീസിന്റെ പക്കൽ ആധികാരി തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളിൽ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ മണ്ണിലഴുകിയാൽ പിന്നീട് സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്‌കരമാണെന്ന് വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചത്. ഈ പരിശോധനയിൽ സയനൈയ്ഡ് കണ്ടെത്തിയാൽ ജോളി എല്ലാവരുടെ മരണത്തിലും കുറ്റവാളിയാകും. സാക്ഷിമൊഴികളിലൂടെ ശിക്ഷ ഉറപ്പാക്കാനും സാധിക്കും. അങ്ങനെ വരുമ്പോൾ ഷാജുവും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. റോയ് തോമസിന്റെ കൊലയിൽ ഷാജുവിന്റെ പങ്ക് തെളിഞ്ഞിട്ടില്ല. അതുകൊണ്ട് മാത്രമാണ് ഷാജുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും സൂചനയുണ്ട്യ

അതിനിടെ എല്ലാ കൊലപാതകങ്ങളെക്കുറിച്ചും തനിക്കൊപ്പം ഷാജുവിനും ഷാജുവിന്റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകി. ജോളിയുടെ മുൻഭർത്താവ് റോയ് തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ പത്ത് മാസം പ്രായമുള്ള ആൽഫിൻ എന്നിവരുടെ കൊലപാതകങ്ങളിൽ ഈ മൂന്ന് പേർക്കും വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ജോളിയുടെയും ഷാജുവിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ സക്കറിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP