Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേൽനോട്ടത്തിന് ഇരുന്നൂറിലധികം കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ഇൻഡോറുകാരൻ സർവാതെ; ഹോളിഫെയ്ത്തും ആൽഫയുടെ രണ്ട് ടവറുകളും പൊളിക്കുക എഡിഫെയ്‌സ്; ഗോൾഡൻ കായലോരവും ജെയ്‌നും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കുക വിജയ സ്റ്റീൽസ് ആൻഡ് എക്‌സ്‌പോസീവും; 15 ദിവസത്തിനകം വിശദ പ്ലാൻ തയ്യാറാക്കും; സുപ്രീംകോടതി വിധി ജനുവരി ഒൻപതിനകം നടപ്പാക്കും; മരടിൽ അതിവേഗ പൊളിക്കലിന് സർക്കാർ

മേൽനോട്ടത്തിന് ഇരുന്നൂറിലധികം കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ഇൻഡോറുകാരൻ സർവാതെ; ഹോളിഫെയ്ത്തും ആൽഫയുടെ രണ്ട് ടവറുകളും പൊളിക്കുക എഡിഫെയ്‌സ്; ഗോൾഡൻ കായലോരവും ജെയ്‌നും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കുക വിജയ സ്റ്റീൽസ് ആൻഡ് എക്‌സ്‌പോസീവും; 15 ദിവസത്തിനകം വിശദ പ്ലാൻ തയ്യാറാക്കും; സുപ്രീംകോടതി വിധി ജനുവരി ഒൻപതിനകം നടപ്പാക്കും; മരടിൽ അതിവേഗ പൊളിക്കലിന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഉടൻ പൊളിക്കും. ഫ്‌ളാറ്റിൽ നിന്ന് താമസക്കാരെല്ലാം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഇത്. നാല് ഫ്‌ളാറ്റുകൾ പൊളിക്കാൻ പ്രതീക്ഷിക്കുന്ന ചെലവ് 2 കോടി രൂപയിൽ താഴെ മാത്രമാണ്. എന്നാൽ കെട്ടിടം പൊളിച്ചാൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് വലിയ പ്രതിസന്ധിയായി മാറും. അതിനു പ്രത്യേക ടെൻഡർ വിളിക്കും. പൊളിക്കൽ കരാർ ഏറ്റെടുക്കാൻ താൽപര്യപത്രം നൽകിയ കമ്പനികളിൽ അന്തിമ പട്ടികയിലുള്ളവരുടെ പ്രതിനിധികളുമായി 11നു വീണ്ടും കൂടിക്കാഴ്ച നടത്തും. അതിന് ശേഷം അന്തിമ തീരുമാനം എടുക്കും.

ഫ്‌ളാറ്റ് പൊളിക്കലിനു വിദഗ്‌ധോപദേശം നൽകാൻ ഇൻഡോറിൽ നിന്നുള്ള എൻജിനീയർ എസ്.ബി. സർവാതെയെ സംസ്ഥാന സർക്കാർ നിയോഗിച്ചു. ഇരുനൂറോളം ബഹുനില കെട്ടിടങ്ങൾ പൊളിച്ചതിന്റെ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം. നാളെ കൊച്ചിയിലെത്തുന്ന സർവാതെ ഫ്‌ളാറ്റുകൾ സന്ദർശിക്കും. പരിചയ സമ്പത്തുള്ള ആളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണു സർവാതെയുടെ ഉപദേശം തേടുന്നത്. ഇൻഡോർ സ്വദേശിയായ സർവത്തെ കൂറ്റൻ കെട്ടിടം പൊളിക്കുന്നതിലും ഖനനത്തിലും വിദഗ്ധനാണ്. ഇരുന്നൂറിലധികം കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാകും ഫ്‌ളാറ്റുകൾ പൊളിക്കുക. പൊളിക്കാനുള്ള കമ്പനിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള അറിയിപ്പ് രണ്ടുദിവസത്തിനുള്ളിൽ കൈമാറും.

വെള്ളിയാഴ്ച പൊളിക്കൽ കരാർ ഒപ്പിടുമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. 11ന് ഫ്‌ളാറ്റുകൾ കൈമാറും. നാല് ഫ്‌ളാറ്റുകളിലായി അഞ്ചു കെട്ടിടങ്ങളാണ് പൊളിക്കേണ്ടത്. ഇത് ജനുവരി ഒമ്പതിനകം പൂർത്തിയാക്കും. ഒരുസമയം ഒരെണ്ണം എന്ന നിലയിൽ പൊളിക്കാനാണ് ആലോചന. കെട്ടിടത്തിലെ സ്റ്റീൽ സാമഗ്രികൾ ഉൾപ്പെടെയുള്ളവ നീക്കിയശേഷമാകും നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുക. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന എഡിഫസ് എൻജിനീയറിങ്ങാണ് ചുരുക്കപ്പട്ടികയിലുള്ള പ്രമുഖ കമ്പനികളിലൊന്ന്. ദക്ഷിണാഫ്രിക്കയിലെ 'ജെറ്റ് ഡിമൊളിഷൻ' എന്ന കമ്പനിയുമായി സഹകരിച്ചാണ് എഡിഫസ് എൻജിനീയറിങ്ങിന്റെ പ്രവർത്തനം.

ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നാല് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള കരാർ രണ്ട് കമ്പനികൾക്കായി നൽകാനാണ് വിദഗ്ധ സമിതി ശിപാർശ. അതു കൊണ്ട് തന്നെ രണ്ട് പേർക്കും കരാർ കിട്ടിയേക്കും. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്‌ളാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. താൽപര്യം അറിയിച്ചെത്തിയ ആറു കമ്പനികളിൽ രണ്ട് കമ്പനികളെയാണ് വിദഗ്ധ സമിതി ശിപാർശ ചെയ്തിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായ വിജയ സ്റ്റീൽസ് ആൻഡ് എക്‌സ്‌പ്ലോസീവ് എന്ന കമ്പനിയും പട്ടികയിലുണ്ട്. ഹോളിഫെയ്ത്തും ആൽഫയുടെ രണ്ട് ടവറുകളും എഡിഫെയ്‌സിനും ഗോൾഡൻ കായലോരവും ജെയ്‌നും വിജയ സ്റ്റീൽസ് ആൻഡ് എക്‌സ്‌പോസീവിനും നൽകാനാണ് ധാരണ.

പൊളിക്കാൻ കരാർ എറ്റെടുക്കാൻ താൽപര്യം അറിയിച്ചെത്തിയ കമ്പനികളുടെ സാങ്കേതിക വിദ്യയും മുൻ പരിചയവും പരിശോധിച്ചാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. പതിനൊന്നിന് ഫ്‌ളാറ്റുകൾ കമ്പനിക്ക് കൈമാറും. തുടർന്ന് 15 ദിവസത്തിനകം വിശദമായ പ്ലാൻ തയാറാക്കി വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെയാവും പൊളിക്കൽ ആരംഭിക്കുക. 90 ദിവസം കൊണ്ട് പൊളിക്കൽ നടപടികൾ പൂർത്തീകരിക്കും. ശേഷം മുപ്പത് ദിവസത്തിനകം മാലിന്യങ്ങൾ നീക്കം ചെയ്യും. മാലിന്യം പുനരുപയോഗം ചെയ്യാൻ കഴിയുമോ എന്നതും വിദഗ്ധസമിതി പരിശോധിക്കുന്നുണ്ട്.

ഫ്‌ളാറ്റുകളിൽനിന്ന് സാധനങ്ങൾ മാറ്റുന്നത് പൂർത്തിയായി. എന്നാൽ 15 ഫ്‌ളാറ്റുകളിലെ ഉടമകൾ ഇനിയും എത്തിയിട്ടില്ല. ഇവ രണ്ടുദിവസത്തിനുള്ളിൽ തുറന്ന് സാധനങ്ങൾ മാറ്റുമെന്ന് കലക്ടർ എസ് സുഹാസ് പറഞ്ഞു. ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം നിർണയിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിക്ക് മറൈൻഡ്രൈവിലെ ജിസിഡിഎ കെട്ടിടത്തിൽ ഓഫീസ് അനുവദിക്കും. സമിതിയിലെ മറ്റ് അംഗങ്ങളെ ബുധനാഴ്ച തീരുമാനിക്കുമെന്നാണ് വിവരം. ഇതിനിടെ, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റ് നിർമ്മാതാക്കളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 15 പേരെ ഇന്നു ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP